ദമ്മാം: എയര് ഇന്ത്യയുടെ ജനപ്രിയ ബജറ്റ് എയര്‍ലൈന്‍ സര്‍വീസായ എയര് ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കും. ഈ മാസം 25 മുതല്‍ ദമ്മാമില് നിന്നാണ് കേരളത്തിലേക്ക് സര്വീസ് ആരംഭിക്കുന്നത്. എയര് ഇന്ത്യാ എക്സ്പ്രസ് സര്വീസുകള്‍ ആരംഭിക്കന്നതോടെ യാത്രക്കാര്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഗുണകരമായ സേവനങ്ങള് ലഭ്യമാകുമെന്ന് എയര് ഇന്ത്യാ കിഴക്കന് പ്രവിശ്യാ മാനേജര് വിനോദ് കുമാര്‍ 'ഗള്ഫ് മാധ്യമ'ത്തോട് പറഞ്ഞു. ബുധന്‍, വെള്ളി ദിവസങ്ങളില് ദമ്മാമില് നിന്ന് കോഴിക്കോട്ടേക്കും, തിങ്കള്‍, വെള്ളി ദിവസങ്ങളില് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും ആയിരിക്കും സര്വീസുകള്‍.
മുംബൈ, ഹൈദരാബാദ് സെക്ടറുകളിലേക്കുള്ള സര്വീസുകള്‍ നിര്‍ത്തിവെച്ചതിന് പുറമെയാണ് എയര് ഇന്ത്യയുടെ പുതിയ തീരുമാനം. എക്സ്പ്രസിലേക്ക് മാറുന്നതോടെ എയര് ഇന്ത്യയുടെ നേരത്തെയുള്ള സമയത്തിലും മാറ്റം വന്നിട്ടുണ്ട്. രാത്രി 8.30ന് ദമ്മാമില് നിന്ന് പുറപ്പെടുന്ന വിമാനം പുലര്ച്ചെ 3.10ന് നാട്ടില് എത്തും. എറ്റവും പുതിയ ബോയിങ് 737-800 സീരിസിലുള്ള വിമാനങ്ങളാണ് എയര് ഇന്ത്യാ എക്സ്പ്രസ് സര്വീസ് നടത്തുക. ഇവിടെ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാര്ക്ക് 30 കി.ഗ്രാം ബാഗേജും നാട്ടില് നിന്ന് ഇവിടേക്ക് 20 കിലോ ബാഗേജും ഏഴു കിലോ ഹാന്റ് ബാഗേജുമാണ് യാത്രക്കാര്ക്ക് അനുവദിക്കുക. അധിക ബാഗേജിന് 30 റിയാല് വീതമാണ് ഈടാക്കുക. മറ്റ് ബജറ്റ് എയര്‍ലൈനുകളില്‍ നിന്ന് വ്യത്യസ്തമായി എയര് ഇന്ത്യാ എക്സ്പ്രസ് യാത്രക്കാര്ക്ക് ചായയും വെള്ളവും സ്നാക്സും വിതരണം ചെയ്യും.
ജി.സി.സിയിലെ മറ്റുരാജ്യങ്ങളില്‍ എയര് ഇന്ത്യാ എക്സ്പ്രസ് സര്വീസുകള്‍ വിജയകരമായി പരീക്ഷണം പൂര്ത്തിയാക്കിയതിന്െറ അടിസ്ഥാനത്തിലാണ് ദമ്മാമിലും ഇത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ യാത്രാ നിരക്കില് യാത്ര ചെയ്യാം എന്നതിലുപരി അവസാന സമയത്തും ഓണ്‍ലൈന്‍ വഴി യാത്രക്കാര്ക്ക് ടിക്കറ്റുകള്‍ നേടാനാകും എന്ന സൗകര്യവും എയര് ഇന്ത്യാ എക്സ്പ്രസിനുണ്ട്. എയര് ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റുകള്‍ റദ്ദ് ചെയ്താല് ടിക്കറ്റില്‍ നികുതിക്കായി ഈടാക്കിയ പണം യാത്രക്കാര്ക്ക് തിരികെ ലഭിക്കും. സമയക്രമം പാലിക്കുന്നതിലും എയര് ഇന്ത്യാ എക്സ്പ്രസ് ബദ്ധശ്രദ്ധരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഒരു റൂട്ടില് പോലും വൈകാതെ സര്വീസ് നടത്താന് എയര് ഇന്ത്യാ എക്സ് പ്രസിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിലവില് എയര് ഇന്ത്യാ ടിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുള്ള ദമ്മാമില് നിന്നുള്ള യാത്രക്കാര്ക്ക് എയര് ഇന്ത്യാ ഓഫിസുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് റദ്ദ് ചെയ്ത് മുഴുവന് പണവും തിരികെ വാങ്ങാം. അല്ലാത്ത പക്ഷം അവര്ക്ക് 40 കിലോ ബാഗേജ് എന്ന സൗകര്യം മാത്രം ഉപയോഗപെടുത്തി എയര് ഇന്ത്യാ എക്സ്പ്രസില്‍ യാത്രചെയ്യാം. ഇപ്പോള്‍ നാട്ടിലുള്ളവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്മിപ്പിച്ചു. ഏതെങ്കിലും കാരണവശാല് വിമാനം വൈകുകയോ റദ്ദു ചെയ്യുയോ ചെയ്താല് മാന്യത വെടിഞ്ഞ് പെരുമാറുന്ന രീതി ഇന്ത്യക്കാര്‍ ഒഴുവാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. പരിഹാരം കണ്ടെത്താനുള്ള സാവകാശം തേടിയായിരിക്കും യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ തങ്ങാന് നിര്ബന്ധിക്കുന്നത്. ഇത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് ആളുകള് തെറ്റിദ്ധരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ നിരക്കും, മെച്ചപ്പെട്ട സേവനവും, കൃത്യമായ സമയക്രമ പാലനുമായി എയര് ഇന്ത്യാ എക്സ്പ്രസ് പുതിയൊരു യുഗം കുറിക്കാന് ഒരുങ്ങുകയാണന്നും എയര് ഇന്ത്യാ മാനേജര് പറഞ്ഞു.
No comments:
Post a Comment