ലോക്‌പാല്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ നേതാക്കളുടെ നിലപാടുകള്‍ *പ്രണബ് മുഖര്‍ജി
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം വളരെ പ്രധാനപ്പെട്ട ഘട്ടത്തിലാണ്.
പാര്‍ലമെന്റിന്റെ മേല്‍ക്കോയ്‌മയും ഭരണഘടനയും മാനിച്ചുകൊണ്ടു മാത്രമേ നിയമങ്ങള്‍ പാസാക്കാന്‍ കഴിയൂ. നിയമങ്ങള്‍ നിര്‍മിക്കുന്നതു പാര്‍ലമെന്റ് അംഗങ്ങളാണെന്നും ഭരണഘടനയ്‌ക്കും അതിന്റെ തത്വങ്ങള്‍ക്കും അനുസരിച്ച് നിയമം നിര്‍മിക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരം മാനിക്കണം.
ജന ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റിന്റെ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടാതെ നാലു ദിവസത്തിനുള്ളില്‍ പാസാക്കണമെന്ന ഹസാരെ പക്ഷത്തിന്റെ ആവശ്യം ഭരണഘടനയ്‌ക്ക് അനുസൃതമല്ലാത്തതിനാലാണു സ്വീകരിക്കാതിരുന്നത്.
എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും ലോക്‌പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ ബാധ്യസ്‌ഥരാക്കുന്ന പൗരാവകാശ രേഖ നിര്‍മിക്കുക, ലോക്‌പാലിന്റെ അധികാരത്തോടു കൂടി എല്ലാ സംസ്‌ഥാനങ്ങളിലും ലോകായുക്‌ത കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ അതിന്മേല്‍ ചര്‍ച്ച നടത്തണം. ഹസാരെ സത്യഗ്രഹം അവസാനിപ്പിക്കണമെന്നാണു സഭയുടെ അഭ്യര്‍ഥന.
*സുഷമാ സ്വരാജ്
കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വിഷയങ്ങള്‍ അംഗങ്ങള്‍ക്കു മൂന്നു മിനിട്ട് കൊണ്ട് അവതരിപ്പിക്കാനുള്ള ശൂന്യവേളയില്‍ ലോക്‌പാല്‍ വിഷയത്തില്‍ 15 മിനിട്ട് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കിയതിന്റെ കാരണം വ്യക്‌തമാക്കണം.
ഹസാരെ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങള്‍ക്കു മേല്‍ വെള്ളം കോരിയൊഴിക്കുകയാണു രാഹുല്‍ ചെയ്‌തത്. പ്രധാനമന്ത്രി വല്ലപ്പോഴും മാത്രമേ സംസാരിക്കാറുള്ളൂ. സംസാരിക്കുമ്പോള്‍ ആരും അദ്ദേഹത്തെ ശ്രദ്ധിക്കാറില്ല.
ശക്‌തമായ ലോക്‌പാല്‍ബില്‍ കൊണ്ടുവരുന്നതിനു പകരം മൂര്‍ച്ചയില്ലാത്ത ബില്ലാണു സര്‍ക്കാര്‍ കൊണ്ടുവന്നത്. ഹസാരെ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളെയും ബി.ജെ.പി. പിന്തുണയ്‌ക്കുന്നു. ഇത്രയും കാലം ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതിരുന്ന തെറ്റില്‍ ബി.ജെ.പിയുടെ പങ്ക് അംഗീകരിക്കുന്നു.
ജുഡീഷ്യറിയിലെ അഴിമതി അന്വേഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ കൊണ്ടുവരണം. പ്രധാനമന്ത്രിയെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണം. ലോക്‌പാലില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്നും സുഷമ ആവശ്യപ്പെട്ടു.
*അരുണ്‍ ജയ്‌റ്റ്ലി
പല മേഖലകളിലും അഴിമതി ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജനങ്ങളുടെ അസന്തുഷ്‌ടിയുടെ വ്യക്‌തമായ പ്രകടനമാണ് അണ്ണാ ഹസാരെയ്‌ക്കു ലഭിച്ച ജനപിന്തുണ.
നിലവിലുള്ള പല അവസ്‌ഥകളും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുന്നതല്ല. സാധാരണക്കാര്‍ ജീവിതത്തിന്റെ നിരവധി മേഖലകളില്‍ അഴിമതി പ്രശ്‌നമായി നേരിടുന്നുണ്ട്. അണ്ണാ ഹസാരെ ഉന്നയിച്ച മൂന്നു പ്രശ്‌നങ്ങളെയും പിന്തുണയ്‌ക്കുന്നു.
സംസ്‌ഥാനങ്ങളില്‍ ലോകായുക്‌തയെ നിയമിക്കുന്നത് സംസ്‌ഥാനങ്ങളുടെ അധികാരത്തിന് വിടണം. പ്രധാനമന്ത്രിയെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താം. അന്വേഷണത്തിന്റെ ഭാഗമായുള്ള ഫോണ്‍ ചോര്‍ത്തലിനു ലോക്‌പാലിന് അനുമതി നല്‍കരുത്.
*സീതാറാം യെച്ചൂരി
അടിയന്തരാവസ്‌ഥക്കാലത്ത് നാലു മണിക്കുര്‍ കൊണ്ടു നിയമം പാസാക്കിയ ചരിത്രം പാര്‍ലമെന്റിനുണ്ടെന്നതു മറക്കരുത്. അതിനു കനത്ത വില കൊടുക്കേണ്ടിവന്നു. 40 വര്‍ഷമായിട്ടും ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഈ അവസരം നഷ്‌ടപ്പെടുത്തരുത്.
സംസ്‌ഥാനങ്ങളില്‍ ലോകായുക്‌തയെ നിയമിക്കുന്നതിന് കേന്ദ്രം മാതൃകാ ബില്‍ തയാറാക്കണം. സംസ്‌ഥാനങ്ങള്‍ അവിടുത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് നിയമം പാസാക്കട്ടെ. പ്രധാനമന്ത്രിയെ ലോക്‌പാല്‍ പരിധിയില്‍ കൊണ്ടുവരുന്നതിന് അനുകൂലമാണ്.
പൗരാവകാശ രേഖയെ പൂര്‍ണമായി പിന്തുണയ്‌ക്കുന്നു. മുഴുവന്‍ ഉദ്യോഗസ്‌ഥരെയും ലോക്‌പാല്‍ പരിധിയില്‍ കൊണ്ടുവരുന്നതിന് അനുകൂലമാണെങ്കിലും ഇതിന്റെ പ്രായോഗിക വശം പരിശോധിക്കണം.
*ശരത് യാദവ്
വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ രാഷ്‌ട്രീയക്കാര്‍ക്ക് അറിയില്ലെന്ന് ആരും കരുതരുത്. തങ്ങള്‍ ജീവിതത്തില്‍ മുഴുവന്‍ ജനങ്ങളെ കണ്ടുവന്നവരാണ്. കിരണ്‍ ബേദി ഇനി എന്താണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഹസാരെയുടെ അനുയായികള്‍ വാക്കുകള്‍ മര്യാദയ്‌ക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ തങ്ങളും അതുതന്നെ ചെയ്യും. ഐസ്‌ക്രീമും തിന്ന് ഇന്ത്യാ ഗേറ്റില്‍ നായ്‌ക്കളുമായി ഉലാത്താന്‍ പോകുന്നവര്‍ രാംലീലാ മൈതാനത്തു പോയതാണ് ഇപ്പോഴത്തെ സമരം.
രാജ്യത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത് പാര്‍ലമെന്റാണ്. ജനങ്ങളുടെ വേദനയും കാര്‍ഷിക ഭൂമി എന്താണെന്നും അവരുടെ കഷ്‌ടപ്പാട് എന്താണെന്നും ഇവിടെയുള്ളവര്‍ക്ക് അറിയാം. എയര്‍ കണ്ടീഷനില്‍ ഇരുന്നു കൊണ്ട് തങ്ങളെ നിയമം പഠിപ്പിക്കാന്‍ വരരുത്.
വാര്‍ത്താ ചാനലുകളാണ് ഹസാരെയുടെ സമരത്തെ വലുതാക്കിയത്. ഈ വിഡ്‌ഢിപ്പെട്ടി പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുമ്പോള്‍ 24 മണിക്കുറും ഹസാരെ സമരം കാണിക്കുകയാണ് ഇവിടുത്തെ ചാനലുകള്‍.
*ലാലു പ്രസാദ് യാദവ്
പാര്‍ലമെന്റ് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ലോക്‌പാല്‍ ബില്‍ പരിഗണിക്കുമ്പോള്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുത്തതു ശരിയായില്ല. അണ്ണാ ഹസാരെ അദ്ദേഹത്തിന്റെ അനുയായികളാല്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.
ഹസാരെയോട് തങ്ങള്‍ക്ക് ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തങ്ങളെ അവഹേളിക്കുകയാണ്. അണ്ണാ ഹസാരെയെ അറസ്‌റ്റ് ചെയ്‌ത സര്‍ക്കാരിന്റെ നടപടി തെറ്റായപ്പോയി.
ഹസാരെയുടെ ഇപ്പോഴത്തെ സമരം എന്‍.ജി.ഒകള്‍ നടത്തുന്നതാണ്. അവര്‍ പിന്മാറിയാല്‍ സമരം പൊളിയും. ലോക്‌പാല്‍ പരിധിയില്‍ എല്ലാ എന്‍.ജി.ഒകളെയും കൊണ്ടുവരണം.
കിരണ്‍ ബേദിക്ക് രാഷ്‌ട്രീയ ലക്ഷ്യമാണുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ ടെലികോം മന്ത്രി കപില്‍ സിബലിനു പറ്റിയ എതിരാളിയായിരിക്കും കിരണ്‍ ബേദി.
മുന്‍ എം.പിമാരെയും ജുഡീഷ്യറിയേയും ലോക്‌പാല്‍ പരിധിയില്‍ കൊണ്ടുവരാന്‍ പാടില്ല.
പാര്‍ലമെന്റിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണം. 'ജനാധിപത്യത്തെ രക്ഷിക്കു, രാജ്യത്തെ രക്ഷിക്കൂ' എന്ന് ലോക്‌സഭയുടെ പ്രസ് ഗാലറിയിലേക്കു നോക്കി മാധ്യമങ്ങളെ പരിഹസിക്കാനും ലാലു മറന്നില്ല.
പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയം
പൗരാവകാശരേഖ, ഉചിതമായ സംവിധാനം മുഖേന താഴേത്തട്ടിലെ ഉദ്യോഗസ്‌ഥവൃന്ദത്തെ ലോക്‌പാല്‍ പരിധിയില്‍ കൊണ്ടുവരുക, സംസ്‌ഥാനങ്ങളില്‍ ലോകായുക്‌തയ്‌ക്കു രൂപം നല്‍കുക എന്നീ കാര്യങ്ങളോട് സഭ തത്വത്തില്‍ യോജിക്കുന്നു.
അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിലേക്കായി ഇതു സംബന്ധിച്ച സഭാനടപടികള്‍ നിയമമന്ത്രാലയവുമായി ബന്ധപ്പെട്ട സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment