ഭൂവനേശ്വര്‍: ആശ്വസിക്കാം..ഒപ്പം അഭിമാനിക്കാം. വീശിയടിക്കുന്ന കൊടുങ്കാറ്റുകള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊള്ളുന്ന വിനാശകാരികളായ ചുഴലികൊടുങ്കാറ്റുകളെ കൃത്യതയോടെ പ്രവചിക്കാന്‍ ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം കരുത്താര്‍ജിച്ചിരിക്കുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് (IMD) ചുഴലികൊടുങ്കാറ്റിനെ കൃത്യമായി പ്രവചിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അഭിമാനമായത്. അതും കാലാവസ്ഥ നിരീക്ഷണത്തില്‍ കൂടുതല്‍ വിശ്വസനീയമെന്ന് കരുതുന്ന അമേരിക്കയുടെ പ്രവചനങ്ങളെ തിരുത്തികുറിച്ച്.
2014 ഒക്ടോബര്‍ 12ന് ഇന്ത്യന്‍ തീരത്ത് വീശിയടിച്ച ഹുദ്ഹുദും കൃത്യം ഒരുവര്‍ഷം മുമ്പ് ഒക്ടോബര്‍ 14നെത്തിയ ഫൈലിനും കൂടുതല്‍ കൃത്യതയോടെ പ്രവചിക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥ കേന്ദ്രത്തിനായി. കാലാവസ്ഥ പ്രവചനത്തില്‍ ഇന്ത്യ ഏറെ മുന്നിലെത്തിയതിന്റെ തെളിവാണിത്.
അമേരിക്ക ആസ്ഥാനമായുള്ള കൊടുങ്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമായ ജോയിന്‍റ് ടൈഫൂണ്‍ വാണിങ് സെന്‍റ(JTWC)റിന്റെ പ്രവചനം ഫൈലിനിലെന്നപോലെ ഹുദ്ഹുദിലും കൃത്യമായിരുന്നില്ല. ഫൈലിന്‍ ചുഴലി ക്ലാസ് അഞ്ച് ഇനത്തില്‍പ്പെട്ട സൂപ്പര്‍ സൈക്ലോണ്‍ ആയിരിക്കുമെന്നും 260 മുതല്‍ 300 കിലോമിറ്റര്‍ വേഗമുണ്ടാകുമെന്നുമായിരുന്നു അമേരിക്കന്‍ മുന്നറിയിപ്പ്. എന്നാല്‍ 210 കിലോമീറ്റര്‍ വേഗം മാത്രമെ ഫൈലിന് ഉണ്ടാകൂഎന്ന് IMD പ്രവചിച്ചു. അതായിരുന്നു കൃത്യം. അതുതന്നെയാണ് ഹുദ്ഹുദിന്റെ കാര്യത്തിലും സംഭവിച്ചത്.
1999ല്‍ പതിനായിരത്തിലേറെ ജീവനുകള്‍ കവര്‍ന്നെടുത്ത് സംഹാര താണ്ഡവമാടിയ ചുഴലിയുടെ ഭീകരതയില്‍നിന്ന് 15 വര്‍ഷം പിന്നിടുമ്പോള്‍ അത്തരം ചുഴലികളെ വരുതിയിലാക്കാനുള്ള ശാസ്ത്രീയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കടലിനടിയില്‍ ചുഴലികള്‍ രുപംകൊള്ളുമ്പോള്‍ തന്നെ അവയുടെ രൂപവും തീവ്രതയും ദിശയും അവ തീരത്തെത്തുന്ന സമയവും കടന്നുപോകുന്ന പ്രദേശങ്ങളും എവിടെയെത്തുമ്പോള്‍ ശക്തി കുറയുമെന്നും കൃത്യതയോടെ പ്രവചിക്കാന്‍ IMD ക്കായി.
ചുഴലികൊടുങ്കാറ്റിന്റെ തീവ്രത കണക്കാക്കി അവ എത്ര വിനാശകാരിയാണെന്നും ആഞ്ഞടിക്കുക എത്ര കിലോമീറ്റര്‍ വേഗത്തിലാണെന്നും അതിന് മുമ്പ് പെയ്യുന്ന മഴയളവും കാലവസ്ഥ കേന്ദ്രം പ്രവചിച്ചു. ചുഴലികള്‍ രൂപം കൊണ്ടശേഷം അത് തീരത്തെത്തുന്ന സമയത്തിനിടയില്‍ അവയുടെ ദിശമാറാനും തീവ്രതയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാനും സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ അത്രയും തുടര്‍ച്ചയും കൃത്യമായതുമായ പ്രവചനത്തിനേ സുരക്ഷയൊരുക്കാന്‍ കഴിയൂ. നേരത്തെയുള്ള ഈ മുന്നറിയിപ്പാണ് അനേകായിരങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായത്.
ചുഴലി ആഞ്ഞടിക്കുന്നതിന് 48 മണിക്കൂറുകള്‍ക്ക് മുന്നേ ലഭിച്ച സൂചനകളാണ് ഒഡീഷയില്‍ ഏഴ് ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മരണസംഖ്യ ഒറ്റ അക്കത്തിലൊതുക്കുവാനും സഹായകരമായത്്. ഹെല്‍പ്പ് ലൈനുകളും സാറ്റലെറ്റ് മൊബൈല്‍ ഫോണുകളും കണ്‍ട്രോള്‍ റൂമുകളും നേരത്തെ സജജീകരിച്ചു. രക്ഷാസേന സജ്ജരായി . മാറ്റാവുന്ന വസ്തുവകളെല്ലാം മാറ്റി.
അശാസ്ത്രീയ കാഴ്ചപാടുകളും പ്രകൃതിയുടെ ദൈവകോപ അവിശ്വാസങ്ങളും മാറ്റിവെച്ച് ജനവും സര്‍ക്കാരിനൊപ്പം സഹകരിച്ചു. ഇതെല്ലാം കാലാവസ്ഥ പ്രവചനത്തിന്റെ മികവാണ്. ഫൈലിനില്‍ 7 പേരും ഹുദ്ഹുദില്‍ 6 പേരുമാണ് മരിച്ചത്.
1999ല്‍ 250 കിലോമീറ്ററില്‍ കൂടുതല്‍ തീവ്രതയുള്ള ചുഴലിക്കാറ്റുകളെ മനസിലാക്കാനുള്ള റഡാറുകള്‍ ഇന്ത്യക്കുണ്ടായിരുന്നില്ല. അതിനാല്‍തന്നെ 300 കിലോമീറ്റര്‍ വേഗതയിലെത്തിയ അന്നത്തെ ചുഴലിക്ക് മുന്നില്‍ ഇന്ത്യ വിറച്ചു നിന്നു. ഒഡീഷയുടെ 15 ജില്ലകളെ തകര്‍ത്ത ആ ചുഴലി സംസ്ഥാനത്തിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങളാണ് തകര്‍ത്തത്. പതിനായിരത്തിലേറെ ജിവനുകളും ലക്ഷകണക്കിണ് കന്നുകാലികളും വാര്‍ത്താവിനിമയമടക്കമുള്ള പൊതു സംവിധാനങ്ങളും ആ ചുഴലി തകര്‍ത്തെറിഞ്ഞു.
ഇന്ന് ഒന്നു ഉറപ്പിക്കാം. ഇന്ത്യയുടെ കാലവസ്ഥ കേന്ദ്രം അത്തരം ചുഴലികളെയും കണ്ടെത്താനുള്ള കരുത്താര്‍ജിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിന്റെയും ടെലിവിഷന്‍ ചാനല്‍ മേഖലയിലെയും മുന്നേറ്റവും കൊടുങ്കാററുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും മുന്നൊരുക്കമെടുക്കാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും സഹായമായി.
No comments:
Post a Comment