കൊക്കോക്കോളയെയും മറ്റും പറപ്പിച്ച സിപിഎമ്മുകാര്‍ ഭരിക്കുന്ന കോഴിക്കോട് നഗരത്തില്‍ നിന്ന് ഒരു മള്‍ട്ടിനാഷന്‍ കോഴിക്കച്ചവടക്കാരനെ തുരത്തിയതിന്റെ കഥയാണ്.മലയാളിക്ക് ചിക്കനെന്നു പറഞ്ഞാല്‍ ജീവനാണെന്നാണ് സങ്കല്‍പം. വീട്ടിലമ്മച്ചി വച്ചുണ്ടാക്കി തരുന്ന കോഴിക്കോറിയും കെട്ടിയോള്‍ടെ ചിക്കന്‍ ഫ്രൈയും എല്ലാം തോറ്റുപോകുന്ന കെഎഫ്‍സി എന്നു പറയുന്ന ഫോറിന്‍ സാധനവുമായി ഇന്ത്യയിലെ തിരഞ്ഞെടുക്ക സ്ഥലങ്ങളില്‍ മാത്രം രണ്ടുവട്ടം ആലോചിച്ച ശേഷം തുടങ്ങുന്ന കെഎഫ്‍സി റസ്റ്ററന്റ് ആരംഭിച്ച് രണ്ടാഴ്ച കൊണ്ട് പൂട്ടിച്ചതിന്റെ കഥയാണ്.
സെപ്റ്റംബര്‍ പകുതിയോടെയാണ് കുടുംബത്തില്‍ പിറന്ന മാന്യന്മാര്‍ ഏറെ നാളായി ആഗ്രഹിക്കുന്ന കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്ന കെഎഫ്‍സിയുടെ സാമാന്യം വലിയ ഒരു റസ്റ്ററന്റ് കോഴിക്കോട്ട് തുടങ്ങിയത്.കെഎഫ്‍സിയുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റസ്റ്ററന്റാണ് കോഴിക്കോട്ടേത് എന്നാണ് പറഞ്ഞു കേട്ടത്. മാവൂര്‍ റോഡ് ജംക്ഷനില്‍ ഹോളിഡേ സിറ്റി സെന്ററില്‍ കുരിശുപള്ളിയുടെ നേരെ എതിര്‍വശത്താണ് സംരംഭം.ആ കുരിശുപള്ളിയുടെ നേരേ എതിര്‍വശത്ത് ഇതുവരെ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോയതിനെപ്പറ്റി ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ അവതരിപ്പിച്ചത് കെഎഫ്‍സിക്കാരറിഞ്ഞു കാണില്ല.
കെഎഫ്‍സി തുടങ്ങിയതും ജനം അങ്ങോട്ടൊഴുകി.സാഗര്‍,സല്‍ക്കാര,പാരഗണ്‍ തുടങ്ങിയ നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ഹോട്ടലുകാര്‍ക്ക് ബിസിനസ് കുറഞ്ഞോ എന്നറിയില്ലെങ്കിലും കുറഞ്ഞപക്ഷം അസൂയ എങ്കിലും തോന്നിക്കാണും.ഒരേ സമയം 212 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാന്‍ മാത്രം വലിപ്പമുള്ള റസ്റ്ററന്റില്‍ ആളുകള്‍ ഇരിപ്പും നില്‍പ്പും കഴിഞ്ഞ് പെരുവിരലിലൂന്നി നിന്നു എന്നാണ് ദൃക്‍സാക്ഷികള്‍ പറയുന്നത്.കോഴിക്കോടിന്റെ അന്തസ്സ് വര്‍ധിച്ചു എന്നു വരെ പലരും പറഞ്ഞു.വിദേശത്തുള്ള ബന്ധുക്കളെയൊക്കെ ഫോണില്‍ വിളിച്ച് കോഴിക്കോട്ടും കെഎഫ്‍സി തുടങ്ങിയതായി അറിയിച്ചു.കെഎഫ്‍സിയുടെ സഹവാസം കൊണ്ട് കോഴിക്കോട്ടെ മറ്റ് ഹോട്ടലുകളുടെ നിലവാര വര്‍ധിക്കുമെന്നു ചിലര്‍ പ്രതീക്ഷിച്ചു.
എന്നിട്ടെന്തുണ്ടായി ?
ആഴ്ചയൊന്നു കഴിയും മുമ്പ് കെഎഫ്‍സിയില്‍ നിന്നു മാന്യന്മാര്‍ നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങിയതിന്റെ ഉച്ചിഷ്ടവും അമേധ്യവും ഓള്‍റെഡി പ്ലാസ്റ്റിക് മാലിന്യവിമുക്തമായ (ആ കോമഡി വേറൊരു എപ്പിഡോസില്‍ പറയാം),അടുത്തുതന്നെ സമ്പൂര്‍ണ മാലിന്യമുക്തമാകാന്‍ പോകുന്ന കോഴിക്കോട് നഗരവീഥികളുടെ വലതുവശം ചേര്‍ത്ത് ചൊരിഞ്ഞു തുടങ്ങി. ഒന്നോ രണ്ടോ സ്ഥലത്ത് കെഎഫ്‍സി മാലിന്യം നിക്ഷേപിച്ചു എന്നല്ല,കിലോമീറ്ററുകളോളം ദൂരം കെഎഫ്‍സിയുടെ പരസ്യമെന്നപോലെ ലോഗോ പതിച്ച പാത്രങ്ങളും ഗ്ലാസുകളുമടങ്ങുന്ന മാലിന്യം റോഡില്‍ നിക്ഷേപിക്കപ്പെട്ടു.
കോഴിക്കോട്ടുകാരോടാ കളി.വല്ലയിടത്തും വല്ലവനും മാലിന്യം കൊണ്ടുതള്ളിയിട്ടു മുങ്ങിയാല്‍ അത് അഴിച്ച് പരിശോധിച്ച് എന്തെങ്കിലും തെളിവ് സംഘടിപ്പിച്ച് തള്ളിയവനെ കണ്ടുപിടിച്ച് അത് നീക്കം ചെയ്യിക്കുന്ന കക്ഷികളാണ്. ഒരു കല്യാണവീട്ടില്‍ നിന്നു റോഡുവക്കില്‍ കൊണ്ടുവന്ന് തള്ളിയ വിവാഹവിരുന്നിന്റെ മാലിന്യം ഹണിമൂണിനു മുമ്പ് കല്യാണചെക്കനെക്കൊണ്ട് തന്നെ ചുമന്ന് മാറ്റിച്ച ചരിത്രമുള്ള നാടാണ്.കെഎഫ്‍സിയുടെ മാലിന്യങ്ങളെല്ലാംകൂടി ഒരു ടിപ്പര്‍ പിടിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു ശേഖരിച്ച് ഉച്ചയോടെ നാട്ടുകാര്‍ സുന്ദരമായ കെഎഫ്‍സി റസ്റ്ററന്റിന്റെ മുന്നില്‍ കൊണ്ടുവന്നിറക്കി അവിടെ കുത്തിയിരിപ്പു സമരം നടത്തി.
അതോടെ സംഗതി ചൂടായി.പാര്‍ട്ടിക്കാരായി,പൊലീസായി,ചര്‍ച്ചയായി,ബഹളമായി.ഒരുമാതിരി കെന്റക്കിയിലെ പരിപാടി കോഴിക്കോട്ട് കാണിച്ചതിന് കോര്‍പറേഷന്‍ കെഎഫ്‍സി അടപ്പിച്ചു,ചര്‍ച്ചയെല്ലാം കഴിഞ്ഞ് വൈകിട്ടു തുറന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു നിര്‍ദേശിച്ചു.കെഎഫ്‍സി കൊടുത്ത വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ട് കെഎഫ്‍സിയുടെ ലൈസന്‍സ് റദ്ദാക്കി, കടയടപ്പിച്ചു.ഇനി തുറക്കണമെങ്കില്‍ വേറെ ആപ്ലിക്കേഷനും രേഖകളും ഹാജരാക്കണമെന്നു പറഞ്ഞു വിട്ടു.
സംഗതിയെല്ലാം സംഘടിപ്പിച്ചുകൊണ്ടുവന്നെങ്കിലും മാലിന്യസംസ്കരണത്തിനാവശ്യമായ രേഖകളോ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ കോര്‍പറേഷന്‍ കെഎഫ്‍സിക്ക് പുതിയ ലൈസന്‍സ് നല്‍കേണ്ട എന്നു തീരുമാനിച്ചു. ചുരുക്കിപ്പറഞ്ഞാല്‍,കോഴിക്കോട്ട് കെഎഫ്‍സി തുടങ്ങി, പൂട്ടി. എല്ലാം പെട്ടെന്നായിരുന്നു.കോഴിക്കോട്ട് കെഎഫ്‍സി ഉണ്ടെന്നു കേട്ടിട്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തല്‍ക്കാലം അത് ക്യാന്‍സല്‍ ചെയ്ത് നാടന്‍ കോഴിയെ തിന്നു വിശപ്പടക്കുക.കൊക്കക്കോളയെ ഓടിച്ച അത്രയും അധ്വാനമില്ലാതെ നമ്മള്‍ കോഴിക്കച്ചവടക്കാരെ ഓടിച്ചു. അത്രേയു
No comments:
Post a Comment