തിരുനെല്ലി ക്ഷേത്രത്തിനു പിന്നിലെ വഴി നീളുന്നത് പാപനാശിനിയിലേക്കാണ്. പിതൃമോക്ഷത്തിന് പിന്‍തലമുറക്കാരന്‍ കണ്ടെത്തിയ ബലിവേദി. പാപനാശിനിയില്‍ പുണ്യപാപങ്ങളുടെ വഴി തീരുന്നു. പക്ഷെ സഞ്ചാരിയുടെ വഴി അവിടെ തീരുന്നില്ല. അത് കാടുകള്‍ക്കിടയിലൂടെ മലനിരകളിലേക്ക് നീണ്ടുചെല്ലുന്നു. പുല്‍മേടുകളുടെ പുതപ്പണിഞ്ഞ ബ്രഹ്മഗിരി മലനിരകളിലേക്ക്.
''ബ്രഹ്മഗിരി പോയിട്ടുണ്ടോ ?''
''ഇല്ല.''
''പക്ഷിപാതാളം വഴി അമ്പലപ്പാറയില്‍.. ?''
''ഇല്ല.''
കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രിയിലെ റേഞ്ച് ഓഫീസര്‍ അനൂപ്കുമാറിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാനായില്ല. കാടിനെപ്പറ്റി പറയുമ്പോള്‍ അനൂപ് ഫുള്‍ സ്റ്റോപ്പിടില്ല. ക്ലാസ്‌മേറ്റായിരുന്ന കാലത്തും അനൂപ് കാടിനെക്കുറിച്ചു തന്നെ സംസാരിച്ചു. 'കാടന്‍' എന്ന പേരും കിട്ടി. കാടന്‍ മുതിര്‍ന്നപ്പോള്‍ കാടിന്റെ ഓഫീസറായി.
തിരുനെല്ലി കാട്ടിലൂടെ നീളുന്ന ഈ പാതക്ക് ചരിത്രപരമായൊരു പ്രാധാന്യമുണ്ട്. നാലുപതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ബംഗാളില്‍ വസന്തം ഇടിമുഴക്കിയപ്പോള്‍ അതിന്റെ പ്രതിധ്വനി വയനാട്ടില്‍ കേള്‍പ്പിക്കാന്‍ മുതിര്‍ന്ന നിസ്വാര്‍ഥരായ ഒരു പറ്റം ചെറുപ്പക്കാരുടെ കണ്ണീര്‍ വീണ കാട്ടുപാത. പോലീസ് വളഞ്ഞപ്പോള്‍ അവര്‍ക്ക് ഈ കാട് അഭയമായി. സഖാവ് വര്‍ഗീസിന്റെ ചോര വീണ കാടാണ് ഇത്. സഖാവ് അജിത നടന്നുപോയ വഴികള്‍. വര്‍ഗ്ഗശത്രുക്കള്‍ക്കായി കരുതിവച്ച ബോംബ് അബദ്ധത്തില്‍ പൊട്ടി ശരീരത്തില്‍ ചീളുകള്‍ തുളഞ്ഞുകയറിയപ്പോള്‍ വേദന സഹിക്കാനാവാതെ കൊന്നുതരാന്‍ കേണപേക്ഷിച്ച കിസാന്‍ തൊമ്മനെ ശശിമല രാമന്‍നായര്‍ വെടിവെച്ചുകൊന്നതും ഈ കാട്ടില്‍വച്ചുതന്നെ.
റേഞ്ച് ഓഫീസര്‍ പറഞ്ഞത് കാടിന്റെ വന്യതയെക്കുറിച്ചായിരുന്നു. കേരളത്തില്‍ 'ട്രോപിക്കല്‍ വെറ്റ് എവര്‍ഗ്രീന്‍ ഫോറസ്റ്റ്' അഥവാ ഉഷ്ണമേഖല ആര്‍ദ്ര നിത്യഹരിതവനങ്ങളുള്ള ഒരേയൊരു വനമേഖലയാണ് ഈ കാടുകള്‍. ഷോല വനങ്ങളും പുല്‍മേടുകളും പാറക്കൂട്ടങ്ങളും ഇടവിട്ട്് പ്രത്യക്ഷപ്പെടുന്ന കാട്. പശ്ചിമഘട്ടത്തില്‍ കാണാവുന്ന എല്ലാ ജന്തു, സസ്യജാലങ്ങളും ഇവിടെയുണ്ട്. ആന, കടുവ, പുലി, കുറുക്കന്‍, മാന്‍, മലയണ്ണാന്‍, കരിങ്കുരങ്ങ്, വിവിധതരം ഓര്‍ക്കിഡുകള്‍.
പറഞ്ഞുതീരാത്ത ഈ വിശേഷങ്ങളാണ് ബ്രഹ്മഗിരി വഴി ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലേക്ക് ഒരു യാത്രക്ക് പ്രചോദനമായത്. ബേഗൂര്‍, കൊട്ടിയൂര്‍, ആറളം റേഞ്ചുകളിലൂടെ യാത്ര രണ്ട്് ദിവസം നീളും. വനംവകുപ്പിന്റെ അനുമതി ആദ്യം വാങ്ങണം.
അനൂപിനു പുറമെ കൊട്ടിയൂര്‍ റേഞ്ചിലെ വാച്ചര്‍മാരായ ബിജു, ബാലന്‍, നാരായണന്‍കുട്ടി എന്നിവര്‍ വഴികാട്ടികളും സഹായികളുമായി കൂടെ ചേര്‍ന്നു. കൊട്ടിയൂര്‍ റേഞ്ചിലെ മുന്‍ റേഞ്ച് ഓഫീസര്‍കൂടിയാണ് അനൂപ്. 'മാതൃഭൂമി യാത്രാ'സംഘത്തോടൊപ്പം മൂന്ന് യുവഡോക്ടര്‍മാരും പങ്കുചേര്‍ന്നു. ഡോ.ദിലീപ്, ഡോ.ഷുബിന്‍, ഡോ.രജിത്. എല്ലാവരും സര്‍ക്കാര്‍ സര്‍വീസില്‍. ഷുബിന്റെ അനുജനും എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയുമായ ദിപിന്‍, പ്ലസ് ടു അധ്യാപകനായ എബ്രഹാം എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങള്‍.
തിരുനെല്ലി ഫോറസ്റ്റ് ഐ.ബി ക്കു സമീപത്തു നിന്നാണ് ബ്രഹ്മഗിരിയിലേക്കുള്ള ട്രക്കിങ്ങ് പാത തുടങ്ങുന്നത്. ഒരു മണിക്ക് യാത്ര തുടങ്ങി. രണ്ടു ദിവസത്തേക്ക് ഭക്ഷണത്തിനുള്ള സാധനങ്ങള്‍ തിരുനെല്ലിയില്‍ നിന്നും വാങ്ങി. ഇവ വലിയ ചാക്കില്‍ കെട്ടി തലയില്‍ വച്ച് കൈ രണ്ടും വീശി മരങ്ങളുടെ തണല്‍ പറ്റി വാച്ചര്‍മാര്‍ മുന്നേ നടന്നു. ഒരു താളമുണ്ട് ആ നടപ്പിന്. നീരുറവകള്‍ ധാരാളമുള്ള കാടാണ് ബേഗൂര്‍ ഡിവിഷനില്‍പെട്ട തിരുനെല്ലിയിലേത്. വെള്ളത്തിന് നട്ടുച്ചയിലും മരം കോച്ചുന്ന തണുപ്പ്.
കാട്ടുപാത അവസാനിച്ചത് പുല്‍മേട്ടിലാണ്. ബ്രഹ്മഗിരിമലനിരകളുടെ സൗന്ദര്യം ഈ പുല്‍മേട്ടില്‍ നിന്നു കാണാം. പച്ചപിടിച്ച കുന്നുകള്‍ ഒന്ന് മറ്റൊന്നിലേക്ക് കയറിച്ചെല്ലുന്നു. കുന്നുകള്‍ക്കിടയില്‍ ചോലവനങ്ങള്‍. ചോലകള്‍ക്കിടയിലുടെ മാത്രം ഒഴുകുന്ന കാട്ടരുവി. ആനകളുടെ വിഹാരരംഗമാണ് ഈ കുന്നുകളും ചോലകളും. കുന്നു കയറിച്ചെല്ലുമ്പോള്‍ താഴെ ദൂരെയായി തിരുനെല്ലി ക്ഷേത്രവും പരിസരവും കാണാം. ഒരു മണിക്കൂറിനുശേഷം ഒരു വാച്ച് ടവറിനടുത്തെത്തി.
35 മീറ്ററോളം ഉയരമുണ്ട് ടവറിന്. മുകളിലേക്ക് കയറും തോറും കാറ്റ് ബാലന്‍സ് തെറ്റിക്കും. ബ്രഹ്മഗിരിയുടെ വിശാലമായ കാഴ്ച ടവറില്‍ നിന്നു കാണാം. കിഴക്കും വടക്കും പടിഞ്ഞാറും പുല്‍മേടുകള്‍ നിറഞ്ഞ കുന്നുകള്‍. തെക്ക് പച്ച പുതച്ച കൊടുംകാട്. എങ്ങും പക്ഷികളുടെയും ചീവീടുകളുടെയും കോലാഹലം. ഇടക്കിടെ കരിങ്കുരങ്ങിന്റെ മൂളല്‍. കുയിലിനെപ്പോലെയാണ് കരിങ്കുരങ്ങ്. മൂളലിന് മറുമൊഴി കൊടുത്താല്‍ അവന്‍ (അതോ അവളോ) തിരിച്ചും മൂളും.
വാച്ചര്‍മാര്‍ വളരെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. 'ഇങ്ങിനെ പോയാല്‍ ഇരുട്ടും മുമ്പ് അമ്പലപ്പാറയിലെത്തില്ല. ആനയുള്ള വഴിയാണ്'. അമ്പലപ്പാറയിലാണ് അന്ന് തങ്ങേണ്ടത്. ആറളം സാങ്ച്വറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് അമ്പലപ്പാറ. 1540 മീറ്റര്‍ ഉയരം. അവിടെ ഒരു ഫോറസ്റ്റ് വാച്ച് ടവറുണ്ട്. കൊട്ടിയൂര്‍ റേഞ്ചും കഴിഞ്ഞ് ആറളം റേഞ്ചിലാണ് അമ്പലപ്പാറ. ഇനിയും ബേഗൂര്‍ റേഞ്ച് കഴിഞ്ഞിട്ടുമില്ല. സമയം നാലുമണിയോടടുക്കുന്നു. വാച്ചര്‍മാര്‍ ധൃതിവെച്ചതില്‍ കാര്യമുണ്ട്.
വാച്ച് ടവര്‍ കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടു. ബ്രിട്ടീഷുകാരുടെ ബംഗ്ലാവിന്റെ ബാക്കിപത്രം. ഇവിടെവരെ അവര്‍ കുതിരപ്പുറത്തായിരുന്നത്രെ വന്നിരുന്നത്. നായാട്ടുതന്നെ ലക്ഷ്യം. ഇവിടെ കേരള- കര്‍ണ്ണാടക അതിര്‍ത്തിയാണ.് അപ്പുറം കുടക്. അതിര്‍ത്തിയില്‍ കൂടിയാണ് ഇനി യാത്ര. കാടിന് ശോണിമ നല്കുന്ന ചുവന്ന പൂക്കള്‍ വിടര്‍ത്തിയ മരങ്ങള്‍ നിറയെയുണ്ട്. ക്ലീറോഡെന്‍ഡ്രോണ്‍ നീലഗിരിക്കയാണ് ഇത്. അപൂര്‍വമായ കുള്ളന്‍ റോസ് വുഡും ഈ കാട്ടിലുണ്ട്. നീലക്കുറിഞ്ഞിയുടെ ബന്ധുവായ സ്‌ട്രോബിലാന്തസ് സ്പീഷിയോസയും സുലഭം.
ഇതിനിടെ പക്ഷിപാതാളം കടന്നു. മഞ്ഞപ്പൂക്കളുള്ള ചെടികള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു ഇവിടം. വാച്ചര്‍മാര്‍ വളരെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. പിന്നില്‍ വരുന്നവര്‍ക്ക് വഴി തെറ്റാതിരിക്കാന്‍ അവര്‍ ചെടിക്കൊമ്പുകള്‍ കൊണ്ട് അടയാളം വച്ചിരിക്കുന്നു. അടയാളങ്ങള്‍ നോക്കിയായിരുന്നു നാലു പതിറ്റാണ്ട് മുമ്പ് അജിതയും കൂട്ടരും ഈവഴി പോയത്. മുമ്പേ നീങ്ങിയ സഖാക്കള്‍ മരങ്ങളില്‍ കത്തികൊണ്ടാണ് അടയാളങ്ങള്‍ തീര്‍ത്തത്. തലശ്ശേരി പോലീസ് സ്‌റ്റേഷനാക്രമണം കഴിഞ്ഞ് വരുമെന്നു പ്രതീക്ഷിച്ചിരുന്ന സഖാക്കള്‍ക്കായി വഴിയും തീര്‍ത്തിരുന്നു. (പോലീസ് സ്‌റ്റേഷന്‍ ആക്രമണം പരാജയപ്പെട്ടത് തിരുനെല്ലിക്കാട്ടിലുള്ളവര്‍ അറിഞ്ഞിരുന്നില്ല.) കുറെ ദൂരം പോയപ്പോള്‍ അടയാളങ്ങള്‍ നിലച്ചിരുന്നു. തലശ്ശേരി സഖാക്കള്‍ വരാതെ വഞ്ചിച്ചുവെന്ന് എല്ലാവരും കരുതി.
കയറ്റം കഴിഞ്ഞു. കണ്ണെത്താദൂരത്തോളം മൈതാനം പോലെ സ്ഥലം. ആനകള്‍ തിമിര്‍ത്താടിയതിന്റെ ലക്ഷണങ്ങള്‍. അതിര്‍ത്തിവിട്ട് ഇടത്തോട്ടേക്കാണ് അമ്പലപ്പാറയിലേക്കുള്ള വഴി. കുറച്ചുകൂടിപ്പോയപ്പോള്‍ പഞ്ചാരത്തോടായി. ഇനി അമ്പലപ്പാറയെത്തും വരെ വെള്ളം കിട്ടില്ല. കുപ്പികള്‍ വീണ്ടും നിറഞ്ഞു. തോടരികില്‍ അല്പം വിശ്രമവും. സമയം വൈകിട്ട് അഞ്ചര.
ആനകള്‍ കൂടുതലായി കാണുന്ന ഒരു സ്ഥലമുണ്ട് ഈ വഴിക്ക്. അതു കൂടി കടന്നാല്‍ അമ്പലപ്പാറയായി. ഇരുട്ടും മുമ്പ് അവിടം താണ്ടണം. വാച്ചര്‍ ബാലന്‍ തിരക്കു കൂട്ടി. പുല്‍മേടിനപ്പുറം വീണ്ടും ചോലവനങ്ങളുടെ തലപ്പുകള്‍. ഒരു വലിയ പാറക്കൂട്ടത്തിനടുത്ത് വഴി തീര്‍ന്നു. ഇനി ചോലയിലേക്കിറങ്ങണം. ചോലക്കിടയില്‍ നിന്നും ബാലനും ബിജുവും വിളിക്കുന്നുണ്ട്. പക്ഷെ കാണാനാവുന്നില്ല, സമയം ഏഴുമണിയായി. ഇരുട്ട് അതിന്റെ കൈകള്‍ നീട്ടിത്തുടങ്ങി. ചോലയിലിറങ്ങി നടന്നു. അഞ്ചുമിനിട്ടിനകം ചോലവനം കടന്നു. വീണ്ടും പാറക്കൂട്ടം. പാറകള്‍ ശാഖകളായി താഴോട്ടിറങ്ങുന്നു. ഒഴുകിവരുന്ന കോടമഞ്ഞ് കാലുകളെ തഴുകി കടന്നുപോയി. സൂക്ഷിച്ചാണ് പാറക്കൂട്ടങ്ങളിലൂടെ ഇറങ്ങിയത്. കോടമഞ്ഞ് വഴിമാറിയപ്പോള്‍ ചോലക്കപ്പുറം ഒരു വാച്ച് ടവര്‍. 'എത്തി അമ്പലപ്പാറയില്‍....'. ബാലന്‍ വിളിച്ചുകൂവി. ക്യാമറകള്‍ പരക്കെ ശബ്ദിച്ചു. പാറകളില്‍ കിടന്നും ഇരുന്നും ഉരുണ്ടും യാത്രാക്ഷീണമകറ്റുമ്പോള്‍ മുന്നില്‍ കണ്ട സാധനം കാട്ടി ബാലന്‍ പറഞ്ഞു.'കടുവയുടെ കാഷ്ഠം.'
വാച്ച് ടവറിലേക്ക് ഓരോരുത്തരായി നീങ്ങി. ചോലയും പാറകളും തീരുന്നിടത്ത് മറ്റൊരു വലിയ കാടിന്റെ തുടക്കത്തിലാണ് ടവര്‍. നാലു തൂണും അതിനുമുകളില്‍ ഒരു കൊച്ചു മുറിയും. ചെല്ലുമ്പോള്‍ കണ്ട കാഴ്ച സുഖകരമായിരുന്നില്ല. തൂണുകള്‍ക്ക് ചുറ്റും മറച്ചിരുന്ന അലുമിനിയം ഷീറ്റുകള്‍ നാലുപാടും ചുഴറ്റിയെറിഞ്ഞിരിക്കുന്നു. ചിലത് ചവിട്ടി ഒടിച്ചിട്ടുമുണ്ട്. അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം ഒരു ഓപ്പണ്‍ കോര്‍ട്ടാക്കിയ ആനക്ക് 'നല്ല നമസ്‌കാരം' പറഞ്ഞ് രാത്രിഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ക്ക് നാരായണന്‍കുട്ടി തുടക്കമിട്ടു. ബിജുവും ബാലനും വെള്ളമെടുക്കാന്‍ അടുത്തുള്ള അരുവിക്കരയിലേക്കു പോയി.
സംഘാംഗങ്ങളില്‍ കുറച്ചുപേര്‍ മുകളിലോട്ടു കയറി. ബാക്കിയുളളവര്‍ പാറകള്‍ക്കിടയില്‍ നിന്നും ഇനിയുമെത്തിയിട്ടില്ല. നാരായണന്‍കുട്ടി ടവറിന്റെ താഴെ തൂണുകള്‍ക്കിടയില്‍ അടുപ്പു കൂട്ടി. തീ കത്തിപ്പിടിക്കാന്‍ കുറച്ചു സമയമെടുത്തു. തൂണിനു തൊട്ടപ്പുറം കാട്ടില്‍ നിന്ന് കരിയിലയനക്കം. മുകളില്‍ അനൂപിനോടു ചോദിച്ചു. 'മാനോ മറ്റോ ആവും', മറുപടിയില്‍ സമാധാനിച്ചു. ക്യാമ്പ് ഫയറും ഭക്ഷണവും തമാശകളുമായി രാത്രി നീങ്ങി. രുചികരമായിരുന്നു മൂവരും ചേര്‍ന്നൊരുക്കിയ വിഭവങ്ങള്‍. കോഴിക്കറിക്ക് മുട്ടന്‍ സ്വാദ്. മരച്ചീനിയുടെ ഐറ്റം തകര്‍ത്തു. പാചകം തന്റേതാണെന്ന് ബാലന്‍. മുറിക്കകത്തും പുറത്തുമായി എല്ലാവരും കിടന്നു. ചിലരുറങ്ങി. ചിലര്‍ക്ക് ഉറക്കം വന്നില്ല. ഉറക്കം വരാത്തവര്‍ കാടിന്റെ രാത്രിഭംഗി നുകരാന്‍ പുറത്തിറങ്ങി. ഏതോ മരക്കൊമ്പിലിരുന്ന് രാച്ചുക്കിന്റെ (കിറശമി ചശഴവഷേമൃ) പാട്ട്. അമ്പലപ്പാറയില്‍ നിലാവ് പരന്നിരുന്നു. കാട്ടിലെ രാത്രിക്ക് ഏഴഴക്. സിരകളിലേക്ക് കുത്തിക്കയറുന്ന തണുപ്പ്.
പുലര്‍ന്നപ്പോള്‍ കുത്തിയുണര്‍ത്തിയതും മരം കോച്ചുന്ന തണുപ്പ് തന്നെ. തണുപ്പുമാറ്റാന്‍ തീക്കു ചുറ്റുമിരുന്നു. റേഞ്ച് ഓഫീസര്‍ വക ചില്ലറ യോഗമുറകള്‍. അതു തീരുമ്പോഴേക്കും ബിജുവിന്റെ കാപ്പി റെഡി. തലേന്ന് ഭക്ഷണമുണ്ടാക്കുമ്പോള്‍ കരിയിലയനങ്ങിയ പൊന്തയിലേക്ക് ഒന്നു പോയി നോക്കി. ഒരു കൗതുകത്തിന് വേണ്ടി. നാരായണന്‍കുട്ടിയും വന്നു. കാട് ചവിട്ടിക്കുഴച്ചുവച്ചിട്ടുണ്ട്. അവിടവിടെയായി ഉണങ്ങാത്ത ആനപ്പിണ്ടവും. കരിയിലശബ്ദം മാനിന്റേതാണെന്നു പറഞ്ഞ റേഞ്ച് ഓഫീസറെ കണ്ടിട്ടുതന്നെ കാര്യം. അനൂപ് ചിരിച്ചു. 'ആനയാണെന്ന് അപ്പോഴേ അറിഞ്ഞിരുന്നു. തീ കണ്ടാല്‍ ആന അടുത്തേക്ക് വരില്ല. ആനയാണെന്നു പറഞ്ഞാല്‍ ആകെ ബഹളമാവും. തോട്ടിന്‍കരയിലും പാറക്കൂട്ടങ്ങളിലും ഉള്ളവര്‍ ഇരുട്ടില്‍ പരക്കം പായും.' റേഞ്ച് ഓഫീസര്‍ പുലി തന്നെ!
കാട്ടരുവിയിലെ കുളി കഴിയുമ്പോഴേക്ക് ഭക്ഷണം റെഡി. ഇന്നിനി എപ്പോഴാണ് അടുത്ത ഭക്ഷണം എന്നു പറയാനാവില്ല. ഇനി കൊടും കാട്ടിലൂടെ നടത്തമാണ്. നടന്ന് ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലെത്തണം. വാച്ചര്‍മാര്‍ക്ക് അഞ്ച് മണിക്കൂര്‍ മതി . ആദ്യസഞ്ചാരികള്‍ എത്രമണിക്കൂറെടുക്കുമെന്നു കണ്ടറിയണം. ആപേരും പറഞ്ഞ് എല്ലാവരും നന്നായി തന്നെ തിന്നു. ഉണക്കമീന്‍ കറിയുടെ രുചികൂടിയായപ്പോള്‍ ഭക്ഷണം പെട്ടെന്നുതന്നെതീര്‍ന്നു.
വഴിതെറ്റിയലഞ്ഞ രണ്ടാംദിനം
അമ്പലപ്പാറയില്‍ നിന്നു തിരിക്കുമ്പോള്‍ സമയം രാവിലെ 10.35. പാറക്കൂട്ടങ്ങള്‍ അപ്പോഴേക്കും വെട്ടിത്തിളങ്ങിയിരുന്നു കൊട്ടിയൂരിലിറങ്ങാനായിരുന്നു ആദ്യപരിപാടി. ആ വഴി അടഞ്ഞിരിക്കാനുള്ള സാധ്യതയുണ്ടെന്ന് വാച്ചര്‍മാര്‍ പറഞ്ഞു. എങ്കില്‍ ആറളം സാങ്ച്വറിയിലെ ചാവച്ചി സെക്ഷന്‍ വഴി അടക്കാത്തോട് എന്ന ഗ്രാമത്തിലൂടെ വൈല്‍ഡ് ലൈഫ് ഓഫീസിലെത്താന്‍ പ്ലാനിട്ടു. നാലുമണിക്കെത്താമെന്ന് ധാരണയായി. അപ്പോഴേക്കും അവിടെ ഭക്ഷണം റെഡിയായിരിക്കുമെന്ന് അറിയിപ്പും വന്നു. ശുഭകരമായ വിവരങ്ങള്‍.
തിരുനെല്ലിയില്‍ നിന്ന് അമ്പലപ്പാറയിലേക്ക് കയറ്റമായിരുന്നെങ്കില്‍ ഇത് ഇറക്കമാണ്. പുല്‍മേടുകള്‍ തീരെയില്ല. ചോലവനം കൊടുംകാടിനു വഴിമാറി. തൊട്ടടുത്തുള്ള മലയിലെ കാടിന്റെ തലപ്പുകള്‍ അമ്പലപ്പാറയില്‍നിന്നും കാണാം. തലപ്പുകള്‍ മൂന്ന്് അടരുകളായി വേറിട്ടു നില്‍ക്കുന്നു. പച്ചയുടെ മൂന്നു വ്യത്യസ്ത ഷേഡുകള്‍. പൂര്‍ണവളര്‍ച്ചയെത്തിയ കാടിന്റെ ലക്ഷണമാണിത്.
ഊടുവഴികളിലൂടെയാണ് യാത്ര. ഇടക്കിടെയുള്ള ചതുപ്പില്‍ പൂണ്ടുപോയ കാലുകള്‍ വലിച്ചെടുക്കാന്‍ നന്നെ പണിപ്പെട്ടു. വഴിയില്‍ ഇടക്കിടെ ഫ്രഷ് ആനപ്പിണ്ടം. കഴിഞ്ഞ രാത്രിയിലെ ആന തന്നെയാവണം. മുന്നിലോ വശങ്ങളിലോ എവിടെയോ അവന്‍ ഞങ്ങള്‍ക്കൊപ്പം സമാന്തരമായി നീങ്ങുന്നുണ്ട്്. അത്രയക്കുണ്ട് ആനച്ചൂര്.
കാടിന് കനമേറി. കാഴ്ചകള്‍ക്കും. ഫയര്‍ബെല്‍റ്റിലൂടെയുള്ള നടപ്പ് അത്ര ആയാസകരമല്ല. അടിക്കാടുകള്‍ ഇടക്കിടെ വഴിമുടക്കി. വലതുഭാഗത്ത് കര്‍ണാടക കാടുകള്‍. ഈ വഴിയില്‍ മനുഷ്യസ്പര്‍ശം അധികമൊന്നും ഏറ്റിട്ടില്ലെന്നു വ്യക്തം.
നടപ്പ് തുടങ്ങി ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും ഇറക്കം അവസാനിച്ചില്ല. സൂര്യപ്രകാശം പിശുക്കിയാണ് ആ കാട്ടിലേക്കു കയറിവന്നത്. അത്ര മാത്രം ഇടതൂര്‍ന്ന മരങ്ങള്‍. തലേന്നു മഴ പെയിതിരുന്നു. നനഞ്ഞ മണ്ണില്‍ നിന്നും തല നീട്ടിയ അട്ടകള്‍ കാലുകളില്‍ ചാടിക്കയറി. വഴി കുറേക്കൂടി ദുര്‍ഘടമായി. ബാഗിനുള്ളില്‍ വച്ച മൊബൈലില്‍ ഒന്നു രണ്ട് മെസേജുകള്‍ വന്ന ശബ്ദം കേട്ടു. ആശ്വാസം. റേഞ്ച് ഉണ്ടല്ലോ.
കാടിനെ അറിഞ്ഞുള്ള യാത്ര രണ്ടുമണിയോടെ ഒരു തോടിനു മുന്നിലെത്തി നിന്നു. നിറയെ വെള്ളമുള്ള തോട്. ഡോ.രജിത് നീന്തിക്കുളിച്ചു.
തോട്ടിന്‍കരയില്‍ അല്പം വിശ്രമം. കാലില്‍ തൂങ്ങിക്കിടന്ന അട്ടകളെ പറിച്ചുകളഞ്ഞു. കയ്യില്‍ കരുതിയ അവല്‍ ഓരോ പിടി എല്ലാവര്‍ക്കുമായി വീതിച്ചു. പച്ച അവലിനു പോലും എന്തൊരു സ്വാദ്.
കുളി കഴിഞ്ഞ് ഷൂ ധരിച്ച് വെളളം നനയാതെ കല്ലുകളില്‍ ചവിട്ടി തോട് മുറിച്ചുകടക്കാനുള്ള രജതിന്റെ ശ്രമം പാളി. ഒരു കല്ലിളകിയതും ഡോക്ടര്‍ താഴെ വീണതും ഒപ്പം. നന്നായി നനഞ്ഞു. ഷൂ വെള്ളത്തില്‍ മുങ്ങി. ഉരുളന്‍ കല്ലുകളില്‍ കാല് തെന്നി എബ്രഹാം മാഷും വീണു. കല്ലുകൊ ണ്ട് വലതു കണ്ണിനു താഴെ അല്പം പോറലുമുണ്ടായി. യാത്രയിലെ ആദ്യ അപകടം.
പിന്നെയും കുറേ ദൂരം നടന്നു. സമയം നാലര. വേരുകള്‍ മതിലുകളെപ്പോലെ നാലുപാടും ഉയര്‍ത്തിയ ഒരു കോളിമരത്തിനടുത്ത് എല്ലാവരും നിന്നു. അത്രക്ക് സുന്ദരമായിരുന്നു ആ മരം. കുറെ ഫോട്ടോയെടുത്തു.
മുന്നേ നടന്നിരുന്ന വാച്ചര്‍മാര്‍ ചുമടിറക്കി കുറെ മുന്നിലായി ഇരിക്കുന്നുണ്ട്. മുഖത്ത് ആശങ്കയുടെ നിഴലാട്ടം. വഴി തെറ്റിയിരിക്കുന്നു. മൊബൈല്‍ കയ്യിലെടുത്തു. അപ്പോഴാണ് മെസേജ് ശ്രദ്ധിച്ചത്. Dear subsciber, Welcome to BSNL Mobile Karnataka. Have a pleasant stay. While roaming all your incoming calls are also chargeable.... മെസേജ് വന്ന സമയം രാവിലെ 11.38. മണിക്കൂറുകളായി കര്‍ണാടകത്തിലൂടെ നടക്കുന്നു. ഗുണപാഠം: കാട്ടിലായാലും മെസേജിനെ മറന്നു കളിക്കരുത്!
കുടകുവനത്തിലെവിടെയോ ആണ് നില്ക്കുന്നത്. കൊട്ടിയൂര്‍ റേഞ്ചിലെ വാച്ചര്‍മാര്‍ക്ക് ആറളം റേഞ്ച് വലിയ പരിചയം പോര. റേഞ്ച് കിട്ടിയ മൊബൈലില്‍ അനൂപ് ആറളം സാങ്ച്വറിയിലേക്കു വിളിച്ചു. കോളിമരമായിരുന്നു നില്‍ക്കുന്ന സ്ഥലത്തിന്റെ അടയാളമായി പറഞ്ഞത്. അവര്‍ക്കും അത്ര നിശ്ചയം പോര. ഇനി മുന്നോട്ടു പോകാതെ ഇടതുഭാഗത്തേക്കു തിരിഞ്ഞു വരാനായിരുന്നു നിര്‍ദ്ദേശം.
ഇടതു വശത്ത് ഒരു ഫയര്‍ ബെല്‍റ്റ് കണ്ടു. അതിലൂടെയുള്ള നടത്തം അഗാധമായ ഒരു കൊല്ലിക്കു മുമ്പില്‍ ചെന്നു നിന്നു. താഴെ നോക്കിയാല്‍ കാണുന്നത് വന്‍മരങ്ങളുടെ തലപ്പുകള്‍ മാത്രം. കുത്തനെയുള്ള ഇറക്കം. ഊര്‍ന്നിറങ്ങണം. വഴി അതുതന്നെയാണോയെന്ന് ഒരു നിശ്ചയവുമില്ല. കുന്നിന്‍ചെരിവിലൂടെ ഫയര്‍ബെല്‍റ്റ് പോകുന്നുണ്ട്. ഇറങ്ങണോ വേണ്ടയോ. വഴി അതു തന്നെയെങ്കില്‍ ഇറങ്ങാം. വഴി അതല്ലെങ്കിലോ. ഇറങ്ങിയാല്‍ പിന്നെ ഈ മല തിരിച്ചുകയറല്‍ അചിന്ത്യം. ഒരു വന്‍മരത്തില്‍ കയറുന്നതാവും അതിലും എളുപ്പം. പത്തുമിനിറ്റോളം എല്ലാവരും ചര്‍ച്ചചെയ്തു. ഒടുവില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. ക്യാമറയടക്കമുള്ള സാധനങ്ങള്‍ ബാഗിനകത്താക്കി. ബാക്ക് പാക്ക് ഉറപ്പിച്ച് ഓരോരുത്തരായി ഫയര്‍ബെല്‍റ്റിലൂടെ ഇരുന്നിറങ്ങാന്‍ തുടങ്ങി.
ഒരുകാല്‍ മുന്നോട്ടുനീക്കി മറ്റേ കാല്‍ പിന്നലേക്കു മടക്കിയാണ് ഊര്‍ന്നിറങ്ങിയത്. പിടുത്തം കിട്ടാന്‍ വേറെ മാര്‍ഗ്ഗമില്ല.
ഫയര്‍ബെല്‍റ്റില്‍ നിറയെ ഉരുളന്‍കല്ലുകള്‍. ഊര്‍ന്നിറങ്ങുമ്പോള്‍ കല്ലുകളില്‍ അമര്‍ത്തിച്ചവിട്ടി. കല്ലുകള്‍ ഇളകി തെറിച്ച് മുന്നില്‍ ഇരുന്നിറങ്ങുന്നവര്‍ക്കുനേരെ പാഞ്ഞു. പുറത്തു തൂക്കിയ ബാഗുകളില്‍ കല്ലുകള്‍ തട്ടിത്തെറിച്ചു. ആശങ്കയുടെ നിമിഷങ്ങള്‍.
കാല്‍മുട്ടുരഞ്ഞുപൊട്ടി. ഊര്‍ന്നിറങ്ങുന്നതിന്റെ വേഗം നിയന്ത്രിക്കാന്‍ നിലത്ത് ശക്തിയോടെ ഊന്നിയ കൈകളിലെ തൊലിയും ഉരഞ്ഞു പൊട്ടി. അവിടവിടെ ചോരപ്പാടുകള്‍. അട്ടകള്‍ പൊതിഞ്ഞ മുറിപ്പാടുകളില്‍ അപ്പോഴേക്കും കാട്ടുമണ്ണ് മൂടിയിരുന്നു. ഒരു മണിക്കൂറിലേറെ ഊര്‍ന്നിറങ്ങിയിട്ടും ഇറക്കം ബാക്കി. ചെങ്കുത്തായ ഇറക്കം ഒരു ചെകുത്താനെ പോലെ മുന്നില്‍ പല്ലിളിച്ചുനിന്നു. മൊബൈലില്‍ ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്നു.
ദിശതെറ്റിയോ എന്ന് ഡോ. ദിലീപിന് സംശയം. വടക്കുനോക്കിയന്ത്രം തലേന്നു വണ്ടിയില്‍ വച്ചു മറന്നുപോയിരുന്നു. എങ്കിലും അറിയാവുന്ന ഒരു ഒറ്റമൂലി പ്രയോഗം ദിലീപ് പുറത്തെടുത്തു. കുപ്പിയുടെ അടപ്പില്‍ കുറച്ചു വെള്ളമെടുത്തു. അതില്‍ വളരെ ചെറിയ ഇല ഇട്ടു. ഇല വെള്ളത്തില്‍ പൊങ്ങിക്കിടക്കണം. മൊട്ടുസൂചിപോലെ വളരെ ചെറിയ ഇരുമ്പ്ദണ്ഡ് ഇലക്കുമുകളില്‍ വച്ചാല്‍ ഇല തെക്കുവടക്ക് ദിശയില്‍ നില്കും. വടക്കും തെക്കും ഏതെന്ന് ഏകദേശധാരണ ഉണ്ടായാല്‍ മതി. പക്ഷെ കൈവശം മൊട്ടുസൂചി ഇല്ല. വാച്ചിന്റെ സ്ട്രാപ്പിലുള്ള കൊളുത്ത് അഴിച്ചെടുക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഒറ്റമൂലിപ്രയോഗം ഉപേക്ഷിച്ചു. സൂര്യന്റെ സ്ഥാനവും വാച്ചിലെ സമയവും കണക്കാക്കി മുന്നോട്ടുതന്നെ ഊര്‍ന്നിറങ്ങി.
ഇടക്ക് മൊബൈല്‍ സിഗ്നല്‍ തന്നു. ആറളത്തേക്ക് വിളിച്ചു. സ്ഥലത്തെപ്പറ്റിയുള്ള സൂചനകള്‍ നല്‍ കി. മുന്നോട്ടു നീങ്ങാനായിരുന്നു. നിര്‍ദ്ദേശം. വഴിക്ക് മൂന്നു തോടുകള്‍ കാണാം. ആദ്യം വെള്ളമില്ലാത്തത്. പിന്നെ വെള്ളമുള്ളത്. മൂന്നാമത്തേതിലും വെള്ളമുണ്ടാവില്ല. മൂന്നാം തോട് മുറിച്ചു കടന്നാല്‍ ട്രക്കിങ്ങ് പാത കാണാം. അത് വഴി വരിക. ഇതായിരുന്നു നിര്‍ദ്ദേശം.
തീരാത്ത ഇറക്കം. പക്ഷെ അത്ര ദുര്‍ഘടമല്ല. ഇടക്ക് നിരന്ന സ്ഥലവുമുണ്ട്. എത്ര ദൂരം നടന്നുവെന്നോര്‍മ്മയില്ല. ആശങ്കയായിരുന്നു മനസ്സുനിറയെ. 'യാത്ര'ക്കായി ഞങ്ങളോടൊപ്പം ചേര്‍ന്നവരെ സുരക്ഷിതയായി തിരിച്ചെത്തിക്കണം. അതിനായിരുന്നു പ്രഥമ പരിഗണന. പക്ഷെ സംഘത്തിന് ഒട്ടും ആശങ്കയുള്ളതായി കണ്ടില്ല. ആ രാത്രി കാട്ടില്‍ പുഴയോരത്ത് ക്യാമ്പൊരുക്കുന്നതിനെപ്പറ്റിയായിരുന്നു അവരുടെ ചര്‍ച്ച.
അപ്പോള്‍ ഓര്‍ത്തത് അജിതയെയായിരുന്നു. പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിയ അവര്‍ എത്ര കാതം, എത്ര ദിവസം ഈ കാട്ടിലൂടെ അലഞ്ഞിട്ടുണ്ടാവും... അനുഭവിച്ച യാതനകളുടെ ആഴം എത്രയായിരിക്കും
''പിറ്റേന്നു രാവിലെ അല്പം ചായപ്പൊടി വാങ്ങിവച്ചിരുന്നത് അവസാനമായെടുത്തു വെള്ളത്തിലിട്ടു തിളപ്പിച്ച് എല്ലാവരും കുടിച്ചു. താഴെ എത്തിയ ശേഷം മാത്രമേ കഞ്ഞി വെക്കേണ്ടതുള്ളൂവെന്ന് എല്ലാവരും സമ്മതിച്ചു. രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ ഒരു ഊക്കന്‍ മലയിറങ്ങാന്‍ തുടങ്ങി. വാസ്തവം പറഞ്ഞാല്‍ അതൊരു ഭയങ്കരമായ ഇറക്കം തന്നെയായിരുന്നു... ചെങ്കുത്തായ ആ മലയിറങ്ങുമ്പോള്‍ താഴെയെത്തിയാല്‍ മാത്രമേ നില്‍ക്കാന്‍ കഴിയുമായിരുന്നുള്ളു. മുള്ളു വഴികളും മറ്റും നിറഞ്ഞ ആ കുത്തനെയുള്ള മലയിറങ്ങുന്ന സമയത്തും അല്പം ധൈര്യം കുറവുള്ളയാളാണെങ്കില്‍ നേരെ ചെന്നെത്തുന്നത് അഗാധമായ കൊല്ലിയിലായിരിക്കും. അതില്‍ വീണാല്‍ ആരെയും രക്ഷപ്പെടുത്താന്‍ സാധ്യമല്ലെന്ന് ഞങ്ങള്‍ക്ക്് പരിപൂര്‍ണ്ണ ബോധ്യമായിരുന്നു. ക്ഷീണിക്കുമ്പോള്‍ കുറച്ചു വെള്ളം കുടിക്കാന്‍പോലും വഴിയില്ലായിരുന്നു. ഒരൊറ്റ അരുവി പോലും ആ മലയില്‍ ദാഹജലം തരാനുണ്ടായിരുന്നില്ല. ....നീരുവന്ന വീര്‍ത്ത കാലുകളും വച്ച് ഞൊണ്ടി ഞൊണ്ടി നടന്നിരുന്ന എനിക്കു മറ്റു സഖാക്കളുടെ അങ്ങേയറ്റം ഊഷ്മളമായ സഹായം കൊണ്ടാണ് ആ ഇറക്കത്തിന്റെ പരീക്ഷണം വിജയിക്കാന്‍ കഴിഞ്ഞത്.............രാവിലെ എട്ടു മണിക്കു തുടങ്ങിയ മലയിറക്കം വൈകിട്ട് ഏകദേശം നാലുമണിയോടുകൂടി ആ മലയുടെ താഴ്‌വാരത്ത് പരന്ന ഒരു ചെരിവില്‍ വന്‍മരങ്ങളുടെ ഇടയിലായി ചെന്നവസാനിച്ചു........ വീണ്ടും ഞാനെണീറ്റു നടന്നു. സഖാക്കള്‍ ക്യാമ്പടിക്കുന്ന സ്ഥലത്തെത്തി. ആ ക്യാമ്പില്‍ നിന്നാണ് ഞങ്ങള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങാന്‍ തുടങ്ങിയത്. ആ സ്ഥലം ഏതെന്നു ഞങ്ങള്‍ക്കറിയില്ലായിരുന്നു. അവസാനമായി സഖാവ് വര്‍ഗ്ഗീസ് കൈയില്‍ സൂക്ഷിച്ചു വച്ചിരുന്ന പണം അഞ്ചു സഖാക്കള്‍ക്കായി വീതിച്ചു കൊടുത്തു............ ആ ക്യാമ്പില്‍ നിന്ന് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം നടന്നപ്പോള്‍ അടിവാരത്തിലുള്ള ഒരു കാട്ടരുവിയുടെ കരയിലെത്തി. അടുത്തെവിടെയോ ഒരു മരം മുറിക്കുന്ന ശബ്ദം കേട്ടു. ആള്‍പ്പെരുമാറ്റമുള്ള സ്ഥലമെത്തിയെന്നു ഞങ്ങള്‍ക്കു മനസ്സിലായി. ആ അരുവിയുടെ കരയില്‍ അല്‍പനേരമിരുന്ന ശേഷം ഞങ്ങള്‍ വേഷത്തിലല്‍പം ചില വ്യത്യാസങ്ങളൊക്കെ വരുത്തി. ......അതിനിടെ രണ്ടു സഖാക്കള്‍ മരം വെട്ടുന്ന ശബ്ദം കേട്ടിടത്തേക്കു വിവരങ്ങള്‍ അന്വേഷിക്കാന്‍ പോയിരുന്നു. അവര്‍മടങ്ങി വന്നപ്പോള്‍ ഇവിടെ അടുത്തുള്ള സ്ഥലത്തിന്റെ പേര് അടക്കാത്തോടാണെന്നും, ഞങ്ങളിപ്പോള്‍ എത്തിപ്പെട്ട സ്ഥലം ഒരു കോഴിക്കോടന്‍ മുതലാളിയുടെ മരം മുറിക്കുന്ന കൂപ്പാണെന്നും, മരം വെട്ടിക്കൊണ്ടിരിക്കുന്ന ആള്‍ പറഞ്ഞെന്നും ഞങ്ങളെ അറിയിച്ചു.'''
(ഓര്‍മ്മക്കുറിപ്പുകള്‍- അജിത)
നടന്ന് ഒരു തോടിന്റെ കരയിലെത്തി. പക്ഷെ അതില്‍ വെള്ളമുണ്ടായിരുന്നു. ആദ്യം കാണേണ്ടിയിരുന്ന വെള്ളമില്ലാത്ത തോടെവിടെ? വഴി തെറ്റിയെന്നു നിശ്ചയം. സമയം അഞ്ചരയോടടുക്കുന്നു. ഏതായാലും കുപ്പികള്‍ നിറച്ചു. വീണ്ടും ചര്‍ച്ച. മുന്നോട്ടു നീങ്ങാന്‍ തന്നെ തീരുമാനിച്ചു. വഴിയില്‍ ആനയും കാട്ടുമൃഗങ്ങളും അവശേഷിപ്പിച്ച അടയാളങ്ങള്‍. നടന്ന് നടന്ന് ഒടുവില്‍ വെള്ളമില്ലാത്ത തോട്ടിന്‍കരയിലെത്തി. തോട് മുറിച്ചു കടന്നപ്പോള്‍ വെട്ടിയുണ്ടാക്കിയ കാട്ടുപാത കണ്ണില്‍പെട്ടു. സാമാന്യം വീതിയുള്ള വഴി. ഹാവൂ........ ഹൂൂൂൂൂൂൂൂ..... ശരിക്കും കൂക്കിവിളിക്കുകയായിരുന്നു. അതുവരെ അടക്കിനിര്‍ത്തിയിരുന്ന ടെന്‍ഷന്‍ കൂട്ടില്‍നിന്നു രക്ഷപ്പെട്ട കിളിയെപ്പോലെ പറന്നുപോയി. കാട്ടുപാത എന്തായാലും കാട്ടിനപ്പുറത്തേക്കു നീളും. 1970 വരെ മരം മുറിക്കാന്‍ ഇവിടെ അനുമതിയുണ്ടായിരുന്നു. മരം കൊണ്ടുപോകാന്‍ ലോറികള്‍ വന്നു പോയ കൂപ്പുറോഡായിരുന്നു അത്. മൊബൈല്‍ വീണ്ടും ഉണര്‍ന്നു. അടക്കാത്തോട് ഭാഗത്താണ് നില്ക്കുന്നതെന്നും കാട്ടുപാതവഴി മുന്നോട്ടുനീങ്ങാനും നിര്‍ദ്ദേശം വന്നു.
അതുവരെ നിരങ്ങിയും നിന്നും നടന്നവര്‍ക്ക്് വേഗമേറി. വഴിക്കു കുറുകെ വീണ വന്‍മരങ്ങള്‍ ചാടിക്കടന്നു. അതിമനോഹരമായ കാട്. നന്നായി പരിപാലിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
നടന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുത്തിയൊലിക്കുന്ന പുഴയുടെ ശബ്ദം കേട്ടു. തെക്കു ഭാഗത്ത് കാടിനപ്പുറം തെങ്ങിന്‍ തലപ്പുകള്‍. ഗ്രാമങ്ങളുടെ സാമീപ്യം. പുഴയുടെ കളകളാരവം ലക്ഷ്യമിട്ടു നടന്നു. ചീങ്കണ്ണിപ്പുഴയായിരുന്നു അത്. ബ്രഹ്മഗിരിയില്‍നിന്ന് ഉത്ഭവിച്ച് കര്‍ണാടക കാടുകളിലൂടെഒഴുകി ബാവലിപ്പുഴയുമായിച്ചേര്‍ന്ന് വളപട്ടണം പുഴയായി മാറുന്ന ചീങ്കണ്ണിപ്പുഴ. ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ജീവനാഡി.
പുഴകടക്കാന്‍ പാലമുണ്ട്. അപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. കാടിന്റെ രൂപം മാറി. മരങ്ങള്‍ ഇരുണ്ട നിഴലുകളായി. അതിനകത്തുനിന്നും പലപലശബ്ദങ്ങള്‍ പുറത്തുവന്നു. യാത്രാസംഘം അപ്പോഴേക്കും പലതായി മുറിഞ്ഞിരുന്നു. ചിലര്‍ മുന്നിലെത്തി. ചിലര്‍ വളരെ പിന്നിലും. ഉച്ചത്തില്‍ കൂകി പരസ്പരം സാന്നിധ്യമറിയിച്ചു. വഴിതെറ്റിയിട്ടില്ലെന്ന് ഉറപ്പിക്കുന്നതിനൊപ്പം കാട്ടുമൃഗങ്ങളെ അകറ്റാനും കൂടിയായിരുന്നു അത്. ഒരു വളവിലെത്തിയപ്പോള്‍ വലിയൊരു പാമ്പ് മുളങ്കൂട്ടങ്ങള്‍ക്കിടയിലേക്ക് ഇഴഞ്ഞുപോയി. വളവു തിരിഞ്ഞതും വെട്ടം തെളിഞ്ഞു. ആറളം വനത്തിന്റെ ചാവച്ചി സെക്ഷന്‍ ഓഫീസായിരുന്നു അത്. ഫോറസ്റ്റര്‍ അനില്‍കുമാര്‍ അക്ഷമനായി കാത്തിരിക്കുന്നു . കട്ടന്‍ ചായയുമായി അനില്‍ സ്വീകരിച്ചു. സൗരോര്‍ജ്ജത്തിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം. അണഞ്ഞുപോകാറായ മൊബൈല്‍ ബാറ്ററിക്ക് അവിടെവച്ച് ജീവന്‍ കൊടുത്തു. ചീങ്കണ്ണിപ്പുഴയിലിറങ്ങി നന്നായി കുളിച്ചു.
പുഴക്കപ്പുറം അടക്കാത്തോടിനടുത്തുള്ള രാമച്ചി ഗ്രാമമാണ്. അവിടെ ഒരു ജീപ്പ് ഞങ്ങളെ കാത്തു കിടപ്പുണ്ട്. തൂക്കുപാലം കടന്നു സ്വകാര്യകൃഷിയിടങ്ങളിലൂടെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അനില്‍ ഞങ്ങളെ ജീപ്പിനടുത്തേക്ക് നയിച്ചു. ജീപ്പ് 11 കിലോമീറ്ററപ്പുറത്തുള്ള വൈല്‍ഡ് ലൈഫ് ഓഫീസില്‍ ഞങ്ങളെ എത്തിച്ചു. അവിടെ സ്‌നേഹനിര്‍ഭരമായ സ്വീകരണം. ഭക്ഷണവും. പകല്‍ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നത് അപ്പോഴാണോര്‍ത്തത്. വാരിവലിച്ചുതിന്നു. ക്ഷണനേരംകൊണ്ട് കാലിയാവുന്ന പ്ലേറ്റുകളില്‍ രാജുവേട്ടന്‍ ചോറും കറികളും നിറച്ചുകൊണ്ടിരുന്നു. എന്തൊരാശ്വാസം.
തിരിച്ചിറങ്ങുമ്പോള്‍ ദിപിന്‍ അന്വേഷണം തുടങ്ങി.
'അടുത്ത യാത്ര എപ്പോളായിരിക്കും...'
'മതിയായില്ല അല്ലേ...'
എങ്ങിനെ മതിയാവാന്‍. യാത്ര ലഹരിയാണ്. ഒരിക്കല്‍ രുചിച്ചാല്‍ എന്നും അത് വേണ്ടിവരും.
'വടക്കുനോക്കിയന്ത്രം, ആധുനിക മൊബൈല്‍ ഫോണ്‍, സ്ലീപ്പിങ്ങ്ബാഗ്.....'അടുത്തയാത്രക്കു വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് ദിപിന്‍ പറഞ്ഞുതുടങ്ങി. കാട്ടിലൂടെയുള്ളയാത്രയാവുമ്പോള്‍ ഒന്നും മിസ് ചെയ്യരുതല്ലോ..
Brahmagiri trekking
Trekking from Thirunelli to Aralam Sanctuary via Ambalappara.
Location
Brahmagiri: Brahmagiri is a mountain range in the Western Ghats with an average height of 1600-1800 mts. It is situated on the border between Kodagu district (Karnataka) in the north and Wayanad and Kannur districts of Kerala on the south and east. Brahmagiri Hill, at 1608 m height, is a scenic tourist attraction. To reach the peak, the base station is Gonikuppa near Virajpetta in Kodagu. Ambalappara: A rocky area in the middle of evergreen forest in Aralam Wildlife Sanctuary and the highest point of the Sanctuary (1540 m). It is the most beautiful area of this sanctuary and the toughest to reach. A watch tower provides simple accomodation. Wildlife here is endemic to Westernghats, include Elephant,Tiger, Sambar, Leopard, Wild gaur, Rodents, Wild dog, Fox etc. Ceylon Frogmouth, Hornbill, Emarald Doves, Shama, Crimson Barbet are some of the birds found here.
How to Reach
Starting point :Thirunelli.124 km from Kozhikode, 111 km from Thalassery.
By road : LKozhikode-Kalpetta- Mananthavady-Kattikkulam- Thirunelli.
LThalassery-Kuthuparamba-Nedumpoil -Mananthavady-Kattikkulam-Thirunelli.
By Rail: Thalassery 0490 2344131
Airport: Karippur, Kozhikode 148 km
Route
Trekking from Thirunelli to Ambalappara is a 6 hour journey. Trekking path is adventurous that covers three forest ranges; Begur, Kottiyoor and Aralam. Vegetation ranged from hard rocky terrain and grassland to wet tropical evergreen climat forest and Shola forest. Halt at Ambalappara.
From Ambalappara to Aralam, the route is more thrilling . 8 hrs journey to the destination through thick forest boardering Karnataka and Kerala.
Best season: December - April
For enquiry and permission: D F O North Wayanad) 04935 240233, 9447979074. For stay at Thirunelli dormitory, contact Begur Range Office) 04935 240627 (Aralam Wildlife Sanctuary:) 0490 2413160 www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment