ആഹ്ലാദത്തിമര്‍പ്പിനിടയില്‍ പാപ്പിനിശ്ശേരിയില്‍ ഡോക്ടര്‍ ചുമതലയേറ്റു
Posted on: 02 Nov 2011
പാപ്പിനിശ്ശേരി: ജനകീയ ഇടപെടലിനെ തുടര്ന്ന് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം സ്കീമില്‍ നിയമിച്ച ഡോ.സി.നരേന്ദ്രന് ജനകീയ സ്വീകരണത്തോടെ ചൊവ്വാഴ്ച രാവിലെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചുമതലയേറ്റു. എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടും ആസ്പത്രിയില്‍ ഡോക്ടര്മാരുടെ കൃത്യമായ സേവനം ലഭിക്കാതെ രോഗികള്‍ വലയുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിന് പരിഹാരമായാണ് അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയുടെയും കെ.സുധാകരന് എം.പി.യുടെയും ശ്രമഫലമായി ആസ്പത്രിയില്‍ ഡോക്ടറെ നിയമിച്ചത്.
ഡോ.നരേന്ദ്രന് ഒരു വര്ഷം മുമ്പുവരെ ആസ്പത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പിലെ ഉന്നതരുടെ ഇടപെടലിനെതുടര്ന്നാണ് ഡോക്ടര്‍ സേവനം മതിയാക്കിയത്. ഇതുമൂലം കഴിഞ്ഞ ഒരുവര്ഷമായി ആസ്പത്രിയുടെ പ്രവര്ത്തനംതന്നെ താറുമാറായിരുന്നു. 56 കിടക്കകളടക്കം കിടത്തിച്ചികിത്സാ വാര്ഡുകളും പ്രസവ വാര്ഡും ലേബര്‍ റൂമും എല്ലാം ഒരുക്കിയിട്ടും സ്പെഷലിസ്റ്റ് ഡോക്ടര്മാരുടെ അഭാവം ആസ്പത്രിയെ നോക്കുകുത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കിടത്തി ചികിത്സാ വാര്‍ഡില്‍ പലപ്പോഴും ഒരു രോഗിപോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ദീര്ഘകാലം പാപ്പിനിശ്ശേരി ആസ്പത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോക്ടര്‍ നരേന്ദ്രന് നാട്ടുകാര്‍ക്ക് സുസമ്മതനാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടര്‍ ചുമതലയേറ്റെടുക്കാന്‍ എത്തുന്നതിന് മുന്പ് രാഷ്ട്രീയ പ്രവര്ത്തകരടക്കം നിരവധിപേര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. ഡോക്ടറെ സോഫിയ വര്ഗീസ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യു.ഡി.എഫ്. നേതാക്കളായ എം.സി.ദിനേശന്‍, പി.ചന്ദ്രന്‍, പി.അബൂബക്കര്‍ ഹാജി, സി.പ.ി.അബ്ദുള്റഷീദ്, ഒ.കെ.മൊയ്തീന്കുട്ടി, മാണിക്കര ഗോവിന്ദന്‍, പി.രാജന്‍, ഡി.വൈ.എഫ്.ഐ. നേതാക്കളായ പി.പി.ഷിനു, കെ.സജീവന്‍, വ്യാപാരിവ്യവസായി ഏകോപനസമിതി സെക്രട്ടറി മാണി പ്രേമരാജന്‍, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എം.പ്രേമരാജന്‍ തുടങ്ങി നിരവധിപേര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ഡോക്ടര്ക്ക് സ്വാഗതമോതി ആസ്പത്രി പരിസരത്ത് വിവിധ സംഘടനകള്‍ ബാനറുകളും തോരണങ്ങളും സ്ഥാപിച്ചിരുന്നു.
No comments:
Post a Comment