"കറിവേപ്പില പോലെ" എന്നൊരു പഴംചൊല്ലു നമ്മുടെ നാട്ടിലുണ്ട്. ഭക്ഷണം നിര്‍മ്മിക്കുമ്പോള്‍ സ്വാദിനും സുഗന്ധത്തിനും കറിവേപ്പില ചേര്‍ക്കുമെങ്കിലും ആസ്വദിച്ചു കഴിക്കുമ്പോള്‍ അതിന്‍റെ സ്ഥാനം എച്ചില്‍ പാത്രത്തിലാണ്. ചിലര്‍ ഭക്ഷണത്തില്‍ കറിവേപ്പില കിടക്കുന്നതു കണ്ടാല്‍ ബഹളം വയ്ക്കുകയും ചെയ്യും. എന്നാല്‍ കറിവേപ്പിലയ്ക്കുള്ള ഗുണങ്ങളെ കുറിച്ച് എത്രപേര്‍ക്കറിയാം?കുറ്റിച്ചെടിയായി വളരുന്ന ഒന്നാണ്, കറിവേപ്പ്. ഭക്ഷണത്തിനു സ്വാദ് വര്‍ദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തില്‍ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത്. നല്ലൊരു ദാഹശമനി കൂടിയാണ്, ഈ കറിവേപ്പില, മോരുംവെള്ളം.
തലമുടി കറുപ്പിക്കാനും കറിവേപ്പില ഉപയോഗിച്ചു വരുന്നുണ്ട്. എണ്ണ കാച്ചുമ്പോള്‍ കുറച്ച് കറിവേപ്പില കൂടി അരച്ചു ചേര്‍ത്ത് കാച്ചി തേച്ച് നോക്കൂ, മുടി നന്നായി കറുക്കും. ഇത് പച്ചയ്ക്ക് മുടിയില്‍ ഉണക്കനെല്ലിക്കയോടൊപ്പം തേച്ചു പിടിപ്പിക്കുന്നതും മുടി കറുത്ത് തിളക്കമുള്ളതാക്കാന്‍ നല്ലതാണ്. മുടികൊഴിച്ചില്‍ തടയാനും കറിവേപ്പില നല്ലതാണ്. തലകറക്കത്തിനും മലബന്ധത്തിനും കറിവേപ്പിലയും ഇഞ്ചിയും ചോറില്‍ ചേര്‍ത്ത് അതിരാവിലെ കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു
കറിവേപ്പിന്‍റെ തളിരില ചവച്ചുതിന്നാല്‍ ആമാതിസാരം ശമിക്കും. ആമാതിസാരം, പ്രവാഹിക എന്നീ രോഗങ്ങളില്‍ കറിവേപ്പില നല്ലതുപോലെ അരച്ചു അതില്‍ കോഴിമുട്ട അടിച്ചു ചേര്‍ത്തു പച്ചയായോ പൊരിച്ചോ ഉപയോഗിച്ചാല്‍ രോഗം വളരെ വേഗം സുഖപ്പെടും. കറിവേപ്പില പാലിലിട്ടു അരച്ചു വിഷജന്തുക്കള്‍ കടിച്ച സ്ഥലത്തു പുരട്ടിയാല്‍ നീര്, മാറിക്കും, വേദനയും. ത്വക്ക് രോഗമായ എക്സിമ പോകാന്‍ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
മലയാളികളെ ഏറ്റവുമധികം ബാധിക്കുന്ന അസുഖമാണ്, പ്രമേഹം, കൊളസ്റ്റ്രോള്‍ എന്നിവ. ഈ രണ്ട് ജീവിത ശൈലീ രോഗങ്ങള്‍ക്കും കറിവേപ്പില നല്ല മരുന്നാണ്. ദിനവും രാവിലെ കറിവേപ്പില കഴിക്കുന്നത് ഇതു രണ്ടും കുറയ്ക്കാന്‍ സഹായിക്കും. ഇതെല്ലാം ശരിയാണ്, പക്ഷേ ഒന്നുണ്ട്. തമിഴ്നാട്ടില്‍ നിന്ന് വിഷകീടാണുനാശിനി അടിച്ച കറിവേപ്പിലയ്ക്കു പകരം നിങ്ങളുടെ വീട്ടുമുറ്റത്ത് നട്ടു നനച്ചു വളര്‍ത്തുന്ന കറിവേപ്പില കഴിച്കാലേ ഈ ഗുനങ്ങള്‍ ലഭിക്കൂ. വിഷം പുരട്ടിയ കറിവേപ്പിലകള്‍ ശരീരത്തിന്, അപകടമാണ്, അതുകൊണ്ട് മടിക്കേണ്ട ഒരു കറിവേപ്പിന്‍ തൈ ഉടന്‍ തന്നെ വീട്ടു പറമ്പില്‍ നട്ടു പിടിപ്പിച്ചോളൂ.
No comments:
Post a Comment