കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മേപ്പാടി പഞ്ചായത്ത് കുഴിമുക്ക് പുല്‍പ്പറമ്പില്‍ രാജു എന്ന വര്‍ഗീസ്(48) ആണ് തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് മരിച്ചത്. വയനാട്ടില്‍ ഒരാഴ്ചക്കിടെ ആത്മഹത്യചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് രാജു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയും ചെയ്തുവരികയായിരുന്നു. ഇഞ്ചിയുടെ വിലയിലുണ്ടായ കനത്ത ഇടിവിനെ തുടര്‍ന്ന് കടബാധ്യത താങ്ങാനായതോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്്. എസ്ബിടിയില്‍ മൂന്ന് ലക്ഷം രൂപരാജുവിന് കടമുണ്ടായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുകയും ചെയ്തതിലൂടെ വയനാട്ടില്‍ നിന്ന് തുടച്ചുനീക്കിയ കര്‍ഷക ആത്മഹത്യ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും ആരംഭിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഭാര്യ: ജിസി. മൂന്ന് പെണ്‍കുട്ടികളുണ്ട്.
തിരു: കര്‍ഷകന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികളാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ എംഎല്‍എ പറഞ്ഞു. കര്‍ഷകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് ആത്മഹത്യ ഇല്ലാതാക്കിയത്. ഈ പദ്ധതികളുടെ തുടര്‍ച്ചയില്ലാതായയോടെ ഉടലെടുത്ത ആശങ്കയാണ് കര്‍ഷകരെ വീണ്ടും ആത്മഹത്യയിലേക്ക് നയിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും ഉല്‍പ്പാദനക്കുറവുംമൂലം കടക്കെണിയിലായ കര്‍ഷകര്‍ വലിയ ആശങ്കയിലാണ്. തങ്ങള്‍ തുടര്‍ന്ന ജീവിതനിലവാരവും താഴുന്നതോടെയാണ് അവര്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നത്. തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ തീരുമാനത്തിന് വേഗം കൂട്ടുന്നു. കര്‍ഷകരുടെ കടങ്ങള്‍ക്ക് അടിയന്തര മോറട്ടോറിയം പ്രഖ്യാപിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒമ്പത് തവണ ഇത്തരത്തില്‍ മോറട്ടോറിയം പ്രഖ്യാപിക്കുകയും പലിശബാധ്യത ഏറ്റെടുക്കുകയും ചെയ്തു. മോറട്ടോറിയം പ്രഖ്യപിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ഇറക്കുന്നതിനാവശ്യമായ വായ്പയും ലഭ്യമാക്കണം. എന്നാല്‍ , സര്‍ക്കാര്‍സഹായം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷന്‍പദ്ധതിയാണ് ഏറ്റവും വലിയ ഉദാഹരണം. പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാര്‍ പരിമിതമായ 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 35 ലക്ഷത്തോളം കര്‍ഷകര്‍ക്ക് സഹായമാകേണ്ട പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഇനിയും ഒരു വ്യക്തത വന്നിട്ടില്ല. ധനവകുപ്പാണോ തൊഴില്‍വകുപ്പാണോ അതോ കൃഷിഭവനുകള്‍ വഴിയാണോ പദ്ധതി നടപ്പാക്കുന്നതെന്നത് ഇനിയും വ്യക്തമല്ല. എവിടെ അപേക്ഷിക്കണമെന്നുപോലും കര്‍ഷകനെ അറിയിച്ചിട്ടില്ലെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി.
No comments:
Post a Comment