കോട്ടയം ജില്ലയിലൂടെ രസകരമായ ഒരു യാത്രപോയാലോ? ചരിത്രവും കഥകളും കാഴ്ചഭംഗികളുമെല്ലാം നിറഞ്ഞ വഴികളിലൂടെ .
എരുമേലിയിൽ നിന്ന് റാന്നി റൂട്ടിൽ 12 കിലോമീറ്റർ അകലെ പൊന്തൻപുഴ വനത്തിനുള്ളിൽ കരിങ്കല്ലിന്റെ പാളികൾ ചേർത്തു വച്ചുള്ള പ്രത്യേകതരം കല്ലറകളുണ്ട്. കുശവൻമാർ നിർമിച്ച കല്ലറ എന്ന അർഥത്തിൽ കുശവൻ കല്ലറ എന്നാണ് ഇവ അറിയപ്പെടുന്നത്. പക്ഷേ അവയിൽ അടക്കപ്പെട്ടിരിക്കുന്നത് ആദിവാസി മൂപ്പൻമാരാണ്. പുരാവസ്തു വിസ്മയമാണ് ഇൌ കല്ലറകൾ.
എരുമേലിയിൽ വരുമ്പോൾ: ശബരിമല റൂട്ടിൽ 10 കിലോമീറ്റർ പിന്നിട്ടാൽ പമ്പയിലെ വെള്ളച്ചാട്ടം പെരുന്തേനരുവി കാണണം.
കാഞ്ഞിരപ്പള്ളി: റബറിന്റെ ജന്മനാട്
കേരളത്തിൽ റബർ ആദ്യമെത്തിയതു കാഞ്ഞിരപ്പള്ളി താലൂക്കിലാണ്. 1903 ൽ മുണ്ടക്കയത്തിനടുത്ത് ഏന്തയാറ്റിലെ ഇളങ്കാട്ടിൽ ആദ്യത്തെ റബർ മരം നട്ടത് അയർലൻഡുകാരനായ ജോൺ ജോസഫ് മർഫി. ഒരു നാടിനെയാകെ സമൃദ്ധിയിലേക്കു കൈപിടിച്ചു നടത്തുകയായിരുന്നു മർഫി സായ്പ് അതിലൂടെ. ഏന്തയാർ മാത്തുമലയിൽ ഇപ്പോഴും മർഫി സായ്പിന്റെ ശവകൂടീരമുണ്ട്. അതു മർഫി സ്മാരകമാക്കാനുള്ള ഒരുക്കത്തിലാണ് റബർ ബോർഡ്.
മുണ്ടക്കയത്തു നിന്നു 14 കിലോമീറ്റർ സഞ്ചരിച്ച് കോരൂത്തോട്ടിലെത്തിയാൽ അഴുതാനദി, ശബരി ഇടത്താവളമായ മുക്കുഴി , ശബരിമല വനം എന്നിവ കാണാം. നാല് കിലോമീറ്ററോളം സർക്കാർ തേക്കു പ്ളാന്റേഷനിലൂടെയുള്ള കോരൂത്തോട് യാത്ര രസം പകരും..
ചങ്ങനാശ്ശേരി: അഞ്ചു വിളക്കിന്റെ പ്രഭ
മധ്യതിരുവിതാംകൂറിന്റെ പുരാതന വ്യാപാര കേന്ദ്രമായിരുന്നു ചങ്ങനാശ്ശേരി. മാർക്കറ്റിലെ പ്രശസ്തമായ അഞ്ചു വിളക്കിന്റെ ചുവട്ടിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ചങ്ങനാശ്ശേരി ചന്ത. കൊല്ലവർഷം 980- ാമാണ്ട് തുലാമാസം 17നു രാജശ്രീ വേലുത്തമ്പി ദളവയാൽ സ്ഥാപിക്കപ്പെട്ടു. ആദ്യ വ്യാപാരസാധനം ഒരു ഗജശ്രേഷ്ഠനായിരുന്നു.
