ഐസ്‌ക്രീം കേസ്: മൊഴി മാറ്റിയതു ഭീഷണി മൂലമെന്നു യുവതികള്‍
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കെ.എ. റൗഫിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ചു നടക്കുന്ന പുനരന്വേഷണത്തിലും അട്ടിമറിശ്രമം. ഭീഷണിപ്പെടുത്തി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴിമാറ്റിച്ചെന്ന ആരോപണവുമായി കേസിലെ ഇരകളും സാക്ഷികളുമായ മീനങ്ങാടി മഠത്തില്‍ ഹൗസില്‍ കെ. ബിന്ദു, കോഴിക്കോട് എരഞ്ഞിപ്പാലം സി.ഡി.എ. കോളനിയില്‍ പി. റോസ്ലിന്‍ എന്നിവരാണു രംഗത്തെത്തിയത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, അന്വേഷണ ഉദ്യോഗസ്‌ഥര്‍, കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) എന്നിവര്‍ക്കയച്ച കത്തിലാണ് ഇവരുടെ വെളിപ്പെടുത്തല്‍.
ഐ.ജി: വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണു പുനരന്വേഷണം നടത്തുന്നത്. സംഘാംഗമായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ചോദ്യം ചെയ്യുന്നതിനു മുമ്പാണത്രേ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ഭീഷണിയുണ്ടായതും യുവതികള്‍ അതനുസരിച്ചതും.
റൗഫിനെ കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി അന്നത്തെ സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്രീജിത്തിനു നിര്‍ദേശം നല്‍കിയിരുന്നതായും കത്തില്‍ ആരോപണമുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് കഴിഞ്ഞാലുടന്‍ ഗള്‍ഫില്‍ കൊണ്ടുപോകാമെന്നു കുഞ്ഞാലിക്കുട്ടി വാഗ്‌ദാനം ചെയ്‌തെന്നും അതിനുള്ള രേഖകളെല്ലാം ശരിയാക്കിയതു കെ.എ. റൗഫാണെന്നും ഇവര്‍ പറയുന്നു. ഡിവൈ.എസ്.പി: ജയ്‌സണ്‍ കെ. എബ്രഹാം ചോദ്യംചെയ്‌തപ്പോള്‍ ഓര്‍മയുള്ളതെല്ലാം പറഞ്ഞതായി ബിന്ദുവിന്റെ കത്തില്‍ വ്യക്‌തമാക്കുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥന്‍ ചോദ്യംചെയ്യുന്നതിനു മുമ്പ് ചേളാരി സ്വദേശി ഷെരീഫ് ഫോണില്‍ വിളിച്ചു വീട്ടില്‍ ചെല്ലണമെന്നു നിര്‍ബന്ധിച്ചു.
പലതവണ പണം തന്ന ആളെന്ന നിലയ്‌ക്കു റോസ്ലിനെയും കൂട്ടിയാണ് അവിടെ പോയത്. താന്‍ പറയുന്നതുപോലെ മൊഴി നല്‍കണമെന്നും അല്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്നും ഷെരീഫ് ഭീഷണിപ്പെടുത്തി. പോലീസ് എന്തൊക്കെ ചോദ്യങ്ങളാണു ചോദിക്കുകയെന്നും അയാള്‍ പറഞ്ഞുതന്നു. ഷെരീഫ് പറഞ്ഞുതന്ന അതേ ചോദ്യങ്ങളാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥന്‍ ചോദിച്ചതെന്നു കത്തില്‍ പറയുന്നു. അതിനു മുമ്പും ഷെരീഫിന്റെ വീട്ടിലേക്കു വിളിപ്പിച്ച് അവര്‍ പറയുംപോലെ മൊഴി കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തേ കുഞ്ഞാലിക്കുട്ടിയുടെ പേരു പറയാതിരുന്നതു റൗഫും ഷെരീഫും ഹംസയും പണം നല്‍കിയതുകൊണ്ടാണെന്നു ബിന്ദുവിന്റെ കത്തില്‍ വ്യക്‌തമാക്കി. അന്നു കേസ് തുടങ്ങുന്നതുവരെ ചെലവിനു പണം തന്നത് ഇവരായിരുന്നു. കേസിന്റെ സമയമായപ്പോള്‍ ചാലപ്പുറത്തുള്ള വീട്ടില്‍ ടി.പി. ദാസനും രണ്ട് അഭിഭാഷകരും ചേര്‍ന്നു കോടതിയില്‍ എന്തു പറയണമെന്നു പഠിപ്പിച്ചു. കോടതിയില്‍ അങ്ങനെ പറയാന്‍ ധൈര്യമില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി.
ഒരുപ്രാവശ്യം ചാലപ്പുറത്തുള്ള വീട്ടില്‍ കുഞ്ഞാലിക്കുട്ടിയും റൗഫും വന്നതായും ബിന്ദു പറയുന്നു. ജഡ്‌ജിയേയും സര്‍ക്കാര്‍ വക്കീലിനെയും വേണ്ടപോലെ കണ്ടിട്ടുണ്ടെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ഒരു പ്ലാസ്‌റ്റിക് കവറില്‍ രണ്ടുകെട്ടു പണം റൗഫിനു നല്‍കി. ഒരു കെട്ടു റജീനയ്‌ക്കും മറ്റത് എല്ലാവര്‍ക്കും കൂടിയാണെന്നും പറഞ്ഞു. അതില്‍ കുറച്ചുതുക കേസിനുമുമ്പ് റൗഫ് തന്നു. ബാക്കി കോഴിക്കോട് ഫ്രഞ്ച് ഹോട്ടലിനു സമീപമുള്ള ഒരു മുറിയില്‍വച്ചും തന്നു. കോടതിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചോദ്യവും ജഡ്‌ജി ചോദിച്ചില്ല. കേസ് കഴിഞ്ഞയുടന്‍ ഗള്‍ഫില്‍ പോയി. റെജുലയും റോസ്ലിനുമാണ് ആദ്യം പോയത്. പിന്നെ താനും ഫൈസലും പോയി. ക്ലീനിംഗ് ജോലിയായതിനാല്‍ വേഗം തിരിച്ചുപോന്നു. ദുബായില്‍ എല്ലാ ഏര്‍പ്പാടും ചെയ്‌തുതന്നതു ബാബു എന്നയാളാണെന്നും കത്തില്‍ പറയുന്നു.
റൗഫ് ജയിലില്‍നിന്നു വന്നശേഷം അദ്ദേഹത്തെ കാണാന്‍ ഓഫീസില്‍ പോയിരുന്നതായി റോസ്ലിന്റെ കത്തില്‍ പറയുന്നു. രണ്ടു മണിക്കൂറിനകം ഷെരീഫ് തങ്ങളെ വിളിച്ചു. വീട്ടിലേക്കു ചെല്ലാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു. റൗഫിനെ കാണാന്‍ പോയതെന്തിനാണെന്നും മേലില്‍ കാണരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേദനിപ്പിക്കുന്ന വിധത്തില്‍ സംസാരിച്ചു. പിന്നീടാണു സിറ്റി പോലീസ് കമ്മിഷണറായിരുന്ന എസ്. ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് റൗഫിനെ കുടുക്കണമെന്നു പറഞ്ഞത്. സത്യസന്ധമായി എല്ലാ കാര്യങ്ങളും പോലീസിനോടു പറയാന്‍ അവസരം നല്‍കണമെന്നും യുവതികള്‍ കത്തില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment