എ.പി.ജെ. അബ്ദുള്‍കലാവുമായി രാജ്യത്തിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന് ചില ഭാഗങ്ങള്‍
സ്വയം ഒരു വികസിതരാഷ്ട്രമായി പരിണമിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ഇന്ത്യയിന്ന്. ഇരുപത്തഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 540 ദശലക്ഷം യുവജനങ്ങളാണ് ഈ പരിണാമം സാധ്യമാക്കുന്നതിനുള്ള മുഖ്യ ആലംബം.
ഒരു രാഷ്ട്രത്തിന്റെ ഭാവിസ്വരൂപമാണ് കുട്ടികളും യുവാക്കളും. അവര്‍ നമ്മുടെ നാളത്തേക്കുള്ള ശുഭപ്രതീക്ഷയാണ്. അവരുടെ കര്‍മശേഷിയെ യഥായോഗ്യം നിശ്ചിതമാര്‍ഗത്തിലേക്കു തിരിച്ചുവിട്ടാല്‍, വികസനത്തിലേക്കുള്ള എളുപ്പവഴിയിലൂടെ രാഷ്ട്രത്തെ മുന്നോട്ടു നീക്കുന്ന ചാലകശക്തി അവര്‍ തുറന്നുവിടും. വിപുലവും വിലയേറിയതുമായ ഈ മനുഷ്യമൂലധനത്തെ ശ്രദ്ധാപൂര്‍വം പോഷിപ്പിക്കേണ്ടത് ആവശ്യമാണ്, നമ്മുടെ ആസൂത്രണ വികസനപ്രക്രിയയുടെ മര്‍മകേന്ദ്രമാക്കി അതിനെ മാറ്റിത്തീര്‍ത്തുകൊണ്ട്. വികസനത്തിന്റെ കേന്ദ്രസ്ഥാനത്തിനുചുറ്റും യുവജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും പ്രതീക്ഷകളും സമാവേശിപ്പിക്കുക എന്നതിനായിരിക്കണം നമ്മുടെ മുന്‍ഗണന.
നാട്ടില്‍ ജനിക്കുന്ന ഓരോ ശിശുവും വളര്‍ന്ന് കഴിവും കരുത്തും ഉള്ളവരായിത്തീരുവാന്‍ തീര്‍ച്ചയായും അനുവദിക്കണം. കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കുടുംബത്തില്‍നിന്നും പരിലാളനകളേല്ക്കാന്‍ ഭാഗ്യം ലഭിക്കാത്തവരുള്‍പ്പെടെയുള്ളവര്‍ക്ക് അധികശ്രദ്ധയും സൗകര്യങ്ങളും പ്രദാനംചെയ്യുകയെന്നത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
ഇന്ത്യയിലെയും ഇതര രാജ്യങ്ങളിലെയും കുട്ടികളുമായുള്ള എന്റെ അന്യോന്യസമ്പര്‍ക്കങ്ങള്‍ വെളിവാക്കുന്നത് ഇളംപ്രായക്കാരുടെ അഭിലാഷങ്ങള്‍ ഒന്നുതന്നെയാണെന്നാണ്. അതായത് സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണവും സുരക്ഷിതവുമായ ഒരു രാഷ്ട്രത്തില്‍ ജീവിക്കുക എന്നത്. കഴിവു പരീക്ഷിക്കുന്ന കര്‍ത്തവ്യങ്ങളെയും ഉത്തമമാതൃകളെയും തങ്ങള്‍ക്ക് മാര്‍ഗചൈതന്യമാകാന്‍ സാധിക്കുന്ന നേതാക്കളെയുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. യുവജനങ്ങളുടെ വിജ്ഞാനത്തിന്റെയും ഉത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും സങ്കലനം രാഷ്ട്രപരിവര്‍ത്തനത്തിനുള്ള മഹത്തായ ചാലകാഗ്നിയാണ്. 2010 ആകുമ്പോഴേക്ക് ഇന്ത്യ പുരോഗമിച്ച് വികസിതരാഷ്ട്രമായിത്തീരുന്നെങ്കില്‍ അത് യുവസമൂഹത്തിന്റെ തോളിലേറിക്കൊണ്ടു മാത്രമായിരിക്കും.
2020 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന താങ്കളുടെ ലക്ഷ്യം കൈവരിക്കാന്‍ നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കുന്നതിനായി യുവജനങ്ങള്‍ എങ്ങനെയാണ് സ്വയം സജ്ജമാകേണ്ടത്?
അന്‍ദ്‌ലീബ് മിര്‍സ, യൂണിറ്റി കോളേജ്, ലക്‌നൗ
വിഷന്‍ 2020 എന്റെ കര്‍മപദ്ധതിയല്ല. അത് രാജ്യത്തിന്റെ ദൗത്യമാണ്. നിങ്ങളിലോരോരുത്തര്‍ക്കും പഠനത്തില്‍ മുന്‍പന്തിയിലെത്തുന്നതിലൂടെ
ദൗത്യപൂര്‍ത്തിയില്‍ സഹായകമാകാവുന്നതാണ്. അത് രാഷ്ട്രത്തിന് ഏറ്റവും മികച്ച ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും രാഷ്ട്രീയനേതാക്കളെയും സംരംഭകരെയും മനുഷ്യരെയും സമ്മാനിക്കും. ഇതിനു പുറമേ, നിങ്ങളുടെ വീടിന്റെയും സ്‌കൂളിന്റെയും പരിസര പ്രദേശത്ത് അയ്യഞ്ചു മരങ്ങള്‍ നട്ടുപിടിപ്പിക്കുകവഴി നിങ്ങള്‍ക്ക് പരിസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും. അവധിക്കാലത്ത് നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ ചെന്ന് നിരക്ഷരരായ, പ്രത്യേകിച്ചും സ്ത്രീകളെ അഞ്ചുപേരെയെങ്കിലും എഴുത്തും വായനയും പഠിപ്പിക്കാന്‍ കഴിയും.
കുട്ടികളോട് താങ്കള്‍ക്ക് വളരെയേറെ താത്പര്യമാണുള്ളത്. അവരോട് ഇത്രമാത്രം അടുപ്പം തോന്നുന്നതെന്തുകൊണ്ടാണ്? ഇതുപോലെ വാത്സല്യം കുട്ടികളോടു തോന്നുന്നതിനു കാരണമാക്കിയ സംഭവം വല്ലതുമുണ്ടോ?ആദിത്യ രമേശ്, കേന്ദ്രീയ വിദ്യാലയം, കൊച്ചി.
ഇളംപ്രായക്കാര്‍ക്ക് സ്വപ്‌നങ്ങളും ജിജ്ഞാസയുള്ള മനസ്സുകളുമുണ്ട്. കുലീനതയും ഔത്സുക്യവും അര്‍പ്പണബോധവും ആര്‍ജവവും രാജ്യത്തെ മഹത്താക്കിത്തീര്‍ക്കാനുള്ള ആകാംക്ഷയും ചേര്‍ന്ന് നിങ്ങളെ മഹദ്‌വ്യക്തിത്വമായി രൂപപ്പെടുത്തും.
ഇന്നത്തെ കുട്ടികളിലുള്ള സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണ്? താങ്കളുടെ ബാല്യത്തിലെ കുട്ടികളുമായി അവരെ എങ്ങനെ താരതമ്യപ്പെടുത്തുന്നു?യോഗേഷ് പട്ടേല്‍ കേരള പീപ്പിള്‍സ് എജ്യൂക്കേഷന്‍ സ്‌കൂള്‍ ഭവനഗര്‍
ഇന്നത്തെ കുട്ടികള്‍ അതിജിജ്ഞാസുക്കളും വേഗത്തില്‍ ഫലം ആശിക്കുന്നവരുമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് വലിയ പ്രത്യാശകളും അഭിലാഷങ്ങളുമുണ്ട്. കൂടാതെ ഇന്നത്തെ കുട്ടികള്‍ കൂടുതല്‍ ബുദ്ധിശാലികളാണ്.
