എന്‍ഡോസള്‍ഫാന്‍ പോലെ ഒരു സാധനമല്ല ഈ പെട്രോള്‍ എന്ന വിവരം നമുക്കുമറിയാം.ജനരോഷം ഇരമ്പിയതുകൊണ്ടു മാത്രം പെട്രോള്‍ വിലവര്‍ധന എടുത്തുമാറ്റാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും അറിയാം. അങ്ങനെയൊരു അധികാരമില്ലാത്ത സര്‍ക്കാരിനോട് അത് ചെയ്യൂ എന്നു പറയുന്നത് നീതികേടാണ്. എണ്ണവില കൂട്ടുന്നതും കുറയ്‍ക്കുന്നതും ഗുണിക്കുന്നതുമൊക്കെ സര്‍ക്കാര്‍ എണ്ണ കമ്പനികളെയാണ് ഏല്‍പിച്ചിരിക്കുന്നത്. കമ്പനികള്‍ക്കു വേണ്ടത് വോട്ടല്ല കാശായതിനാല്‍ നമ്മളീ പറഞ്ഞ ജനരോഷം ഒരു നാഷനല്‍ വേസ്റ്റാണ്.
പെട്രോള്‍ വിലവര്‍ധനയെ അതിജീവിക്കാന്‍ നമ്മുടെ കയ്യില്‍ ഒറ്റമൂലികളൊന്നുമില്ല. തമിഴ്‍നാട് വരെ ടാക്സി പിടിച്ചുപോയി പച്ചിലരാമറെ പിടിച്ചുകൊണ്ട് വരുന്നതൊന്നും പ്രായോഗികമല്ല. തമിഴ്‍നാട്ടില്‍ കൃഷി ചെയ്തുണ്ടാക്കാവുന്ന സാധനമായിരുന്നു പെട്രോളെങ്കില്‍ നമുക്കെങ്ങനെയും അതിന്റെ വില കുറയ്‍ക്കാമായിരുന്നു. ഇത് അങ്ങനെയല്ല. നമ്മുടെ പ്രതിഷേധത്തിന്റെ അളവും തൂക്കവും അനുസരിച്ച് വില കുറയ്‍ക്കാവുന്ന തരത്തില്‍ ഉല്‍പാദിക്കപ്പെടുന്ന ഒന്നല്ലാത്തതിനാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രകൃതിവിഭവത്തിന്റെ അവസാനതുള്ളികള്‍ക്ക് ഡിമാന്ഡ‍് കൂടുമ്പോള്‍ സംഭവിക്കുന്ന വിലക്കയറ്റം എന്ന ലളിതമായ എക്കണോമിക്സ് ചൂണ്ടിക്കാട്ടി നമ്മുടെ വാദങ്ങളുടെ മുനയൊടിക്കാന്‍ എണ്ണക്കമ്പനികള്‍ക്കും എളുപ്പമാണ്.
പെട്രോള്‍ വിലവര്‍ധന രണ്ടു തരത്തിലാണ് നമ്മെ സ്വാധീനിക്കാന്‍ പോകുന്നത്. ബൈക്കായും കാറായും ജീപ്പായുമൊക്കെ സ്വന്തം വാഹനങ്ങളില്‍ ഈ ഇന്ധനമൊഴിച്ച് ഓടിക്കുന്നവര്‍ക്ക് വിലക്കയറ്റമുണ്ടാക്കുന്ന സാമ്പത്തിക ആഘാതം ഒന്ന്. വിലവര്‍ധനയുടെ ഫലമായി സമസ്തമേഖലകളിലും ഉണ്ടാകുന്ന വിലക്കയറ്റവും അതിന്റെ ആഘാതങ്ങളും മറ്റൊന്ന്. ആദ്യത്തേത് പരിഹരിക്കാന്‍ ആരും ഇടപെടില്ല അതിന്റെ ആഘാതം നമ്മള്‍ തന്നെ ഇടപെടലുകള്‍ നടത്തണം. എന്നാല്‍ കൂടുതല്‍ ഗുരുതരമായ രണ്ടാമത്തെ ആഘാതം ഉണ്ടാക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥ നമ്മുടെ പിടിയില്‍ നില്‍ക്കുന്നതല്ല. വിലവര്‍ധനയ്‍ക്കു ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാര്‍ തന്നെ അതിനുള്ള പരിഹാരവും കണ്ടെത്തേണ്ടതുണ്ട്.
പ്രായോഗികമായി പെട്രോള്‍ വിലവര്‍ധനയെ എങ്ങനെ നേരിടാം എന്നാലോചിക്കുകയും വിലവര്‍ധനയ്‍ക്കനുസൃതമായ ജീവിതശൈലി സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്നു സ്വയം ചോദിക്കുകയും ചെയ്യുന്നിടത്താണ് പെട്രോള്‍ വിലവര്‍ധന നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്.
ലിറ്ററിന് പത്ത് കിലോമീറ്ററില്‍ താഴെ മൈലേജുള്ള ലക്ഷ്വറി കാറുകള്‍ കേരളത്തില്‍ നന്നായി വിറ്റുപോകുന്നത് പെട്രോള്‍ വില എത്രയായാലും നമ്മുടെ കൊച്ചുമുതലാളിമാര്‍ക്കു പ്രശ്നമമില്ലാത്തതുകൊണ്ടാണ്. ബൈക്ക് പോലുള്ള വാഹനങ്ങള്‍ക്കാണെങ്കില്‍ മിനിമം 80 കിലോമീറ്ററൊക്കെ മൈലേജുമുണ്ട്. സാധാരണക്കാരന്റെ ചെറുകാറുകളും പെട്രോള്‍ അടിക്കാന്‍ കാശില്ലാത്തതിനാല്‍ വഴിയില്‍ കിടക്കാന്‍ പോകുന്നില്ല. വിലവര്‍ധനയില്‍ നെഞ്ചത്തടിച്ചുകൊണ്ടുള്ള നമ്മുടെ വിലാപങ്ങള്‍ ആത്മാര്‍ത്ഥമല്ലെന്നോ പ്രതിഷേധിച്ചില്ലെങ്കില്‍ ഇതൊന്നും നമ്മെ ബാധിക്കില്ല എന്ന തോന്നല്‍ കൊണ്ട് അടുത്തയാഴ്ച വീണ്ടും വിലകൂട്ടുമെന്നു കരുതി ചട്ടപ്പടി പ്രതിഷേധിക്കുന്നതേയുള്ളെന്നോ കരുതിയാല്‍പ്പോലും തെറ്റില്ല.
ഒരുല്‍പന്നത്തിന്റെ പരമാവധി ഉപയോഗം സാധ്യമാക്കുന്ന മാക്സിമം യൂട്ടിലിറ്റി തിയറിയില്‍ അധിഷ്ഠിതമായി ജീവിക്കുന്ന ബുദ്ധിമാന്മാരാണ് മലയാളികള്‍. എന്നാല്‍ വാഹന ഉപയോഗത്തില്‍ മാത്രം നമ്മള്‍ കഴുതകളായി തുടരുകയാണ്. 'വണ്ടിയുണ്ടല്ലോ പിന്നെന്തിനു നടക്കണം', 'ബസ്സിനു പോവാനല്ലല്ലോ വണ്ടി വാങ്ങിച്ചത്' തുടങ്ങിയ ഡയലോഗുകളില്‍ മുറുകെപ്പിടിച്ച് മുറുക്കാന്‍ വാങ്ങാന്‍ വരെ കാറില്‍ പോകുന്നതാണ് നമ്മുടെ സ്റ്റൈല്‍. പെട്രോള്‍ എന്ന ഉല്‍പാദനം തീരെയില്ലാത്ത വില വളരെ കൂടുതലുള്ള സാധനമാണ് കത്തിച്ചുകളയുന്നത്.കാറിന്റെ പരമാവധി ഉപയോഗം സാധ്യമാക്കുന്നതിലൂടെ പെട്രോളിനോട് വിപരീതമായ നീതിയാണ് പ്രകടിപ്പിക്കുന്നത്.
ചെറിയ ദൂരങ്ങള്‍ സൈക്കിളിലോ നടന്നോ പോകാന്‍ തയ്യാറാകാതിരിക്കുകയും (സമയമില്ല എന്ന പ്രസ്താവന വര്‍ത്തമാനകാല തട്ടിപ്പാണ്)വിലവര്‍ധനയില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നത് അര്‍ഥശൂന്യമാണ്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്ക്കു കീഴെ കാത്തുകിടക്കുമ്പോള്‍ എന്‍ജിന്‍ ഓഫാക്കുന്നവരും അഫൂര്‍വമാണ്. പിന്നെ ഡ്രൈവ് ചെയ്യുമ്പോഴാകട്ടെ, 90ല്‍ താഴെയൊരു സ്പീഡില്‍ പോയാല്‍ നമുക്ക് ഡ്രൈവിങ് അറിയില്ല എന്നു മറ്റുള്ളവര്‍ ധരിക്കുമെന്നു ഭയന്നിട്ടെന്നപോലെയാണ് ചന്തയില്‍ മത്തങ്ങ വാങ്ങാന്‍ പോകുന്നവന്‍ വരെ പായുന്നത്.
എന്നാല്‍, പെട്രോള്‍ വിലക്കയറ്റം മൂലം മറ്റു മേഖലകളിലുണ്ടാകാന്‍ പോകുന്ന വിലക്കയറ്റവും പ്രശ്നങ്ങളും നമ്മുടെ പിടിയില്‍ നില്‍ക്കുന്നതല്ല. വിലക്കയറ്റം ദൂരന്തമാകുന്നത് അത്തരം അസന്തുലിതാവസ്ഥകളിലൂടെയാണ്.
No comments:
Post a Comment