കലയുടെ തറവാടയ ലക്ഷ്മിപുരം കൊട്ടാരവും ചങ്ങനാശ്ശേരിയിലാണ്. മഹാകവി ഉള്ളൂരിന്റെ ജന്മസ്ഥലമായ ചങ്ങനാശേരിയിൽ അദേഹത്തിന്റെ പേരിലുള്ള ഗ്രന്ഥശാലയും സന്ദർശിക്കാം. നവതി പിന്നിട്ട പ്രസിദ്ധമായ എസ്ബി കോളജ് ക്യാംപസും ഇവിടുത്തെ ലൈബ്രറിയും ചരിത്രതാളുകളിൽ ഇടം നേടിയിട്ടുള്ളവയാണ്.
ചങ്ങനാശ്ശേരിയിൽ നിന്നു കോട്ടയത്തേക്കുള്ള വഴിയിൽ കുറിച്ചിയിൽ നിർത്താതെ വയ്യ. കേരളചരിത്രത്തിലെ ചില അടയാളങ്ങളുണ്ട് കുറിച്ചിയിൽ. അതിലൊന്ന് സചിവോത്തമപുരം കോളനി. ചങ്ങനാശ്ശേരി ചന്തയിലെ അടിമ വ്യാപാര കേന്ദ്രത്തിൽ നിന്ന് അടിമകളെ മോചിപ്പിച്ചു കൊണ്ടു വന്ന് കുടിൽ കെട്ടി താമസിപ്പിച്ചത് ഇവിടെയാണ്.
ചങ്ങനാശ്ശേരിയിൽ: ആലപ്പുഴയിലേക്കുള്ള എ സി റോഡിലൂടെ പതിയേ ഡ്രൈവ് ചെയ്യണം. ഒരു വശത്ത് നിറവെള്ളമൊഴുകുന്ന കനാൽ, മറുവശത്ത് പച്ചനെൽപ്പാടപ്പരപ്പ്. കേരളത്തിന്റെ സൌന്ദര്യം അറിയാം!
ചിങ്ങവനം: സിംഹഗർജനം കേൾക്കാം
സിംഹങ്ങളുള്ള കാടായിരുന്നുവത്രേ ഒരു കാലത്ത് ഇൌ പ്രദേശം. സിംഹവനമെന്നായിരുന്നു പേര്. സിംഹങ്ങൾ കാടുവിട്ടപ്പോൾ അതു മാറിമറിഞ്ഞു ചിങ്ങവനമായെന്നു പഴമക്കാർ പറയും. പണ്ടു പണ്ടൊക്കെ, കാടായിരുന്നു ഇവിടെയും. ആ കാടിനകത്ത് ആളുകൾ താമസിച്ചൊരു നാടുണ്ടായിരുന്നു. പിന്നെപ്പിന്നെ നാട് കാടിനെ വിഴുങ്ങി. അകത്തായിരുന്ന നാട് പുറത്തായപ്പോൾ കാട് ഇല്ലാതെയുമായി. അങ്ങനെ, നാടിന് നാട്ടകമെന്ന പേരു വീണു!
പുരാതനകാലത്ത് തുറമുഖമുണ്ടായിരുന്നു കോട്ടയത്തിന്റെ പുതിയ പോർട്ട് നാട്ടകത്താണ്. ചെറുകപ്പലുകൾ അടുക്കാൻ മിനി പോർട്ട്. തുറമുഖത്തിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞു. കൊച്ചിയിൽ നിന്നു വേമ്പനാടു കായൽ വഴി നാട്ടകത്തേക്കു കപ്പലുകൾ വരുമായിരിക്കും. കടൽത്തീരത്തല്ലാത്ത ഇന്ത്യയിലെ ആദ്യ തുറമുഖവും കാണേണ്ട കാഴ്ച തന്നെ.
ചിങ്ങവനം വഴി വരുമ്പോൾ: ദക്ഷിണ മൂകാംബിക പനച്ചികാട് സരസ്വതി ക്ഷേത്രം .
കോട്ടയം: കടൽ തിരയടിച്ച നാട്
കടൽ തിരയടിച്ച തീരമായിരുന്നു 1500 വർഷങ്ങൾക്കു മുൻപ് കോട്ടയമെന്നു ചരിത്രകാരന്മാർ പറയുന്നു. ദിവാൻ പേഷ്കാർ രാമറാവു പൊലിസ് പരേഡ് ഗ്രൌണ്ടായി സ്ഥാപിച്ചതാണ് ഒന്നരനൂറ്റാണ്ടോളം മുൻപ് തിരുനക്കര മൈതാനം. ഉത്തരവാദപ്രക്ഷോഭകാലത്ത്, സർ സി പി യ്ക്കെതിരെ പട്ടംതാണുപിള്ള ഗർജിച്ച മൈതാനമാണ്. 1925 ൽ മഹാത്മാഗാന്ധി ആദ്യമായി കോട്ടയത്തു വന്നപ്പോൾ വിദേശസാധന ബഹിഷ്കരണത്തെക്കുറിച്ചു പ്രസംഗിച്ചതും ഇവിടെയായിരുന്നു. ക്ഷേത്രപ്രവേശന വിളംമ്പരത്തിനു ശേഷം വീണ്ടുമൊരിക്കൽ കൂടി ഗാന്ധിജി തിരുനക്കരയിൽ പ്രസംഗിച്ചു. ഗാന്ധിജിയുടെ ആ സന്ദർശനങ്ങളുടെ സ്മാരകമാണ് തിരുനക്കര മെതാനത്തിനു മുന്നിലെ ഗാന്ധി പ്രതിമ.
കോട്ടയം നഗരത്തോടു ചേർന്ന് താഴത്തങ്ങാടി ക്രിസ്തുവിനു മുൻപുതന്നെ വിദേശവാണിജ്യ ബന്ധങ്ങളുള്ള തുറമുഖമായിരുന്നു. മീനച്ചിലാറിനു തീരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാളികവീടുകളിൽ കപ്പലുകൾ അടുപ്പിക്കാനുള്ള വലിയ കൊളുത്തുകൾ ഘടിപ്പിച്ചിരുന്നതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. അതു കാണാതെ പോകരുത്.
കോട്ടയം നഗരത്തിലെ പച്ചയുടെ തുരുത്താണ് സിഎംഎസ് കോളജ്. ഇന്ത്യയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രം. കോട്ടയത്തിന്റെ തൊട്ടപ്പുറത്താണു കുമരകം.
നഗരത്തിന്റെ ഹൃദയ ഭാഗത്ത് തിരുനക്കര മഹാദേവ ക്ഷേത്രം
മീനച്ചിൽ: സാഹോദര്യത്തിന്റെ മണ്ണ്
കേരളത്തിന്റെ ഉൌട്ടിയാണ് വാഗമൺ. പാലാ ഇൌരാറ്റുപേട്ട വഴി വാഗമണ്ണിലെത്താം.
മലമുകളിലെ വ്യൂ പോയിന്റുകളിൽ നിന്നാൽ കാലാവസ്ഥ അനുകൂലമെങ്കിൽ കടലും കായലും ആലപ്പുഴയിലെ ലൈറ്റ് ഹൌസും വൈറ്റില ഇടപ്പള്ളി ബൈപ്പാസും വരെ കാണാം! മൊട്ടക്കുന്നുകളും ചെറുതടാകങ്ങളും പൈൻകാടകളും ആത്മഹത്യാ മുനമ്പുമൊന്നും മിസാക്കരുത്. തിരിച്ചു മലയിറങ്ങി തീക്കോയിലെത്തിയാൽ മാർമല അരുവിയുമുണ്ട്. ഇവിടെ ഉരുളൻ കല്ലുകൾ നിറഞ്ഞ മീനച്ചിലാറിന്റെ ഉത്ഭവം കാണാം. മൂന്നിലവിലെത്തിയാൽ ഇല്ലിക്കൽ കല്ല് കണ്ട് മീനച്ചിലാറിന്റെ മറ്റൊരു കൈവഴിയുടെ ഉൽഭവ സ്ഥാനമായ പഴുക്കാക്കാനത്തെത്താം. ഇൌ രണ്ടു അരുവികൾ ഇൌരാറ്റുപേട്ടയിൽ ഒന്നായാണ് മീനച്ചിലാറാകുന്നത്.
വിശുദ്ധ അൽഫോൻസയുടെ കബറുള്ള ഭരണങ്ങാനം പള്ളിയും ആദിശങ്കരൻ പ്രതിഷ്ഠ നടത്തിയതെന്നു കരുതുന്ന കടപ്പാട്ടൂർ അമ്പലവും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ശവകുടീരവും രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്നൻമാരുടെ നാലമ്പലങ്ങളുമുള്ള രാമപുരവുമെല്ലാം മീനച്ചിലിനെ സാഹോദര്യത്തിന്റെ കൂടെ മണ്ണാക്കുന്നു.
വൈക്കം: ഇമ്മിണി വല്യാരു നാട്!
വൈക്കത്തേക്കുള്ള പ്രവേശനകവാടമാണ് തലയോലപ്പറമ്പ്. താളിയോലകൾ നിറഞ്ഞ നാടാണ് പിന്നീട് തലയോലപ്പറമ്പായത്. പാലാംകടവിലാണ് വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മഗൃഹം. ബഷീറിന്റെ പല കഥാപാത്രങ്ങളെയും ഇവിടെ കണ്ടുമുട്ടാം.
പ്രതിമകൾ തന്നെയാണ് വൈക്കം പട്ടണത്തിലേക്കും സ്വാഗതമോതുക. വൈക്കം സത്യാഗ്രഹ നായകരായ മന്നത്തു പത്മനാഭൻ, ടി. കെ. മാധവൻ, പെരിയോർ രാമസ്വാമി നായ്കർ എന്നിവരുടേത് ആദ്യം. തൊട്ടടുത്ത് മലയാളിയായ തമിഴ്നാട് മുഖ്യമന്ത്രി എം. ജി. ആറിന്റെയും ഭാര്യ ജാനകിയുടേതും. രാമസ്വാമി നായ്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം തമിഴ്നാട് സർക്കാരിന്റെതാണ്. വൈക്കത്തഷ്ടമിയിലൂടെ വിശ്വാസികളും വൈക്കം സത്യാഗ്രഹത്തിലൂടെ ചരിത്രവും രേഖപ്പെടുത്തിയ മഹാദേവക്ഷേത്രത്തിനു മുന്നിലൂടെയുള്ള വഴി നേരെയെത്തുക ബോട്ടുജട്ടിയിലാണ്. ആ വഴിയിലാണ് കേരളീയ സമൂഹത്തിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റഴിച്ചു വിട്ട വൈക്കം സത്യഗ്രഹത്തിന്റെ സ്മാരകം.
വൈക്കത്തു വന്നാൽ: തലയോലപ്പറമ്പിൽനിന്നും കാഞ്ഞിമറ്റം റോഡിൽ യാത്രചെയ്താൽ നീർപ്പാറ ഗ്രാമത്തിൽ എത്താം. കൊച്ചി രാജ്യത്തിന്റേയും, തിരുവിതാംകൂറിന്റെയും അതിർത്തിയായിരുന്നു ഇവിടം. ഇതിന്റെ സ്മരണ ഉണർത്തുന്ന കോട്ടയും, കിടങ്ങും , ഗുഹാകവാടവുമെല്ലാം ഇന്നുമുണ്ട് ഇവിടെ.
കടുത്തുരുത്തി: സുന്ദരിയുടെ നാട്
മലയാള ഭാഷയിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലെ ഉണ്ണുനീലിയെന്ന അഭൌമസൌന്ദര്യത്തിന്റെ നാടായ കടന്തേരിയുടെ ഇന്നത്തെ പേരാണ് കടുത്തുരുത്തി.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലാണ് എറ്റവും പ്രശസ്തനായ പൂർവ വിദ്യാർഥിയുടെ പേരിൽ അറിയപ്പെടുന്ന ആ സർക്കാർ പള്ളിക്കൂടം - ഡോ.കെ. ആർ. നാരായണൻ ഗവ. എൽ.പി. സ്കൂൾ. പെരുവന്താനത്തെ അദ്ദേഹത്തിന്റെ വീട് ഇപ്പോൾ ശാന്തിഗിരി ആയുർവേദ സിദ്ധ ഗവേഷണ കേന്ദ്രമാണ്. ഡോ. കെ.ആർ. നാരായണൻ സ്മൃതി മണ്ഡപവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
കടുത്തുരുത്തിയിൽ വരുമ്പോൾ: കുറുപ്പന്തറയിൽ നിന്ന് നല്ല പച്ചക്കറികൾ വാങ്ങാം.
ഏറ്റുമാനൂർ: ഏഴരപ്പൊന്നാനത്തിളക്കം!
1754ൽ മാർത്താണ്ഡവർമയുടെ സൈന്യം കടുത്തുരുത്തി ആസ്ഥാനമായ വടക്കുംകൂറിനെ ആക്രമിക്കാൻ പോകുംവഴി ഏറ്റുമാനൂർ ദേവസ്വത്തിന്റെ സ്വത്തുക്കൾക്കു നാശമുണ്ടാക്കി. ഇതിന്റെ പരിഹാരമായി കാർത്തിക തിരുനാൾ മഹാരാജാവാണ് സ്വർണത്തിൽ ആനകളുടെ പ്രതിമകൾ നിർമിച്ച് അമ്പലത്തിൽ നടയ്ക്കുവച്ചത്. ഏഴ് ആനകളെയും ഒരു ചെറിയ ആനയെയുമാണു നടയ്ക്കുവച്ചത്. അങ്ങനെ ഏറ്റുമാനൂർ ഏഴരപ്പൊന്നാനകളുടെ നാടെന്ന് അറിയപ്പെട്ടുതുടങ്ങി. ഏറ്റുമാനൂരിൽനിന്ന് അതിരമ്പുഴയിലേക്കുള്ള വഴിയിൽ കാണാം, മധ്യതിരുവിതാംകൂറിലെ പുരാതനമായ വ്യാപാര കേന്ദ്രത്തിന്റെ അവശേഷിപ്പുകൾ. അതിരമ്പുഴ റോഡിൽ കോട്ടയ്ക്കു പുറത്തെ ചുമടുതാങ്ങി അതിലൊന്നാണ്.
പുതുപ്പള്ളി: പാട്ടു പിറന്ന വഴി
പുതുപ്പള്ളി കവലയിൽ, പോസ്റ്റർ ഒട്ടിച്ചൊട്ടിച്ചും ഫ്ലക്സുകൾ തൂക്കിയും നമ്മൾ മറന്നു കളയുന്ന ഒരു സ്മാരകമുണ്ട് - രക്തസാക്ഷി മണ്ഡപം. സർ സിപി യെക്കെതിരായി യോഗം ചേർന്ന ശേഷം പിരിഞ്ഞു പോയ ജനക്കൂട്ടത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പിൽ മരിച്ച രണ്ടു പേരുടെ ഒാർമയ്ക്കായുള്ള സ്മാരകമാണിത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാടെന്ന നിലയിലാണു പുതുപ്പള്ളിയെ കേരളം അറിയുക. എന്നാൽ ഷഡ്കാല ഗോവിന്ദമാരാർ ജനിച്ചതു പുതുപ്പള്ളിയിലാണെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്.
പുതുപ്പള്ളിയിൽ: അൽപമകലെ മണർകാട് തിരുവഞ്ചൂർ ഏറ്റുമാനൂർ റൂട്ടിൽ നാലുമണിക്കാറ്റ് സായാഹ്ന വിശ്രമ കേന്ദ്രത്തിൽ വന്ന് നാലുമണിക്കാറ്റും നാടൻ ഭക്ഷണവും ആസ്വദിക്കണം.
No comments:
Post a Comment