കൗമാരപ്രായക്കാര്‍ക്കിടയില്‍ ദേശാഭിമാനബോധവും സേവന മനസ്‌കതയും നിവേശിപ്പിക്കുന്നതിന് അവശ്യം ചെയ്യേണ്ടത് എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?ബി.വി. രൂപ, ബി.ഇ.എല്‍ ബാംഗ്ലൂര്‍
പ്രശ്‌നം കുട്ടികളുടേതല്ല; മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്താണ് തകരാറ്. കുട്ടികള്‍ ദേശാഭിമാനികളാണ്: എന്നാല്‍ മാതാപിതാക്കളും മുതിര്‍ന്നവരും രാഷ്ട്രത്തോടുള്ള തങ്ങളുടെ മനോഭാവത്തില്‍ മാറ്റംവരുത്തേണ്ടതുണ്ട്. മാതാപിതാക്കള്‍ രാഷ്ട്രത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നമ്മുടെ സാംസ്‌കാരികപൈതൃകം കാത്തുസൂക്ഷിക്കുന്നതിന് അവര്‍ കഠിനാധ്വാനം ചെയ്യും. കുട്ടികളാവട്ടെ, സ്വാഭാവികമായി അതിനെ പിന്തുടരുകയും ചെയ്യും.
ഇന്ത്യയിലെ യുവജനങ്ങള്‍ക്കായി എന്തുതരം ഭാവിയാണ് താങ്കള്‍ മുന്‍കൂട്ടിക്കാണുന്നത്?മുയീന്‍ ഫറൂഖ് ഹക്കക് സെന്റ് ജോര്‍ജ് കോളേജ്, മുസൂറി
നമ്മുടെ രാജ്യത്ത് 540 ദശലക്ഷം യുവജനങ്ങളുണ്ട്. ഇതാണ് നമ്മുടെ കാതലായ ശക്തി. ഇന്ത്യയെ ഒരു വികസിതരാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുന്നതിന് അവര്‍ പങ്കുവഹിച്ചേ മതിയാവൂ. അവര്‍ മിടുക്കരായി പഠിച്ച് ഒന്നാമതെത്തണം. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സംരംഭകത്വപരിശീലനം ഒരു ഭാഗമായിത്തീരണം. അവര്‍ തൊഴിലന്വേഷകരാവുകയല്ല മറിച്ച്, തൊഴിലുത്പാദകരാവുകയെന്നതായിരിക്കണം ലക്ഷ്യമിടേണ്ടത്. നദികള്‍ തമ്മില്‍ ബന്ധിപ്പിക്കല്‍, 'പുര'യുടെ നിര്‍വഹണം, എല്ലാത്തിനുമുപരി ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കല്‍ തുടങ്ങി ഭാരിച്ച ചുമതലകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കിത്തീര്‍ക്കുകയെന്ന മുഖ്യനിയോഗം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാവണം.
ഇന്നത്തെ യുവജനങ്ങള്‍ ഉയര്‍ന്ന ശമ്പളവും ഭൗതികലാഭങ്ങളുമാണ് ലക്ഷ്യംവെക്കുന്നത്. എട്ടു മണിക്കൂര്‍മുതല്‍ പതിനാറു മണിക്കൂര്‍വരെ അവര്‍ ജോലി ചെയ്യുകയും ലക്ഷങ്ങള്‍ ചെലവാക്കുകയും ചെയ്യുന്നു. എന്നിട്ടും അവര്‍ അസന്തുഷ്ടരാണ്. ഈ ഇളംപ്രായക്കാരോട് താങ്കള്‍ക്ക് നല്കാനുള്ള ഉപദേശമെന്താണ്? ജെയ്ന്‍ മേരി, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, തൃശ്ശൂര്‍
നിങ്ങള്‍ സംതൃപ്തി അല്ലെങ്കില്‍ അത്യാഗ്രഹമില്ലായ്മ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പണത്തില്‍നിന്നു മാത്രമായി ഉളവാക്കാവുന്നതല്ല സന്തോഷം. തൊഴിലിലെ സംതൃപ്തി, ബന്ധങ്ങളിലെ സംതൃപ്തി, പങ്കാളിത്തത്തിലെ സംതൃപ്തി സര്‍വോപരി നാം സമൂഹത്തില്‍നിന്നും സ്വീകരിക്കുന്നതിലും കൂടുതലായി മടക്കി നല്കല്‍ ഇവയിലെല്ലാം സന്തോഷം വേണം.
അച്ഛനമ്മമാരുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുള്ള സമ്മര്‍ദം, അമിതമായ അളവിലുള്ള സിലബസിന്റെ ഭാരം, മനസ്സംഘര്‍ഷം, ഇതിനൊക്കെ പുറമേ സമൂഹത്തിലുള്ള അധമബോധം - ഇത്തരമൊരവസ്ഥയില്‍ ഞങ്ങള്‍ സൈദ്ധാന്തികശാസ്ത്രത്തില്‍ പ്രവേശനം നേടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാവും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?പി.അരുണ, ബാംഗ്ലൂര്‍ മറ്റുള്ളവരുടെ അഭിപ്രായം പരിഗണിക്കാതെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയവും ദൗത്യവും തിരഞ്ഞെടുക്കുന്ന ആളുകളാണ് ഏറ്റവും വിജയശ്രീലാളിതരാവുന്നത്.
ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമേകുന്ന എന്തെങ്കിലും സന്ദേശം നല്കാമോ?ജ്യോതിഡി.എ.വി. സ്‌കൂള്‍, ചണ്ഡീഗഢ് നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ക്കു നല്കാനായി എനിക്കൊരു സന്ദേശമുണ്ട്. യുവസമൂഹത്തില്‍പ്പെട്ട സകലര്‍ക്കും അദമ്യമായ ചൈതന്യമുണ്ടായിരിക്കണം. അദമ്യമായ ചൈതന്യത്തിനു രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, നിങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു നേടാനായി കഠിനപ്രയത്‌നം ചെയ്യുകയും വേണം. രണ്ട്, പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കവേ തീര്‍ച്ചയായും നിങ്ങള്‍ക്കു ചില പ്രശ്‌നങ്ങളെ നേരിടേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ആധിപത്യം ചെലുത്താന്‍ അനുവദിക്കരുത്. പകരം നിങ്ങള്‍ പ്രശ്‌നങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിച്ച് അവയെ പരാജയപ്പെടുത്തി വിജയം നേടുക. ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിനു യുവജനങ്ങളടങ്ങുന്ന വലിയൊരു വിഭവസമ്പത്തുണ്ട്. യുവാക്കളുടെ ജ്വലിക്കുന്ന മനസ്സുകള്‍ മറ്റേതൊരു വരുമാനവിഭവത്തോടും തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും വലിയ വിഭവസമ്പത്താണ്. അജയ്യമായ ചൈതന്യത്തോടെ ജ്വലിക്കുന്ന മനസ്സുകള്‍ പ്രയത്‌നത്തില്‍ മുഴുകുമ്പോള്‍ ഐശ്വര്യപൂര്‍ണവും സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ഇന്ത്യാരാജ്യം സുനിശ്ചിതമാണ്.
പതിനൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് എങ്ങനെ ഭാഗഭാക്കാകാന്‍ സാധിക്കും?രതാക്ഷി ഡി.പി.എസ്. ഇബ്തിദ ശിക്ഷാകേന്ദ്ര നിങ്ങളുടെ പ്രഥമജോലി നന്നായി പഠിക്കുകയും പഠനരംഗത്ത് മുന്‍പന്തിയിലെത്തുകയുമാണ്. ഒഴിവുകാലത്ത് സമയമുണ്ടെങ്കില്‍ നിരക്ഷരരായ രണ്ടുപേരെ നിങ്ങള്‍ക്ക് പഠിപ്പിക്കാന്‍ കഴിയും. വീടിനു ചുറ്റുമോ സ്‌കൂളിലോ ഏതാനും മരങ്ങള്‍ നട്ട് പരിപാലിക്കാന്‍ നിങ്ങളെക്കൊണ്ടു സാധിക്കും. നിങ്ങളുടെ വീടിന്റെ പരിസരപ്രദേശങ്ങള്‍ വൃത്തിയുള്ളതും ചെടികള്‍ നട്ടുവളര്‍ത്തി പച്ചപ്പു നിറഞ്ഞതുമാക്കി നിലനിര്‍ത്തുന്നതിന് കുടുംബാംഗങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
ഇന്നത്തെ കാലത്ത് സാമുദായിക ഐക്യവും മതനിരപേക്ഷതയും രാജ്യപുരോഗതിക്ക് അനുപേക്ഷണീയമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ന് അവയ്ക്ക് അപ്രധാനസ്ഥാനമാണുള്ളത്. പുതുതലമുറയിലെ വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് മനോഭാവത്തിലും ജീവിതചുറ്റുപാടിലും മാറ്റം സൃഷ്ടിക്കാന്‍ എങ്ങനെ സാധിക്കും? മിനു റോസമ്മ ജോസഫ് എം.ഇ.ടി. പബ്ലിക് സ്‌കൂള്‍, പെരുമ്പാവൂര്‍ ഒന്നാമതായി, നിങ്ങള്‍ പ്രബുദ്ധരായ പൗരന്മാരായിത്തീരണം. അടുത്തതായി, എല്ലാ ഇന്ത്യക്കാരുടെയും മാനസികഐക്യത്തിനുവേണ്ടി പ്രയത്‌നിക്കണം. എല്ലാവരും വിവേചനലേശമില്ലാതെ തുല്യമായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ മനസ്സുകളുടെ ഐക്യം നിശ്ചയമായും സാധ്യമാവും. എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരെയും സഹായിക്കുക, ദാനം ചെയ്യുക, കരുണ കാണിക്കുക, അര്‍പ്പിക്കുക എന്ന ഒരു മനഃസ്ഥിതി സൃഷ്ടിക്കുക -ഇതാണ് ലോകതത്ത്വം.
അടിയുറച്ച ദേശാഭിമാനബോധമുള്ള വിദ്യാര്‍ഥികളായ ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളോട് മത്സരിച്ച് വിജയിക്കാന്‍ എങ്ങനെ സാധിക്കും?സത്യ ഗൗരി ഒസ്മാനിയ മെഡിക്കല്‍ കോളേജ്, ഹൈദരബാദ് സ്ഥാനാര്‍ഥികളെ അല്ലെങ്കില്‍ പാര്‍ട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വികസനപ്രശ്‌നങ്ങളും വികസനപ്രവര്‍ത്തനങ്ങളുമാണെന്ന കാര്യത്തില്‍ പൗരന്മാര്‍ അടുത്തിടെ കൂടുതല്‍ ബോധവാന്മാരായിത്തീര്‍ന്നിരിക്കുന്നു എന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്ന ദേശാഭിമാനികളായ രാഷ്ട്രീയനേതാക്കളുടെ ആവശ്യം വൈകാതെതന്നെ ഇന്ത്യയിലെ സമ്മതിദായകര്‍ പൂര്‍ണമായും തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. കൂടാതെ, ഇനി പറയുന്ന കാര്യങ്ങളില്‍ ധൈര്യമുണ്ടായിരിക്കണമെന്ന് ഓര്‍മിക്കുക:
വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം
പുതുതായി കണ്ടുപിടി9ക്കാനുള്ള ധൈര്യം
ആരും സഞ്ചരിച്ചിട്ടില്ലാത്ത പാതയിലൂടെ മുന്നേറാനുള്ള ധൈര്യം അസാധ്യമായതു കണ്ടെത്താനുള്ള ധൈര്യം
പ്രശ്‌നങ്ങളോടു മല്ലിട്ട് വിജയിക്കാനുള്ള ധൈര്യം
ഏറ്റെടുക്കുന്ന സകല ദൗത്യങ്ങളിലും വിജയം നേടാനായി സധൈര്യം പ്രയത്‌നിക്കുമെന്ന് ഈ രാഷ്ട്രത്തിലെ ഒരു യുവപ്രതിനിധിയെന്ന നിലയില്‍ നിങ്ങള്‍ പ്രതിജ്ഞചെയ്യേണ്ടതുണ്ട്.
ഇന്നത്തെ യുവതലമുറ ഒരു വിഷമസന്ധിയിലാണ്. അവരുടെ മുന്നില്‍ നാലു മൂല്യവ്യവസ്ഥകളാണുള്ളത്. നമ്മുടെ പൂര്‍വികര്‍ അവശേഷിപ്പിച്ചു പോയ മൂല്യങ്ങള്‍, മാതാപിതാക്കള്‍ സമ്മാനിച്ച മൂല്യങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകള്‍ നല്കിയ മൂല്യങ്ങള്‍, അധ്യാപകര്‍ നല്കിയ മൂല്യങ്ങള്‍. ഞങ്ങള്‍ ഇതില്‍ ഏതു മൂല്യസമ്പ്രദായമാണ് പിന്തുടരേണ്ടത് എന്ന് ദയവുചെയ്ത് പറഞ്ഞുതരൂ. അക്ഷത്
ആപീജേ സ്‌കൂള്‍, നോയ്ഡ. നാലു മൂല്യവ്യസ്ഥകളെപ്പോലെ മറ്റൊന്നുമില്ല. മൂല്യങ്ങള്‍ സാര്‍വലൗകികവും എല്ലാവര്‍ക്കും പൊതുവായുള്ളതുമാണ്- അത് ധാര്‍മികത, നിസ്വാര്‍ഥത, ദാനമനഃസ്ഥിതി, സുതാര്യതയും സമഭാവനയും എന്നിവയില്‍ ഏതുമായിക്കോട്ടെ ഒരു വ്യക്തി നിശ്ചയമായും വളര്‍ത്തിയെടുത്ത് പിന്തുടരേണ്ട മൂല്യങ്ങളാണിവയെല്ലാം.
താങ്കള്‍ കുട്ടികളോടും യുവജനങ്ങളോടും ആശയവിനിമയം നടത്തുന്നതിനുള്ള കാരണമെന്താണ്? ഇന്ത്യ ഒരു വികസിതരാജ്യമായിത്തീരണം എന്ന സന്ദേശം പകര്‍ന്നുനല്കാനാണോ?സ്റ്റെഫാനി, കണക്ടികട്ട് കോളേജ് യു.എസ്.എ. കുട്ടികള്‍ ജിജ്ഞാസുക്കളും സര്‍ഗവാസനയുള്ളവരുമാണ്; അവര്‍ സദാ ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ഭാവി അവരാണ്.
ഇന്ത്യന്‍ ജനസംഖ്യയില്‍ 55 ശതമാനം യുവജനങ്ങളാണ്. നാമെല്ലാം യുവജനശക്തിയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. സജീവരാഷ്ട്രീയത്തില്‍ യുവതലമുറയുടെ പങ്ക് എന്ത് എന്നതാണ് എന്റെ ചോദ്യം. തുഷാര്‍ കാത്യായന്‍ സിദ്ധഗംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, തുംകൂര്‍ രാഷ്ട്രവികസനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിനായി യുവസമൂഹം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതുണ്ട്. യോഗ്യനായ സ്ഥാനാര്‍ഥിയെയും അയോഗ്യനായ സ്ഥാനാര്‍ഥിയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുകയെന്നത് യുവജനങ്ങള്‍ ഏറ്റെടുക്കേണ്ട ഒരു സുപ്രധാനദൗത്യമാകണം. ഞാന്‍ ഇതുവരെ അഞ്ചു ദശലക്ഷത്തില്‍ പരം യുവജനങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഓരോ സംവാദവേദിയിലും ഞാന്‍ എത്രപേര്‍ രാഷ്ട്രീയത്തില്‍ ചേരുമെന്നു ചോദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചേരാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുവരികയാണ്.
'നിങ്ങള്‍ രാഷ്ട്രീയത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നതിന് എന്താണു കാരണം' എന്ന എന്റെ ചോദ്യത്തിനു ലഭിച്ച പ്രതികരണങ്ങളില്‍ വളരെ മാതൃകാപരമായ ചില ഉത്തരങ്ങള്‍ നിങ്ങളോടു പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.രാജ്യത്തെ ജാതീയത തുടച്ചുമാറ്റുകയാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ പ്രധാനലക്ഷ്യം എന്ന് ജലന്ധറില്‍നിന്നുള്ള ഒരു പെണ്‍കുട്ടി പറഞ്ഞു. ലക്‌നൗവില്‍നിന്നുള്ള ഒരു പെണ്‍കുട്ടി പറഞ്ഞത് താന്‍ രാഷ്ട്രത്തിന്റെ ദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രത്തിന്റെ സമയബന്ധിതമായുള്ള വികസനത്തിനുവേണ്ടി ദൗത്യങ്ങളും കര്‍മപദ്ധതികളുമായി ദര്‍ശനത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്നാണ്.
ഇന്ത്യയിലെ യുവജനങ്ങളുടെയും പ്രൊഫഷണലുകളുടെയും ഇന്നത്തെ തലമുറയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
സുജിത് വര്‍ഗീസ് എബ്രഹാം തിരുവനന്തപുരം കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ അഞ്ചു ദശലക്ഷത്തിലേറെ യുവാക്കളുമായി കണ്ടു സംവദിച്ചിട്ടുണ്ട്; പതിവായി നിരവധി യുവജനങ്ങളില്‍ നിന്നും ഇ-മെയിലുകള്‍ ലഭിക്കുന്നുമുണ്ട്. അവരൊക്കെയും ഉത്സാഹത്താല്‍ തുടിച്ചുതുള്ളുകയാണ്. നാം അവരെ വിദ്യാഭ്യാസംകൊണ്ടും മൂല്യവ്യവസ്ഥകൊണ്ടും പ്രാപ്തരും കരുത്തരുമാക്കി മാറ്റുകതന്നെ വേണം.
അടുത്ത പ്രസിഡന്റായി ആരെയാവും താങ്കള്‍ തിരഞ്ഞെടുക്കുക?നീല്‍കാന്ത് പട്ടേല്‍ തേജസ് വിദ്യാലയ, വദോദര നിന്നെത്തന്നെ. ഒരുങ്ങിയിരുന്നോളൂ!
സമൂഹത്തിലെ ഭാവിനേതാക്കളായിത്തീരുന്നതിനു വളര്‍ത്തിയെടുക്കേണ്ട എന്തു സ്വഭാവവിശേഷങ്ങളാണ് നമുക്ക് ആവശ്യമുള്ളത്?
അപൂര്‍വ ദ്വിവേദി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഹമീര്‍പുര്‍ നിങ്ങള്‍ക്ക് ഒരു വീക്ഷണവും അതു പ്രാബല്യത്തില്‍ വരുത്താനുള്ള അതിയായ താത്പര്യവുമുണ്ടായിരിക്കണം. സധൈര്യം നിങ്ങള്‍ തീരുമാനങ്ങളെടുക്കണം. പരാജയങ്ങളെയും വിജയങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നറിഞ്ഞിരിക്കണം; കാര്യനിര്‍വഹണത്തില്‍ കുലീനത പുലര്‍ത്തണം. സര്‍വോപരി സ്വഭാവശുദ്ധിയോടെ പ്രവര്‍ത്തിക്കുകയും സമഗ്രമായി
വിജയിക്കുകയും വേണം.
യുവതലമുറയ്ക്ക് ആകര്‍ഷണം തോന്നാനാവുംവിധം രാഷ്ട്രീയത്തെ എങ്ങനെ കൂടുതല്‍ മതിപ്പും ആദരവും ഉള്ളതാക്കിയെടുക്കാം? ഉത്തമ രാഷ്ട്രസേവകരും നേതാക്കളും ആകാന്‍ വളര്‍ത്തിയെടുക്കേണ്ട ശേഷികളെന്തൊക്കെയാണ്? നിഖില്‍ ഐസക് മനോഹര്‍ സെന്റ് ബ്രിട്ടോസ് അക്കാദമി, ചെന്നൈ രാഷ്ട്രത്തിനായുള്ള കാഴ്ചപ്പാടാണ് ഒരു ജനാധിപത്യരാജ്യത്തിലെ രാഷ്ട്രീയസംവിധാനം ഒരുക്കിവെക്കുന്നത്. അത് ദേശീയവികസനത്തില്‍ ഊന്നി നിയമനിര്‍മാണസഭയുടെ ഉപദേശം മുഖാന്തരം ഗവണ്‍മെന്റിന്റെ രൂപത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്
എങ്ങനെയാണ് മാന്യത ഉറപ്പു വരുത്തുന്നത്?
രാഷ്ട്രീയവ്യവസ്ഥ 'രാഷ്ട്രീയമായ രാഷ്ട്രീയ'ത്തിനും 'വികസനപരമായ രാഷ്ട്രീയ'ത്തിനും തുല്യമാണ്. വികസനപരമായ രാഷ്ട്രീയത്തിന്റെ ഗുണനിലവാരം വര്‍ധിച്ചുവരുന്തോറും അതിന്റെ സ്വാധീനമായുള്ള മാന്യതയും വര്‍ധിച്ചുവരും. ഉത്തമരാഷ്ട്രീയക്കാരെന്ന് യുവതലമുറയെ അടയാളപ്പെടുത്താനായി അവര്‍ വികസനരാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിച്ചേ തീരൂ.
(ഇന്ത്യയുടെ ചൈതന്യം എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment