Friday, 11 November 2011

[www.keralites.net] എങ്ങോട്ടാണീ സഞ്ചാരം?

 

എന്റെ പതിനൊന്നു വര്‍ഷമാണ് ട്യൂട്ടോറിയല്‍ കോളേജില്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ ഭാര്യയും കുഞ്ഞുമൊക്കെ ആയപ്പോഴാണ് ജീവിക്കാന്‍ മാര്‍ഗമില്ലെന്ന് തിരിച്ചറിഞ്ഞത്...

നഗരത്തിരക്കില്‍ അപ്രതീക്ഷിതമായി കണ്ട പഴയ സുഹൃത്ത് പറഞ്ഞത് ജീവിതപ്രാരബ്ധങ്ങളെക്കുറിച്ചാണ്. ഇപ്പോള്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറാണ്. മാസം എണ്ണായിരം രൂപയെങ്കിലും കിട്ടണം. അല്ലാതെ നിന്നുപിഴയ്ക്കാന്‍ പറ്റില്ല.

എം.എ. ഇക്കണോമിക്‌സാണ്. പാസായ ഉടന്‍ നാട്ടിലെ ട്യൂട്ടോറിയല്‍ കോളേജില്‍ ജോലിക്കു കയറി. വട്ടച്ചെലവിനുള്ള കാശ് കിട്ടും. സമപ്രായക്കാരായ സഹാധ്യാപകരുമായി ജോളിയായി പോയി. സിനിമ, തമാശകള്‍, അല്പം സ്മാളടി, പ്രണയം...

വര്‍ഷങ്ങള്‍ പോയത് പെട്ടെന്നാണ്. കൂട്ടുകാര്‍ പല മേഖലകളിലും ജീവിതം കണ്ടെത്തി. ചങ്ങാതിയാവട്ടെ കുട്ടികള്‍ക്കിടയില്‍ ഒരു 'ഹീറോ' ആയി കഴിഞ്ഞു. പഠിക്കാന്‍ വന്ന ഒരു കുട്ടിയെ തന്നെ പ്രണയിച്ച് കല്യാണം കഴിച്ചു. അവളുടെ വീട്ടിലെ എതിര്‍പ്പുകള്‍ മറികടക്കാന്‍ തുണയായത് ട്യൂട്ടോറിയലിലെ സഹപ്രവര്‍ത്തകരും ശിഷ്യരും നല്‍കിയ പിന്തുണയാണ്. അതോടെ ട്യൂട്ടോറിയലുമായി ആത്മബന്ധം വര്‍ധിച്ചു.

ഇപ്പോള്‍ കഴിഞ്ഞുകൂടാന്‍ വകയില്ലാത്ത സ്ഥിതി വന്നപ്പോഴാണ് തന്റെ ജീവിതത്തിലെ നിര്‍ണായകമായ 11 വര്‍ഷങ്ങള്‍ പാഴായിപ്പോയത് അയാളറിഞ്ഞത്. മാസം കിട്ടുന്ന നാലായിരത്തഞ്ഞൂറ് രൂപകൊണ്ട് എങ്ങനെ കഴിയും? കൊള്ളാവുന്ന കുടുംബത്തില്‍ പിറന്ന ഭാര്യ ഒരു കമ്പനിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി പോകുന്നുണ്ട്. അവര്‍ക്കുപോലും തന്നേക്കാള്‍ മെച്ചപ്പെട്ട ശമ്പളമുണ്ടെന്ന് അയാള്‍ സങ്കടത്തോടെ പറഞ്ഞു.

ജീവിതത്തിന്റെ ഇടത്താവളങ്ങളില്‍ കുടുങ്ങിപ്പോകുന്നവരുടെ ദുരവസ്ഥ മുമ്പൊരിക്കല്‍ എഴുതിയതാണ്. ദൂരയാത്രയ്ക്ക് ഇറങ്ങിത്തിരിച്ചശേഷം വെയിറ്റിങ് ഷെഡ്ഡില്‍ കഴിയുന്നതിനു തുല്യമാണത്. ബസ്സുകള്‍ വന്നുപോകും. പക്ഷെ, വെയിറ്റിങ് ഷെഡ്ഡിന്റെ താല്‍ക്കാലിക സൗകര്യങ്ങളില്‍ അഭിരമിച്ച് അവിടെ കൂടാമെന്നു തീരുമാനിച്ചാല്‍ അത് അബദ്ധമാവില്ലേ... ഒപ്പമുണ്ടായിരുന്നവര്‍ ഓരോ വഴിക്കു പോയിക്കഴിഞ്ഞപ്പോഴാണ് നമ്മുടെ സുഹൃത്തിന് താന്‍ സ്വയം തീര്‍ത്ത കെണിയില്‍പ്പെട്ടത് തിരിച്ചറിയാനായത്. അപ്പോഴേക്കും ലോകംതന്നെ ഏറെ മാറിയിരുന്നു.

11 വര്‍ഷമായി പഠിപ്പിക്കുന്ന ഇക്കണോമിക്‌സ് പാഠങ്ങളല്ലാതെ വേറൊന്നും അറിയില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ല. പുതിയ ലോകത്തിന് അയാള്‍ അണ്‍ഫിറ്റാണെന്ന സത്യം വേദനയോടെയാണെങ്കിലും ഞാനയാളെ ധരിപ്പിച്ചു. ഹോട്ടലില്‍ പൊറോട്ട അടിക്കുന്നവന് പതിനായിരം രൂപ കിട്ടും. അതിനും പരിചയം വേണം.

ജീവിതയാത്രയില്‍ നിശ്ചലമായിപ്പോയ 11 വര്‍ഷങ്ങളെ ഓര്‍ത്ത് അയാള്‍ സങ്കടപ്പെട്ടു. എവിടെയാണ് പാളിച്ചപറ്റിയത്?
ഞാന്‍ എങ്ങോട്ടാണ് പോകുന്നത്? ഈ ചോദ്യം സ്വയം ചോദിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. ഇപ്പോഴത്തെ നിലയില്‍ നാലു വര്‍ഷം കഴിഞ്ഞാല്‍ ഞാനെന്തായിരിക്കും? യാതൊരു മാറ്റവും നിങ്ങള്‍ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഡേഞ്ചര്‍ സോണിലാണ്. ഇനി വേണ്ടത് നാലു വര്‍ഷംകൊണ്ട് നിങ്ങള്‍ ഒരു മാറ്റം ലക്ഷ്യം വെയ്ക്കുക എന്നതാണ്. ജോലിയില്‍ ഉന്നതിയാകാം. ഒരു പുതിയ കാര്യം പഠിക്കുന്നതാകാം. എന്തായാലും ഒരു ലക്ഷ്യം ഉണ്ടായേ തീരു. ഒപ്പം അതിനുവേണ്ട പരിശ്രമങ്ങളും തുടങ്ങണം.

ലക്ഷ്യം ഇപ്പോഴുണ്ട്, പരിശ്രമം പിന്നീടാകാം എന്നു കരുതുന്ന മടിയന്മാര്‍ മലചുമക്കുകതന്നെ ചെയ്യും.

കോയമ്പത്തൂരില്‍ എന്‍ജിനീയറിങ് പഠിക്കുന്ന അമല്‍ എനിക്കയച്ച ഇ-മെയിലിന്റെ സബ്ജക്ട്, 'ഞാന്‍ എങ്ങോട്ടു പോകുന്നു' എന്നായിരുന്നു. അവസാന സെമ്മിനു പഠിക്കുകയാണ്.
പല പേപ്പറും കിട്ടാനുണ്ട്. കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിച്ചു നടന്നപ്പോള്‍ എങ്ങനെയും പാസാകാം, പഠിക്കാന്‍ സമയമുണ്ടല്ലോ എന്ന വിശ്വാസമായിരുന്നു. ഉല്ലാസത്തിനും ആഘോഷങ്ങള്‍ക്കും സമയം കണ്ടെത്തിയപ്പോള്‍ മാറ്റിവെച്ചത് പഠനമായിരുന്നു. ഇപ്പോള്‍ 'ഒന്നും എന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്നില്ല' എന്നു തോന്നുന്നു. പഠിച്ചാല്‍ തീരാത്തത്ര കാര്യങ്ങള്‍ മുന്നിലുണ്ട്. അതുതന്നെ പഠിക്കാന്‍ ഒരു ഉന്മേഷമില്ല. തോറ്റുപോയാല്‍ വീട്ടില്‍ ഭൂകമ്പമാകും... എന്തു ചെയ്യണം?

ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് വഴിതെറ്റിപ്പോകുന്നവരും അറിയാതെ വഴിതെറ്റി പോകുന്നവരുമുണ്ട്. അമല്‍ അറിഞ്ഞുകൊണ്ട് വഴി തെറ്റിപ്പോയതാണ്. കറങ്ങിത്തിരിഞ്ഞ് ശരിയായ വഴിയിലെത്താം എന്നു കരുതി. ഒടുക്കം ലക്ഷ്യത്തില്‍നിന്നും വളരെ അകലെയായി.

ആദ്യം പറഞ്ഞ ചങ്ങാതിയാവട്ടെ അറിയാതെ വഴിതെറ്റിയതാണ്. ഇതാണ് തന്റെ വഴി എന്ന് പാവം ധരിച്ചു.
ജീവിതത്തെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയും കാഴ്ചപ്പാടും ഉണ്ടായേ തീരൂ. ഇങ്ങനെയൊക്കെയങ്ങു പോയാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ അങ്ങനെയൊക്കെ അങ്ങ് പോകും. ജീവിതം ജീവിച്ചുതീര്‍ക്കും, പക്ഷെ, അതിന്റെ അനേകമനേകം സാധ്യതകള്‍ ഇല്ലാതാക്കിക്കൊണ്ടാവും അത്.

വ്യക്തമായി ചിന്തിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുന്നേറുന്നവര്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തും. നിങ്ങള്‍ അതിയായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ വേണ്ടത് നല്‍കുന്ന അത്ഭുതകരമായ ഔദാര്യം ജീവിതത്തിനുണ്ട്.

എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്? ഇങ്ങനെ പോയാല്‍ എവിടെ എത്തും? ഈ ചോദ്യങ്ങള്‍ വായനക്കാര്‍ക്ക് വിട്ടുതരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ സൂക്ഷിക്കുക. ചിലപ്പോള്‍ നിങ്ങള്‍ ലക്ഷ്യത്തിലല്ല, ഇടത്താവളത്തിലായിരിക്കും. ഇടത്താവളം ചില താല്‍ക്കാലിക സുഖങ്ങള്‍ വെച്ചുനീട്ടും. അതില്‍ സംതൃപ്തരാകരുത്. ഇടത്താവളത്തിന്റെ സുരക്ഷിത്വം യാഥാര്‍ത്ഥ്യത്തിലുള്ളതല്ല. അത് നമ്മള്‍ സങ്കല്പിക്കുന്നതാണ്. ഇനിയും മൈലുകള്‍ താണ്ടാനുണ്ടെന്ന ബോധം മനസ്സിലുണ്ടാകണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment