കിരണ്‍ തോമസ് തോമ്പില്‍
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപ്പിള്ളയെന്ന മുന്‍മന്ത്രിയുടെ ജയില്‍ ജീവിതം മലയാളിയെ ഏറെ ആശയക്കുഴപ്പത്തിലാക്കിയതാണ്. അഴിമതിക്കേസില്‍ മുന്‍മന്ത്രി തടവിന് ശിക്ഷിക്കപ്പെട്ടത് ഇന്ത്യയില്‍ തന്നെ ആദ്യമായിരുന്നു. പിള്ള ജയിലെത്തുന്ന സമയത്ത് ഇടതുപക്ഷമായിരുന്നു കേരളം ഭരിച്ചത്. പിന്നീട് യു.ഡി.എഫ് അധികാരത്തിലെത്തയ മുതല്‍ പിള്ളയ്ക്ക് തുടര്‍ച്ചയായി ജാമ്യം അനുവദിക്കപ്പെട്ടു. പിള്ളക്ക് അനധികൃതമായാണ് ജാമ്യം അനുവദിക്കപ്പെട്ടതെന്ന് വാദമയര്‍ന്നു. പിന്നെക്കണ്ടത് പിള്ള തിരുവനന്തപുരത്തം ഫൈവ്സ്റ്റാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കിടക്കുന്നതാണ്. ഇതിനിടെ പിള്ളയുടെ മകന്‍ ഗണേഷന്‍ മന്ത്രിയായി അച്ഛനെതിരെ കേസ് നടത്തിയ വി.എസ് അച്ച്യുതാനന്ദനെ ഇടക്കൊക്കെ കൊഞ്ഞനംകുത്തിക്കാണിച്ചു.
അങ്ങിനെയിരിക്കെയാണ് വാളകത്ത് സാക്ഷാല്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ടത്. അതിക്രൂരമായാണ് ആക്രമണം നടന്നത്. പിള്ളക്കെതിരെ പരാതിയുമായി അധ്യാപകന്റെ ഭാര്യയും സ്‌കൂളിലെ ജീവനക്കാരിയുമായ സ്ത്രീ രംഗത്തെത്തി. മാനേജ്‌മെന്റ് തന്റെ പ്രമോഷന്‍ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും തങ്ങള്‍ക്ക് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നവെന്നും ആക്രമിക്കപ്പെട്ട അധ്യാപകനും പിള്ളയും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ പിള്ള ഭീക്ഷിണിപ്പെടുത്തിയിട്ടുണ്ടെന്നും പീഡിപ്പിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ മൊഴി നല്‍കി. പ്രിന്റ്,ടെലിവിഷന്‍,വെബ് മാധ്യമങ്ങളില്‍ വിഷയം ചൂടുള്ള ചര്‍ച്ചയായി.
പിള്ളയുടെ സ്‌കൂളിലെ അധ്യാപന്‍ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ടര്‍ ടി.വിയാണ് ശക്തമായി ഏറ്റെടുത്തത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം വലിയ വിവാദമായി കത്തി നില്‍ക്കെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബാലകൃഷ്ണപ്പിള്ള നടത്തിയ ഫോണ്‍ സംഭാക്ഷണം റിപ്പോര്‍ട്ടര്‍ ടി.വി പുറത്ത് വിട്ടു. റിപ്പോര്‍ട്ടര്‍ ടി.വിയുടെ വെളിപ്പെടുത്തല്‍ പ്രകാരം അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം 40 ഓളം കോളുകള്‍ അദ്ദേഹം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. വിഷയത്തെ ചാനലുകള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് പരിശോധിച്ചപ്പോഴാണ് വിവാദങ്ങളുടെ ഇഷ്ട തോഴന്‍മാരായ പല ചാനലുകള്‍ക്കും അധ്യാപകന്റെ ആക്രമണവും പിള്ളയുടെ ഫോണും വലിയ വാര്‍ത്തയായില്ലെന്ന് വ്യക്തമായി. പ്രശ്‌നം ഉണ്ടായ ആദ്യ ദിനം തന്നെ ഇത് ബാലകൃഷ്ണപ്പിള്ള ചെയ്തതായിരിക്കില്ല എന്ന മുന്‍ വിധിയോടെയാണ് ഇത്തരം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ അദ്ധ്യാപകന്റെ ഭാര്യ ചില വെളിപ്പെടുത്തലകള്‍ നടത്തിയെങ്കിലും അത് കാര്യമായി ഫോളൊ അപ്പ് ചെയ്യപ്പെട്ടില്ല. പിള്ളയെ വേദനിപ്പിക്കാത്തതായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പിള്ള റിപ്പോര്‍ട്ടര്‍ പ്രതിനിധിയോ കൂളായി സംസാരിച്ചത്. സംസാരത്തിനൊടുവില്‍ എനിക്കിട്ട് പണി തരരുതെന്ന് പിള്ള പറയുകയും ചെയ്തു. പക്ഷെ മാധ്യമപ്രവര്‍ത്തകന്‍ എന്ത് ചെയ്യണമെന്ന് ബോധ്യമുള്ള ആ റിപ്പോര്‍ട്ടര്‍ പണികൊടുത്തു.
എന്നാല്‍ പിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന് വെളിപ്പെട്ടപ്പോഴെങ്കിലും വര്‍ധിത വീര്യത്തോടെ രംഗത്തെത്തി കളം പിടിക്കാന്‍ മത്സരിക്കേണ്ട ചാനലുകള്‍ പഴയപോലെ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിലിരുന്നു.
സാധരണ ഏതെങ്കിലും ഒരു ചാനല്‍ ഒരു വിഷയം എക്ലൂസീവായി പുറത്ത് വിട്ടാല്‍ അതിനെ വെല്ലുന്ന കാര്യങ്ങള്‍ ചെയ്താണ് മറ്റ് മാധ്യമങ്ങള്‍ ആ സ്ഥിതിയെ മറികടക്കുക. എന്നാല്‍ ഇവിടെ അതുണ്ടായില്ല എന്ന് മാത്രമല്ല അധ്യാപകനെ വ്യക്തിഹത്യ ചെയ്യാനായി ശ്രമം. ഇതുവരെയും പോലീസോ മറ്റ് അന്വേഷണ ഏജന്‍സിയോ അതുമല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെയോ പ്രത്യേക തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലാത്ത ആ വാര്‍ത്തയാണ് പിന്നീട് പ്രചരിക്കപ്പെട്ടത്. അധ്യാപകന്റെ യാത്രകളെച്ചൊല്ലി ദുരൂഹത പടര്‍ത്താനാണ് വിവിധ മാധ്യമങ്ങള്‍ ശ്രമിച്ചത്. ആക്രമണം നടത്തിയത് NDF പോലെ ഉള്ള തീവ്രവാദ സംഘടനയാണെന്നുള്ള പ്രചരണത്തിനും ശ്രമം നടന്നു. ആരോപണത്തിന്റെ മുന ഏതുവിധേനയെങ്കിലും പിള്ളയില്‍ നിന്ന് തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം.
കാര്യങ്ങള്‍ ഇങ്ങിനെ നീങ്ങുമ്പോള്‍ കുറച്ച് കാലം മുന്നെ നടന്ന മുത്തൂറ്റ് പോള്‍ വധക്കേസ് വിവിധ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് ഓര്‍ക്കുന്നത് നന്നാവും. അന്ന് താരതമ്യേന വിശ്വാസ്യത ഉണ്ട് എന്ന് കരുതപ്പെട്ടിരുന്ന വിന്‍സന്റ്.എം.പോളാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പറഞ്ഞ ക്വട്ടേഷന്‍ സംഘ വാര്‍ത്ത വിശ്വസിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറല്ലായിരുന്നു. അവര്‍ക്ക് കൊല്ലപ്പെട്ട പോളിന് ഒപ്പമുണ്ടയൈരുന്ന മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഓം പ്രകാശിന്റെയും മറ്റൊരു ഗുണ്ട പുത്തന്‍ പാലം രാജേഷിന്റെയും പങ്ക് അറിയുന്നതിലായിരുന്നു താല്‍പ്പര്യം. അവര്‍ ഓം പ്രകാശിലൂടെ ബിനീഷ് കോടിയേരിയിലും പിന്നീട് കോടിയേരി ബാലകൃഷ്ണനിലും എത്തി. വിവാഹ നിശ്ചയത്തിന്റെ അന്ന് തന്നെ ബിനീഷിന്റെ വിവാഹം നടത്തിയത് പോലും അവര്‍ ഈ കേസുമായി ബന്ധിപ്പിച്ചു. അമ്മയുടെ ചിക്തസക്ക് പണം കിട്ടാന്‍ കാരി സതീശനെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ചതാണ് എന്നുവരെ കഥകള്‍ മെനഞ്ഞു.
ഇത്തരം കഥകളേ എതിര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ കല്ലേറുകള്‍ക്കിടയിലെ മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ ഒരു പ്രമുഖ പത്രം പരിണിത പ്രജ്ഞരായ മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് കോളങ്ങള്‍ എഴുതിച്ചു.
പോലീസ് കണ്ടെത്തിയ കത്തി കൊല്ലനെക്കൊണ്ട് ഉണ്ടാക്കിച്ചതാണ് എന്ന് ഏഷ്യനെറ്റ് കണ്ടെത്തി അതുണ്ടാക്കി എന്ന് പറയപ്പെട്ട കൊല്ലനെ നികേഷ് കുമാര്‍ അരമണിക്കൂര്‍ ഇന്ത്യാവിഷനില്‍ ഇട്ട് പൊരിച്ചു. ഒളിവിലായ ഓം പ്രകാശും പുത്തന്‍ പാലം രാജേഷും മഠത്തില്‍ രഘുവിന്റെ ( വീണ്ടും ബിനീഷ് കോടിയേരി ബന്ധം) ഹോട്ടലില്‍ ദുബൈയില്‍ ഉണ്ട് എന്ന് ഏഷ്യനെറ്റ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ ഈ കേസ് കോടതിയില്‍ എത്തുന്നതിന് മുന്നെ തന്നെ കുറ്റപത്രത്തെപ്പറ്റി തെറ്റായ പൊതുബോധം സൃഷ്ടിച്ചു. കോടതി ഇത് സിനിമാക്കഥയെന്ന് പറഞ്ഞ തള്ളി കേസ് സിബി.ഐക്ക് വിട്ടു. എന്നാല്‍ അന്വേഷണം പലകുറി നീട്ടി വാങ്ങിയ സി.ബൈ.ഐ യഥാര്‍ത്ഥ ട കത്തി കണ്ടെത്തി പോലീസ് സ്‌റ്റോറി ശരി വച്ചു എന്നാണ് ഈ കഥകള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ പിന്നീട് എഴുതിയത്. ( സി.ബി.ഐ അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട് എന്നത് വേറെരു കാര്യം)
പോള്‍ കേസില്‍ ഒരിക്കല്‍ പോലും പോളിന്റെ വ്യക്തി ജീവിതത്തിലേക്കോ എന്തിനാണ് അയാള്‍ ഓം പ്രകാശിനെയും പുത്തന്‍ പാലം രാജേഷിനേയും വണ്ടിയില്‍ കൊണ്ടു നടന്നു എന്നോ ആരും സംശയം പ്രകടിപ്പിച്ചില്ല. പോളിന്റെ പൂര്‍വ്വ ചരിതം അന്വേഷിച്ചില്ല. അയാളുടെ ബന്ധങ്ങള്‍ അന്വേഷിച്ചില്ല. എന്നാല്‍ വാളകത്തെ അധ്യാപകന്റെ വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട് എന്ന സൂചന പോലീസ് സ്‌റ്റോറി വരുന്നതിന് മുന്നെ ഇവിടെ ചര്‍ച്ചാ വിഷയമാകുന്നു. ബാലകൃഷ്ണപ്പിള്ളയുടെ അനിഷ്ടത്തിന് പാത്രമായ അധ്യാപകന്‍ ആക്രമിക്കപ്പെട്ട അന്ന് പിള്ള തന്റെ ഫോണില്‍ നിന്ന് 40 ഓളം കോളുകള്‍ ചെയ്യുന്നുണ്ട്. ആരെ വിളിച്ചു എന്തിന് വിളിച്ചു തുടങ്ങി ഒരായിരം ചോദ്യങ്ങളാല്‍ പിള്ളയിലേക്ക് മാത്രം നീളാവുന്ന കാര്യങ്ങളെ തമസ്‌ക്കരിച്ച് പാതി വെന്ത കേട്ടു കേള്‍വികളുടെ പിറകേ ആണ് മാധ്യമങ്ങളില്‍ പലതും. ഇനി പിള്ളയുടെ സ്ഥാനത്ത് സുപ്രീം കോടതി ശിക്ഷിച്ച ഒരു സി.പി.ഐ.എം നേതാവിനെ പ്രതിഷ്ടിച്ച് ഈ സംഭവങ്ങളൊന്ന് ആലോചിച്ച് നോക്കൂ. അയാളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയത്തിലെ അധ്യാപകനെ ഇത് പോലെ ആരോ ആക്രമിച്ചു എന്ന് കരുതുക. അദ്ദേഹത്തിന്റെ ഭാര്യ ജയിലില്‍ ഉള്ള ഈ നേതാവിനെപ്പറ്റി സംശയം ഉന്നയിച്ചു എന്നും കരുതുക. ജയിലില്‍ നിന്ന് അയാള്‍ ഫോണ്‍ ചെയ്യുന്നതിന്റെ ഓഡിയോ പുറത്തു വന്നു എന്ന് കരുതുക. അയാള്‍ വിവിധ സി.പി.ഐ.എം നേതാക്കാളെ ബന്ധപ്പെട്ടതിന്റെ കോള്‍ ലിസ്റ്റ് കിട്ടി എന്നും കരുതുക. എന്തായിരിക്കും ഇവിടെ പുകില്‍ എന്ന് ഒന്ന് ആലോചിച്ച് നോക്കുക.
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് പിള്ള ജയിലില്‍ പോയപ്പോള്‍ ഒരു പ്രമുഖ പത്രവും മുഖപ്രസംഗം എഴുതിയില്ല. പിള്ളക്ക് അനര്‍ഹ പരോള്‍ ലഭിച്ചപ്പോഴോ ചികിത്സ എന്ന് പറഞ്ഞ കിംസിലെക്ക് മാറ്റിയപ്പോഴോ ഇത് സംഭവിച്ചില്ല.അപ്പോള്‍ ചിലരുടെ കാര്യങ്ങള്‍ അങ്ങനെയാണ്. നാളെ പിള്ളയല്ല അധ്യാപകനെ അക്രമിച്ചതിന് പിന്നില്‍ എന്ന് തെളിഞ്ഞേക്കാം പക്ഷെ അങ്ങനെ അല്ലാ എന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്നെ പ്രഖ്യാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം വാര്‍ത്തകളുടെ വരികളില്‍ നിന്ന് എന്തോ ചീഞ്ഞ് നാറുന്നില്ലേ…?
No comments:
Post a Comment