Tuesday, 4 March 2014

[www.keralites.net] ???????? ???? ???? ??

 

മലയാളത്തിന്‍റെ ജനകീയനായ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്‍‌മദിനമാണ്‌ ഇന്ന്‌. കുംഭ മാസത്തിലെ അശ്വതി നക്ഷത്രമാണ്‌ പൂന്താനം ദിനമായി ആഘോഷിക്കുന്നത്‌. ജീ‍വിച്ച്‌ അര നൂറ്റാണ്ട്‌ പിന്നിട്ടിട്ടും കവിയെന്ന നിലയില്‍ പൂന്താനം കേരളീയരുടെ നിത്യ ജീ‍വിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗഹനമായ ദര്‍ശനങ്ങള്‍ അദ്ദേഹം പച്ച മലയാളത്തില്‍ എഴുതി ജനങ്ങളെ ബോധവാന്മാരാക്കി.

പൂന്താനത്തിന്‍റെ വരികള്‍ വായിച്ചാല്‍ തോന്നുക മനുഷ്യ മനസ്സിനെ പൂര്‍ണ്ണമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍ ആണെന്ന്‌. ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ കവിതകള്‍ വിപ്ലവകരമാണ്‌. മറ്റു ചിലപ്പോള്‍ മനുഷ്യ ജീ‍വിതത്തിന്‍റെ വിഹ്വലതകളേയും നിഷ്ഫലതയേയും വിവരിക്കുന്നവയാണ്‌. പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമത്തിലാണ്‌ പൂന്താനം ഇല്ലം. 





വ്യാസമുനി രചിച്ച ഭാഗവതം വായിച്ചുപഠിച്ച്‌ വലിയൊരു സംസ്കൃത പണ്ഡിതനായിത്തീര്‍ന്നതാണ്‌ പൂന്താനം നമ്പൂതിരി എന്ന്‌ പലര്‍ക്കും അറിയില്ല. കാരണം അദ്ദേഹം എഴുതിയത്‌ ശുദ്ധമായ മലയാളത്തിലാണ്‌. ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയിലാണ്‌. അദ്ദേഹത്തിന്‍റെ ജ്ഞാനപ്പാന മലയാളത്തിലെ ഒരു വേദപുസ്തകമാണ്‌. 

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന്‌ ഇന്നും ജ്ഞാനപ്പാന വായിക്കുന്നത്‌ കേള്‍ക്കാം. ഭാഷാകര്‍ണ്ണാമൃതം, കുമാരഹരണം പാന (സന്താനഗോപാലം) എന്നിവയാണ്‌ മറ്റ്‌ കൃതികള്‍. 

ഗുരുവായൂരപ്പന്‍റെ ഭക്തനായ പൂന്താനത്തെ കുറിച്ച്‌ പല കഥകളും നിലനില്‍ക്കുന്നുണ്ട്‌. ഒരിക്കല്‍ ഇല്ലത്തു നിന്നും ഗുരുവായൂര്‍ക്ക്‌ പുറപ്പെട്ട പൂന്താനത്തെ വഴിയില്‍ കൊള്ളക്കാര്‍ ആക്രമിച്ചുവെന്നും അപ്പോള്‍ സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്റെ വേഷത്തില്‍ ഗുരുവായൂരപ്പന്‍ എത്തി രക്ഷിച്ചുവെന്നും ഒരു കഥ. 

പണ്ഡിതനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പ്രൗഢമായ നാരായണീയത്തേക്കാള്‍ തനിക്കിഷ്ടം പരമസാത്വികനായ പൂന്താനത്തിന്‍റെ നിര്‍മ്മലമായ ഭക്തിയാണ്‌ എന്ന്‌ ഗുരുവായൂരപ്പന്‍ പറഞ്ഞു എന്ന്‌ മറ്റൊരു കഥ. 

ഇത്‌ ഭക്തിയും വിഭക്തിയും എന്ന പേരില്‍ വള്ളത്തോള്‍ കവിതയാക്കിയിട്ടുണ്ട്‌. ഇതേ പേരില്‍ പ്രമുഖ നര്‍ത്തകനായ ഗുരു ഗോപിനാഥ്‌ പ്രസിദ്ധമായൊരു ഏകാംഗ നൃത്തം അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. പൂന്താനം ഉടലോടെ സ്വര്‍ഗ്ഗത്തേക്കു പോയി എന്നാണ്‌ മറ്റൊരു കഥ. സ്വര്‍ഗ്ഗത്തേക്ക്‌ പോകുന്ന ദിവസം പൂന്താനത്തിന്‌ അറിയാമായിരുന്നുവെന്നും അദ്ദേഹം സദ്യയൊരുക്കി കാത്തിരുന്നുവെന്നും ഒടുവില്‍ സ്വര്‍ണ്ണത്തേരിലേറി ആകാശത്തേക്ക്‌ ഉയര്‍ന്നു പോയി എന്നുമാണ്‌ വിശ്വാസം.

ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനി നാളെയുമെന്തെന്നറിയീല...

എന്ന പ്രസിദ്ധമായ വരികള്‍ എല്ലാം മായ എന്ന ഹൈന്ദവ ദര്‍ശനത്തിന്‍റെ രസം പേരുന്ന ഈരടിയാണ്‌. 

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍...

എന്ന വരികള്‍ മനുഷ്യ ജന്‍മത്തിന്‍റെ പ്രവചനാതീതയേയും ഈശ്വരന്‍റെ നിര്‍ണ്ണയാധീശത്വത്തെയും കുറിക്കുന്ന ദര്‍ശനമാണ്‌. ഇതാകട്ടെ സാധാരണക്കാരന്‍റെ സംഭാഷണമെന്നപോലെ ലഘുവും ലളിതവും സൗമ്യവുമായി പൂന്താനം പറഞ്ഞുവയ്ക്കുന്നു. 

മനുഷ്യന്‍രെ പണക്കൊതിയെക്കുറിച്ച്‌ പത്തു കിട്ടുമ്പോള്‍ നൂറു വേണമെന്നും നൂറു കിട്ടുമ്പോള്‍ അത്‌ ആയിരമായാല്‍ കൊള്ളാമെന്നും ആയിരം കിട്ടുമ്പോള്‍ പതിനായിരമായാല്‍ കൊള്ളാമെന്നും ചിന്തിക്കുന്ന മനുഷ്യന്‍ ശിവ ശിവ ഒരു ദിവസം അങ്ങ്‌ ചത്തുപോകുന്നു എന്ന്‌ പൂന്താനം പറയുന്നത്‌ എത്ര പ്രസക്തം. 

പുത്രശോകത്താല്‍ നീറിയാണ്‌ പൂന്താനം ഭക്തകവിയായി മാറിയതെന്നും ഉണ്ണിക്കൃഷ്ണനെ അദ്ദേഹം സ്വന്തം മകനായി മനസ്സില്‍ കണ്ടുവെന്നും അദ്ദേഹത്തിന്‍റെ വരികള്‍ തന്നെ സമര്‍ത്ഥിക്കുന്നു. 

ഉണ്ണിക്കൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ 
ഉണ്ണികള്‍ മറ്റു വേണമോ മക്കളായി... 

പൂന്താനം ഒരു സംസ്കൃതിയുടെ പ്രതീകമാണ്‌. ഭാഷയുടെ വളര്‍ച്ചയുടെ ഒരു കാലഘട്ടത്തിന്‍റെയും കാലാതിവര്‍ത്തിയായ പ്രതിനിധിയാണ്‌. ലാളിത്യവും മിതത്വവും പാലിച്ച വ്യക്തിയാണ്‌. അദ്ദേഹത്തിന്‍റെ ജീ‍വിതവും ദര്‍ശനവും വരും തലമുറയ്ക്ക്‌ എന്നും വഴികാട്ടിയാണ്‌.

 
ജ്ഞാനപ്പാന പുരസ്‌കാരം
 

 

 
പൂന്താനത്തിന്റെ സ്മരണയ്ക്കായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് അഞ്ചിന് പൂന്താനം ദിനത്തില്‍ വൈകിട്ട് ആറിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
 

 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment