അവധിക്കാലം ഓരോ പ്രവാസിക്കും കുളിരുള്ള ഓര്‍മയാണ്. അവധിക്ക് നാട്ടിലെത്തിയാല്‍ ചെയ്യേണ്ട നൂറുകൂട്ടം കാര്യങ്ങളായിരിക്കും ഓരോ ദിവസവും അവരുടെ മനസില്‍.
നാടും വീടും വിട്ട് അന്നം തേടിയുള്ള യാത്രകളാണ് പ്രവാസികളുടെ ചരിത്രം. അതിന് ദേശം, കാലം എന്ന വ്യത്യാസങ്ങളൊന്നുമില്ല. ആ യാത്രകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷെ എന്നും മനസ്സില്‍ ഒരു മോഹം മായാതെ , മരിക്കാതെ നില്‍ക്കും- ഒരു തിരിച്ചുപോക്ക്. നാടിനെ ഓര്‍ക്കാതെ ഒരു ദിവസം പോലും പ്രവാസിക്ക് കടന്നുപോകാനാവില്ല. ചിലര്‍ പണം കുന്നുകൂട്ടുന്നുണ്ടാവാം. മറ്റ് ചിലര്‍ പ്രാരബ്ദങ്ങളുടെ ഭാണ്ഡങ്ങളുമായി ഏന്തിവലിഞ്ഞു നടക്കുകയുമാവാം. എങ്കിലും നാട്ടിലേക്ക് ഒരു യാത്ര എല്ലാവരുടെയും എക്കാലത്തെയും സ്വപ്‌നം. അതിനെ നമ്മള്‍ ഗൃഹാതുരത്വം എന്ന വാക്കിലൊതുക്കുന്നു. എല്ലാം മതിയാക്കി തിരിച്ചുപോകണമെന്ന് ആഗ്രഹിക്കുന്നു കുറെപ്പേര്‍. അവിടെ പോയി എന്തുചെയ്യും എന്ന ചോദ്യം മുന്നിലെത്തുമ്പോള്‍ പതിയെ ആ ചോദ്യം സ്വയം വിഴുങ്ങുന്നു. എങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും ഒന്ന് നാട്ടില്‍ പോയി വരാനുള്ള മോഹം എന്നും ഉള്ളില്‍ ജ്വലിച്ചുനില്‍ക്കും. അതാണ് അവധിക്കാലത്തിനായുള്ള അവന്റെ കാത്തിരിപ്പിനെ മധുരതരമാക്കുന്നത്.
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട് എന്ന പരസ്യവാചകം പോലെയാണ് പ്രവാസിയുടെ അവധിക്കാലവും. ഓരോ പ്രവാസിക്കും അവധിക്ക് നാട്ടില്‍ എത്താന്‍ ഓരോ കാരണങ്ങളുണ്ട്. ചിലര്‍ക്ക് കുടുംബപ്രശ്‌നങ്ങള്‍, എത്രയോ കാലമായി കാത്തിരിക്കുന്ന കുടുംബത്തിലെ വിശേഷങ്ങള്‍, എപ്പോഴോ നഷ്ടപ്പെട്ടുപോയ പൊതുപ്രവര്‍ത്തകന്റെ റോള്‍ കുറച്ചുനാളത്തേക്കെങ്കിലും തിരിച്ചുപിടിക്കാനുള്ള വെമ്പല്‍, കല്യാണ വീടുകളിലെ ശ്രമക്കാരന്‍, മരണവീടുകളിലെ നടത്തിപ്പുകാരന്‍, സുഹൃദ് സംഘങ്ങളിലെ പ്രിയപ്പെട്ടവന്‍, കുടുംബത്തിന്റെ കണ്‍മണി ...അങ്ങിനെയങ്ങിനെ പലതാണ് കാരണങ്ങള്‍. ചിലര്‍ക്ക് മഴ നനയാനും മഴ കൊള്ളാനുമാണ് അവധി വേണ്ടത്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയും കത്തുന്ന വെയിലുമൊക്കെ എന്നും തുറിച്ചുനോക്കുന്ന നാട്ടില്‍ നിന്ന് ചെറിയ കാലത്തേക്കെങ്കിലുമാണ് യാത്രയെങ്കിലും അതിനുള്ള ഒരുക്കങ്ങള്‍ക്ക് മാസങ്ങളുടെ കാത്തിരിപ്പുണ്ട്.
പണ്ടൊക്കെ രണ്ടും മൂന്നും കൊല്ലം കൂടുമ്പോഴായിരുന്നു ഗള്‍ഫിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള അവധിക്കാലയാത്രകള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഒരു മാസത്തെ അവധിയാണ് എല്ലാവരുടെയും മനസ്സിന് സന്തോഷം നല്‍കുന്ന കാര്യം. മുമ്പൊക്കെ രണ്ട് വര്‍ഷത്തെ അവധി ഒന്നായി എടുക്കുന്നവരും ഉണ്ടായിരുന്നു. അന്ന് അത് ആവശ്യവുമായിരുന്നു. മുംബൈ വഴി നാട്ടിലേക്ക് എത്താന്‍ തന്നെ മൂന്നും നാലും ദിവസങ്ങള്‍ എടുത്തിരുന്ന കാലം. മടക്കയാത്രയും അങ്ങിനെ തന്നെ. മുംബൈയിലെ പീഢനപര്‍വ്വവും കഴിഞ്ഞ് അവിടെ നിന്ന് ബസ്സ് മാര്‍ഗ്ഗം നാട്ടിലേക്ക് വന്നിരുന്ന ഓര്‍മ്മകള്‍ പ്രവാസികള്‍ക്ക് ഇപ്പോഴുമുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ദുരിതങ്ങളൊന്നുമില്ല. ദുബായില്‍ നിന്ന് കോഴിക്കോട്ട് എത്താന്‍ മൂന്നര മണിക്കൂറിന്റെ ദൂരം മാത്രം അത് കൊച്ചിയായാലും തിരുവനന്തപുരമായാലും വലിയ ഏറ്റക്കുറച്ചിലുകളൊന്നുമില്ല. മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള യാത്രകള്‍ക്കും ഏറിയാല്‍ ഒരു മണിക്കൂറിന്റെ വ്യത്യാസം മാത്രം. എന്നാല്‍ വിമാനത്തില്‍ ചെലവിട്ടതിനേക്കാള്‍ സമയം വേണം കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പിടിക്കാന്‍. അതുകൊണ്ടാണ് ഇപ്പോള്‍ എല്ലാ പ്രവാസികളും റോഡുകളെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. അറ് മുതല്‍ പതിനാറ് വരെ വരികളുള്ള സൂപ്പര്‍ റോഡുകളിലൂടെ കാറോടിച്ചും യാത്രചെയ്തും വരുന്നവന്‍ സ്വന്തം നാട്ടിലെത്തുമ്പോള്‍ ലക്കും ലഗാനുമില്ലാത്ത വാഹനയോട്ടങ്ങള്‍ കണ്ട് സഹികെടുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വികസിക്കാത്ത റോഡുകളെ കുറിച്ച് പരിതപിക്കുന്നു.
നാട്ടിലേക്കുള്ള യാത്ര ഇന്ന് വലിയ കാര്യമല്ല. ആഴ്ച തോറും മാസങ്ങള്‍ തോറും നാട്ടില്‍ പോയി വരുന്ന പ്രവാസികള്‍ ഇന്നുണ്ട്. അവര്‍ക്ക് ഗൃഹാതുരത്വമൊന്നുമില്ല. അവര്‍ക്ക് ഈ യാത്രകളെല്ലാം ബിസിനസ്സ് ടൂറുകളാണ്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പെട്ടികെട്ടുന്ന സാധാരണ പ്രവാസികള്‍ക്ക് ഇപ്പോഴും പ്രയാസങ്ങളുടെ , അധികച്ചെലവിന്റെ കഥകളായിരിക്കും കണക്കുപുസ്തകത്തില്‍ കുറിച്ചിടേണ്ടത്. തൊഴിലിടങ്ങളില്‍ നിന്നുള്ള അവധി അനുവദിച്ചുകിട്ടലാണ് ആദ്യ കടമ്പ. മക്കളുടെ സ്‌കൂള്‍ അവധിക്കാലവുമായി അത് ഒത്തുനില്‍ക്കണം. പിന്നെ വിമാനടിക്കറ്റിന്റെ ബുക്കിങ്ങാണ്. കണ്ടുകണ്ടങ്ങിരിക്കെ ടിക്കറ്റ് നിരക്ക് മേലോട്ട് കുതിച്ചുകൊണ്ടേയിരിക്കും. ആയിരത്തിനും ആയിരത്തി മുന്നൂറിനും ഇടയില്‍ കിട്ടിക്കൊണ്ടിരുന്ന ടിക്കറ്റിന്റെ വില പെട്ടെന്നൊരുനാള്‍ അവധിക്കാലത്തേക്ക് മൂന്നും നാലും ഇരട്ടിയാവും. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ടിക്കറ്റ് നല്‍കുന്ന പതിവുണ്ട്. പക്ഷെ അത്തരം സൗഭാഗ്യങ്ങളൊന്നുമില്ലാത്ത ആയിരങ്ങള്‍ വേറെയും ഉണ്ട്. കുടുംബങ്ങള്‍ കൂടെയുള്ളവര്‍ക്ക് ചിലവിന്റെ തോത് പിന്നെയും ഏറും.
എല്ലാം ഒത്തുവന്നാല്‍ പിന്നെ ഒരുക്കമാണ്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടിയുള്ള സമ്മാനങ്ങള്‍ വാങ്ങണം. പ്രിയപ്പെട്ട ചിലര്‍ക്കായി വിശേഷസമ്മാനങ്ങള്‍ വേറെ. ബാച്ചിലര്‍ റൂമുകളിലായാലും കുടുംബങ്ങളുടെ ഫ്‌ലാറ്റുകളിലായാലും നാട്ടിലേക്കുള്ള അവധിയാത്രക്ക് പുറപ്പെടുന്നവരുടെ പെട്ടി കെട്ടുന്നത് വലിയൊരു ചടങ്ങ് തന്നെയാണ്. കാര്‍ട്ടന്‍ എന്ന് പ്രവാസികള്‍ പറയുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എല്ലാം തൂക്കമൊപ്പിച്ച് കുത്തിനിറച്ച് കെട്ടുന്നതും ഒരു കലയാണ്. പിന്നെ പേരെഴുതി വെച്ച് വിമാനത്തിനായുള്ള കാത്തിരിപ്പ്. നേരം വൈകിച്ചും വിമാനം റദ്ദാക്കിയുമൊക്കെ വിമാനങ്ങള്‍ പ്രവാസിയെ കളിപ്പിക്കുന്നതും സാധാരണം. എന്നാലും പ്രവാസി എല്ലാം പൊറുക്കും. ഒരു മാസം നീളുന്ന യാത്രയിലേക്ക് അവന്‍ എല്ലാറ്റിനോടും പൊരുത്തപ്പെടുന്നു. ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ , സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍, കാണേണ്ടവരുടെ പട്ടിക..ഓരോ നിമിഷവും അവന്റെ ആസൂത്രണം അങ്ങിനെയായിരിക്കും.
നാട്ടിലെത്തിയാല്‍ പിന്നെ തിരക്കോട് തിരക്ക്. ബന്ധുവീടുകളിലെ സന്ദര്‍ശനം, പഴയ കൂട്ടുകാരുമായുള്ള ആഘോഷങ്ങള്‍, വീട്ടിലെ അതിഥി സല്‍ക്കാരങ്ങള്‍, പുതിയ വീടിന്റെ നിര്‍മ്മാണ മേല്‍നോട്ടം, ബാങ്കുകളില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍...യാത്ര തന്നെ എന്നും. ഇതിനിടയില്‍ മഴ നനയാനും മഴ കൊള്ളാനും മോഹിച്ച മനസ്സുകള്‍ അത് ശരീരത്തില്‍ മാത്രം അനുഭവിച്ച് തീര്‍ക്കുന്നു. അവന്് അത് ആസ്വദിക്കാനുള്ള നേരവും കാലവും ഇല്ലാതെ പോകുന്നു. നാടുവഴിയിലൂടെ കുശലം പറഞ്ഞ് നീങ്ങാനുമുണ്ടായിരുന്നു മോഹങ്ങള്‍. ആദ്യ ചോദ്യം തന്നെ അവന്റെ മോഹം തല്ലിക്കെടുത്തും. എപ്പോള്‍ വന്നു, ലീവെത്രയുണ്ട്, എപ്പോഴാണ് മടക്കം...ഒരേ ചോദ്യങ്ങള്‍, അതിനെല്ലാം ഒരേ ഉത്തരങ്ങള്‍. നാട്ടുവഴികളിലെ യാത്രയും അവന് മടുത്തുതുടങ്ങും.
പുറത്തുമുണ്ട് കാത്തിരിക്കുന്ന നൂലാമാലകള്‍ വേറെയും. പിരിവുകാര്‍, സര്‍ക്കാര്‍ ഓഫീസുകളിലെ പ്രത്യേക നോട്ടങ്ങള്‍, ആവശ്യങ്ങള്‍...അങ്ങിനെയങ്ങിനെ പ്രവാസിയെ കാത്തിരിക്കുന്ന വലകള്‍ ധാരാളം. എല്ലാവരോടും ചിരിച്ചും എല്ലവരെയും സന്തോഷിപ്പിച്ചുമുള്ള യാത്രകള്‍..ഒടുവില്‍ കടമകളും കടപ്പാടുകളും ഒരുവിധത്തില്‍ തീര്‍ത്തുവരുമ്പോഴേക്കും മടക്കയാത്രക്കുള്ള ഒരുക്കമായി. റൂമില്‍ കാത്തിരിക്കുന്ന സുഹൃത്തുക്കള്‍, തൊട്ടടുത്ത ഫ്‌ലാറ്റുകളിലെ അയല്‍ക്കാര്‍, സ്‌നേഹിതര്‍, തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകര്‍ ...അങ്ങിനെ കാത്തിരിക്കുന്നവര്‍ പലരാണ്. അവര്‍ക്കായി നാട്ടിലെ ഭക്ഷണങ്ങള്‍ കരുതണം. എല്ലാം ഇവിടെ കിട്ടുമെങ്കിലും നാട്ടില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍ക്ക് സ്വാദൊന്ന് വേറെ തന്നെ. വരട്ടിയെടുത്ത ബീഫിനും അച്ചാറിനും എന്തിന് നാട്ടിലെ ചക്കക്ക് വരെ ഇവിടെ പ്രവാസിക്കൂട്ടങ്ങള്‍ കാത്തിരിപ്പുണ്ട്. എല്ലാവര്‍ക്കുമുള്ള പൊതികള്‍ ഭദ്രമായി കെട്ടിയെടുക്കാനും ഇതിനിടയില്‍ സമയം കാണണം.
ഒടുവില്‍ യാത്രയുടെ സമയമായി..യാത്രയയക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളുമായി ചെറിയ ജനക്കൂട്ടം . ഏതൊക്കെയോ കണ്ണുകളില്‍ വിരഹത്തിന്റെ , വിഷാദത്തിന്റെ നനവ്. ഇനി ഒന്നോ രണ്ടോ വര്‍ഷം വരെയുള്ള കാത്തിരിപ്പാണ് അവര്‍ക്ക്. യാത്ര പോകുന്ന പ്രവാസിക്കും അത്രയും തന്നെയുണ്ട് തിരിച്ചുവരവിനുള്ള കാത്തിരിപ്പ്. എത്രവേഗമാണ് ഒരു മാസം കഴിഞ്ഞുപോയതെന്ന് വിതുമ്പലോടെ പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്കിടയിലൂടെ അവന്‍ നടന്നുനീങ്ങുന്നു. വരുമ്പോള്‍ ഉണ്ടായിരുന്ന ബാഗുകള്‍ പോലും തിരിച്ചുപോകുമ്പോള്‍ ഇല്ല. കെയിലെ വിലകൂടിയ വാച്ചും ആരുടെയോ കൈകളിലുണ്ട്. പ്രവാസികളുടെ വരവും പോക്കും ഇങ്ങിനെയൊക്കെയാണ്. എന്നിട്ടും അവന്‍ കാത്തിരിക്കും..അടുത്ത അവധിക്കാലത്തിനായി. ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളോര്‍ത്ത്, തീരാത്ത പ്രാരബ്ദങ്ങളുടെ പട്ടികയിലൂടെ ഓര്‍മ്മകളെ മേയാന്‍ വിട്ട് കത്തുന്ന വേനലിലേക്ക്, കടുത്ത ചൂടിലേക്ക് അവന്റെ യാത്ര വീണ്ടും തുടങ്ങുന്നു.
www.keralites.net |
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment