ബോഡി വേസ്റ്റും വേസ്റ്റ് ബോഡിയും
ഡോക്ടര് എം.വി. പൈലി 'റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും' എന്ന തന്റെ യാത്രാവിവരണ ഗ്രന്ഥത്തിലെഴുതി: 'ജീവിതത്തിലൊരിക്കലെങ്കിലും ലെനിന് സ്മാരകം സന്ദര്ശിക്കുന്നത് ഓരോ സോവിയറ്റ് പൗരനും തന്റെ ധാര്മിക ചുമതലയായി കരുതുന്നു. വര്ഷത്തിലൊരിക്കല്‍ സന്ദര്ശിക്കുന്നവരും അവിടെയുണ്ട്. മോസ്കോവില് താമസിക്കുന്ന ഒരു റഷ്യന് സുഹൃത്ത് താന് കൊല്ലത്തിലൊരിക്കല് അവിടെ പോകാറുണ്ടെന്ന് എന്നോടു പറഞ്ഞു...
'സ്മാരക മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന ഒരാള് ഇടതുവശത്തേക്കു നയിക്കപ്പെടുന്നു. ഇരുപത്തഞ്ചു പടവുകളോളം താഴോട്ടിറങ്ങി പ്ലാറ്റ്ഫോമിന്റെ ഇടതുഭാഗത്തുകൂടി കയറാന് അയാള് വലതു ഭാഗത്തേക്ക് തിരിയുന്നു. പ്ലാറ്റ്ഫോമില് ഉയര്ത്തിവെച്ച ഒരു വലിയ സ്ഫടികക്കൂട്ടിനകത്ത് വൈദ്യുത ദീപപ്രഭയില് ലെനിന്റെ ശരീരംവെച്ചിരിക്കുന്നു. പ്ലാറ്റ്ഫോമിന്റെ ഇടതുഭാഗത്തുനിന്ന് സാവധാനത്തില് നടന്ന് മുന്ഭാഗത്ത് എത്തിച്ചേരുന്നയാള്ക്ക് ശരീരം പൂര്ണമായി കാണുന്നതിന് ഇടത്തോട്ട് തിരിയേണ്ടിവരുന്നു. സ്ഫടികക്കൂടിന്റെ ഇടത്തും വലത്തും മുന്നിലും നിന്നുകൊണ്ട് ശരീരം കാണുന്നതിന് ചില നിമിഷങ്ങള് മാത്രമാണ് ഒരാള്ക്ക് ലഭിക്കുന്നത്. അത്രയും ചുരുങ്ങിയ സമയത്തിനുള്ളില് മുഖവും മറ്റു ശരീരഭാഗങ്ങളും സൂക്ഷ്മമായി നോക്കി മനസ്സിലാക്കാന് പ്രയാസമുണ്ട്. അതിനാല്‍, വ്യക്തമായി കാണാന് കഴിയുന്ന തല, കൈകളുടെ കീഴ്ഭാഗം മുതലായവ എത്രകണ്ട് ദ്രവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക എളുപ്പമല്ല. ഒരു കൈയിലെ വിരലുകള് നിവര്ത്തിപ്പിടിച്ചിരിക്കുന്നു. മറ്റേ കൈയിലെ വിരലുകള് മടക്കി മുഷ്ടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. മുഖം ശാന്തഗംഭീരമാണ്. ചുണ്ടുകള് കൂട്ടിയമര്ത്തിയിരിക്കുന്നു. കണ്ണുകള് അടഞ്ഞുകിടക്കുന്നു.
'സ്മാരക കവാടത്തിന്റെ പ്രവേശന കവാടത്തില് രണ്ട് അംഗരക്ഷകന്മാര് സൈനിക വേഷത്തില് അറ്റന്ഷനായി നിശ്ചലരായി നില്ക്കുന്നത് കാണാം. മന്ദിരത്തിനുള്ളില്‍, പ്രത്യേകിച്ചും ലെനിന്റെ ശരീരം വെച്ചിട്ടുള്ള സ്ഫടികക്കൂടിനു ചുറ്റും അനേകം ഗാര്ഡുകള് സാധാരണ വേഷത്തില് നില്പുണ്ട്. അവര് ഓരോ സന്ദര്ശകനെയും വളരെ സൂക്ഷ്മതയോടെ വീക്ഷിക്കുന്നു. സ്മാരക മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഗാര്ഡുകള് സന്ദര്ശകരോട് കൈ താഴ്ത്തിയിടാന് ആവശ്യപ്പെടുകയും നിരോധിത വസ്തുക്കള് കൈവശമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. തൊപ്പിയോ ഹാറ്റോ ധരിച്ചവര് അത് ഊരിവെക്കണമെന്ന് നിര്ബന്ധമാണ്. ബഹുമാന സൂചകമായിട്ടാണിത് ചെയ്യുന്നത്.'
സോവിയറ്റ് യൂനിയന് തകരുന്നതിന് മുമ്പാണ് ഡോക്ടര് പൈലി അവിടം സന്ദര്ശിച്ചത്. അത് തകര്ന്നതോടെ ജനാധിപത്യവാദികളായ വിപ്ലവകാരികള് ലെനിന്റെ മൃതശരീരം മറവുചെയ്യണമെന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തു. എന്നാല് അവിടത്തെ മാത്രമല്ല, കേരളമുള്പ്പെടെ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര് അതിനെ ശക്തമായി എതിര്ക്കുകയും രൂക്ഷമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല് പണം ചെലവഴിച്ച് സൂക്ഷിക്കുന്ന ശവശരീരം ലെനിന്റേതാണ്.
ഇപ്പോള് ഇതോര്ക്കാന് കാരണം, കേരളത്തിലെ ഏറ്റവും കരുത്തനായ കമ്യൂണിസ്റ്റ് നേതാവ് പിണറായി വിജയന്റെ, വിവാദമായിമാറിയ പ്രസ്താവനയാണ്. ശരീരത്തില്നിന്ന് വേര്പെടുന്നതോടെ നഖവും മുടിയുമൊക്കെ വേസ്റ്റായി മാറുന്നുവെന്നും ബോഡി വേസ്റ്റ് മാലിന്യമായാണ് കണക്കാക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ശരിയാണ്. അപ്പോള് ജീവന് നഷ്ടപ്പെട്ട ശരീരമോ? അത് വേസ്റ്റ് ബോഡിയാണ്. പരിമിതമായ സമയത്തിലേറെ പുറത്തുവെച്ചാല് ചീഞ്ഞുനാറും. അതിനാലാണല്ലോ അത് മറവുചെയ്യുകയോ കരിച്ചുകളയുകയോ ചെയ്യുന്നത്. എന്നിട്ടും വി.ഐ. ലെനിന്റെ ശവശരീരം എന്തിന് കോടികള് ചെലവഴിച്ച് സൂക്ഷിക്കുന്നു? മറവുചെയ്യുന്നതിനെ എതിര്ക്കുന്നു?
എല്ലാ മനുഷ്യരിലും ആരാധനാ വികാരമുണ്ട്. അതിനെ തൃപ്തിപ്പെടുത്താന് നിര്ബന്ധിതരുമാണ്. അതിനാല്‍, എവിടെയെങ്കിലും അതര്പ്പിക്കുന്നു. യഥാര്‍ഥ ഏകദൈവവിശ്വാസികള് അവനെ മാത്രം ആരാധിക്കുന്നു. മറ്റൊന്നിനെയും അതിരുവിട്ട് ആദരിക്കുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന് ശഠിക്കുന്നു. ദൈവത്തെ ആരാധിക്കാന് സാധിക്കാത്തവര് കല്ലിനെയോ കല്ലറയെയോ മരത്തെയോ മരത്തൂണിനെയോ നേതാവിനെയോ നേതാവിന്റെ ചിത്രത്തെയോ പ്രതിമയെയോ ആരാധിക്കുന്നു. മറ്റൊന്നിനെയും ആരാധിക്കുന്നില്ലെങ്കില് സ്വന്തം ദേഹേച്ഛയെയെങ്കിലും മഹത്വവത്കരിച്ച് തന്റെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്തുന്നു. അതിനാലാണ് പ്രശസ്ത സോവിയറ്റ് സാഹിത്യകാരന് ദസ്തയേവ്സ്കി ഇങ്ങനെ പറഞ്ഞത്: 'ദൈവത്തെ കൂടാതെ ജീവിക്കുക ദുഷ്കരംതന്നെ. ആരാധിക്കാതെ ജീവിക്കാന് മനുഷ്യന് സാധ്യമല്ല. അതവന് അസഹനീയമായിരിക്കും... ദൈവത്തെ ഉപേക്ഷിക്കുന്നവന് മരംകൊണ്ടോ സ്വര്ണംകൊണ്ടോ നിര്മിച്ച പ്രതിമയുടെ മുന്നില് മുട്ടുകുത്തുന്നു. അവരെല്ലാം വിഗ്രഹാരാധകരാണ്; നാസ്തികരല്ല. അങ്ങനെയാണവരെ വിളിക്കേണ്ടതും.'
ചിലര് ബോഡി വേസ്റ്റുകളെ ആരാധിക്കുന്നു. വേറെച്ചിലര് വേസ്റ്റ് ബോഡികളെയും. രക്തസാക്ഷി മണ്ഡപങ്ങളില് പുഷ്പാര്ച്ചന നടത്തുന്നവരും അവിടങ്ങളില്നിന്ന് വിളക്ക് കൊളുത്തി പ്രയാണം നടത്തുന്നവരും അതിലൂടെ തങ്ങളുടെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം ആരാധനാ വസ്തുക്കളെ പവിത്രമായി കരുതുന്നു. അത് സംരക്ഷിക്കാന് ജീവന് വരെ ബലിയര്പ്പിക്കാന് തയാറാവുന്നു. തങ്ങളുടെ നേതാവിന്റെ പ്രതിമ തകര്ക്കുന്നതോ രക്തസാക്ഷി മണ്ഡപങ്ങള് മലിനമാക്കുന്നതോ അംഗീകരിക്കാനോ സഹിക്കാനോ അവയുടെ അനുയായികള്ക്ക് സാധ്യമല്ല. എന്നല്ല; അവരുടെ ഫോട്ടോകള് കത്തിക്കുന്നതുപോലും സഹ്യമല്ല. അവയൊക്കെ വെറും കല്ലുകളും മരക്കഷണങ്ങളും കടലാസുതുണ്ടുകളുമല്ലേയെന്ന ചോദ്യമൊന്നും ഒട്ടും പ്രസക്തമല്ല. എല്ലാ ചോദ്യംചെയ്യലും യുക്തിചിന്തകളും അവിടെ അവസാനിക്കുന്നു.
എന്നാല്‍, ഏകദൈവ വിശ്വാസത്തില് കണിശത പുലര്ത്തുന്നവര് പ്രപഞ്ച സ്രഷ്ടാവിനെയല്ലാതെ മറ്റാരെയും, ഒന്നിനെയും ആരാധിക്കരുതെന്ന് ശഠിക്കുന്നു. ദൈവം ഭൗതികാതീതനും പദാര്ഥാതീതനുമായതിനാല് ഒരു ഭൗതിക പദാര്ഥവും ആരാധ്യവസ്തുവാകരുതെന്ന് കണിശത പുലര്ത്തുന്നു. പ്രവാചകന്മാരും അവരുടെ ശേഷിപ്പുകളും അന്ത്യവിശ്രമ സ്ഥലങ്ങളും പോലും അതിരറ്റ് ആദരിക്കപ്പെടുകയോ ആരാധിക്കപ്പെടുകയോ അരുതെന്ന് ശക്തമായി ശാസിക്കുന്നു. പൂര്‍വ പ്രവാചകന്മാരില് ചിലരെല്ലാം ആരാധിക്കപ്പെട്ടപോലെ തന്റെ അനുയായികള് തന്നെ ആരാധിക്കരുതെന്ന് മുഹമ്മദ് നബിക്ക് നിര്ബന്ധമുണ്ടായിരുന്നു. അതിനാലാണ് തന്റെ അന്ത്യവിശ്രമ സ്ഥലത്തെ ആരാധനാകേന്ദ്രമാക്കരുതെന്ന് കണിശമായി കല്പിച്ചത്. പ്രവാചകനെ ഏറ്റവും കൂടുതല് സ്നേഹിച്ച അടുത്ത അനുയായികള്ക്കും പ്രവാചകനുമായി ബന്ധപ്പെട്ട ഒന്നും ആരാധിക്കപ്പെടരുതെന്ന ഉറച്ച ശാഠ്യമുണ്ടായിരുന്നു. ചരിത്രപ്രസിദ്ധമായ ഹുദൈബിയാ സന്ധിയുടെ തൊട്ടുമുമ്പ് പ്രവാചകന്റെ നേതൃത്വത്തില് വിഖ്യാതമായ പ്രതിജ്ഞ നടന്നത് ഒരു മരച്ചുവട്ടില്വെച്ചായിരുന്നു. പില്ക്കാലത്ത് അത് ആരാധിക്കപ്പെടാന് സാധ്യതയുണ്ടെന്ന ആശങ്കയാല് ഉമറുല് ഫാറൂഖ് ആ മരം മുറിച്ചുകളയാന് കല്പിച്ചത് അതിനാലാണ്. വിശുദ്ധ കഅ്ബയിലെ 'ഹജറുല് അസ്വദി'(കറുത്ത കല്ല്)ന് പുണ്യം കല്പിക്കപ്പെടാനും ആരാധിക്കപ്പെടാനും സാധ്യത ഉണ്ടെന്നതിനാല് അദ്ദേഹം അതേക്കുറിച്ച് 'അത് വെറുമൊരു കല്ല് മാത്രമാണെ'ന്ന് ഊന്നിപ്പറയാനുള്ള കാരണവും അതുതന്നെ.
പ്രവാചകന്റെ തിരുശേഷിപ്പുകള്ക്ക് എത്രത്തോളം പുണ്യമുണ്ട്; അവ കത്തുമോ? ഇല്ലേ? തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇപ്പോള് ചര്ച്ചചെയ്യപ്പെടേണ്ടവയല്ല. കാരണം, ലോകത്തെവിടെയുമിപ്പോള് പ്രവാചകന്റെ ഒരു തിരുശേഷിപ്പുമില്ലെന്നതാണ് വസ്തുത. ഉണ്ടെന്ന് അവകാശപ്പെടുന്നവയൊന്നും പ്രാമാണികമായി തെളിയിക്കപ്പെട്ടിട്ടില്ല. തുര്ക്കി, ഈജിപ്ത്, കശ്മീര് എന്നിവിടങ്ങളില് തിരുശേഷിപ്പുകളുണ്ടെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍, അവയെക്കുറിച്ച് പഠനം നടത്തിയ ഈജിപ്തുകാരനായ തൈമൂര് പാഷ അവ പ്രവാചകന്റേതാണെന്നതിന് ഖണ്ഡിതമായ തെളിവുകളില്ലെന്ന് സമര്ഥിച്ചിരിക്കുന്നു. നബിതിരുമേനിയുടെ മുടിയോ വസ്ത്രമോ മറ്റവശിഷ്ടങ്ങളോ ഇന്ന് ലഭ്യമാണെന്നതിന് ഒരു തെളിവുമില്ലെന്ന് പ്രമുഖ പണ്ഡിതന്മാരായ നാസ്വിറുദ്ദീന് അല്ബാനിയും ശൈഖ് സ്വാലിഹുല് ഫൗസാനും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രവാചകന്റെ പേരില് വ്യാജമുടി പ്രതിഷ്ഠിക്കാനുള്ള ഏതൊരു ശ്രമവും കടുത്ത പ്രവാചക നിന്ദയാണ്; ഏകദൈവാരാധനയുടെ ഉദാത്തമായ ചൈതന്യത്തെ തകര്ക്കാനുള്ള ഹീനശ്രമവും. പ്രവാചകന് മനുഷ്യരാശിയുടെ പൊതുസ്വത്തായിരിക്കെ ഈ ഹീനവൃത്തിയെ എതിര്ക്കാനും വിമര്ശിക്കാനും മതവിശ്വാസികളെപ്പോലെ മതേതരര്ക്കും അനുവാദവും സ്വാതന്ത്രൃവുമുണ്ട്. സമൂഹത്തെ ബാധിക്കുന്ന ഏതു വിഷയത്തിലും അഭിപ്രായം പറയാന് ജനാധിപത്യ സംവിധാനത്തില് ഏവര്ക്കും അവകാശമുണ്ട്. ഉണ്ടാവുകയും വേണം.
No comments:
Post a Comment