ബാലരാമന്‍
ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞു.
''മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് വാള്‍സ്ട്രീറ്റില്‍ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് കൂടുതല്‍ ഉറപ്പാവുകയാണ്'', പ്രബന്ധമെഴുതിയ 'ന്യൂയോര്‍ക്കറി'ന്റെ ധനകാര്യ ലേഖകന്‍ ജോണ്‍ കാസ്സിഡിയോട് ഇത് പറഞ്ഞത് 1980- കളില്‍ ഓക്‌സ്‌ഫോഡില്‍ ഒപ്പം പഠിച്ച സുഹൃത്താണ്, വാള്‍സ്ട്രീറ്റിലെ കേമപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുദ്യോഗസ്ഥന്‍.
സുഹൃത്ത് തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചപ്പോള്‍ ബാങ്കര്‍ ഒന്നുകൂടി പറഞ്ഞു, ''മാര്‍ക്‌സിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഇക്കണോമിസ്റ്റിനാണ് നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത്. കാരണം മാര്‍ക്‌സിനെപ്പോലെ ഭംഗിയായി മുതലാളിത്തം പഠിച്ച മറ്റാരുമില്ല.''
അന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!
''മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.''
വായനയ്ക്കു ശേഷം ലേഖകന്‍ വടക്കന്‍ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ ശവകുടീരവും സന്ദര്‍ശിച്ചു. ശവകുടീരത്തിനടുത്ത് മൂന്ന് സന്ദര്‍ശകര്‍ മാത്രമേയുള്ളൂ - താടിക്കാരായ രണ്ട് തുര്‍ക്കി യുവാക്കളും കൊറിയയില്‍ നിന്നൊരു യുവതിയും ലണ്ടനില്‍ പഠിക്കുന്നു. സോഷ്യലിസ്റ്റുകളുമാണ്. ''ആരെങ്കിലും മാര്‍ക്‌സിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?'' കാസ്സിഡി അന്വേഷിച്ചു.
''ക്യാപിറ്റല്‍ വായിക്കാന്‍ ശ്രമിച്ചതാണ്, പക്ഷേ, ഭയങ്കര വലിപ്പം'' ഒരു താടി പറഞ്ഞു. ''ഞാന്‍ നോക്കി, എനിക്കൊന്നും മനസ്സിലായില്ല'' അപരനും പറഞ്ഞു.
******
ആ ലേഖനം വന്നത് 1997- ലാണ്. ആ വര്‍ഷം തന്നെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പശ്ചിമേഷ്യ ലേഖകനായിരുന്ന ജെയിംസ് ബുച്ചന്റെ 'ഫ്രോസണ്‍ ഡിസൈര്‍: ദ മീനിങ്ങ് ഓഫ് മണി'യും പുറത്തിറങ്ങിയത്. ആദിമ ഗ്രീക്കുകാരുടെ കാലം മുതല്‍ പണം എന്ന സങ്കല്പത്തിനുണ്ടായ പരിണാമം വിവരിക്കുന്ന ബുച്ചന്‍ 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോക വ്യവഹാരങ്ങളില്‍ അത് നേടിയെടുത്ത സ്ഥാനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ, ഇന്ന് മനുഷ്യന് മറ്റെന്തിനേക്കാളും മോഹം ജനിപ്പിക്കുന്ന വസ്തുവായി പണം മാറി. പുസ്തകത്തില്‍ മാര്‍ക്‌സിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും അതിന്റെ രചനയ്ക്ക് പ്രേരകമായത് വൈകിവായിച്ച മാര്‍ക്‌സാണെന്ന് ബുച്ചന്‍ സമ്മതിക്കുന്നുണ്ട് (മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് പണത്തിന്റെ സ്വഭാവത്തെയും ധര്‍മത്തെയും പറ്റിയായിരുന്നു).
ഏതാനും ബുജികളുടെ വായനാലോകത്ത് ഒതുങ്ങി ഈയൊരു ലേഖനവും പുസ്തകവും. ഇതുകൊണ്ടൊന്നും ക്യാപിറ്റലിസത്തിന്റെ ഉരുക്കുകോട്ടകള്‍ കുലുങ്ങിയില്ല. അപ്പോഴാണ് ഏഷ്യന്‍ കടുവകള്‍ എന്ന് വിളിക്കുന്ന പൂര്‍വേഷ്യയിലെ നാല് രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയത്. തൊട്ടുപിന്നാലെ റഷ്യന്‍ കറന്‍സി പ്രതിസന്ധിയും. പതിറ്റാണ്ട് തികയും മുമ്പേ ക്യാപിറ്റലിസത്തിനു പ്രതിസന്ധിയോ എന്ന് സംശയിച്ച 'ഫിനാന്‍ഷ്യല്‍ ടൈംസ്' മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദാസ് ക്യാപിറ്റല്‍ റീവിസിറ്റഡ്' എന്നായിരുന്നു.
അടുത്തവര്‍ഷം, 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ സഹസ്രാബ്ദത്തിലെ ചിന്തകരില്‍ ഒന്നാമനെ കണ്ടെത്താന്‍ ബി.ബി.സി. ലോകവ്യാപകമായ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോള്‍ ഫലം ഇതിലും നാടകീയം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഒന്നാം സ്ഥാനത്തെത്തിയത് മാര്‍ക്‌സ്! ഐന്‍സ്റ്റീന്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂട്ടനും ഡാര്‍വിനും മൂന്നും നാലും സ്ഥാനങ്ങള്‍ മാത്രം.
ആ സമയത്തും മാര്‍ക്‌സ് ശത്രുതയോടെ കണ്ട പഠനവിഷയം -മുതലാളിത്തം-സമൃദ്ധിയുടെ പാരമ്യത്തിലായിരുന്നു. വികസിതലോകത്തിന്റെ വ്യവസായ ഉത്പന്നങ്ങള്‍ പിന്നാക്കരാജ്യക്കാരനും കൈയെത്തും ദൂരത്തായി. ഉദാരമായ വായ്പകളും എളുപ്പംകിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളെ തേടിവന്നു. ആഗോളീകരണഫലമായി ഏഷ്യനാഫ്രിക്കന്‍ ദരിദ്രര്‍ക്കും സമ്പന്നരാജ്യകമ്പനികളുടെ വന്‍ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചുതുടങ്ങി. സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ സൂചികയായ ഓഹരിവിപണികള്‍ നാളെയെന്നൊന്നില്ല എന്ന മട്ടില്‍ അര്‍മാദിക്കുകയായിരുന്നു. അപ്പോള്‍ നിസ്വനായി ജീവിച്ച് മരിച്ച പഴയ ജര്‍മന്‍ ജൂതന്റെ വരട്ടുതത്ത്വവാദം വായിക്കാന്‍ ആര്‍ക്കുണ്ട് നേരം.
കഥ മാറുകയായിരുന്നു. സോവിയറ്റ് ചരമത്തിന്റെ പതിറ്റാണ്ട് തികയുന്നതിന് രണ്ട് മാസം മുമ്പ് (2001- ല്‍) ഒസാമ ബിന്‍ലാദന്‍ ഭൗമരാഷ്ട്രീയത്തിന്റെ ഗതി എന്നെന്നേക്കുമായി മാറ്റിമറിച്ചു. അധികാരത്തിന്റെ ഏകധ്രുവലോകത്തില്‍ പെട്ടെന്നൊരു ശത്രുവിനെ കിട്ടിയ ആവേശത്തില്‍ അമേരിക്ക എല്ലാം മറന്നു. മുമ്പ് നാല് പതിറ്റാണ്ട് കാലം മുഖ്യശത്രുവായ സോവിയറ്റ് യൂണിയനെ ചെറുക്കാനും തകര്‍ക്കാനും വേണ്ടി ട്രില്യണ്‍ (ലക്ഷം കോടി) കണക്കിന് ഡോളര്‍ മുടക്കി വികസിപ്പിച്ചെടുത്ത ആയുധങ്ങളും യുദ്ധതന്ത്രങ്ങളും വീണുകിട്ടിയ പോലെ മുമ്പില്‍ വന്ന ശത്രുവിന്റെ മേല്‍ പ്രയോഗിച്ചു.
ആയുധനിര്‍മാണം അമേരിക്കയില്‍ വന്‍വ്യവസായമാണ്. പ്രയോഗിക്കാന്‍ യുദ്ധമില്ലാതെ, വിറ്റഴിക്കാന്‍ വിപണിയില്ലാത്ത കെട്ടിക്കിടന്ന ആയുധങ്ങള്‍ക്കും ആയുധ വാഹിനികള്‍ക്കുമൊക്കെ അതോടെ ആവശ്യം വന്നു. ആയുധവ്യവസായികളുടെ സുവര്‍ണകാലം. നിഷ്‌നപ്രയാസം ലോകത്തെ രണ്ട് വര്‍ഗമാക്കി (മുസ്‌ലിമും അമുസ്‌ലിമും) വേര്‍തിരിച്ചശേഷം ജോര്‍ജ് ബുഷ് ജൂനിയര്‍ വെറുക്കപ്പെട്ട യു.എസ്. പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് പടിയിറങ്ങി.
പിന്നെ നടന്നതെല്ലാം പെട്ടെന്നാണ്. ബലൂണ്‍ പോലെ വീര്‍ത്ത റിയല്‍ എസ്റ്റേറ്റ് വിപണി 2007 ഒടുവില്‍ കുമിള പോലെ പൊട്ടി. മോഹവിലയിട്ട കെട്ടിടങ്ങളും വീടുകളും വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍ വാശിപിടിച്ച് സബ് പ്രൈം (തിരിച്ചടവുശേഷി നോക്കാതെ നല്‍കുന്ന വായ്പ) ലോണുകള്‍ നല്‍കുകയായിരുന്നു. വായ്പ വാങ്ങിയവര്‍ അടവ് തെറ്റിക്കാന്‍ തുടങ്ങി. ആ വീടുകള്‍ കണ്ടുകെട്ടി വില്‍ക്കാന്‍ വെച്ചത് പാതിവിലയ്ക്കുപോലും വാങ്ങാന്‍ ആളില്ല. വായ്പകള്‍ ഇന്‍ഷുര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തി. ബാങ്കുകള്‍ പാപ്പരായി. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗതിയും തഥൈവ. ഊഹക്കച്ചവടത്തില്‍ കൊഴുത്ത യു.എസ്. ധനകാര്യ വിപണി തകര്‍ന്നപ്പോള്‍ അതിന്റെ ആന്ദോളനങ്ങള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി.
വിപണിയില്‍ വീടുകള്‍ക്ക് മാത്രമല്ല ചെലവില്ലാതായത്. കാറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും ഇത് തന്നെയായി സ്ഥിതി. 1930- കളിലെ മഹാമാന്ദ്യം പോലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണിതെന്ന് പലരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അര ഡസന്‍ ഇക്കണോമിസ്റ്റുകള്‍ ജീവനോടെയിരിക്കുന്ന യു.എസ്സില്‍ ഒരു ധനതത്ത്വശാസ്ത്രജ്ഞനുപോലും വരാന്‍ പോകുന്നത് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ വില കളഞ്ഞു.
ലാഭകരമായി ബിസിനസ്സ് നടത്താന്‍ സ്വകാര്യ മേഖലയ്‌ക്കേ കഴിയൂവെന്നും (ബിസിനസ്സ് നടത്തുകയല്ല ഗവണ്മെന്റിന്റെ ബിസിനസ്സ്) വിപണിക്ക് വേണ്ടതെല്ലാം വിപണി തന്നെ ചെയ്തുകൊള്ളും എന്നു വാദിച്ചിരുന്നവര്‍ പോലും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പറഞ്ഞുതുടങ്ങി. നികുതിദായകന്റെ പണമെടുത്ത് കമ്പനികളുടെ നഷ്ടം ദേശസാത്കരിക്കുക (ലാഭമുണ്ടെങ്കില്‍ അത് സ്വകാര്യ മേഖല, ഭയന്നാണ് അതിന്റെ നികുതി പോലും സര്‍ക്കാറുകള്‍ ഈടാക്കുന്നത്) എന്ന തത്ത്വമനുസരിച്ച് ശതകോടിക്കണക്കിന് ഡോളര്‍ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കുമായി യു.എസ്. ഗവണ്മന്റ് ചെലവഴിച്ചു.
വിപണി എന്നെന്നും മേല്‍പോട്ടു തന്നെയായിരിക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്ന കാലത്ത്, 2005- ല്‍ റിയല്‍ എസ്റ്റേറ്റ് കുമിള ഏറെ വൈകാതെ പൊട്ടിത്തെറിക്കുമെന്ന് ഒരു സാമ്പത്തിക വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നൂറിയെല്‍ റൂബിനി. അന്ന് അദ്ദഹം പറഞ്ഞതെല്ലാം സത്യമായപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒരു കളിപ്പേര് നല്‍കി - 'ഡോക്ടര്‍ ഡൂം' (വിനാശത്തിന്റെ പ്രവാചകന്‍). അദ്ദേഹമാണ് ഈ വര്‍ഷം കാള്‍ മാര്‍ക്‌സിനെ സാധാരണ അമേരിക്കക്കാരുടെ പദാവലിയിലേക്ക് കൊണ്ടുവന്നത്. ഡോ. റൂബിനി അടുത്ത കാലത്ത് വാള്‍സ്ട്രീറ്റ് ജര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ മടിയില്ലാതെ തുറന്നടിച്ചു: ''മാര്‍ക്‌സ് പറഞ്ഞതെല്ലാം സത്യമായിരുന്നു.''
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment