രണ്ട് പതിറ്റാണ്ടിലേറെയായി ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി (United Nations development project -യുഎന്‍ഡിപി) വര്‍ഷംതോറും എല്ലാ രാജ്യങ്ങളിലെയും വികസനത്തോതും ജീവിതനിലവാരവും ജീവിത ഗുണമേന്മയും ആരോഗ്യവും ഭക്ഷണലഭ്യതയും വിദ്യാഭ്യാസവും എല്ലാം ക്രോഡീകരിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താറുണ്ട്. വ്യവസായങ്ങളിലും കാര്‍ഷിക മേഖലയിലും മൂലധന നിക്ഷേപം എത്ര? മൊത്തം ദേശീയ ഉല്‍പ്പാദനം എത്ര? തുടങ്ങിയ കണക്കുകള്‍വച്ചായിരുന്നു അതുവരെ രാജ്യത്തിന്റെ വികസനവും സമൃദ്ധിയും കണക്കാക്കപ്പെട്ടിരുന്നത്. അമര്‍ത്യസെന്‍ തുടങ്ങിയ പ്രമുഖ സാമ്പത്തിക വിദഗ്ധരാണ് ജീവിത ഗുണമേന്മയും ഇല്ലാത്തവരും ഉള്ളവരും തമ്മിലുള്ള വിടവും വിദ്യാഭ്യാസം, ആരോഗ്യം മുതലായവയും കണക്കിലെടുക്കണമെന്ന് വാദിച്ചതും യുഎന്‍ഡിപി അത് അംഗീകരിച്ചതും. ലോകത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് യുഎന്‍ഡിപിയുടെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി കരുതപ്പെടുന്ന അമേരിക്കന്‍ ഐക്യനാട് ഗുരുതരമായ കുഴപ്പത്തില്‍ ചെന്ന് ചാടിയിരിക്കുകയാണല്ലോ. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ തിരുക്കുറ്റിയായി കരുതപ്പെടുന്ന വാള്‍സ്ട്രീറ്റ് എന്ന സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നു. ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് (ഒഡബ്ല്യുഎസ്- വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍) എന്നാണ് മാധ്യമങ്ങള്‍ ഈ പ്രക്ഷോഭത്തെ വിളിക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് നിയമലംഘനക്കുറ്റം ചുമത്തപ്പെട്ട് 700ല്‍ പരം പേര്‍ അറസ്റ്റിലായി.ഡോളറിന്റെ മൂല്യം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. മുന്‍കാലത്ത് ഡോളര്‍ ശേഖരിച്ചുവരുന്ന വ്യക്തികളും രാജ്യങ്ങളും സ്വര്‍ണത്തിന്റെ പിറകെ ഓടുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈന ഏറ്റവും കൂടുതല്‍ ഡോളര്‍ കൈവശമുള്ള രാജ്യമായിരുന്നു. ഇപ്പോള്‍ അവരത് ഉപയോഗിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു.
ലോകത്തിലെ ജനസംഖ്യാനുപാതികമായ സമ്പത്തില്‍ നാലാം സ്ഥാനത്താണ് അമേരിക്ക. രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവനുസരിച്ച് യുഎന്‍ഡിപിയുടെ കണക്കുപ്രകാരം 23-ാം സ്ഥാനത്താണ് അമേരിക്ക. അതിന്റെ അര്‍ഥം കോടീശ്വരര്‍ ഏറെയുള്ളപ്പോഴും അമേരിക്കയില്‍ ദരിദ്രരുടെ സംഖ്യ അനുദിനം വര്‍ധിച്ചുവരുന്നു എന്നാണ്.
യൂറോപ്പ്
യൂറോപ്പിലും സ്ഥിതിഗതികള്‍ ഒട്ടും മെച്ചമല്ല. ഗ്രീസിലാണ് ഏറ്റവും ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച. യൂറോ എന്ന യൂറോപ്യന്‍ നാണയം ഡോളറിനേക്കാള്‍ കുറെക്കൂടി സ്ഥിരത നേടിയിട്ടുണ്ടെങ്കിലും അത് കുറഞ്ഞുവരുന്ന ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. അതേസമയം യൂറോപ്പിന്റെ വടക്കുഭാഗത്തുള്ള നോര്‍വേ, സ്വീഡന്‍ , ഡെന്മാര്‍ക്ക് മുതലായ രാജ്യങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആഗോളവല്‍ക്കരണ നയങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി ക്ഷേമരാഷ്ട്രനയങ്ങള്‍ പിന്തുടരുന്നത് കാരണം ജീവിത ഗുണമേന്മയിലും മറ്റും അവര്‍ യുഎന്‍ഡിപി റിപ്പോര്‍ട്ടുപ്രകാരം ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു. ഇതില്‍ നോര്‍വേയാണ് ലോകത്തില്‍ ഒന്നാമത്തെ സ്ഥാനം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനം ഓസ്ട്രേലിയക്കാണ്.
ഇന്ത്യ
ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഇല്ലാതെ രാജ്യത്തിനു മുന്നേറാന്‍ മറ്റു പോംവഴികള്‍ ഇല്ലെന്ന് ശഠിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.ഇന്ത്യന്‍ കാര്‍ഷികരംഗത്ത് കഴിഞ്ഞ 16 വര്‍ഷത്തിനിടെ രണ്ടരലക്ഷംപേര്‍ കടബാധ്യതയും കാര്‍ഷിക നഷ്ടവും മൂലം ആത്മഹത്യചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ പ്രത്യേകിച്ചും വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ഒരു കാലത്തു പതിവായിരുന്നു. ഇടതുപക്ഷസര്‍ക്കാരുകളുടെ കടാശ്വാസ നിയമങ്ങളും മറ്റും കാരണം അത് ഒട്ടൊക്കെ അവസാനിച്ചിരുന്നു. എന്നാല്‍ , രണ്ടുദിവസം മുന്‍പ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ആവര്‍ത്തിച്ചതായി കാണുന്നു.
ഭക്ഷ്യസുരക്ഷ ഇനിയും ഇന്ത്യയില്‍ ഉറപ്പായിട്ടില്ല. മിച്ചം വന്ന ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് സൗജന്യമായി വിതരണംചെയ്യണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേന്ദ്രം തിരസ്കരിച്ചു. വമ്പിച്ച ധാന്യശേഖരം ഉള്ളവരുടെ ചരക്കുകള്‍ക്ക് വിലകുറയുമെന്ന ഭീതിമൂലമാണ് ഈ കടുംകൈ അവര്‍ ചെയ്തത്.
യുഎന്‍ഡിപി റിപ്പോര്‍ട്ടിലെ കാര്‍മേഘത്തില്‍ ഒരു നേരിയ വെള്ളിരേഖ കാണുന്നുണ്ട്. അത്, ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രംഗത്തുള്ള പുരോഗതിയാണ്. അതിനുകാരണം ലോകത്തില്‍ പലയിടത്തും നിലവില്‍ വന്നുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ നടപടികള്‍ മൂലമാണെന്ന് കാണാന്‍ വിഷമം ഇല്ല. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയില്‍ . ലാറ്റിന്‍ അമേരിക്കയില്‍ ഇപ്പോഴും ഇടതുപക്ഷ സര്‍ക്കാരുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അര്‍ജന്റീനയില്‍ നാലാം തവണയാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ആദ്യത്തെ രണ്ടുവര്‍ഷം നെസ്റ്റര്‍ കിര്‍ച്ച്നെര്‍ ആയിരുന്നു. പിന്നീട് രണ്ടു തവണ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നെര്‍ ആണ് അധികാരത്തിലേറിയത്. അമേരിക്കന്‍ ഐക്യനാടും ചില പാശ്ചാത്യ രാജ്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് അര്‍ജന്റീന എതിരായിരുന്നു. ബറാക് ഒബാമയ്ക്ക് മുന്‍പ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ്, ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ഈ നയങ്ങള്‍ അംഗീകരിപ്പിക്കാന്‍ ബ്യൂണസ് അയേഴ്സില്‍വച്ച് ഒരു സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ , ആ യോഗത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളോടൊപ്പം വലതുപക്ഷ സര്‍ക്കാരുകളും ബുഷിനെ പ്രതിരോധത്തിലാക്കി. സമ്മേളനം തീരുന്നതിനു മുന്‍പ് അദ്ദേഹം വിമാനത്തില്‍ കയറി നാട്ടിലേക്ക് പോകുകയുംചെയ്തു.
ലോകം പൊതുവെ സാമ്പത്തികക്കുഴപ്പത്തില്‍ പെട്ടിരിക്കുമ്പോള്‍ മരുഭൂമിയിലെ പച്ചത്തുരുത്തുകളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ മാതൃക കാട്ടുകയാണ്. ഈ മാറ്റത്തിന്റെ അലകള്‍ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വീശിയടിച്ചതിന്റെ ഫലമാണ് അറബ് വസന്തം എന്നപേരില്‍ അറിയപ്പെടുന്ന ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ . അവിടെയും അമേരിക്ക ഇടങ്കോലിടുകയാണ്. ലിബിയയിലെ നാറ്റോ ഇടപെടലും ഗദ്ദാഫിയുടെ വധവും മറ്റും തെളിയിക്കുന്നത് മറ്റൊന്നല്ല.
ഇറാഖ്
ഈ വര്‍ഷം അവസാനത്തോടെ ഇറാഖില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ,ഒരു സൗജന്യം എന്ന മട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്തിന് ഇറാഖില്‍ ആക്രമണം നടത്തി? എന്തിനു കഴിഞ്ഞ പത്തുവര്‍ഷമായി ഇറാഖില്‍ അവര്‍ മരണം വിതച്ചു? എന്തിന് സദ്ദാം ഹുസൈനെ ക്രൂരമായി വധിച്ചു? എന്നുള്ളതിനൊക്കെ മറുപടി പറയാന്‍ ഒബാമയും കൂട്ടരും ബാധ്യസ്ഥരല്ലേ. ഇറാഖില്‍ മരണവും നാശവുംവിതയ്ക്കാന്‍ പ്രേരിപ്പിച്ചത് അവര്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെ സര്‍വനാശകമായ യുദ്ധസാമഗ്രികള്‍ ശേഖരിച്ചതുകൊണ്ടാണെന്ന് പ്രസിഡന്റ് ജോര്‍ജ്ബുഷ് പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷം ഇറാഖിലെ ഓരോ മണല്‍ത്തരിയും ഇളക്കി നോക്കിയിട്ടും ഈ ആരോപണം തെളിയിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭപോലും നേരത്തെ അറിയിച്ചിരുന്നതാണ് ഇക്കാര്യം.
സാമ്പത്തികത്തകര്‍ച്ചമൂലം പട്ടാളത്തെ പിന്‍വലിക്കേണ്ടിവരും എന്നതാണ് സത്യം. അഫ്ഗാനിസ്ഥാനിലും അവര്‍ക്ക് തുടരാനാവില്ല. സാമ്പത്തികമായി പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന യുഎസിന് ഈ ലോകബാധ്യതകളില്‍നിന്നും ആക്രമണ പ്രവണതകളില്‍നിന്നും പിന്മാറാതെ നിലനില്‍ക്കാന്‍ ആവുകയില്ലെന്ന സത്യമാണ് പുറത്തുവന്നിട്ടുള്ളത്. ഇതൊരു സൗജന്യബുദ്ധിയുടെ തെളിവല്ല. ഗതികേടിന്റെ പ്രഖ്യാപനമാണ
No comments:
Post a Comment