മുന്‍മന്ത്രി ആര് ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനുണ്ടായ ദുരനുഭവം ഓര്‍മിപ്പിക്കുന്നത് ഇടമലയാര്‍ അഴിമതിക്കേസിലെ മുഖ്യസാക്ഷിയായിരുന്ന സിവില്‍ എന്‍ജിനിയര്‍ മത്തായിക്കും കുടുംബത്തിനും ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തം.
ഇടമലയാര്‍ കേസ് തേച്ചുമാച്ചു കളയാന്‍ കൊണ്ടുപിടിച്ച നീക്കം നടക്കുന്നതിനിടെ മത്തായിയും ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സംഭവം ഏറെ വിവാദമുയര്‍ത്തിയിട്ടും ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു.
കെ കരുണാകരന് മുഖ്യമന്ത്രിയായ 1982-87 മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെയാണ് പിള്ള മുഖ്യപ്രതിയായ ഇടമലയാര്‍ അഴിമതി നടന്നത്.
ഇടമലയാര്‍ പവര്‍സ്റ്റേഷനില്‍ ദീര്‍ഘകാലം എന്‍ജിനിയറായിരുന്ന കോലഞ്ചേരി പട്ടിമറ്റം മേച്ചങ്കര മത്തായി കേസിലെ മുഖ്യസാക്ഷിയുമായി. സത്യസന്ധമായി ഔദ്യോഗികജീവിതം നയിച്ച മത്തായി പ്രധാന സാക്ഷിയാണെന്നത് പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ക്ക് തലവേദനയായി.
ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ച മത്തായി കുടുംബത്തോടൊപ്പം 1996 ജനുവരി 16നാണ് മരിച്ചത്. പുതുതായി നിര്‍മിച്ചുകൊണ്ടിരുന്ന വീടിനുമുന്നിലെ കിണറ്റില്‍ കഴുത്തറ്റ നിലയില്‍ മത്തായി(56)യുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ കിഴക്കമ്പലം ഞാറല്ലൂര്‍ ഹൈസ്കൂള്‍ അധ്യാപിക ഏലമ്മ (53)യുടെയും മക്കളായ സിനി(19), ജിനി(17) എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലുമാണ് കണ്ടത്. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങളില്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മന്ത്രിയും ഉന്നത കെഎസ്ഇബി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഇടമലയാര്‍ കേസ് തേച്ചുമാച്ചുകളയാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങള്‍ നടക്കുമ്പോഴാണ് കോളിളക്കമുണ്ടാക്കി ഈ കൂട്ടമരണം നടന്നത്.
കേസില്‍ ജസ്റ്റിസ് സുകുമാരന്‍ കമീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരെന്നു കണ്ടെത്തി. തുടര്‍ന്ന്, കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. 1990ല്‍ ക്രൈംബ്രാഞ്ച് പ്രത്യേകകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1991 അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ പിന്‍വലിച്ച് കേസില്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയിലെത്തി.
സുപ്രീംകോടതി അനുമതിയോടെ പ്രത്യേകകോടതിയില്‍ വിസ്താരം തുടങ്ങുന്നതിന് ഒരുമാസംമുമ്പാണ് മത്തായിയും കുടുംബവും മരിച്ചത്.
സ്ഥലത്തെത്തിയ അന്നത്തെ റൂറല്‍ എസ്പി ടോമിന്‍ ജെ തച്ചങ്കരി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം സംഭവം ആത്മഹത്യയെന്ന് വിധിയെഴുതി. എന്തായാലും, കൊലപാതകമാണെന്നതിന്റെ ശക്തമായ തെളിവുകള്‍ അവശേഷിച്ചിട്ടും ലോക്കല്‍ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സ്പെഷ്യല്‍ സ്ക്വാഡുമൊക്കെ അന്വേഷിച്ച് ആത്മഹത്യയായി തന്നെ 2007ല്‍ കേസ് അവസാനിച്ചു.
വീടിന്റെ രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് നിശ്ചയിച്ചിരുന്നതിന്റെ തലേന്നാണ് മത്തായിയും കുടുംബവും മരിച്ചത്. തലേന്നു രാത്രി വൈകുവോളം ഉത്സാഹപൂര്‍വം വീടുനിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മത്തായിയും കുടുംബവും ആത്മഹത്യചെയ്യുമെന്നു വിശ്വസിക്കാന്‍ അയല്‍ക്കാര്‍ക്കാകുന്നില്ല.
എംസിഎ കഴിഞ്ഞ സിനി പിറ്റേന്ന് ഫാക്ടില്‍ പ്രോജക്ട് വര്‍ക്കിനു ചേരേണ്ടതായിരുന്നു. വീടിന് 200 മീറ്ററോളം അകലെ മത്തായിയുടെ കണ്ണട കണ്ടെത്തിയിരുന്നു. ഭാര്യയെയും മക്കളെയും കൊന്നശേഷം അടുത്തുള്ള കുരിശുപള്ളിയില്‍ വഴിപാടിടാന്‍ വന്നപ്പോള്‍ കണ്ണട നഷ്ടപ്പെട്ടതാണെന്ന കണ്ടെത്തല്‍പോലും പൊലീസ് നടത്തി. കൊലപാതകമെന്നു വിധിയെഴുതാവുന്ന നിരവധി തെളിവുകള്‍ അവഗണിക്കപ്പെട്ടു
No comments:
Post a Comment