ഓണം വലിയൊരു സംഭവമായി മണ്ടന്‍മാരായ മലയാളികള്‍ ആഘോഷിക്കുമ്പോള്‍ ജനാധിപത്യവും സോഷ്യലിസവും സെക്യുലറിസവും പുലരുന്ന വര്‍ത്തമാനകാല ഇന്ത്യയുടെ മടിത്തട്ടിലിരുന്നുകൊണ്ട് ഈ ഫ്യൂഡല്‍ ആഘോഷത്തില്‍ മുങ്ങിക്കുളിക്കുന്ന മലയാളികളോട് എന്റെ തികഞ്ഞ പുച്ഛം അറിയിക്കാനാണീ പോസ്റ്റ്. തിരുവനന്തപുരത്ത് ഏതോ ഔട്ട്ഡേറ്റഡ് രാജാവിനെ ബഹുമാനിച്ചത് വലിയ അക്രമമായിപ്പോയി എന്നു പറഞ്ഞ് മുണ്ടുമടക്കിയുടുത്തിറങ്ങിയ സഖാക്കന്‍മാര്‍ പോലും ഇന്ന് മാവേലി വരുമെന്നും പറഞ്ഞ് കുളിച്ച് കുറിയും തൊട്ട് ഓണമുണ്ണി എന്നാണ് കേള്‍ക്കുന്നത്. വിഡ്ഡികള്‍ !
ഞാന്‍ മനസിലാക്കിയിടത്തോളം പണ്ടെന്നോ കേരളം ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു മാവേലി. പുള്ളിക്കാരനെ വാമനന്‍ ഭൂമിക്കടിയിലേക്ക് ചവുട്ടിത്താഴ്‍ത്തുകയും (ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് കുറ്റകൃത്യമായിരിക്കാം ഇത്)അതു കഴിഞ്ഞ് സിഐഎ ചാരനെപ്പോലെ അദ്ദേഹം എല്ലാ വര്‍ഷവും ഇവിടുത്തെ സെറ്റപ്പ് കണ്ടു മനസ്സിലാക്കാന്‍ വന്നുപോവുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പം.
യുക്തിപൂര്‍വം ചിന്തിക്കുന്ന ബുദ്ധിജീവികളുടെയും തത്വചിന്തകരുടെയും ഭാഷയില്‍ പറഞ്ഞാല്‍ 1947ല്‍ ഇന്ത്യയ്‍്ക്ക് സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട് അതിനു ശേഷം ഏതെങ്കിലും രാജാവിനെ ഇവിടെ ബഹുമാനിക്കുന്നതോ ആരാധിക്കുന്നതോ ഷണ്ഡത്വമാണ്.
ലോകമെങ്ങും രാജഭരണത്തിന്‍ കീഴിലുള്ള ജനതകള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിക്കുമ്പോള്‍,ഇവിടെ നല്ല അസ്സല്‍ ജനാധിപത്യത്തിന്‍ കീഴില്‍ എന്തു തോന്നാസ്യത്തിനും ലൈസന്‍സുള്ള ഒരു സമൂഹം പഴയ രാജാവ് വരുമെന്നും പറഞ്ഞ് ആഘോഷിക്കുകയാണ്. ആ രാജാവിന്റെ കാലം എന്നെങ്കിലും വരുമെന്നു കവികളും കലാകാരന്മാരും ബുദ്ധിജീവികളും ടിവി ചാനലുകളിലൂടെ ആഗ്രഹിച്ചിട്ടു പോയി. ഇത് നിലവിലുള്ള ഭരണസംവിധാനത്തോടും നമ്മുടെ ജനാധിപത്യമൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്.ജനാധിപത്യവിശ്വാസികള്‍ ഓണം എന്ന ആഘോഷത്തെയും അതിന്റെ ആശയത്തെയും തള്ളിക്കളയണമെന്നും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഓണത്തിനു നിരോധനമേര്‍പ്പെടുത്തി ജനങ്ങളെ ജനാധിപത്യത്തിനും നിലവിലുള്ള ഭരണാധികാരികള്‍ക്കും എതിരായി മാറ്റാന്‍ സാധ്യതയുള്ള മാവേലിയെ പിടിച്ച് അകത്തിടണമെന്നും അഭ്യര്‍ഥിക്കുകയാണ്. പണ്ടത്തെ രാജാവിന്റെ കാലമായിരുന്നു നല്ലത് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്ന സര്‍ക്കാര്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ് എന്നതാണ് സത്യം.
തിരുവനന്തപുരത്തെ പഴയ രാജാവിനെ മഹാരാജാവെന്നു വിളിക്കുന്നതും ബഹുമാനിക്കുന്നതും ആണായിപ്പിറന്ന ജനാധിപത്യവിശ്വാസികള്‍ക്കു ചേര്‍ന്നതല്ലെന്നും അങ്ങേരെ വഴിയിലിട്ടു തല്ലാത്തത് തങ്ങളുടെ മഹാമനസ്തക കൊണ്ടാണെന്നും പറഞ്ഞ യുക്തിജീവികള്‍ ഓണത്തിനു ലീവ് കിട്ടിയില്ല എന്നു പറഞ്ഞ് സ്വന്തം ബോസ്സിനെ തെറിവിളിക്കുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.പഴയൊരു രാജാവിനെ പാടിപ്പുകഴ്‍ത്താന്‍ വേണ്ടി പത്തു ദിവസം ലീവെടുത്ത് വീട്ടിലിരിക്കാന്‍ ഇവര്‍ക്കു നാണമില്ലേ ?
മാവേലി ഇടതുപക്ഷ ചിന്താഗതിക്കാരനും വാമനന്‍ വലതുപക്ഷ ചിന്താഗതിക്കാരനുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഒരിടതുപക്ഷക്കാരനെ വലതുപക്ഷക്കാരന്‍ ചവുട്ടിത്താഴ്‍ത്തിയതിന്റെ ആഘോഷമാണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഓണം രക്തസാക്ഷിദിനമായല്ലേ ആചരിക്കേണ്ടത് ? ദൈവവും ആത്മാവുമൊന്നുമില്ല എന്നു പ്രഖ്യാപിച്ചിട്ടുള്ളവര്‍ ആയിരക്കണക്കിനു കൊല്ലം കഴിഞ്ഞും മാവേലി കേരള ടൂറിസം വാരാഘോഷത്തില്‍ പങ്കെടുക്കാന്‍ വരുമെന്നു വിശ്വസിക്കുന്നത് ഏത് സ്റ്റഡി ക്ലാസിന്റെ തകരാറാണ് ?
ഇനിയിപ്പോ മാവേലി ഭരിച്ചിരുന്ന കാലം സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് യുഗത്തെക്കാള്‍ സമത്വസുന്ദരമായിരുന്നു എന്നാണ് പറയുന്നതെങ്കില്‍ അതിലും പ്രശ്നങ്ങളുണ്ട്. മാവേലിയുടെ ലുക്കും വേഷവിധാനവുമൊന്നും അത്തരത്തിലൊരു രാജാവിന്റേതല്ല. കിരീടമൊക്കെ വച്ച് ഓലക്കുടയും ചൂടി നല്ല പോര്‍ഷായിട്ടാണ് അദ്ദേഹം വര്‍ഷാവര്‍ഷം ഇന്സ്പെക്ഷനു വരുന്നത്. മാവേലി പോപ്പിക്കുട ചൂടാതെ ഓലക്കുട ചൂടുന്നത് ഗാന്ധിയന്‍ ആദര്‍ശത്തിന്റെ ഭാഗമാണെന്ന് ആരും കരുതേണ്ട. അന്ന് ഓലക്കുടയായിരുന്നു പോപ്പിക്കുകയെക്കാള്‍ ഗ്ലാമറസ്. പിന്നെ കുടവയര്‍. ജനപക്ഷത്തു നില്‍ക്കുന്ന,സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഒരു നേതാവിനും കുടവയറുണ്ടാവില്ല (ഉദാ- രാഹുല്‍ ഗാന്ധി,വിഎസ്.അച്യുതാനന്ദന്‍).മാവേലിയുടെ ഐഡന്റിറ്റി തന്നെ കുടവയറാണ്. ആ കുടവയര്‍ അലസനും ഭക്ഷണപ്രിയനുമായ കോടീശ്വരന്റെ ലക്ഷണമാണ്. ആ കുടവയറിന്റെ ഉടമയായ രാജാവിന്റെ കാലത്ത് കേരളത്തില്‍ സമത്വവും സമൃദ്ധിയുമായിരുന്നു എന്നു പറഞ്ഞാല്‍ തലയ്‍ക്കു വെളിവുള്ള യുക്തിവാദികള്‍ അംഗീകരിക്കില്ല.
ഇനി നന്നായി മദ്യപിക്കുന്ന ചില നല്ല മനുഷ്യര്‍ക്ക് ഇതുപോലെ കുടവയറുള്ളതായി കണ്ടിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലെ മദ്യവില്‍പനയുടെ അളവും ബിവറേജസ് കോര്‍പറേഷനു മുന്നില്‍ ജാതിമതഭേദമില്ലാതെ എല്ലാ മാനുഷരും ഒന്നുപോലെ ക്യു നില്‍ക്കുന്നതും കാണുമ്പോള്‍ സംശയം ആ വഴിക്കാണ്. കേരളത്തിന്റെ സംസ്കാരത്തനിമയുടെ തലതൊട്ടപ്പന്‍ അദ്ദേഹമായിരിക്കുമോ ? അങ്ങനെ കുടിച്ച് കുടിച്ച് വീട്ടില്‍ സ്വൈര്യമില്ലാതായപ്പോള്‍ മദ്യപാനത്തില്‍ നിന്നു മോചനം നേടാന്‍ മാവേലിയെ ഭാര്യ നിര്‍ബന്ധിച്ച് കരിസ്മാറ്റിക് ധ്യാനത്തിനു പറഞ്ഞയക്കുകയും ധ്യാനകേന്ദ്രത്തില്‍ വച്ച് അദ്ദേഹം തിളച്ച പായസത്തില്‍ വീണ് (അതാണ് ഓണക്കാലത്ത് പായസത്തിന് ഇത്ര പ്രാധാന്യം)കൊല്ലപ്പെടുകയുമായിരുന്നെങ്കിലോ ? ചരിത്രകാരന്മാരും യുക്തിവാദികളും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തേണ്ടതുണ്ട്. പിന്നെ അബദ്ധം പറ്റി എന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ.
*ക്രിയേറ്റിവിറ്റിയ്ക്ക് കഞ്ചാവിനോളം ബെസ്റ്റ് സാധനം വേറെയില്ല. ഹാപ്പി ഓണം !
കടപ്പാട്:ബെര്‍ലിതരങ്ങള്‍ .................................
No comments:
Post a Comment