| | കുട്ടികള്‍ ലൈംഗികതയെക്കുറിച്ച് നല്ല രീതിയില്‍ അറിയുക എന്നതാണ് പ്രധാനം. ലൈംഗികമായ അറിവുകളെ എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാമെന്നും പറഞ്ഞുകൊടുക്കണം. ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ എന്തിന് അറിയുന്നുവെന്നാണ് പലരുടെയും ചോദ്യം. ലൈംഗികതയെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത് വലിയ ആത്മവിശ്വാസമാണ്. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ അറിഞ്ഞാല്‍ കുട്ടികളുടെ മനസില്‍ പിന്നെ ഇത്തരം ചിന്തകള്‍ നിറഞ്ഞു കുഴപ്പമാവുമെന്നാണ് പല മാതാപിതാക്കളുടെയും ഭയം. എന്നാല്‍ അതല്ല ശരി. കുട്ടികള്‍ ഇതേക്കുറിച്ച് നല്ല രീതിയില്‍ അറിയുക എന്നതാണ് പ്രധാനം. ലൈംഗികമായ അറിവുകളെ എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാമെന്നും പറഞ്ഞുകൊടുക്കണം. കൗമാരത്തിലെത്തുന്നതോടെ ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റം പലവിധത്തിലാണ്. ഇത് പല രീതിയില്‍ മാനസികവും ശാരീരികവുമായി ബാധിക്കും. കുട്ടികളായിരിക്കുമ്പോള്‍ മുതലേ പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ആകാംക്ഷ കുട്ടികളില്‍ ഉണ്ടാകുന്നുണ്ട്. ഇന്ന് അതിനുള്ള സാധ്യതയും ഏറെയാണ്. ടി.വി, പരസ്യങ്ങള്‍, സിനിമാരംഗങ്ങള്‍ എന്നിവയൊക്കെ അവരുടെ സംശയത്തിന് ആക്കം കൂട്ടുന്നു. തന്റെയടുത്ത് ഇരിക്കുന്ന ആണ്‍കുട്ടിയും ഞാനും തമ്മില്‍ ലൗവാണോയെന്ന് പലരും ചോദിച്ചൂവെന്ന് അഞ്ചാംക്ലാസുകാരി അമ്മയോട് വന്ന് പരാതി പറഞ്ഞാല്‍ അമ്മ അങ്കലാപ്പിലാകും. അതിനുപകരം ശരിയായവിധത്തില്‍ കാര്യം പറഞ്ഞുകൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ: "നിങ്ങള്‍ രണ്ടും നല്ല ഫ്രണ്ട്‌സാണ്. നന്നായി കളിക്കാനും സംസാരിക്കാനും പറ്റുന്ന കൂട്ടുകാര്‍." 'ലൗവ്' എന്ന വാക്കില്‍ ഒരു പ്രശ്‌നവുമില്ലെന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. വേണമെങ്കില്‍ ഡിക്ഷണറി കാട്ടിക്കൊടുക്കാം. ലൗവ് എന്നാല്‍ സ്‌നേഹം. ഇപ്പോള്‍ ഇത്രയൊക്കെ അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് കവിളില്‍ ഒരുമ്മകൊടുത്ത് സമാധാനിപ്പിക്കാവുന്നതേയുള്ളൂ. ഉമ്മവയ്‌ക്കുന്ന രംഗങ്ങള്‍ പുരുഷനും സ്‌ത്രീയും തമ്മില്‍ ഉമ്മവയ്‌ക്കുന്ന ടി.വി രംഗങ്ങള്‍ വരുമ്പോഴാണ് പ്രശ്‌നം. അച്‌ഛനും അമ്മയും പെട്ടെന്ന് റിമോട്ടെടുത്ത് ചാനല്‍ മാറ്റുമ്പോള്‍ കുട്ടിക്കു സംശയമായി-അതെന്താ ഉമ്മവയ്‌ക്കുന്നതില്‍ പ്രശ്‌നം? ഉമ്മവയ്‌ക്കുന്നതില്‍ കുഴപ്പമില്ലെന്ന് അവരെ ആദ്യം പറഞ്ഞുമനസിലാക്കണം. "അച്‌ഛനും അമ്മയും അമ്മൂമ്മയുമൊക്കെ മോളെ ഉമ്മവയ്‌ക്കാറില്ലേ. എന്നാല്‍ അപരിചിതരായ ഒരാള്‍ മോള്‍ക്ക് ഉമ്മ നല്‍കാന്‍ ശ്രമിച്ചാല്‍ അനുവദിക്കരുതെന്ന് മാത്രം." ഈ മറുപടിയില്‍ കുട്ടി രണ്ടുകാര്യം മനസിലാക്കും. ഉമ്മ സ്‌നേഹപ്രകടനമാണെന്നും അപരിചിതരില്‍നിന്ന് അകന്നു നില്‍ക്കണമെന്നും. ആര്‍ത്തവമെന്നത് ഞാനൊരു പെണ്ണാണെന്നും ആണ്‍കുട്ടിയില്‍നിന്ന് അകന്നുനില്‍ക്കണമെന്നുമുള്ള ബോധം പെണ്‍കുട്ടിയില്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിനാല്‍ ശാരീരികാവയവങ്ങളെക്കുറിച്ചും, ആര്‍ത്തവം പോലെയുള്ള കാര്യങ്ങളെക്കുറിച്ചും പെണ്‍കുട്ടിക്ക് പറഞ്ഞുകൊടുക്കണം. ആര്‍ത്തവമെന്നത് ഇന്ന് പല പെണ്‍കുട്ടികളിലും വളരെ നേരത്തേ വന്നു തുടങ്ങുന്നു. ജങ്ക്‌ഫുഡുകളുടെയും ജീവിതചര്യകളുടെയും കുഴപ്പംമൂലമാണിത്‌്. ചിലരെയെങ്കിലും ആര്‍ത്തവം മാനസികബുദ്ധിമുട്ടിലാക്കും. മോള്‍ വളര്‍ന്നുവെന്നതിന്റെ സൂചനയാണെന്നും ഇത് ആരോഗ്യമുള്ള ശരീരമാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം. ഇങ്ങനെ വന്നാല്‍ അമ്മയോടോ ഇനിയിപ്പോള്‍ സ്‌കൂളില്‍വച്ചാണെങ്കില്‍ ടീച്ചറോടോ പറയണമെന്ന് കുട്ടിയെ ചട്ടം കെട്ടണം. സാനിട്ടറി പാഡ്/ വൃത്തിയുള്ള കോട്ടണ്‍ തുണി എന്നിവയെക്കുറിച്ചും മനസിലാക്കിക്കൊടുക്കണം. കൗമാരമാണ് പെണ്‍കുട്ടികള്‍ക്ക് ഒരു പിടിയും കിട്ടാതെ പോകുന്ന കാലം. പ്രണയം, ലൈംഗികത, ഗര്‍ഭധാരണം... എല്ലാം സംശയത്തിന്റെ കാലമാണ്. ഇവിടെയും അമ്മയുടെ സമയോചിതമായ ഇടപെടല്‍ ആവശ്യമാണ്. ആര്‍ത്തവമെന്നത് സന്താനോല്‍പ്പാദനശേഷിയുടെ കഴിവാണ് തെളിയിക്കുന്നതെന്ന് മകളെ ബോധ്യപ്പെടുത്തേണ്ട കാലമാണിത്. ആര്‍ത്തവമുള്ള പെണ്‍കുട്ടി ഒരാണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടെന്നും ആണ്‍കുട്ടികളുമായി ബുദ്ധിപൂര്‍വമായ ഒരകലം സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞുകൊടുക്കണം. തെറ്റായ ലൈംഗികജീവിതം പലതരം രോഗങ്ങള്‍ വരുത്തുവെന്നും മനസിലാക്കണം. ഈ കാലത്ത് ആണ്‍കുട്ടികളോട് മാനസികമായ ഒരിഷ്‌ടം തോന്നുക സ്വാഭാവികം. അങ്ങനെ തോന്നുന്നതില്‍ അത്ഭുതമില്ലായെന്നാണ് ആദ്യം പറഞ്ഞുകൊടുക്കേണ്ടത്. എന്നുവച്ച് ഇഷ്‌ടം കാട്ടുന്ന പുരുഷനോട് മാനസികവും ശാരീരികവുമായ ഒരടുപ്പം തിരിച്ചുകാണിക്കുന്നത് ശരിയല്ലെന്നും അത് പലപ്പോഴും അപകടത്തിലാക്കുമെന്നും പറയണം. ഇന്ന് പത്രമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളും ചതിവുമൊക്കെ വായിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതാണ് നല്ലത്. എന്തൊക്കെ തരത്തില്‍ പെണ്‍കുട്ടി അപകടത്തില്‍പ്പെടുന്നൂവെന്ന് അവര്‍ക്കറിയാന്‍ അവസരമുണ്ട്. പല വീടുകളിലും കൗമാരക്കാര്‍ ഉള്‍പ്പെടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. ഇതൊക്കെ കുട്ടികള്‍ അറിഞ്ഞാല്‍ അവരും അങ്ങനെ പെട്ടുപോകുമോയെന്ന ഭയം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് ചര്‍ച്ച ചെയ്യുന്നത് നല്ലതാണ്. ഒരു പരിധിവരെ തനിക്ക് നേരെയുണ്ടാകുന്ന ചതിവുകള്‍ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയുന്നു. പ്രണയം മനസില്‍ ചില പെണ്‍കുട്ടികളിലെങ്കിലും ലെസ്‌ബിയനിസം കണ്ടുവരുന്നു. ആണ്‍കുട്ടികളോട് അടുക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ പെണ്‍കുട്ടികളോട് പ്രണയം. പ്രത്യേകിച്ച് ഹോസ്‌റ്റലുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍. സൗഹൃദത്തില്‍ തുടങ്ങി ഗാഢമായ ഇഷ്‌ടം പിന്നീട് പ്രണയത്തില്‍ കൊണ്ടെത്തിക്കുന്ന അവസ്‌ഥ. ഇത്തരം അവസ്‌ഥയില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് കുറ്റബോധമുണ്ടാകാം. പിന്നീട് പലവിധ മാനസികപ്രശ്‌നങ്ങള്‍ക്കും ഇതുവഴിയിടും. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചും മകളോട് സംസാരിക്കുന്നതില്‍ തെറ്റില്ല. പ്രണയം മനസില്‍ നാമ്പിടുന്ന കാലമായതുകൊണ്ട് പഠനത്തിലും മറ്റും അല്‌പം പിന്നോട്ടുപോകുന്ന കാലമാണ് കൗമാരം. പ്രായത്തിന്റെ പ്രത്യേകതയും ശരീരത്തില്‍ നടക്കുന്ന രാസമാറ്റങ്ങളുമാണ് ഇതിന് കാരണം. എന്നുവച്ച് പഠനത്തില്‍ ഉഴപ്പാന്‍ ഇടയാക്കരുതല്ലോ. അതുകൊണ്ട് അത്തരം ആകര്‍ഷണത്തെ നല്ല സൗഹൃദത്തിലൂടെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴിയാണ് മകള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്.ഇക്കാലയളവില്‍ ശരീരത്തിന്റെ വളര്‍ച്ചയും ഇവരെ ആശങ്കപ്പെടുത്താറുണ്ട്. സ്‌തനവളര്‍ച്ചയാണ് പ്രധാനം. ശരീരവണ്ണത്തെ അനുസരിച്ചിരിക്കും സ്‌തനവളര്‍ച്ച. 15-17 വയസുവരെ സ്‌തനവളര്‍ച്ചയുണ്ടാകും. ഇതും അവരെ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊടുക്കുക |
No comments:
Post a Comment