ഇന്ന് വാര്‍ത്തയില്‍ ഒരു വിശേഷം കേട്ടു. അമേരിക്കന്‍ കമ്മ്യൂണിസ്റ്റുകാര്‍ അതായത് മതിലകം തെരുവില്‍ സമരം ചെയ്യുന്ന പൈലുകള്‍, കൂട്ടത്തോടെ വന്‍കിട ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ചു ചെറുകിട പ്രാദേശിക വായ്പാ സംഘങ്ങളില്‍ നിക്ഷേപിക്കുന്നു എന്ന്. രാജ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം വരുന്ന കുത്തക മൂരാച്ചികളെ പാഠം ഒന്ന് ഒരു വിലാപം പഠിപ്പിക്കാനാണ് ഇപ്പണി എന്നാണു വാര്‍ത്ത. രണ്ടു ദിവസം ആയിരക്കണക്കിന് പൈലുകളും പെമ്പിറന്നോത്തികളും കൂടിതങ്ങളുടെ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടും ഏകദേശം അഞ്ചു ലക്ഷം ഡോളര്‍ മാത്രമേ വലിഞ്ഞിട്ടുള്ളൂ. അമേരിക്കക്കാര് നമ്മളെക്കാള്‍ വലിയ എരപ്പാളികള്‍ ആണോ?
സായിപ്പന്മാര്‍ എരപ്പാളികള്‍ ആണോ എന്നതല്ല വിഷയം. ലവന്മാരുടെ പരിപാടി കൊള്ളാം എന്ന് തോന്നി. നമുക്കും ഒന്ന് പരീക്ഷിക്കാന്‍ പറ്റിയ സാധനം ആണല്ലോ. പോരെങ്കില്‍ പരിപാടിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപജ്ഞാതാവ് നമ്മുടെ മഹാത്മാ ഗാന്ധിയും. ജനങ്ങളെ ഇതൊക്കെ പറഞ്ഞു ഒന്ന് ഉദ്ധരിപ്പിക്കുവാന്‍ ഒരു ബ്ലോഗ് എഴുതാം എന്നും കരുതി.
അപ്പോഴാണ് ഒരു വെളിപാടുണ്ടായത്. മൂരാച്ചി അമേരിക്കക്കാരുടെ ചെറുകിട വായ്പാ സംഘങ്ങള്‍ക്ക് സമാനമായ സംഘങ്ങള്‍നമ്മുടെ സഹകരണ സംഘങ്ങള്‍ ആണ്. അതാണെങ്കില്‍ ആത്യന്തികമായി കുത്തക മൂരാച്ചികളെക്കാളും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലും. പിന്നീടുള്ളത് സര്‍വ്വശ്രീ നടേശ പ്രഭൃതികള്‍ പോലുള്ളവരുടെ നിയന്ത്രണത്തിലുള്ള തന്മാത്രാ വായ്പാ സംഘങ്ങളും. (പ്രസ്ഥാനങ്ങളെ അഭി സംബോധന ചെയ്യുമ്പോള്‍ 'സര്‍വ്വശ്രീ' എന്ന് ഉപയോഗിക്കണം - പഴയ മലയാളം സാര്‍ പഠിപ്പിച്ചതാണ്. നടേശ പ്രഭൃതികള്‍ സ്വയം ഒരു പ്രസ്ഥാനമാനല്ലോ!) നമ്മുടെ ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ചു ഇക്കാരണഭൂതന്മാരെ ഏല്പിച്ചാല്‍ പിന്നെ സ്വാഹ!
മറ്റൊരു കാര്യം, നമ്മള്‍ എത്രയൊക്കെ പിന്‍വലിച്ചാലും, പിന്‍ മാത്രേകാണൂ. വലിച്ചാല്‍ പണം വരുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എലിയും പാമ്പും കൂടും കുടുംബവുമായി കഴിയുന്ന നമ്മുടെ ബാങ്കുകളില്‍ ആരെങ്കിലും നിക്ഷേപിക്കുമോ? അവര്‍ വല്ല സ്വിസ്സ് ബാങ്കിലും കൊണ്ടുപോയോ പോകാതെയോ ഇടും. സാധാരണക്കാരുടെ നിക്ഷേപം, അഴിമതിയിലും, പെണ്ണിലും, മണ്ണിലും, മരുന്നിലും, മഞ്ഞലോഹത്ത്തിലും അതുവഴി മുത്തൂറ്റ്, മണപ്പുറം, കിംസ് മുതല്പ്പേരിലും ഒക്കെയല്ലേ? ഇനി അഥവാ ഈ രണ്ടു കൂട്ടത്തിലും ഇല്ലെങ്കില്‍ പിന്നെ നമ്മുടെ പാവം പയ്യന്‍സ് ശബരീനാഥിനെ പോലുള്ളവര്‍ ശ്രമിക്കണം കയ്യിലെ കായി അനങ്ങുവാന്‍.
അതുകൊണ്ട് നമ്മുടെ പാവം ഗാന്ധിജി (ഒറിജിനല്‍) രൂപപ്പെടുത്തിയതും ഇപ്പോള്‍ അമേരിക്കന്‍ പൈലുകള്‍ അനുവര്‍ത്തിച്ചു വരുന്നതുമായ പരിപാടികളോ, അല്ലെങ്കില്‍ അതുപോലെ നൂതനമായ മറ്റു പരിപാടികളോ നിര്‍ദ്ദേശിക്കുവാന്‍ എനിക്ക് ധൈര്യം വരുന്നില്ല.
അമേരിക്കന്‍ പൈലുകളെ കുറിച്ച്തുടങ്ങിയത് കൊണ്ട് നിര്‍ത്തുന്നതും അമേരിക്കക്കാരുടെ കാര്യം പറഞ്ഞുകൊണ്ട് തന്നെയാകാം. പടിഞ്ഞാറ് നിന്നും കിഴക്കോട്ടും പിന്നെയും പടിഞ്ഞാരുമായിട്ടുള്ള ജീവിതത്തിനു ഇടയില്‍ എപ്പോഴോ ബരാക്ക് ഒബാമക്ക് ഇന്ത്യയുടെ കാറ്റ് അടിച്ചിട്ടുണ്ടാകും. അതാണ് ആദ്ദേഹം ഇപ്പോള്‍ അനങ്ങാപ്പാറ നയം പിന്തുടരുന്നത്. മറ്റൊരു കാര്യം ഒരു അമേരിക്കകാരനെ അമേരിക്കക്കാരന്റെ മനസ്സ് അറിയാന്‍ പറ്റൂ. ഇപ്പോള്‍ അവിടെ നടന്നു വരുന്ന സമരത്തിന് എടുത്തു കാണിക്കാന്‍ ഒരു നേതാവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍, ഇതിനകം അമേരിക്ക അയാളെ കശാപ്പ് ചെയ്തേനെ. എന്നാല്‍ നാഥനില്ലാതെ ഇതുപോലെ ഒരു ഇന്ത്യന്‍ (ഒറിജിനല്‍) ശൈലി പ്രതിഷേധം അമേരിക്കയില്‍ നടക്കുമെന്ന് ധരിക്കരുത്. ഇതിനെല്ലാം പിന്നില്‍, നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നും അവിടെ കുടിയേറി, അവിടുത്തെ പൌരത്വം ലഭിച്ചിട്ടുള്ള ഏതോ ഭീകര കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായിരിക്കും. പണ്ട് മുതലേ അവര്‍ക്ക് ഒളിവിലെ ഓര്‍മ്മകളില്‍ ആണ് താല്പര്യം.
ഇങ്ങനെ സംശയിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടെ ഒരു സഖാവും അമേരിക്കയില്‍ സോഷ്യലിസം വരാന്‍ പോകുന്നു എന്ന് ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. അമേരിക്കയിലെ ഇപ്പോഴത്തെ പ്രതിക്ഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഖാവിന് ദോഷം വരാതിരിക്കാന്‍ ആയിരിക്കും ഇവിടുത്തെ സഖാക്കള്‍ പിള്ളമാരുടെയും കുട്ടിമാരുടെയും ഒക്കെ ബാല ചാപല്യങ്ങള്‍ക്ക് വിവാദ പരിവേഷങ്ങള്‍ നല്‍കി പുകമറ സൃഷ്ടിക്കുന്നതും, പെട്രോള്‍ വില വര്‍ധന ഉള്‍പ്പെടയുള്ള പൊള്ളുന്ന പ്രശ്നങ്ങളില്‍ പഴയ പോരാട്ട വീര്യം പുറത്തെടുക്കാത്തതും. വിലവര്ധനവിനെ കുറിച്ച് പറഞ്ഞാല്‍, സാമ്പത്തിക മാന്ദ്യം പറയേണ്ടി വരും, അപ്പോള്‍ പിന്നെ അമേരിക്കയെ കുറിച്ച് പറയേണ്ടി വരും. അമേരിക്കയില്‍ സോഷ്യലിസം പൂത്തുലയാന്‍ (പ്ഫൂ തുലയാന്‍) അധികം താമസമില്ല എന്നും, തങ്ങളുടെ സഖാക്കള്‍ അതിനായി അവിടെ പരിശ്രമിക്കുന്നുണ്ട് എന്നും ആവേശ തള്ളിച്ചയില്‍ പറഞ്ഞുപോയാല്‍ തീര്‍ന്നില്ലേ പണി. പണ്ടത്തെ പോലെയല്ല, ചാനല്‍ കണ്ണുകള്‍ തുറന്ന കാതുകളോടെ എവിടെയും ഒളിഞ്ഞിരിക്കുന്നു.
ശുംഭ ശുഭം
--
ഗുരുദാസ് സുധാകരന്‍ Gurudas SudhakaranMob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam
No comments:
Post a Comment