Sunday, 13 November 2011

[www.keralites.net] ഇത്രമാത്രം സ്വാധീനവലയത്തില്‍ എത്താന്‍ ഗോവിന്ദച്ചാമി ആരാണ്?

 

സൗമ്യവധം: പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ സംഭവിച്ചത്

 

റോഡുവക്കില്‍ ഒരു മനുഷ്യനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നു കരുതുക. കാഴ്ചയില്‍തന്നെ കൊലപാതകമാണെന്ന് ബോധ്യമായെന്നും കരുതുക. നമ്മള്‍ പൊലീസിനെ വിവരമറിയിക്കും. സംഭവം നടന്ന, അഥവാ മൃതദേഹം ലഭിച്ച സ്ഥലപരിധിയിലെ പൊലീസ് എത്തുകയും കേസ് എടുക്കുകയും ചെയ്യും. പിന്നെ, മരിച്ചയാള്‍ ആരാണെന്നും എപ്പോള്‍ മരിച്ചെന്നും എങ്ങനെ മരിച്ചെന്നും ആരാണ് കൊന്നതെന്നും കണ്ടുപിടിക്കല്‍ പൊലീസിന്‍െറ ജോലിയാണ്. സമൂഹം അഥവാ സര്‍ക്കാര്‍ പൊലീസിലൂടെ ഏല്‍പിക്കുന്ന കര്‍ത്തവ്യം ഈ വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ്. ഇതിനുവേണ്ടി സ്ഥലത്തെ രണ്ടോ അതിലധികമോ ബഹുമാന്യ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് അഥവാ പ്രേതവിചാരണ നടത്തും. മൃതദേഹം കിടന്ന സ്ഥലത്തുനിന്നും മൃതദേഹത്തില്‍നിന്നും നേരിട്ട് ലഭിക്കാവുന്ന തെളിവുകള്‍ ശേഖരിച്ച് രേഖപ്പെടുത്തിയശേഷം സൂക്ഷ്മമായ പരിശോധന നടത്തി വിദഗ്ധ ഉപദേശം തേടാന്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിക്കും. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തിക്കുന്ന എല്ലാ മൃതദേഹങ്ങളും പൊലീസ്സര്‍ജനെയാണ് ഏല്‍പിക്കുന്നത്. അതായത്, ആ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയായിരിക്കും പൊലീസ് സര്‍ജന്‍. ഈ ആവശ്യത്തിനായി  സി.ആര്‍.പി.സി 174 പ്രകാരം പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് അയക്കുന്ന ശരീരത്തിനൊപ്പം കൊടുക്കുന്ന കത്തിന്‍െറ അവസാനം ഇങ്ങനെയാണ് എഴുതുന്നത്: ''മുകളില്‍ കാണിച്ചിരിക്കുന്ന ആളിന്‍െറ ശരീരത്തിന്‍െറ പോസ്റ്റ്മോര്‍ട്ടപരിശോധന കേസന്വേഷണത്തിനുവേണ്ടി നടത്താനും പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്‍െറ അസ്സല്‍ ഇക്കാര്യത്തില്‍ അന്വേഷണാധികാരമുള്ള മജിസ്ട്രേറ്റിനും പകര്‍പ്പ് എനിക്കും അയച്ചുതരാന്‍ താല്‍പര്യപ്പെടുന്നു.''
പൊലീസ്സര്‍ജനെ അഡ്രസ് ചെയ്യു ന്ന ഈ കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടര്‍ ഒപ്പിട്ട് നല്‍കും. ഇങ്ങനെ സ്വീകരിക്കുന്ന മൃതദേഹം പൊലീസ്സര്‍ജന്‍ അഥവാ ഫോറന്‍സിക് മെഡിസിന്‍ പ്രഫസര്‍ നേരിട്ടോ അവരുടെ തൊട്ടുതാഴെയുള്ള ഡെപ്യൂട്ടി പൊലീസ്സര്‍ജന്മാര്‍ അഥവാ അസി. പ്രഫസര്‍മാരെയോ ഏല്‍പിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അത് നടത്തിയ ഡോക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് അതിന്‍െറ അവസാന ഭാഗത്ത് വകുപ്പ് മേധാവി ഒപ്പിട്ട് കോടതിക്കും പൊലീസിനും നല്‍കും. ഇതൊരു സാധാരണ സംഭവത്തിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കലാണ്. കസ്റ്റഡി മരണം, മനുഷ്യാവകാശ കമീഷന്‍ അന്വേഷിക്കുന്ന കേസുകള്‍, വിവാദമായേക്കാവുന്ന മെഡിക്കല്‍ നെഗ്ളിജെന്‍സ് എന്നിവ ഉണ്ടാകുമ്പോള്‍ കോടതിയുടെയോ അന്വേഷണ ഉദ്യോഗസ്ഥരുടെയോ ആവശ്യപ്രകാരം ഒന്നിലധികം ഡോക്ടര്‍മാര്‍ ചേര്‍ന്നുള്ള ടീം ഓട്ടോപ്സി നടത്താറുണ്ട്. കേസിന്‍െറ സ്വഭാവവും സൂക്ഷ്മതയും കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യുന്നത്.
ഷൊര്‍ണൂര്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം കേസ് അത് നടത്തിയത് താനാണെന്നും ടീം ഓട്ടോപ്സി ആണെങ്കിലും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവിടത്തെ ഫോറന്‍സിക് മേധാവിയായ ഡോ. ഷെര്‍ളി വാസു പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടില്ളെന്നും ഡെപ്യൂട്ടി ഫോറന്‍സിക് സര്‍ജന്‍ ഡോ.ഉന്മേഷ് പറയുകയുണ്ടായി.
സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത് താനും ഡോ.രാജേന്ദ്ര പ്രസാദും ചേര്‍ന്നാണെന്നാണ് ഡോ.ഉന്മേഷ് കോടതിയില്‍ പറഞ്ഞത്. ഫോറന്‍സിക് വിഭാഗം മേധാവി ഷെര്‍ളി വാസു തന്‍െറ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയെന്നും ചിലത് കൂട്ടിച്ചേര്‍ത്തുവെന്നുമായിരുന്നു ഉന്മേഷിന്‍െറ പരാതി. റിപ്പോര്‍ട്ട് നല്‍കാനുള്ള അവകാശം തനിക്ക് മാത്രമുള്ളതാണെന്നും ആ അവസരം ഡോ. ഷെര്‍ളി വാസു തട്ടിയെടുത്തെന്നുമായിരുന്നു ഇദ്ദേഹത്തിന്‍െറ വാദം.

ടീം ഓട്ടോപ്സി അഥവാ ഏകാംഗ നാടകം
കോളിളക്കം സൃഷ്ടിച്ച കേസുകള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ ഇതിനുമുമ്പും പലവട്ടം ടീം ഓട്ടോപ്സി നടത്തിയ പാരമ്പര്യമുണ്ട്. സംഘടിതരായ ഒരുപറ്റം ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരാളുടെ മൃതശരീരം കൊത്തിക്കീറി പരിശോധിക്കുക എന്ന തെറ്റിദ്ധാരണയാണ് ടീം ഓട്ടോപ്സി അഥവാ ഒന്നിലധികം ഡോക്ടര്‍മാരുടെ സംഘം നടത്തുന്ന പോസ്റ്റ്മോര്‍ട്ടത്തെക്കുറിച്ച് പൊതുവെ ആളുകള്‍ക്കുള്ള ധാരണ. എന്നാല്‍, ഈ ധാരണയെ ശരിവെക്കുന്നവിധമാണ് ഡോ.ഉന്മേഷിന്‍െറ പ്രസ്താവനകള്‍ .
2011 ഫെബ്രുവരി ഒന്നിന് രാത്രിയാണ് മാരകമായി പരിക്കേറ്റ സൗമ്യയെ ചെറുതുരുത്തിയിലെ റെയില്‍വേ ട്രാക്കിനടുത്തുനിന്നും കണ്ടെത്തുന്നത്. പിറ്റേദിവസം യുവതി മാനഭംഗത്തിന് ഇരയായി എന്ന വിവരം പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് ബോധ്യമാകുന്നു. സൗമ്യയുടെ ശരീരത്തില്‍ നിന്നും ലൈംഗികപീഡനം നടന്നതിന്‍െറ തെളിവുകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്തു.
ഒറ്റക്കൈയനായ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറയുകയും പിന്നെ അബോധാവസ്ഥയില്‍ ആവുകയും ചെയ്തു എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമിയെ പാലക്കാടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസ് കേസിന്‍െറ വഴിക്ക് പൊലീസ്  അന്വേഷണവും തുടര്‍ന്നു. വിശദമായ ചോദ്യംചെയ്യലില്‍ ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി കുറ്റം സമ്മതിക്കുന്നു.
അതേസമയം, ആശുപത്രിയിലെ സര്‍ജറിവിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ സൗമ്യയുടെ നില ഗുരുതരമായി തുടര്‍ന്നുകൊണ്ടിരുന്നു. പിറ്റേദിവസം അടിയന്തര ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കട്ടപിടിച്ചുകിടന്ന രക്തം നീക്കം ചെയ്തു. അതോടെ, ആരോഗ്യനിലയില്‍ ചെറിയ മാറ്റമുണ്ടായി. എന്നാല്‍, അഞ്ചാം തീയതി വീണ്ടും നില വഷളാവുകയും ഒട്ടുമിക്ക അവയവങ്ങളും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു.
ഒടുവില്‍, ഫെബ്രുവരി ആറിന് വൈകീട്ട് മൂന്നുമണിയോടെ  ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍  അവശേഷിപ്പിച്ച് സൗമ്യ മരണമായി മാറി.
മരിച്ചത് ആരാണെന്നും എങ്ങനെയാണ് മരിച്ചതെന്നും മരണത്തിനിടയാക്കിയ പരിക്കുകളും ആഘാതവും എന്താണെന്നും വ്യക്തമായ ഒരു മരണമായിരുന്നു. അന്വേഷണത്തിന്‍െറ ആവശ്യാര്‍ഥം അന്നുതന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യണം എന്നതായിരുന്നു പൊലീസിന്‍െറയും ജില്ലാ കലക്ടറുടെയും അഭിപ്രായം. തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ആയതിനാല്‍ ഫോറന്‍സിക് മേധാവി ഡോ.ഷെര്‍ളി വാസു ആശുപത്രിയിലുണ്ടായിരുന്നില്ല. എന്നാല്‍, ഞായറാഴ്ച ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ഫോറന്‍സിക് വിഭാഗം അസി.പ്രഫസര്‍ ഡോ.ഉന്മേഷ് സഹപ്രവര്‍ത്തകന്‍െറ ആവശ്യപ്രകാരം അന്നുതന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തയാറായി എത്തി.
ഈ സമയം അതീവ ഗൗരവമുള്ള കേസ് ആയതിനാല്‍ തിരക്കിട്ട് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതില്ല എന്നും പിറ്റേദിവസം ഏഴു മണിക്കുതന്നെ നടത്താമെന്നും ഫോറന്‍സിക് മേധാവി ഡോ.ഷെര്‍ളി വാസു കലക്ടറെ അറിയിച്ചു. അതനുസരിച്ച് ആറാം തീയതി പോസ്റ്റ്മോര്‍ട്ടം വേണ്ടെന്നുവെക്കുകയായിരുന്നു. അതേസമയം, ഏഴിനു രാവിലെതന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ എത്തണമെന്നും മറ്റുചില ഡോക്ടര്‍മാരും താനും ഒപ്പം ഉണ്ടാകുമെന്നും ഡോ.ഷെര്‍ളി വാസു ഡോ.ഉന്മേഷിനെ അറിയിച്ചു. ഇതുപ്രകാരം പിറ്റേദിവസം രാവിലെ ഏഴുമണിക്കുതന്നെ ഡോ. ഉന്മേഷും ഡോ.രാജേന്ദ്ര പ്രസാദും മോര്‍ച്ചറിയിലെത്തി. ഡോ.ഷെര്‍ളി വാസുവിന്‍െറ നിര്‍ദേശപ്രകാരം പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുക്കാന്‍ അസി.പ്രഫസര്‍  ഡോ. സഞ്ജയും എത്തി. എന്നാല്‍,  അദ്ദേഹത്തെ മോര്‍ച്ചറിയില്‍ പ്രവേശിപ്പിക്കരുതെന്ന് ഡോ. ഉന്മേഷ് വിലക്കിയത്രെ. എന്നാല്‍, വകുപ്പുമേധാവി പറഞ്ഞതുപ്രകാരമാണ് താന്‍ വന്നതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുക്കുമെന്ന് ഡോ. സഞ്ജയ് അറിയിച്ചു. പക്ഷേ, മൃതദേഹത്തില്‍ തൊടാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കി ഡോ. സഞ്ജയ്യെ മാറ്റിനിര്‍ത്തുകയായിരുന്നു. പാലക്കാട് പൊലീസ് ഉരുട്ടിക്കൊന്ന സമ്പത്തിന്‍െറ മരണം പൊലീസ് മര്‍ദനമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെ കണ്ടെത്തിയ ഫോറന്‍സിക് വിദഗ്ധനാണ് ഡോ. സഞ്ജയ്. എന്നിട്ടും അദ്ദേഹത്തെ ടീം ഓട്ടോപ്സിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ അന്ന് ഡോ. ഉന്മേഷ് നിര്‍ദേശിച്ചതില്‍  ദുരൂഹത നിലനില്‍ക്കുകയാണ്.
അല്‍പസമയത്തിനകംതന്നെ മോര്‍ച്ചറിയിലെത്തിയ ഡോ. ഷെര്‍ളി വാസുവിന്‍െറ മേല്‍നോട്ടത്തിലാണ് പിന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിച്ചത്. ഡോ. എ.കെ.ഉന്മേഷിനെകൂടാതെ പി. സഞ്ജയ്, വി.കെ. രാജേന്ദ്ര പ്രസാദ്, ടി.പി. ആനന്ദ്, ഹൗസ് സര്‍ജന്‍ എം.പി. ഷഹിദ എന്നിവര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ടീമില്‍ ഉണ്ടായിരുന്നു എന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം വേളയില്‍ സൗമ്യയുടെ ശരീരത്തിലെ ചില മുറിവുകളും മുഖത്തെ വീക്കവും പ്രത്യേകം രേഖപ്പെടുത്തണമെന്ന് ഡോ.ഷെര്‍ളി വാസു നിര്‍ദേശിച്ചെങ്കിലും ഡോ.ഉന്മേഷ് അതിന് തയാറായില്ലത്രെ. തുടര്‍ന്ന് സ്വന്തം ഡിജിറ്റല്‍ കാമറയില്‍ ഡോ.   ഷെര്‍ളി വാസു ചിത്രങ്ങള്‍ എടുത്തു. മൃതദേഹത്തിലെ മുറിവുകളുടെയും പരിക്കുകളുടെയും വിശദമായ ഫോട്ടോകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ആദ്യഘട്ടം മുതല്‍ അവര്‍ എടുത്തുകൊണ്ടിരുന്നു. രാവിലെ 7.14നായിരുന്നു ആദ്യ ഫോട്ടോ കാമറയില്‍ പതിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ അവസാന ചിത്രം 9.07ന് എടുത്തതായി ഡോ.ഷെര്‍ളി വാസുവിന്‍െറ കാമറയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇപ്പോള്‍ കോടതിയുടെ പരിശോധനക്കായി നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞത്.
പോസ്റ്റ്മോര്‍ട്ടംവേളയില്‍ സൗമ്യയുടെ തലയോട്ടി തുറന്നുപരിശോധിച്ചതും തലച്ചോറില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതും ഡോ.ഷെര്‍ളി വാസു ആയിരുന്നെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. അടുത്ത ദിവസം രാവിലെതന്നെ താന്‍ തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡോ.ഉന്മേഷ് വകുപ്പുമേധാവിക്ക് സമര്‍പ്പിച്ചു.
''സൗമ്യ മരിച്ചത് ശരീരത്തില്‍ നിരവധി പരിക്കുകള്‍ സംഭവിച്ചതുകൊണ്ടാണ്. മരിക്കുന്നതിന് മുമ്പ് സൗമ്യ ലൈംഗികമായി ആക്രമിക്കപ്പെട്ടു.'' ഈ രണ്ട് കാര്യങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളായി ഡോ. ഉന്മേഷ് നിരത്തിയത്. തീവണ്ടിയില്‍നിന്ന് വീണുപരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ കേരളീയ സമൂഹത്തിന് മുഴുവന്‍ അറിയാവുന്ന ഈ വിവരമല്ലാതെ പുതിയതായ കണ്ടെത്തലുകളും നിഗമനങ്ങളും ആ റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ ഓരോ പരിക്കിന്‍െറ കാരണവും അതുണ്ടാകാന്‍ കാരണമായ സാഹചര്യങ്ങള്‍ സംബന്ധിച്ച നിഗമനവും രേഖപ്പെടുത്താന്‍ ഡോ.ഷെര്‍ളി വാസു നിര്‍ദേശിച്ചെങ്കിലും ഡോ.ഉന്മേഷ് അതിന് തയാറായില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന്, തനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങളും ഫോട്ടോഗ്രാഫില്‍ തെളിഞ്ഞ തെളിവുകളും നിരത്തി വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കിയാണ് ഡോ.ഷെര്‍ളി വാസു കോടതിയില്‍ ഹാജരാക്കിയത്. തന്‍െറ റിപ്പോര്‍ട്ടില്‍ ചിലത് എഴുതിച്ചേര്‍ത്തു എന്ന് ആരോപിക്കുന്ന ഡോ.ഉന്മേഷ് ഒഴിവാക്കിയ 12 മുറിവുകള്‍ ഡോ.ഷെര്‍ളി വാസുവിന്‍െറ റിപ്പോര്‍ട്ടില്‍ അധികമായി കടന്നുകൂടിയിട്ടുണ്ട്. സൗമ്യയുടെ കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടായേക്കാവുന്ന ഈ മുറിവുകള്‍ വകുപ്പുമേധാവി ചൂണ്ടിക്കാട്ടിയിട്ടും ഡോ.ഉന്മേഷ് എഴുതിയില്ല എന്നത് ഗുരുതരമായ വീഴ്ചയായി നിലനില്‍ക്കുകയാണ്. എന്തിനുവേണ്ടിയാണ്  ഡോ.ഉന്മേഷ് ഈ വിവരങ്ങള്‍ എഴുതാന്‍ വിസമ്മതിച്ചത്?, ആരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹം കോടതിയില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ വിശ്വാസ്യതക്ക് മുകളില്‍ സംശയത്തിന്‍െറ സര്‍ജിക്കല്‍ ബ്ളേഡ് കുത്തിവെച്ചത്?
ഡോ.ഷെര്‍ളി വാസു പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്തില്ല എന്ന ആരോപണം ഉയര്‍ന്നതോടെ മുഖം രക്ഷിക്കലിന്‍െറ ഭാഗമായി സര്‍ക്കാര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്ക് വകുപ്പുമേധാവി ഡോ.രമയും കോട്ടയം മെഡിക്കല്‍ കോളജിലെ പ്രഫസര്‍ ഡോ.ശിവസുതനുമാണ് അന്വേഷണച്ചുമതല നല്‍കിയത്. എന്നാല്‍, ഡോ.ശിവസുതന്‍െറ അസൗകര്യം കാരണം ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ.ശ്രീകുമാരിയാണ് സംഘത്തിലുണ്ടായിരുന്നത്. അന്വേഷണസംഘം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തി ഡോ.ഷെര്‍ളി വാസുവില്‍നിന്നും ഡോ.രാജേന്ദ്രപ്രസാദില്‍നിന്നും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. ടീം ഓട്ടോപ്സിയില്‍ പങ്കെടുത്ത ഡോ.സഞ്ജയ്യെ അന്വേഷണസംഘം വിളിക്കുകയോ വിവരങ്ങള്‍ തിരക്കുകയോ ചെയ്തിട്ടില്ളെന്നാണ് അറിയാന്‍ കഴിഞ്ഞത്. കോടതിയില്‍ എത്തിയപ്പോഴും  ഡോ.ഉന്മേഷ് തന്നോടൊപ്പം പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്തത് ഡോ.രാജേന്ദ്രപ്രസാദ് മാത്രമാണെന്നാണ് പറഞ്ഞത്. സൗമ്യ മരിച്ച ദിവസം ഡോ.രാജേന്ദ്രപ്രസാദ് വിളിച്ചതനുസരിച്ചാണ് ഡ്യൂട്ടിയില്‍ അല്ലാതിരുന്നിട്ടും താന്‍ മോര്‍ച്ചറിയില്‍ എത്തിയതെന്നാണ് ഡോ.ഉന്മേഷ് പറഞ്ഞത്. ഇക്കാര്യം ദുരൂഹമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്ത  ഡോ.സഞ്ജയ്യുടെ സാന്നിധ്യം എല്ലായിടത്തും നിശ്ശബ്ദമായി മറക്കപ്പെടുന്നത്, സംഭവത്തില്‍ കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നുണ്ട്.
കേസിന്‍െറ രേഖകള്‍ കോടതിയില്‍ ആയതിനാല്‍ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കാനില്ളെന്നു കാണിച്ച് ദുര്‍ബലമായ ഒരു റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം സര്‍ക്കാറിന് നല്‍കിയതെന്നറിയുന്നു.
ഡോ.ഉന്മേഷ് അന്വേഷണസംഘത്തിലെ ഡോ.രമയുടെ ശിഷ്യനാണ്. ആ നിലക്ക് സംഭവത്തില്‍ കക്ഷിയായ ഡോ.ഉന്മേഷിന്‍െറ അധ്യാപികയായ ഡോ.രമ അന്വേഷണസംഘത്തില്‍നിന്നും മാറിനില്‍ക്കേണ്ടതായിരുന്നു എന്നൊരു വാദവും റിപ്പോര്‍ട്ടിന്‍െറ വിശ്വാസ്യതയില്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. എന്നാല്‍, സംഘം അന്വേഷണ ദിവസം മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങള്‍ ചോദിച്ച് സര്‍ക്കാര്‍ അന്വേഷണത്തെ പ്രഹസനമാക്കി മാറ്റുകയായിരുന്നെന്ന  ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്.
ഇതിനിടയില്‍ ഡോ.ഉന്മേഷിനെ ബോധപൂര്‍വം ആരോ കുടുക്കില്‍ പെടുത്തുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു മുന്‍ ഫോറന്‍സിക് മേധാവി സര്‍ക്കാര്‍ അഭിഭാഷകനെയടക്കം ഫോണില്‍ വിളിച്ച് സംസാരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ റിട്ട. ഫോറന്‍സിക് മേധാവിക്കുള്ള താല്‍പര്യം എന്താണെന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. ഇദ്ദേഹം ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് പ്രതിഭാഗത്തിന് അനുകൂലമായ നിലപാടുകളുമായി മുന്നോട്ടു പോകുന്നതെന്നതും സംശയകരമായി തുടരുന്നു.
ഇന്ത്യന്‍ എവിഡന്‍സ് ആക്ട് പ്രകാരം എക്സ്പര്‍ട്ട് വിറ്റ്നസ് ആയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം കേസിന്‍െറ സുപ്രധാനമായ തെളിവുകള്‍ ആയിരിക്കും. അപ്രകാരം നല്‍കിയ തെളിവുകളില്‍നിന്നാണ് സൗമ്യയുടെ കഴുത്തിന് പിന്‍ഭാഗത്ത് ഏറ്റിരുന്ന മുറിവുകള്‍ രേഖപ്പെടുത്താതെപോയത്. എന്തിനുവേണ്ടിയാണ് ഈ വിവരം ഡോ.ഉന്മേഷ് മറച്ചുവെച്ചത് എന്നതാണ് സാധാരണ ജനത്തിന്‍െറ സാധാരണമായ ചോദ്യം. തലമുടി ചുറ്റിപ്പിടിച്ച് ശക്തിയായി ഇടിച്ചാല്‍ മാത്രം സംഭവിക്കാവുന്ന മുറിവുകളാണ് ആ മുറിവുകളെന്ന് ഡോ.ഷെര്‍ളി വാസുവിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒപ്പം, ട്രെയിനില്‍നിന്ന് വീഴുമ്പോള്‍ സൗമ്യ ബോധരഹിതയായിരുന്നെന്നും ഡോ.ഷെര്‍ളി വാസുവിന്‍െറ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ബോധത്തോടെ വീഴുന്ന ഒരാള്‍ കൈകുത്താന്‍ ശ്രമിക്കുമെന്നതിനാല്‍ കൈകളില്‍ മാരകമായ മുറിവുകള്‍ക്ക് സാധ്യതയുണ്ട്. സൗമ്യയുടെ കാര്യത്തില്‍ അത്തരം മുറിവുകളോ ഒടിവുകളോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ട്രെയിനില്‍വെച്ച് സൗമ്യയെ തലമുടിക്ക് പിടിച്ച് ശക്തിയായി ഇടിച്ച് ബോധരഹിതയാക്കുകയും പിന്നെ ട്രെയിനില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയുമാണ് ചെയ്തതെന്ന നിഗമനത്തിലെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന്, ഒപ്പം ചാടി, ബോധരഹിതയായ സൗമ്യയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ട്രാക്കില്‍ ഉപേക്ഷിച്ചുപോവുകയുമാകാം ചെയ്തതെന്നാണ് നിഗമനം. ഈ നിഗമനം ശരിവെക്കുന്നതരത്തിലാണ് ഗോവിന്ദച്ചാമിയുടെ മൊഴികളും സാഹചര്യത്തെളിവുകളും വ്യക്തമാക്കുന്നത്.
സര്‍ക്കാറിനുവേണ്ടി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ.ഉന്മേഷ് എന്തിനാണ് പത്തിലധികം മുറിവുകള്‍ രേഖപ്പെടുത്താതെ ഒഴിവാക്കിയത്? കോടതിയില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ വിശ്വാസ്യതയെ ചോദ്യം ചെയ്യുംവിധം വകുപ്പുമേധാവി ഡോ.ഷെര്‍ളി വാസു പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്തില്ളെന്ന് ആദ്യം പറഞ്ഞതെന്തിന്? ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസില്‍ കുറ്റാരോപിതനായ ഗോവിന്ദച്ചാമിയുടെ പക്ഷംചേര്‍ന്ന് പ്രോസിക്യൂഷന് എതിരായി ഡോ.ഉന്മേഷ് നിലനില്‍ക്കാനുള്ള കാരണമെന്താണ്? ഇത്രമാത്രം സ്വാധീനവലയത്തില്‍ എത്താന്‍മാത്രം ഗോവിന്ദച്ചാമി ആരാണ്? എതിര്‍ക്കേണ്ടവരെല്ലാം പക്ഷത്തുചേര്‍ക്കാന്‍തക്ക ശക്തി അയാള്‍ക്ക് നല്‍കുന്ന ഘടകം ഏത്? ഇത്തരം ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് കേരളീയ സമൂഹം ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇവിടെ അവസാനിപ്പിക്കുന്നു


With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment