Thursday, 10 November 2011

[www.keralites.net] മനുഷ്യമൃഗങ്ങളുടെ വേട്ടമൃഗം

 

പിന്നെയും സന്തോഷ് പണ്ഡിറ്റ് ! ആ മനുഷ്യനെപ്പറ്റി എഴുതുന്നതിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്തിനാല്‍ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെപ്പറ്റി, കലാകാരനെപ്പറ്റി, മലയാളത്തിലെ ഏറ്റവും ചിലവു കുറഞ്ഞ സിനിമയെപ്പറ്റി ചില അടിസ്ഥാനവിവരങ്ങള്‍ പങ്കുവയ്ക്കുന്നു. പണ്ഡിറ്റിന്റെ ചോരകുടിച്ച് വിശപ്പടക്കാനിറങ്ങിയിരിക്കുന്ന മനുഷ്യമൃഗങ്ങള്‍ക്കും വായിക്കാം. പണ്ഡിറ്റിനെപ്പറ്റി അടിക്കടി പോസ്റ്റുകളിടുന്നതില്‍ പ്രതിഷേധമോ ധാര്‍മികരോഷമോ ഉള്ളവര്‍ക്ക് വായന ഇവിടെ വച്ചവസനിപ്പിക്കാം. മുഴുവന്‍ വായിച്ചിട്ട് സഹിക്കുന്നില്ല, ക്ഷമിക്കാന്‍ കഴിയില്ല തുടങ്ങിയ കമന്റുകള്‍ എഴുതി പെങ്കൊച്ചിന്റെ അടുത്തേക്ക് വിട്ടേക്കരുത്. കടുത്ത പണ്ഡിറ്റ് ഫാനായ അവള്‍ അതെല്ലാം വെട്ടി ദൂരെക്കളയും. അവള്‍ക്ക് മൂക്കിന്റെ തുമ്പത്താണ് ദേഷ്യം.

സന്തോഷ് പണ്ഡിറ്റ്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയില്‍ ജനിച്ചു (വയസ്സ് ചോദിക്കരുത്). അച്ഛന്‍ ഇറിഗേഷന്‍ വകുപ്പിന്‍ കുറ്റിയാടി പ്രോജക്ടില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന അപ്പുണ്ണി പണ്ഡിറ്റ്. അമ്മ സരോജിനി അമ്മ (ഇരുവരും മരിച്ചുപോയി). മൂത്ത സഹോദരിയുണ്ട് (വിവാഹിതയാണ്). വിദ്യാഭ്യാസ കാലത്ത് തന്നെ അച്ഛനോടൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള സന്തോഷ് പണ്ഡിറ്റ് വിവിധ ഭാഷകളും പഠിച്ചു. സ്‌കൂളില്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് ഡിഗ്രി എടുത്ത സന്തോഷ് പണ്ഡിറ്റ് തന്റെ ക്രെഡിറ്റിലുള്ള എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള വിവിധ ഡിപ്ലോമകള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നെടുത്തിട്ടുള്ളതാണ്.

കോഴിക്കോട് ടൗണിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വീട്. ആറു വര്‍ഷം മുമ്പ് വിവാഹിതനായ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ കോഴിക്കോട്ടെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഗാന്ധിയനായ സന്തോഷ് തന്നെയാണ് കക്കൂസ് കഴുകുന്നതുള്‍പ്പെടെയുള്ള വീട്ടുജോലികള്‍ എല്ലാം ചെയ്യുന്നത്. വിവാഹമോചനം നേടിയ ഭാര്യയോടൊപ്പമാണ് മകന്‍. എന്നാല്‍ കൃഷ്ണനും രാധയും എന്ന സിനിമയിലെ 'അംഗനവാടിയിലെ ടീച്ചറെ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷിന്റെ മകനാണ്. ആ ഗാനരംഗത്തില്‍ സന്തോഷിനോടൊപ്പം മകന്‍ നൃത്തം ചെയ്യുന്നുമുണ്ട്. സന്തോഷ് ഇപ്പോള്‍ മറ്റൊരു വിവാഹത്തെക്കുറിച്ചുള്ള ആലോചനയിലാണ്.

ഇറിഗേഷന്‍ വകുപ്പില്‍ ഓവര്‍സിയറായ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലീവെടുത്തിരിക്കുകയാണ്. സിനിമയില്‍ രാശി തെളിഞ്ഞാല്‍ വിആര്‍എസ് എടുക്കാനും ആലോചനയുണ്ട്. ക്രിക്കറ്റാണ് സന്തോഷിന്റെ ഇഷ്ടകായികവിനോദം. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് പ്രിയതാരം. ഇഷ്ടനടന്‍: മോഹന്‍ലാല്‍, നടി: കരീന കപൂര്‍. പ്രിയദര്‍ശന്റെ 'ചിത്രം' ആണ് ഇഷ്ട സിനിമ.

വീടും പറമ്പും വിറ്റ പണം കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് സിനിമയെടുക്കാനിറങ്ങിത്തിരിച്ചത്. കോഴിക്കോട്ട് ബ്രെയിന്‍സ് എഡിറ്റിങ് സ്റ്റുഡിയോ നടത്തുന്ന ജയപ്രകാശിനെ കണ്ട് ചെലവു കുറച്ച് സിനിമയെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ചാപ്പാ കുരിശില്‍ ഉപയോഗിച്ച കാനന്‍ 7ഡി ക്യാമറയെക്കുറിച്ച് ജയപ്രകാശാണ് സന്തോഷിനോടു പറയുന്നത് ചുരുങ്ങിയ നാള്‍ കൊണ്ട് 70,000 രൂപയ്ക്ക് സ്റ്റില്‍ വിത്ത് എച്ച്ഡി വിഡിയോ ഓപ്ഷനുള്ള കാനന്‍ സെവന്‍ ഡി ക്യാമറയും പതിനായിരം രൂപയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് സിഗ്മ ലെന്‍സും സംഘടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് വീണ്ടും ജയപ്രകാശിന്റെ അടുത്തെത്തി. നാല് ലൈറ്റുകള്‍ മാത്രമുപയോഗിച്ച് അവര്‍ സ്റ്റാന്‍ഡ് ഇല്ലാതെ ക്യാമറ തോളില്‍ വച്ച് ഷൂട്ടിങ് തുടങ്ങി.

വീട്ടിലെ കംപ്യൂട്ടറില്‍ തനിയെ ചെയ്തു പഠിച്ച എഡിറ്റിങ്ങും മിക്‌സിങ്ങും തുടങ്ങി എല്ലാ ജോലികളും സ്വയം ചെയ്ത് സിനിമ സെന്‍സര്‍ ബോര്‍ഡിനു മുന്നിലെത്തിച്ചു. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളൊക്കെയും കണ്ട് സെന്‍സര്‍ ചെയ്യുന്ന ബോര്‍ഡ് അംഗങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ ഒരു തകരാറും കണ്ടില്ല. ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കൊടുത്തു. സിനിമ തിയറ്ററുകളിലെത്തി. വിജയം കണ്ടു തുടങ്ങിയതോടെ ഗോകുലം ഗോപാലന്റെ വിതര കമ്പനി സിനിമയുടെ വിതരണം ഏറ്റെടുത്തു. സൂപ്പര്‍ ഹിറ്റില്‍ നിന്നു മെഗാഹിറ്റിലേക്കുള്ള യാത്രയിലാണ് കൃഷ്ണനും രാധയും എന്ന ട്രെന്‍ഡ് സെറ്റര്‍ പരീക്ഷണചിത്രം.

തന്നെ വച്ചു തമാശയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തമാശയ്ക്കുള്ള വക നല്‍ക നല്‍കണമെന്നു നിര്‍ബന്ധമുള്ള, തന്നെ വെല്ലുവിളിക്കുന്നവര്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നു വാശിയുള്ള, ജനം കൂക്കിവിളിക്കുന്ന കൃഷ്ണനും രാധയും താന്‍ പഠിക്കാനെടുത്തതാണെന്നു പറയുന്ന സന്തോഷ് പണ്ഡിറ്റ് കേരളത്തെ ഇളക്കിമറിക്കുന്ന തെറിവിളി തന്റെ മാര്‍ക്കറ്റിങ്ങിന്റെ വിജയമാണെന്നു പറയുന്നു. ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന രണ്ടാമത്തെ സിനിമ ഇതിനെക്കാള്‍ മികച്ചതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നുമുണ്ട്.

സന്തോഷ് പണ്ഡിറ്റ് മനോരോഗിയാണെന്നു വിശ്വസിക്കുന്നവരോട് ഒരേയൊരു ഡയലോഗ്- മനോരോഗിയായ സന്തോഷ് പണ്ഡിറ്റിന് ഇത്രയൊക്കെ സാധിക്കുമെങ്കില്‍ അമ്പരപ്പിക്കും വിധം നോര്‍മലായ നിങ്ങള്‍ക്ക് എന്തൊക്കെ സാധ്യമാക്കാം.അതുകൊണ്ട് സ്വന്തം കഴിവിലും അധ്വാനത്തിലും വിശ്വസിച്ച് ജീവിതത്തില്‍ മുന്നേറുക.സ്വയം മറന്നുപോകാതിരിക്കാന്‍ സന്തോഷിന്റെ ഡയലോഗ് ഭിത്തിയില്‍ എഴുതിയൊട്ടിച്ചു വയ്‍ക്കുക- 'നീ വലിയവനാകാം എന്നു കരുതി ഞാന്‍ ചെറിയവനാകണം എന്നര്‍ഥമില്ല'.ശുഭരാത്രി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment