ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരെയും തീര്‍ത്ഥാടകരെയും ഒരുപോലെആകര്‍ഷിക്കുന്ന സ്ഥലമാണ് ചതുരഗിരി. പൗര്‍ണമി, അമാവാസി ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ ഒരു പ്രവാഹം ചതുരഗിരിയിലേക്ക് ഉണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ തിരുവോണത്തിന്റെ അടുത്തദിവസമുള്ള പൗര്‍ണമിക്ക് (സെപ്തംബര്‍ 4- കേരളത്തില്‍ ചതയദിനം) തീര്‍ത്ഥാടകരോടൊപ്പം ട്രെക്കിംഗ് ഇഷ്ടപ്പെടുന്ന ഞങ്ങളുടെ മൂവര്‍ സംഘവും ചേര്‍ന്നു.
വിരുദുനഗറില്‍ നിന്ന് രാവിലെ 6 മണിക്ക് വജ്രയിരിപ്പിലേക്ക് (വദ്രയിരിപ്പ്- വദ്രാപ്- Watrap) ബസ്സുണ്ട്. മുക്കാല്‍ മണിക്കൂര്‍ സഞ്ചരിക്കുമ്പോള്‍ വജ്രയിരിപ്പിനു മൂന്നു കി.മീറ്റര്‍ മുന്നിലായി, താണിപ്പാറയിലേക്ക് തിരിയുന്നിടത്തെത്തും. ഇവിടെ നിന്ന് ഓട്ടോറിക്ഷയിലോ നടന്നോ താണിപ്പാറയിലെത്താം. (ദൂരം 7 കി.മീറ്റര്‍)
ചതുരഗിരിയിലേക്കുള്ള യാത്രികര്‍ ആദ്യം എത്തിച്ചേരുന്നത് 'താണിപ്പാറ' എന്ന അടിവാരത്തില്‍. ഇവിടെ ഒന്നുരണ്ട് ചെറിയ കോവിലുകളുണ്ട്. 'ആശീര്‍വാദ വിനായഗര്‍' കോവിലും തങ്കകാളിയമ്മന്‍ കോവിലും!
ഇവിടം കടന്നാല്‍ നിരപ്പുള്ള വിശാലമായ ഒരു പാറ. അരികില്‍ നീരൂറ്റ്. ഒരമ്മയും കുഞ്ഞുമോളും ഇഡ്ഡലി വില്‍ക്കുന്നുണ്ടായിരുന്നു; തൊട്ടടുത്ത് ഒരു അണ്ണന്‍ മല്ലിക്കാപ്പിയും. പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങള്‍ മലകയറിത്തുടങ്ങി. (മലമുടിയെത്തുന്നതുവരെ വഴിവാണിഭക്കാരുടെ സാന്നിദ്ധ്യമുണ്ട്).
പത്തു കി.മീറ്റര്‍ ദൂരത്തിലുള്ള മലകയറ്റമാണ് ചതുരഗിരിയിലേക്കുള്ളത്. ഇതിനിടയില്‍ നിരവധി ദേവസ്ഥാനങ്ങള്‍ കാണാം, കൊച്ചു കെട്ടിടങ്ങളിലോ തുറന്ന സ്ഥലത്തോ ഒക്കെ... പേച്ചിയമ്മന്‍, കറുപ്പുസാമി, വനദുര്‍ഗ, രട്ടൈ ലിങ്കം (ഇരട്ട ലിംഗം) അങ്ങനെ തുടര്‍ന്ന്, ഒടുവില്‍ ചതുരഗിരിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍-സുന്ദരമഹാലിംഗ ക്ഷേത്രവും ചന്ദനമഹാലിംഗ ക്ഷേത്രവും- ചെന്നുനില്‍ക്കും. ഇതിനിടയില്‍ ചില തീര്‍ത്ഥങ്ങളുണ്ട്. ഇതിലൊന്ന് 'ഞാവല്‍ ഊറ്റ്.' ഇതിലെ ജലം കുടിച്ചാല്‍ 'ചക്കരവ്യാധി'യുള്‍പ്പെടെ പല രോഗങ്ങളും പമ്പകടക്കുമെന്നാണ് തീര്‍ത്ഥാടകരുടെ വിശ്വാസം.
കൊച്ചരുവികളുടെയും കുളങ്ങളുടെയുമൊക്കെ ഘടന യാത്രാരംഭം മുതല്‍ ദൃശ്യമാണെങ്കിലും, വെള്ളം തീരെയില്ലാത്ത സമയത്തായിരുന്നു ഞങ്ങളുടെ സഞ്ചാരം. ഇങ്ങനെ, ഇപ്പോള്‍ വെള്ളമില്ലാത്തതും മഴയെത്തുടര്‍ന്നുള്ള സമയങ്ങളില്‍ ധാരാളമായി വെള്ളമുണ്ടായിരിക്കാവുന്നതുമായ ഇടമാണ് 'കുതിരൈ ഊറ്റ്'. ഇവിടെനിന്ന് ഏകദേശം 5 കി.മീറ്ററോളം അതികഠിനമായ ഒരൊറ്റ കയറ്റമാണുള്ളത്. 'വഴുക്കുപാറ' കടന്ന്, 'അദ്രിമഹിഷിവന'ത്തിലൂടെ 'ഇരട്ടലിംഗം' വരെയുള്ള പാത കുത്തനെ ഉയര്‍ച്ചയിലേക്കു പോകുന്നു. മുകളിലേക്ക് കയറുന്തോറും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഭൂദൃശ്യങ്ങള്‍ പ്രത്യക്ഷമാകും. പര്‍വ്വതഭാഗങ്ങളും നീര്‍ച്ചാലുകളും വനക്കാഴ്ചകളുമൊക്കെ ഉപഗ്രഹദൃശ്യങ്ങള്‍ പോലെ തോന്നും.
