ജഗതിക്ക് അപകടം; പത്തോളം ചിത്രങ്ങള്‍ പ്രതിസന്ധിയില്‍
തൃശ്ശൂര്‍: നടന്‍ ജഗതി ശ്രീകുമാറിന് അപ്രതീക്ഷിതമായുണ്ടായ അപകടം പത്തോളം മലയാള സിനിമകളുടെ ചിത്രീകരണത്തെ പ്രതിസന്ധിയിലാക്കി. എന്നാല്‍, വിഷുച്ചിത്രങ്ങളായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ഗ്രാന്‍ഡ് മാസ്റ്റര്‍' ലാല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'കോബ്ര' എന്നിവയുടെ ഡബ്ബിങ് അടക്കമുള്ള ജോലി ജഗതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ജ്ഞാനശീലന്‍ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'ഏഴാംസൂര്യ'ന്റെ ഡബ്ബിങ് മൂന്നുദിവസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന തിരുവമ്പാടി തമ്പാന്‍, ശ്രീനിവാസന്‍ നായകനാകുന്ന പറുദീസ, വേണു ഗോപന്റെ റിപ്പോര്‍ട്ടര്‍, ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി, ലാല്‍ജോസിന്റെ ഡയമന്‍ഡ് നെക്ലേസ് തുടങ്ങി ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമകളിലെല്ലാം പ്രാധാന്യമുള്ള വേഷങ്ങളാണ് ജഗതി കൈകാര്യം ചെയ്യുന്നത്.
സജി സുരേന്ദ്രന്റെ താമരശ്ശേരി ടു തായ്‌ലന്‍ഡ്, ജോണി ആന്‍റണിയുടെ മാസ്റ്റേഴ്‌സ്, സ്ട്രീറ്റ്‌ലൈറ്റ്, ആകസ്മികം തുടങ്ങിയ ഇരുപത്തിയൊന്നോളം ചിത്രങ്ങള്‍ക്ക് കോള്‍ ഷീറ്റ് നല്‍കിയിട്ടുണ്ട്.
ജഗതിയുടെ കഥാപാത്രത്തെ മാറ്റിനിര്‍ത്തി ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കഥയില്‍ സാരമായ ഭേദഗതികള്‍ വരുത്തേണ്ടിവരും.
ഒരുദിവസംതന്നെ ഒന്നിലധികം സിനിമകളില്‍ അഭിനയിക്കുന്ന നടന്മാരുടെ കൂട്ടത്തില്‍ ഒന്നാമതാണ് ജഗതി. മുന്‍കൂട്ടി തയ്യാറാക്കി സമയക്രമമനുസരിച്ചാണ് സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് പറക്കുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടായ അപകടവും മാസങ്ങളോളം വേണ്ടിവരുന്ന ചികിത്സയും സിനിമാ നിര്‍മാണ-വിതരണ-പ്രദര്‍ശന മേഖലകളില്‍ കനത്ത സാമ്പത്തികനഷ്ടം വരുത്തിവെയ്ക്കും.
'സെറ്റ് വിട്ട്, സെറ്റ് മാറുന്ന' ജഗതിയുടെ യാത്രകള്‍ ചലച്ചിത്രലോകത്ത് ഏറെ പേരെടുത്തതാണ്. സന്തതസഹചാരിയായ പെരുമ്പാവൂര്‍ സ്വദേശി പി.പി. അനില്‍കുമാറുമൊത്ത് ഒരുദിവസംതന്നെ മണിക്കൂറുകള്‍ യാത്രചെയ്ത് രണ്ടും മൂന്നും സെറ്റുകളിലെത്തി അഭിനയിക്കുന്ന ജഗതിയുടെ കഴിവ് പൊതുവേദികളിലെല്ലാം പലതവണ പ്രശംസിക്കപ്പെട്ടതാണ്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടവും ഇത്തരമൊരു യാത്രയിലായിരുന്നു.
തിരുവമ്പാടി തമ്പാന്റെ അതിരപ്പിള്ളിയിലെ ലൊക്കേഷനില്‍നിന്ന് ലെനിന്‍ രാജേന്ദ്രന്റെ കുടകിലെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഈ മാസം 18നുതന്നെ വീണ്ടും പത്മകുമാറിന്റെ ലൊക്കേഷനിലെത്താമെന്ന് പറഞ്ഞുറപ്പിച്ചായിരുന്നു യാത്ര.
ജഗതിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ട് ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ചിത്രീകരിക്കാനുണ്ട്. വര്‍ഷത്തില്‍ പത്തുമുതല്‍ ഇരുപത്തഞ്ചുവരെ സിനിമകളില്‍ ജഗതി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്. വേഷങ്ങള്‍ പ്രധാനമെന്നോ അപ്രധാനമെന്നോ നോക്കാതെ, ഓടിയെത്താന്‍ കഴിയുന്ന ഏല്ലാ സിനിമകളുമായി സഹകരിക്കുന്നതായിരുന്നു ജഗതിയുടെ സ്വഭാവം.
അഭിനയജോലിയില്‍ നില്‍ക്കുന്നിടത്തോളം കാലം ആര് വന്നു വിളിച്ചാലും സമയം അനുവദിക്കുമെങ്കില്‍ അഭിനയിക്കാന്‍ പോകുമെന്ന് ജഗതി പലതവണ പറഞ്ഞിട്ടുണ്ട്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത 'ഈ അടുത്ത കാലത്താ'ണ് ഒടുവില്‍ ഇറങ്ങിയ ജഗതിയുടെ മലയാളചിത്രം. 2010ല്‍ 42 ചിത്രങ്ങള്‍ക്കൊപ്പവും 2011ല്‍ 51 ചിത്രങ്ങള്‍ക്കൊപ്പവും ജഗതി സഹകരിച്ചിട്ടുണ്ട്
No comments:
Post a Comment