ജുഡീഷ്യറിയില്‍ ശുഭപ്രതീക്ഷയാണുള്ളത്. നീതി തേടിയെത്തുന്ന മനുഷ്യന്റെ ഏക ആശ്രയം ജുഡീഷ്യറിയാണ്'- രാവിലെ വിധി കേള്‍ക്കാന്‍ കുളിച്ചൊരുങ്ങി കോടതിയിലേക്കു പോകുമ്പോള്‍ സഖാവ് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതാണിത്.അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്.രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതാല്‍പര്യങ്ങളും സംരക്ഷിക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന് ഈ ജനാധിപത്യരാജ്യത്ത് പ്രതീക്ഷ നല്‍കുന്ന ഏക സ്ഥാപനം കോടതിയാണ്.അവസാനം കോടതിയില്‍ നീതി ലഭിക്കുമെന്ന ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസം, അത് സംരക്ഷിക്കപ്പെടുക തന്നെ വേണം.
കോടതിയെയും ജുഡീഷ്യറിയെയും, തന്റെ തെറ്റുകള്‍ക്കെതിരേ നിലപാടെടുക്കുന്ന ബഞ്ചിലെ ജഡ്ജിമാരെ വരെ തിരഞ്ഞുപിടിച്ച് വെല്ലുവിളിക്കുകയും പുലഭ്യം പറയുകയും ചെയ്തുകൊണ്ടിരുന്ന എം.വി.ജയരാജനെ ആറുമാസം കഠിനതടവിനു വിധിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയക്കുന്നതിലൂടെ കോടതിയില്‍ ഉറച്ച വിശ്വാസവും ശുഭപ്രതീക്ഷയുമുള്ള സാധാരണ പൗരന്മാരുടെ അന്തസ്സും ആത്മാഭിമാനവും കൂടിയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതമായ വിധിപ്രസ്താവത്തിന് കോടതിയില്‍ ശുഭപ്രതീക്ഷയുള്ള ഒരു പൗരന്റെ അഭിവാദ്യങ്ങള്‍ !
വിധി പ്രസ്താവത്തിനു ശേഷം കോടതിയിലുള്ള തന്റെ വിശ്വാസവും ശുഭപ്രതീക്ഷയും നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നു പറയാന്‍ ജയേട്ടന്‍ നിന്നില്ല. 'ധീരസഖാവിന് അഭിവാദ്യങ്ങള്‍', 'ബൂര്‍ഷ്വാ കോടതി തുലയട്ടെ' എന്നിങ്ങനെയുള്ള സഹശുംഭന്‍മാരുടെ ആക്രോശങ്ങളേറ്റുവാങ്ങി അദ്ദേഹം ഉണ്ട തിന്നാന്‍ പോയി.എന്നാല്‍ പിണറായി മുതലാളി കോപിച്ചിട്ടുണ്ട്.കോടതിയെ അധിക്ഷേപിക്കുന്നത് നാട്ടുനടപ്പാണെങ്കിലും ഇത്ര വലിയ ശിക്ഷ ഒരു രാഷ്ട്രീയപ്രവര്‍ത്തകനു ലഭിക്കുന്നത് ആദ്യമാണെന്നും ഇത് കോടതിയുടെ പ്രതികാരനടപടിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനൊക്കില്ല എന്നുമാണ് മുതലാളി പറഞ്ഞിരിക്കുന്നത്.സുപ്രീം കോടതിയേക്ക് ചെന്ന് ഹൈക്കോടതി ജഡ്‍ജിമാര്‍ക്ക് നല്ല ചുട്ട അടിവാങ്ങിച്ചുകൊടുക്കാമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതുവരെ വിധി നടപ്പാക്കാന്‍ പാടില്ലായിരുന്നു എന്നും മുതലാളി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതിനു മുമ്പ് നടത്തിട്ടുള്ള കോടതിയലക്ഷ്യങ്ങളില്‍ നിന്നും ജയരാജന്റെ ശുംഭത്തരങ്ങള്‍ വേറിട്ടു നില്‍ക്കുന്നത് താന്‍ ചെയ്യുന്ന കുറ്റകൃത്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുകയും സംസ്കൃതം മുന്‍ഷിയെ കോടതിയിലെത്തിച്ച് കോടതിയെയും ജനങ്ങളെയും വിഡ്ഡിയാക്കാന്‍ ശ്രമിക്കുകയും ചെയ്തതുകൊണ്ടാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാനൊക്കില്ല.ശുംഭന്‍ എന്നു വച്ചാല്‍ പ്രകാശിക്കുന്നവനാണെന്നോ തിളങ്ങുന്നവനാണെന്നോ ഒക്കെയാണ് അര്‍ഥമാണെന്നിരിക്കെ കോടതിയെ വാഴ്‍ത്തിയ ജയരാജനെ ശിക്ഷിച്ചതിനെപ്പറ്റി മുതലാളിമാരാരും ഒന്നും പറയുന്നില്ല.
വഴിവക്കില്‍ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള വിധിയും സമരത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരേയുള്ള വിധിയും കേരളസമൂഹത്തിനു വേണ്ടിയുള്ള ജനപക്ഷത്തുനിന്നുകൊണ്ടുള്ള വിധികളായിരുന്നു.എന്നാല്‍,ഓഡിറ്റോറിയം വാടകയ്‍ക്കെടുത്ത് പരിപാടി നടത്തിയാല്‍ കേള്‍ക്കാന്‍ ഒരു പട്ടിയെപ്പോലും കിട്ടില്ല എന്നുറപ്പുള്ള നേതാക്കള്‍ക്ക് റോഡ് ഗതാഗതം തടസ്സപ്പെടുത്തി അത്യാവശ്യത്തിന് ഏതെങ്കിലും വഴിക്കുപോകുന്നവന്റെ മേല്‍ രാഷ്ട്രീയഛര്‍ദ്ദി തെറിപ്പിക്കാനുള്ള കുരുട്ടുബുദ്ധിയെ സ്വാതന്ത്ര്യസമരത്തോടുപമിച്ച്, ഈ വിധി ആറ്റുകാല്‍ പൊങ്കാലയെ അട്ടിമറിക്കാനുള്ളതാണെന്നു ചിത്രീകരിച്ച് മുതലെടുപ്പിനു ശ്രമിച്ചതിന് ശിക്ഷ വേറെ കൊടുക്കേണ്ടതാണ്.
ഏത് രാഷ്ട്രീയവിക്ഷണകോണിലൂടെ നോക്കിയാലും കോടതി കോടതി തന്നെയാണ്.ഞങ്ങള്‍ക്ക് വിദ്യാഭ്യാസവും സംസ്കാരവും കുറവായതുകൊണ്ടും ഞങ്ങള്‍ക്കിടയില്‍ ഗുണ്ടകള്‍ കൂടുതലായതുകൊണ്ടും ഇന്ത്യന്‍ പീനല്‍ കോഡ് ഞങ്ങള്‍ക്കു ബാധകമാകില്ലെന്ന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പറഞ്ഞാല്‍ അതങ്ങ് ചൈനയില്‍ പോയി പറഞ്ഞാല്‍ മതിയെന്നേ പറയാന്‍ പറ്റൂ. കോടതിയോട് ആദരവും മറ്റുമുണ്ടെന്ന് അവകാശപ്പെട്ട ജയരാജന് താന്‍ ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ തന്റെ അനുയായികളിലേക്ക് തെറ്റായ സന്ദേശം പ്രചരിക്കുന്നത് തടയുകയും ശിക്ഷ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.കോടതി ജയരാജനെ ശിക്ഷിച്ചത് കോടതിയുടെ അന്തസ്സിനും കോടതിയുടെ മേല്‍ പൊതുസമൂഹത്തിനുള്ള വിശ്വാസവും അദരവും നിലനില്‍ക്കുന്നതിനും അനിവാര്യമാണ്.ഇത് പ്രതികാരമാണെന്നു പറയുന്ന മുതലാളിമാര്‍ക്കും അതറിയാം.
തെറ്റുകള്‍ ആവര്‍ത്തിച്ച് ശിക്ഷ ഇരന്നുവാങ്ങിയ ഒരാളെ ധീരനെന്നു വിശേഷിപ്പിക്കുന്നത് ഇന്നുവരെ ലോകത്തുണ്ടായിട്ടുള്ള ധീരന്മാരെ അധിക്ഷേപിക്കലാണ്.ജനാധിപത്യത്തില്‍ നിന്നുകൊണ്ട് ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ഒരാളുടെ പരിശ്രമങ്ങളെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി ചോരചിന്തിയെ പോരാളികളോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിലെ പൗരന്മാരും കോടതിയും തമ്മിലുള്ള ബന്ധം സ്വാതന്ത്ര്യത്തിനു മുമ്പുള്ള ബ്രീട്ടീഷുകാരും ഇന്ത്യക്കാരും തമ്മിലുള്ളതുപോലെയാണെന്നു പറയുന്നവന്‍ ചരിത്രത്തോടും തന്നോടും ജനങ്ങളോടും ചെയ്യുന്നത് ചതിയാണ്.
ഉത്തരകേരളത്തിലെ ഗ്രാമീണരും ഒരാവശ്യം വന്നാല്‍ പോകേണ്ടത് കൊച്ചിയില്‍ ആസ്ഥാനമായുള്ള കേരള ഹൈക്കോടതിയിലാണെന്നതിനാല്‍ പരസ്യമായി വെല്ലുവിളികളും ആക്രോശങ്ങളും നടത്തുമ്പോള്‍ അന്തസ്സുള്ള ഭാഷ ഉപയോഗിക്കാന്‍, ഉത്തര-ദക്ഷിണ-മധ്യ കേരളങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍ക്കും മാപ്പു പറയില്ലെന്നു വാശിയുള്ള ജയാരാജന് പി.സി.ജോര്‍ജുമാര്‍ക്കും ഈ വിധി പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment