കേസ് ഞാന്‍ നല്‍കിയത് ഇപ്പോഴൊന്നുമല്ല. 2010 -ല്‍ ആണ് ഞാന്‍ ആദ്യമായി ഇതിനെതിരെ പരാതി കൊടുക്കുന്നത്. കൊല്ലത്തെ ക്ലാപന എന്ന പഞ്ചായത്തിലാണ് മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി തന്നെയുള്ളത്. കഴിഞ്ഞ മൂന്ന് തവണയായി ഈ പഞ്ചായത്ത് ഭരിക്കുന്നതും കോണ്‍ഗ്രസ് തന്നെയാണ്. ആ വകുപ്പില്‍ പഞ്ചായത്തിലെ വയലുകളും തണ്ണീര്‍ തടങ്ങളുമെല്ലാം വാങ്ങുകയും അത് നികത്തി കെട്ടിടങ്ങള്‍ കെട്ടുകയും ചെയ്യുന്നതാണ് മഠത്തിന്റെ രീതി. ഇപ്രകാരം കെട്ടിയ കെട്ടിടങ്ങള്‍ മിക്കതും അനുമതി ഇല്ലാത്തതോ, അനധികൃതമായി കെട്ടിയതോ ആണ്. അതിനാല്‍ തന്നെ അവര്‍ ഈ കെട്ടിടങ്ങള്‍ക്ക് ടാക്‌സും അടയ്ക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ പരാതി കൊടുത്തപ്പോള്‍ തങ്ങള്‍ 5 കെട്ടിടങ്ങളാണുള്ളതെന്ന് പറഞ്ഞ് 17 ലക്ഷം രൂപ ഇവര്‍ ടാക്‌സുള്‍പ്പെടെയുള്ള നികുതികള്‍ അടച്ചിരുന്നു. എന്നാല്‍ ഇതിനെയും ചോദ്യം ചെയ്‌ത് ഞാന്‍ പരാതി നല്‍കി. കാരണം മഠത്തിന് എത്രകെട്ടിടങ്ങളാണുള്ളതെന്ന് എനിക്ക് അറിയാമായിരുന്നു.
അങ്ങനെ എന്റെ പരാതി കോടതി പരിഗണിക്കുകയും ഇത് അന്വേഷിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഈ സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് 49 കെട്ടിടങ്ങളാണ് ഇവര്‍ക്ക് ആ പഞ്ചായത്തില്‍ മാത്രമുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ മാത്രമല്ല ഇതില്‍ ഉള്ളത്. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ഉണ്ട്.
ഈ പഞ്ചായത്തില്‍ എന്ത് വ്യവസായമാണ് മഠം നടത്തുന്നത്?
എന്താണ് ഇല്ലാത്തത്. ഹോളോ ബ്രിക്‌സ് നിര്‍മ്മാണം, തടി മില്ല്, വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പുകള്‍ എന്നു തുടങ്ങി നമുക്ക് അറിയാത്ത നിരവധി വ്യവസായങ്ങള്‍ ഇവര്‍ക്ക് ഇവിടെ ഉണ്ട്. ഈ പഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളുടെയും ടാക്‌സ് മാത്രം നോക്കുകയാണെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര കോടി രൂപ ഇവര്‍ സര്‍ക്കാറിന് നല്‍കണം. ശുദ്ധ ബിസിനസാണ് മഠത്തിന്റെ പേരില്‍ നടക്കുന്നത്. മാത്രമല്ല, വയലുകള്‍ നികത്തിയാണ് മിക്ക കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നതും. അതിനാല്‍ തന്നെ എന്റെ പാര്‍ട്ടിയുടെ നയങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ പരാതിയുമായി പോയത്.
ഇപ്പോള്‍ ആരോപിതമായ സ്ഥലം മഠത്തിന്റെ പേരില്‍ ഉള്ളതല്ലല്ലോ?
മഠത്തിന്റെ പേരില്‍ ഉള്ളതല്ല. അമൃതാനന്ദമയിയുടെ സഹോദരങ്ങളാണ് അത് വാങ്ങിയിരിക്കുന്നത്. മഠത്തിന് ഭൂമി വാങ്ങുന്നതില്‍ ഒരു നയമുണ്ട്. ഭീമമായ തുക ഉപയോഗിച്ചാണ് ഭൂമി വാങ്ങേണ്ടതെങ്കില്‍ അത് മഠം നേരിട്ട് വാങ്ങും, അതല്ലെങ്കില്‍ അമൃതാനന്ദമയിയുടെ സ്വന്തം സഹോദരങ്ങളെ കൊണ്ടു വാങ്ങിക്കും. അവര്‍ ഇത് സ്വാധീനമുപയോഗിച്ച് നികത്തിയ ശേഷം മഠത്തിന് നല്‍കും. വര്‍ഷങ്ങളായി നടന്നു വരുന്നത് ഇത് തന്നെയാണ്. അങ്ങനെയാകുമ്പോള്‍ വയല്‍ നികത്തിയെന്ന നിയമവിരുദ്ധ പ്രവര്‍ത്തനം മഠത്തിന്റെ പേരില്‍ ആരോപിക്കപ്പെടുകയില്ലല്ലോ. ഇപ്പോള്‍ മൂന്ന്, നാല് ഏക്കര്‍ നികത്തി അവര്‍ക്ക് അവിടെ എന്തോ പുതിയ പ്രോജക്‌ട് ഉണ്ട്. അതിനാണ് കേസില്‍ നിന്നും പിന്തിരിയാന്‍ എന്നെ സ്വാധീനിക്കുന്നത്.
പുതിയ പ്രോജക്റ്റുകള്‍ ഉണ്ടെന്ന് തറപ്പിച്ച് പറയുന്നല്ലോ? എന്താണ് പ്രോജക്റ്റ്?
കൃത്യമായി എനിക്ക് പറയാന്‍ കഴിയില്ല. എന്നാലും എനിക്ക് ലഭിച്ച അറിവ് വച്ച് ഞാന്‍ പറയാം. ഒരു ഹെലിപാഡ്, ലോ അക്കാഡമി, അവരുടെ സര്‍വ്വകലാശാലക്ക് കീഴില്‍ ഒരു സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നിവയാണ് ഇതുവരെ എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവര്‍ എന്ത് പണിതാലും എന്ത് നടത്തിലായും എനിക്ക് കുഴപ്പമില്ല. പക്ഷെ, അത് തണ്ണീര്‍ തടം നികത്തി നിയമം ലംഘിച്ചിട്ട് വേണ്ട.
2010-ല്‍ ഉള്ള കേസ് എന്നാല്‍ ഇപ്പോഴാണ് മഠത്തില്‍ ചര്‍ച്ചക്ക് പോകാനും, അത് ഒളിക്യാമറയില്‍ പകര്‍ത്താനും തോന്നിയത് എന്താണ് അതിനു കാരണം?
എന്നെ ഇതിന്റെ സമാധാന ചര്‍ച്ചകള്‍ക്കായി വര്‍ഷങ്ങളായി അവിടെയുള്ള പല സ്വാമികളും വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പോകാതെ നില്‍ക്കുകയായിരുന്നു, വിട്ടുവീഴ്‌ചയ്ക്ക് തയ്യാറല്ലെന്ന് മനസ്സിലുള്ളത് കൊണ്ട് തന്നെയാണ് പോയത്. എന്നാല്‍ ഇപ്പോള്‍ പോയത് അവര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങള്‍ ഉള്ളത് കൊണ്ടാണ്. മാത്രമല്ല, ഗെയില്‍ ട്രെഡ്‌വെല്ലിന്റെ പുസ്‌തകം വിവാദമായതോടെ അവര്‍ക്കെതിരെ മൃദു പ്രതിഷേധമെങ്കിലും ഉയരാന്‍ സാധ്യതയുള്ള ആളുകളെയെല്ലാം അവര്‍ ചാക്കിട്ട് കൊണ്ടിരിക്കുകയാണ്. നേരത്തെ മഠത്തില്‍ നിന്നും തെറ്റിതിരിഞ്ഞ് പോയവരെയൊക്കെ അവര്‍ അനുനയിപ്പിച്ച് തിരികെ വിളിക്കുകയാണ്. എന്നെയും കേസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ അമ്മക്ക് കാണണമെന്ന് പറഞ്ഞ് നിരന്തരം വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അവിടേക്ക് പോകാന്‍ തീരുമാനിക്കുന്നത്.
അങ്ങനെ ഒറ്റയ്ക്ക് പോകാനുള്ള ധൈര്യമുണ്ടായിരുന്നോ? എങ്ങനെയായിരുന്നു പ്ലാന്‍?
ഞാന്‍ ഒറ്റയ്ക്ക് അല്ല പോയത്, എന്നോടൊപ്പം എന്റെ സുഹൃത്തുണ്ടായിരുന്നു. പോകുന്നതിന് മുമ്പ് തന്നെ എനിക്ക് പരിചയമുള്ള മാധ്യമ സുഹൃത്തുക്കളെ വിളിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ചതിന്റെ ഭാഗമായാണ് ഒരു മാധ്യമ സുഹൃത്ത് തനിക്ക് ഒളിക്യാമറ തന്നുവിട്ടത്. ഭയമൊന്നുമില്ലായിരുന്നു. അമൃതാനന്ദമയിക്ക് കാണണം, സംസാരിക്കണമെന്ന് പറഞ്ഞത് കൊണ്ടും ഒരുപാട് നിര്‍ബന്ധിച്ചത് കൊണ്ടും മാത്രമാണ് പോയത്.
പോയി കഴിഞ്ഞുള്ള അനുഭവം?
നിറയെ ആളായിരുന്നു അവിടെ. എന്നോട് ചെന്ന് ദര്‍ശനം എടുക്കാന്‍ പറഞ്ഞു. ഞാന്‍ ദര്‍ശനത്തിനല്ല വന്നത്. എന്തോ ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്ന് പറഞ്ഞു. അത് സാരമില്ല, ഇവിടെ വരുന്നവരെല്ലാം ദര്‍ശനം എടുക്കാറുണ്ടെന്ന് നിര്‍ബന്ധിച്ചു. എനിക്ക് വിശ്വാസമില്ല. അതിനാല്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞ് ഞാന്‍ പിന്തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചു. അപ്പോഴെക്കും എന്നെ അമൃതാനന്ദമയിയുടെ അടുത്തേക്ക് കൊണ്ടുപോയി. അവര്‍ എന്നെ നോക്കിയിട്ട് മനസ്സിലാകാത്ത പോലെ നിന്നു. എന്താ കാര്യമെന്നൊക്കെ അറിയാത്ത പോലെ ചോദിച്ചു. അടുത്ത് നിന്ന സ്വാമി, പാടം നികത്തുന്നതിനെതിരെയും ടാക്‌സ് അടയ്ക്കാത്തതിനെതിരെയും കേസ് കൊടുത്ത വിജേഷ് ആണെന്ന് പറഞ്ഞു. അപ്പോഴാണ് അവര്‍ സംസാരിക്കാന്‍ തുടങ്ങിയത്.
ഇത് ശരിയാണോ വിജേഷേ, നിങ്ങള്‍ സിപിഐഎമ്മുകാര്‍ക്ക് ഞങ്ങളോട് മാത്രമെന്താണ് ഇത്ര വിരോധം, പാടം നികത്തിയാല്‍ എന്താണ് കുഴപ്പം, കൃഷിയില്ലാത്ത ഇടമല്ലേ, വേറെ മതങ്ങള്‍ക്കെതിരെ സിപിഎം ഇത്തരത്തില്‍ പ്രതിഷേധിക്കാറില്ലല്ലോ എന്നൊക്ക പറഞ്ഞു. ലുലു മാള്‍ പാടം നികത്തിയപ്പോള്‍ നിങ്ങള്‍ സമരം ചെയ്‌തില്ലല്ലോ. പാടം നികത്തുന്നത് നിയമവിരുദ്ധമാണെന്നും, ജലക്ഷാമമുണ്ടാക്കുമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അതിനല്ലേ ബോര്‍വെല്‍ ഉള്ളത്. ഇവിടെ എല്ലാം നിയമം അനുസരിച്ചാണോ നടക്കുന്നതെന്ന രീതിയില്‍ സംസാരിച്ചു. ഞാന്‍ കല്ല് ചുമന്നും, പട്ടിണി കിടന്നും കഷ്‌ടപ്പെട്ടുണ്ടാക്കിയ കാശ് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നൊക്കെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു. കേസില്‍ നിന്നും പിന്തിരിയണമെന്നും നിങ്ങള്‍ക്ക് മാത്രമെന്താണ് ഇതില്‍ പ്രശ്‌നമെന്നുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. അവര്‍ പറയുന്നതിനൊക്കെ എതിര്‍ വാദങ്ങള്‍ ഞാന്‍ നിരത്തി കൊണ്ടേയിരുന്നു. ഇടയ്ക്ക് പ്രകോപിതയാകുന്നത് പോലെ സംസാരിക്കുന്നതായി എനിക്ക് തോന്നി. അടുത്ത് നിന്നവരൊക്കെ എന്റെ മറുപടികള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്‌തരാകുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഏകദേശം അരമണിക്കൂറോളം സംസാരിച്ചു. ഞാന്‍ എന്റെ നിലപാടുകളില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പിച്ച് തന്നെ അവരെ അറിയിച്ചു. എന്നിട്ട് ഞാന്‍ തന്നെ ചര്‍ച്ച അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
ഒടുവില്‍ മാതൃദാസ് എന്ന സ്വാമിയോട് എന്നെ അനുനയിപ്പിക്കാന്‍ പറഞ്ഞു. അദ്ദേഹം എന്നോട് കുറച്ച് നേരം സംസാരിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും ഇവിടെ വരണമെന്നും. എന്തു വേണമെങ്കിലും ചെയ്യാമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ ഒന്നിനും വഴങ്ങിയില്ല. തിരികെ പോന്നു.
പണമൊന്നും ഓഫര്‍ ചെയ്‌തില്ലേ?
അത്തരത്തില്‍ ഒന്നും പറഞ്ഞില്ല. എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
മുതിര്‍ന്ന നേതാക്കളെ സ്വാധീനിച്ച് വിളിപ്പിക്കുക വല്ലതും ചെയ്‌തിരുന്നോ?
അത്തരത്തില്‍ ഒരു സ്വാധീനവും ഉണ്ടായിട്ടില്ല. മാത്രമല്ല, സിപിഐഎമ്മിന്റെ സംസ്ഥാന നേതാക്കളും മറ്റും എന്നെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അമൃതാശ്രമത്തിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ഡിഐഎഫ്‌ഐ ഒരു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. അതിനെയെല്ലാം നേതാക്കള്‍ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണുണ്ടായത്.
സുനാമി ബാധിതര്‍ക്ക് വീടൊക്കെ കെട്ടി നല്‍കി നല്ല സാമൂഹ്യപ്രവര്‍ത്തനം കൂടി മഠം ചെയ്യുന്നില്ലേ?
സുനാമി ബാധിതര്‍ക്ക് വീട് കെട്ടി നല്‍കിയത് മഠത്തിലെ ആളുകള്‍ മാത്രമല്ല. നമുടെ പാര്‍ട്ടി മുന്‍കൈയെടുത്തും അവിടെ വീടുകള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ നന്നായി നിലനില്‍ക്കുന്ന വീടുകള്‍ അവ മാത്രമാണ്. മഠം കെട്ടി നല്‍കിയ വീടുകളുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ അവിടെ നേരിട്ട് ചെന്ന് തന്നെ മനസ്സിലാക്കുന്നതാകും നല്ലത്. അതുമാത്രമല്ല, സാമൂഹിക പ്രവര്‍ത്തനത്തിന്റെ പേരില്‍ നിയമലംഘനം നടത്താന്‍ എന്ത് അവകാശമാണ് അവര്‍ക്കുള്ളത്?
എന്താണ് വിജേഷിന്റെ അടുത്തഘട്ട പരിപാടികള്‍?
No comments:
Post a Comment