ഇ.എം.എസ്സും നായനാരും 'ഡിഫി'യും പ്രതിക്കൂട്ടിലാകും മുന്‍ മന്ത്രി എ.കെ.ബാലനെ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായി ആരോപണം വന്നിരിക്കുകയാണല്ലൊ. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ ബാലന്‍ പട്ടികജാതിക്കാരനായതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. എന്നാലും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. മാത്രമല്ല, ജോര്‍ജിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായി പ്രതികരിക്കുകയും ചെയ്തിരിക്കുന്നു. പല്ല് അടിച്ചുകൊഴിക്കുമെന്നുവരെ എസ്എഫ്‌ഐ നേതാക്കളും പറഞ്ഞിരിക്കുന്നു. ഇ.എം.എസ്സും ഇ.കെ.നായനാരും ജീവിച്ചിരിക്കാത്തതു ഭാഗ്യം തന്നെ! അല്ലെങ്കില്‍ രണ്ടു പേരുടേയും പല്ല് ഇവര്‍ പൊഴിക്കുമായിരുന്നു. ഗൗരിയമ്മയെ 'ഗൗരി ചോത്തി' എന്ന് വിളിച്ചത് ഇ.എം.എസ്സായിരുന്നു. അന്ന് എ.കെ.ബാലന്‍ പാര്‍ട്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടുണ്ടോ? ഇ.എം.എസ്സിന്റെ പല്ല് പൊഴിക്കുമെന്ന് യുവ നേതാക്കള്‍ പറഞ്ഞിട്ടുണ്ടോ? മുന്‍ മന്ത്രി കുട്ടപ്പനെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്കെതിരെ കേസുണ്ടായിരുന്നു. നായനാരുടെ പല്ലുകള്‍ സുരക്ഷിതമായിത്തന്ന മോണകളില്‍ ഉണ്ടായിരുന്നു. ഈ കേസിന് തെളിവില്ലെന്നായിരുന്നു കോടതിയുടെ നിഗമനം. ജാതിയുണ്ട്, പേരുണ്ട്, ആക്ഷേപമുണ്ട്, വിളിച്ചിട്ടുണ്ട്, പക്ഷെ 'തെളിവില്ല'. 'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്നാണല്ലൊ വെപ്പ്. വര്‍ഗസമര സിദ്ധാന്തത്തില്‍ കീഴാളവര്‍ഗത്തെ എന്തും വിളിക്കാന്‍ മേലാളര്‍ക്ക് അവകാശമുണ്ടെന്ന 'വൈരുദ്ധ്യാത്മക ഭൗതികവാദം' മുറുകെപ്പിടിക്കാതെ രക്ഷയില്ലല്ലൊ! പി.സി.ജോര്‍ജിന്റെ പല്ല് കൊഴിക്കും മുമ്പ് എസ്.എഫ്.ഐ നേതാക്കള്‍ക്ക് 'ഡിഫി' നേതാവായ എം.സ്വരാജിന്റെ പല്ലും പൊഴിക്കേണ്ടി വരും. സ്വരാജ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റെ സെക്രട്ടറിയായിരിക്കെ (കഴിഞ്ഞ ഇടതു ഭരണകാലത്ത്) പോത്തുകല്ലിലെ എസ്.ഐ സുകുമാരനെ ജാതി വിളിച്ച് ആക്ഷേപിച്ചതായി കേസുണ്ട്. സ്വരാജ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കുന്നു. എസ്.ഐ സുകുമാരന്‍ എന്തറിഞ്ഞു വിഭോ! പട്ടികജാതിക്കാരനായ രജിസ്‌ട്രേഷന്‍ ഐജിയുടെ ഓഫീസ്മുറിയും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച ജാതിക്കോമരങ്ങള്‍ തിരുവനന്തപുരത്ത് അഴിഞ്ഞാടിയതും നാം കണ്ടതാണല്ലൊ. പാലക്കാട്ടെ ശിവരാമനും കെ.എസ്.മനോജും അബ്ദുള്ളക്കുട്ടിയും മഞ്ഞളാംകുഴി അലിയും പുറത്തുപോയതിനു പിന്നില്‍ സിപിഎമ്മിന്റെ ജാതി-മത കളിയായിരുന്നില്ലേ!. പാര്‍ട്ടി തമ്പുരാക്കന്മാരുടെ ജന്മിമനോഭാവത്തെപ്പറ്റി എം.പി ആയിരുന്ന ശിവരാമന്‍ തുറന്നു പറഞ്ഞതും ഇവിടെ ശ്രദ്ധേയമാണ്. പാര്‍ട്ടിയിലെ ബ്രാഹ്മണാധിപത്യത്തേയും ജാതിമേധാവിത്വത്തേയും ചോദ്യം ചെയ്തതിന്റെ പേരിലാ യിരുന്നു പി.ഗംഗാധരനെ പുറത്താക്കിയത്. അതേസമയം, 'ഞാനൊരു ബ്രാഹ്മണനും ഹിന്ദുവുമാണ്, അതു കഴിഞ്ഞേ കമ്മ്യൂണിസ്റ്റാകുന്നുള്ളു' എന്നു പറഞ്ഞ പി.ബി.ബ്രാഹ്മണന്‍ സുഭാഷ് ചക്രവര്‍ത്തിയുടെ ഒരു രോമത്തില്‍ തൊടാന്‍ പോലും സിപിഎമ്മിന് കഴിഞ്ഞില്ല. സിപിഎം പാര്‍ട്ടി അംഗങ്ങളുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ തീരുമാനിച്ചതായി വാര്‍ത്ത വന്നിരുന്നല്ലൊ. സംസ്ഥാന കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് നല്‍കിയ ചോദ്യാവലിയിലാണ് അംഗങ്ങളുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശേഷക്രിയ : സ്വന്തം സമുദായനാമങ്ങള്‍ ആക്ഷേപവാക്കുകളാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം കൂടി പഠനവിഷയമാക്കാന്‍ പിന്നാക്ക, ദളിത് സമുദായങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. പുലയ ആക്ഷേപവാക്കും മേനോന്‍ ആദരവിന്റെ വാക്കുമാകുന്നത് എന്തുകൊണ്ട്? പുലയ ജനതയുടെ നാമവും മേനോന്‍ എന്നത് ഒരു പോസ്റ്റിന്റെ (തസ്തികയുടെ) പേരുമാണെന്നറിയുക
No comments:
Post a Comment