മൈദയ്‌ക്കും പൊറോട്ടയ്‌ക്കുമെതിരേ ജനകീയമുന്നേറ്റം ശക്‌തമാകുന്നു
കോഴിക്കോട്: ജീവിതശൈലീ രോഗങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്തു മൈദയ്‌ക്കെതിരേ ജനകീയമുന്നേറ്റം ശക്‌തമായി. മലയാളികളില്‍ സര്‍വസാധാരണമായ പ്രമേഹം, അമിതരക്‌തസമ്മര്‍ദം എന്നിവയ്‌ക്കു പിന്നിലെ പ്രധാന വില്ലന്‍ മൈദയാണെന്നു കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തില്‍ പാലക്കാട്ടെയും മലപ്പുറത്തെയും ചില സംഘടനകളുടെ നേതൃത്വത്തിലാണു പ്രചാരണം.
ഗോതമ്പുപൊടിയുടെ ഉപോല്‍പ്പന്നമായ മൈദയാണു ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കുന്നതെന്ന വസ്‌തുതയ്‌ക്കാണു പ്രചാരണത്തില്‍ മുന്‍തൂക്കം. പാലക്കാട്ടെ 'മൈദ വര്‍ജനസമിതി' കഴിഞ്ഞ ഏപ്രില്‍ 18-നു തുടക്കമിട്ട പ്രചാരണം മലപ്പുറം ജില്ലയിലും സജീവമായി. വരും ദിവസങ്ങളില്‍ ഇതു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. ഉമിയും തവിടും നാരുമുള്ള ഗോതമ്പുപൊടിയുടെ സംസ്‌കരണമാലിന്യമാണു മൈദയെന്ന പേരില്‍ വിപണിയിലെത്തുന്നത്. ഇതു വര്‍ഷങ്ങള്‍ക്കുമുമ്പേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണു പ്രചാരണം. ഗോതമ്പു സംസ്‌കരണത്തില്‍ അവസാനം ലഭിക്കുന്ന തരിയാണു റവയെന്ന പേരില്‍ വിപണിയിലെത്തുന്നത്. മിച്ചമുള്ള പൊടി ബെന്‍സോയിക് പെറോക്‌സൈഡ് എന്ന രാസപദാര്‍ഥം ഉപയോഗിച്ചു ബ്ലീച്ച് ചെയ്‌തും മറ്റൊരു രാസവസ്‌തുവായ അലോക്‌സന്‍ ചേര്‍ത്തു മൃദുവാക്കിയുമാണു മൈദയാക്കുന്നത്. പൊറോട്ടയും ബേക്കറി വിഭവങ്ങളുമായി മൈദ മലയാളിയുടെ മെനുവില്‍ പതിവുകാരനായി.
മരുന്നു പരീക്ഷണ ലബോറട്ടറികളില്‍ ഗിനിപ്പന്നികളിലും വെള്ള എലികളിലും പ്രമേഹമുണ്ടാകാന്‍ അലോക്‌സനാണു കുത്തിവയ്‌ക്കുന്നത്. മനുഷ്യരിലും അലോക്‌സന്‍ അടങ്ങിയ മൈദ അകത്തുചെന്നാല്‍ പ്രമേഹമുണ്ടാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. വൃക്ക, ഹൃദയരോഗങ്ങള്‍, കരള്‍വീക്കം എന്നിവയ്‌ക്കും മൈദ സാധ്യത വര്‍ധിപ്പിക്കുന്നു. അലോക്‌സന്‍ ഉള്ളില്‍ച്ചെല്ലുന്നതോടെ പാന്‍ക്രിയാസിലെ ബീറ്റാസെല്ലുകള്‍ ഹൈഡ്രോക്‌സിന്‍ റാഡിക്കല്‍ ഫോര്‍മേഷന്‍ എന്ന പ്രക്രിയയ്‌ക്കു വിധേയമായി നശിക്കുകയും തന്മൂലം ഇന്‍സുലിന്‍ കുറഞ്ഞു പ്രമേഹവുമാണു ഫലം. പതിവായി മൈദ അകത്താക്കുന്നവരില്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതായും കണ്ടെത്തി. അലോക്‌സന് അടിമയാകുന്നതുകൊണ്ടാണത്രേ പൊറോട്ട കഴിക്കുന്നവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്.
മൈദപോലെ ഫാസ്‌റ്റ്ഫുഡില്‍ വ്യാപകമായി ഉപയോഗിക്കുന്ന അജിനാമോട്ടോ, ബേക്കറി പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന കൃത്രിമമധുരം, പ്രിസര്‍വേറ്റീവ്‌സ് എന്നിവയ്‌ക്കെതിരേയും പ്രചാരണം വ്യാപിപ്പിക്കും. കൃത്രിമ മധുരമടങ്ങിയ ബേക്കറി പലഹാരങ്ങള്‍ കൂടുതലായി കഴിക്കുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബേക്കറി സാധനങ്ങളില്‍ വനസ്‌പതിയും മൈദയുമാണു കൂടുതലായി ഉപയോഗിക്കുന്നത്. മൈദയെ ദഹിപ്പിക്കാനുള്ള ശേഷി മനുഷ്യശരീരത്തിനില്ല. സ്‌ഥിരമായി പൊറോട്ട കഴിക്കുന്നവരാണത്രേ കുഴഞ്ഞുവീണു മരിക്കുന്നവരില്‍ ഏറെയും. ഇതിന്റെയൊക്കെ അടിസ്‌ഥാനത്തിലാണു 'മൈദയെ അറിയുക, മൈദയ്‌ക്കെതിരേ പോരാടുക, പൊറോട്ട നിന്നെയും കുടുംബത്തെയും നശിപ്പിക്കും' എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ക്കു പാലക്കാട്ടെ കൂട്ടായ്‌മ തുടക്കമിട്ടത്. കഴിഞ്ഞ ഏപ്രില്‍ 18-നു പാലക്കാട് കലക്‌ടറേറ്റിനു മുന്നില്‍ ഏകദിന ഉപവാസമായിരുന്നു ആദ്യ പ്രചാരണപരിപാടി.
പിന്നീടു മൈദയേയും ശരീരത്തിനു ദോഷം ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങളെയും കുറിച്ചു ലഘുലേഖ അച്ചടിച്ചു വിതരണം ചെയ്‌തു. സ്‌കൂള്‍, കോളജ്, കുടുംബശ്രീകള്‍ എന്നിവ കേന്ദ്രീകരിച്ചു നാല്‍പ്പതോളം ക്ലാസുകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ തിരൂര്‍ കേന്ദ്രീകരിച്ചുള്ള കരുണ കൂട്ടായ്‌മയാണു മൈദാവിരുദ്ധ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്.
മൂന്നാറിലെ ഹോട്ടലുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ് ഇടിച്ചുനിരത്തേണ്ടത് എന്ന സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ വാക്കുകളിലാണു മൈദാവിരുദ്ധ പ്രവര്‍ത്തകരുടെ പ്രചാരണ ലഘുലേഖയുടെ തുടക്കം. പ്രചാരണം തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിപ്പിക്കും.
No comments:
Post a Comment