പൂര്‍ണിമയായതിനാല്‍ സഞ്ചാരികള്‍ ധാരാളം. ചെറുസംഘങ്ങളായോ കുടുംബസമേതമോ യാത്രചെയ്യുന്നവരാണധികവും. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. എല്ലായ്പ്പോഴും ഞങ്ങളുടെ തൊട്ടു മുന്നിലോ തൊട്ടു പിന്നിലോ ആയി ചുവന്ന ചേല മാത്രം ചുറ്റിയ ഒരു പാട്ടിയുണ്ടായിരുന്നു. കൂനിയുള്ള നടത്തം. ഒരിടത്തും വിശ്രമിക്കാതെയാണ് അവര്‍ മലകയറിക്കൊണ്ടിരുന്നത്.
വഴിയിലെമ്പാടും കിളിപ്പേച്ച് കേട്ടുകൊണ്ടിരുന്നു. പ്രധാന ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു കി.മീറ്റര്‍ മുന്‍പായി 'പ്ലാവിന്‍ ചുവട്ടില്‍ കറുപ്പസാമി'യുടെ ആലയമുണ്ട്. നാളികേരം ഉടയ്ക്കുന്നതാണ് ഇവിടത്തെ വഴിപാട്. ഒരു അരുവിക്കരികിലാണ് ആലയം. അതിനടുത്ത് രണ്ട് വലിയ മരങ്ങളും അവയ്ക്കു ചുവടെ ഒരു പരന്ന പാറയും. ധാരാളം കുരങ്ങന്മാര്‍ അവിടെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്. ഇളങ്കാറ്റ് വീശിക്കൊണ്ടിരിക്കുന്ന ആ മരത്തണല്‍ ഒരു മയക്കത്തിന്റെ പ്രലോഭനവും ക്ഷണവുമാണ്.
യാത്രികര്‍ക്കു തങ്ങാനുള്ള ഷെഡ്ഡുകള്‍, കുളിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയൊക്കെ താണ്ടി ഒരു കമാനത്തിലൂടെ പ്രവേശിക്കുന്നത് ഒരു കുഞ്ഞു ക്ഷേത്രത്തിനു മുന്നില്‍. അതിനപ്പുറം ഒന്നുരണ്ട് അന്നദാന സത്രങ്ങള്‍. സാമ്പാറും ചോറും കിട്ടും. അവിടം കടന്ന് എത്തിച്ചേരുന്നത് സുന്ദര മഹാലിംഗ ക്ഷേത്രത്തിലാണ്. നാലുചുറ്റും കൂറ്റന്‍ മലകളാല്‍ വളയപ്പെട്ട പ്രശാന്തമായ ഇടം.
അധികമെഴുതി മുഷിപ്പിക്കുന്നില്ല.
എങ്കിലും...ചോദിക്കട്ടെ, സെല്‍ഫോണിന് റെയിഞ്ചില്ലാത്തിടത്ത് എത്തിയാല്‍ വെപ്രാളമുണ്ടാകാത്ത വ്യക്തിയാണോ നിങ്ങള്‍? ബഹളത്തില്‍ നിന്ന് രണ്ടുനാള്‍ മാറിനില്‍ക്കാന്‍ തോന്നാറുണ്ടോ? 'എനിക്കും നടക്കാന്‍ സാധിക്കും' എന്ന ആത്മവിശ്വാസമുണ്ടോ? എങ്കില്‍ ധൈര്യമായി ചതുരഗിരിയിലേക്കു പോകൂ.
website: http://www.chathuragiri.com/
ഓര്‍ക്കാന്‍: പാത കഠിനമാണ്. ഉറപ്പുള്ള ചെരിപ്പ് ധരിക്കുക. ആവശ്യത്തിന് വെള്ളം, ലഘുഭക്ഷണം, തൊപ്പി, കുട എന്നിവ കരുതുക.
വഴി: (തീവണ്ടിയില്‍) തിരുവനന്തപുരം- മധുര റൂട്ടില്‍ വിരുദുനഗറില്‍ ഇറങ്ങുക. ഇവിടെ നിന്ന് വദ്രാപ്പിലേക്ക് ബസ്സുണ്ട്. ഇതേ റൂട്ടില്‍ സാത്തൂര്‍ ഇറങ്ങി, തുടര്‍ന്ന് ബസ്സില്‍ ശ്രീവില്ലിപുത്തൂരിലേക്കും അവിടെ നിന്ന് വദ്രാപ്പിലേക്കും പോകാം.
തെങ്കാശി വഴി (ബസ്സില്‍) വരുന്നവര്‍ ശ്രീവില്ലിപുത്തൂരിറങ്ങി വദ്രാപ്പിലെത്തണം.
വദ്രാപ്പില്‍ നിന്ന് 10 കി.മീറ്റര്‍ അകലെയാണ് താണിപ്പാറ. ഓട്ടോറിക്ഷ ലഭ്യമാണ്.
ഉദയന്റെ ബ്ലോഗ്: http://www.sancharam.co.in/
No comments:
Post a Comment