പ്രിയ സന്തോഷ് പണ്ഡിറ്റ്,
താങ്കള്‍ക്കു സുഖമാണെന്നു കരുതുന്നു. സന്തോഷത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ, സ്വയം അറിയുന്നവനു എപ്പോഴും സന്തോഷമുണ്ടാകും എന്നാണല്ലോ ആപ്തവാക്യം.
നാട്ടിലെ സാധാരണക്കാര്‍ ആദ്യം താങ്കളെ അവഹേളിച്ചു എങ്കിലും, ഇന്ന് കേരളത്തില്‍, വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് താങ്കള്‍ക്കു ആണെന്ന് ആര്‍ക്കും സംശയമില്ല. പൊതുജനം, പ്രത്യേകിച്ച് കേരളത്തിലെ പ്രബുദ്ധരായ പൊതുജനം മുതുനെല്ലിക്ക പോലെയാണ്. ആദ്യം കയ്ക്കും, പിന്നെ ഇനിക്കും.
താങ്കളുടെ ഈ സ്വീകാര്യതക്ക് കാരണം പ്രധാനമായും താങ്കളുടെ ധൈര്യവും സ്ഥൈര്യവും ആണെന്നെതില്‍ രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇല്ലാത്തതും വേണ്ടതും താങ്കളെ പോലുള്ള ധീരന്മാരെയാണ്. വ്യക്തമായ ലക്ഷ്യബോധവും അതിനായുള്ള ആത്മസമര്‍പ്പണവും കഠിനാധ്വാനവും പ്രവര്‍ത്തിയിലൂടെ അങ്ങ് കേരളത്തിന് കാണിച്ചു കൊടുത്തിരിക്കുന്നു. താങ്കളുടെ ഈ കഴിവുകള്‍, ദയവു ചെയ്തു സിനിമയില്‍ മാത്രം ഒതുക്കി നിര്‍ത്തരുത് എന്നാണു എന്റെ വിനീതമായ അഭ്യര്‍ത്ഥന. താങ്കളുടെ സമയത്തിന്റെ ഒരു ചെറു ഭാഗമെന്കിലും, സാധാരണക്കാരനു വേണ്ടി താങ്കള്‍ മാറ്റിവയ്ക്കണം. ഒരു പൊതുപ്രവര്‍ത്തകന്‍ ആകണം. ജനങ്ങള്‍ക്കിടയില്‍ നിന്നും അവരില്‍ ഒരാളായ ഒരു നേതാവായി അങ്ങ് മാറണം.
വരുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍, താങ്കള്‍ മത്സരിച്ചു വിജയിക്കണം. ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ ശക്തികള്‍ താങ്കള്‍ക്കു എതിരെ പടവാള്‍ എടുക്കുമെന്കിലും, താങ്കളുടെ സ്ഥിരോത്സാഹം, സാമാന്യ ജനത്തിനു താങ്കളില്‍ ഉള്ള വിശ്വാസവും പ്രതീക്ഷയും ഇവ മാത്രം മതി ഈ ഉപ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്കു വിജയിക്കാന്‍.
നിര്‍ഭാഗ്യവശാല്‍ ഫലം മറിച്ചാണ് എങ്കില്‍ പോലും, നമ്മുടെ ജനത്തിന് ഇപ്പോഴത്തെ രാഷ്ട്രീയ കള്ളക്കളികള്‍ വ്യക്തമായി മനസ്സിലാക്കാന്‍ താങ്കള്‍ മത്സരിക്കുന്ന പക്ഷം സാധിക്കും. അതുപോലും, ജനത്തിന് ഒരു പുതിയ ഉള്‍ക്കാഴ്ച ഉണ്ടാക്കുവാന്‍ സഹായിക്കും.
കത്ത് ചുരുക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. ശാരീരികവും സാമ്പത്തികവുമായ ചില അസ്വസ്ഥതകള്‍ കാരണം, താങ്കളുടെ സൂപ്പര്‍ ഹിറ്റ് സിനിമ ഇതുവരെ കാണുവാന്‍ സാധിച്ചിട്ടില്ല. ക്ഷമിക്കണം.
വിജയാശംസകളോടെ,
താങ്കളുടെ ധൈര്യതിലും സ്ഥൈര്യത്തിലും ബഹുമാനമുള്ള,
ഒരു സാധാരണക്കാരന്‍.
No comments:
Post a Comment