ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ ഇന്ത്യയിലും പ്രതിധ്വനിച്ചുകൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം ഒരു ലക്ഷത്തോളം കവിഞ്ഞു. ശ്രീലങ്കയിലെ തമിഴരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധസമരങ്ങള്‍ വീണ്ടും അരങ്ങേറി. സമാധാന ചര്‍ച്ചകളിലൂടെ പോരാട്ടം അവസാനിപ്പിക്കാന്‍ ഇന്ത്യ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുലികളും ശ്രീലങ്കന്‍ സര്‍ക്കാരും കണക്കിലെടുത്തില്ല.
'ജാഫ്‌നയില്‍ എല്‍.ടി.ടി.ഇ. തലവനായ പ്രഭാകരന്‍ ഡല്‍ഹിയിലെ നീക്കങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുകയായിരുന്നു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഡി.എം.കെ. സര്‍ക്കാരിനെ പിരിച്ചുവിട്ട ചന്ദ്രശേഖര്‍ സര്‍ക്കാര്‍ മാറണം എന്ന് എല്‍.ടി.ടി.ഇ. ആഗ്രഹിച്ചു. മറ്റൊന്ന് രാജീവ്ഗാന്ധി മടങ്ങിവരുന്നതിനോട് പ്രഭാകരനു യോജിപ്പില്ലായിരുന്നു. തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ പത്രങ്ങളില്‍ അക്കാലത്തു വന്നു. 'സണ്‍ഡേ' എന്ന വാരികയില്‍ വന്ന ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി എല്‍.ടി.ടി.ഇ.യ്ക്ക് ഫാക്‌സില്‍ ലഭിച്ചു. ഈ റിപ്പോര്‍ട്ട് പ്രഭാകരനെ ഉത്കണ്ഠപ്പെടുത്തി. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തി രാജീവ്ഗാന്ധിയെ കാണാന്‍ പ്രഭാകരന്‍ രണ്ടു ദൂതന്മാരെ അയച്ചു. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് അഞ്ചുദിവസം മുമ്പ് എല്‍.ടി.ടി.ഇ. നേതാവായ കാശി ആനന്ദന്‍ രാജീവ്ഗാന്ധിയെ കണ്ട് ദ്വീപിലെ അവസ്ഥ വിവരിച്ചു. ശ്രീലങ്കയില്‍ ഒരു തമിഴ് രാഷ്ട്രം വേണമെന്ന ആവശ്യത്തോട് യോജിക്കാന്‍ പറ്റില്ലെന്ന് രാജീവ്ഗാന്ധി ഈ ചര്‍ച്ചയില്‍ തുറന്നുപറഞ്ഞു. ലണ്ടനിലുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അര്‍ജുന്‍ സിത്തംപാലനും രാജീവ്ഗാന്ധിയെ കണ്ട് ഇതേ കാര്യം ചര്‍ച്ചചെയ്തു. എല്‍.ടി.ടി.ഇ.യുടെ ലണ്ടനിലെ പ്രമുഖ സഹായിയായിരുന്നു ഇദ്ദേഹം. ഈ ചര്‍ച്ചകളിലെല്ലാം സമാധാനചര്‍ച്ചകള്‍ക്ക് ഒരുങ്ങി യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത എല്‍.ടി.ടി.ഇ.യെ രാജീവ് ഗാന്ധി വിമര്‍ശിച്ചു. 'ടെലോ'യുടെ നേതാക്കളും ഇക്കാലത്ത് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്നു.' (അസാസിനേഷന്‍ ഓഫ് രാജീവ്ഗാന്ധി. അണ്‍ ആന്‍സേഡ് ക്വസ്റ്റ്യന്‍സ് ആന്‍ഡ് അണ്‍ ആസ്‌ക്ക്ഡ് ക്വറീസ് - ഡോ. സുബ്രഹ്മണ്യസ്വാമി)
ശ്രീലങ്കയോടും ഇന്ത്യയോടും എല്‍.ടി.ടി.ഇ.യ്ക്കു വിശ്വാസം നഷ്ടപ്പെട്ട സമയമായിരുന്നു അത്. എല്‍.ടി.ടി.ഇ.യുടെ മറ്റൊരു പ്രധാനതാവളമായിരുന്ന തമിഴ്‌നാട്ടിലും അവര്‍ക്കു തിരിച്ചടി നേരിട്ട സമയം. 1991 ജനവരിയില്‍ ഡി.എം.കെ. സര്‍ക്കാരിനെ കേന്ദ്രം ഡിസ്മിസ് ചെയ്തതിനുശേഷമാണ് ഈ തിരിച്ചടി തുടങ്ങിയത്. 1991 ഫിബ്രവരിയില്‍ തമിഴ്‌നാട് പോലീസ് 92 എല്‍.ടി.ടി.ഇ. നേതാക്കളെയും 54 പ്രാദേശിക അനുഭാവികളെയും അറസ്റ്റുചെയ്തു. 17,000 ലിറ്റര്‍ പെട്രോള്‍, 53,000 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 43,000 ഡിറ്റോനേറ്റേഴ്‌സ്, 1,60,000 രൂപയുടെ വിദേശ കറന്‍സി എന്നിവ ഇവരില്‍ നിന്നു പിടിച്ചെടുത്തു. എല്‍.ടി.ടി.ഇ.യുടെ ലണ്ടനിലുള്ള ഓഫീസുമായി ബന്ധപ്പെടാന്‍ ശേഷിയുള്ള കമ്മ്യൂണിക്കേഷന്‍ സെറ്റുകള്‍, ഫാക്‌സ് മെഷീനുകള്‍ എന്നിവ കണ്ടെത്തുകയും അവരുടെ ഓഫീസുകള്‍ സീലു ചെയ്യുകയും ചെയ്തു.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സമയമായിരുന്നു അത്. ജയലളിത നേതൃത്വം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ., കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ എത്തേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്ത് തനിക്കുതന്നെ വിജയം ഉറപ്പിക്കാനാവുമെന്നും ജയലളിത കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തുന്നതില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് വാഴപ്പാടി രാമമൂര്‍ത്തിക്കും താല്പര്യമില്ലായിരുന്നു. സംസ്ഥാനം പ്രസിഡന്റ് ഭരണത്തിലായിരുന്നെങ്കിലും പല കുഴപ്പങ്ങളും ഉണ്ടാകാം എന്ന സുരക്ഷാറിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ രാജീവ്ഗാന്ധിയുടെ വരവ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുമെന്നു കരുതി ചില നേതാക്കള്‍ അദ്ദേഹത്തെ സംസ്ഥാനത്ത് എത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി.
മെയ് 21ന് രാത്രി 8.30ന് രാജീവ്ഗാന്ധി വിശാഖപട്ടണത്തുനിന്ന് മീനമ്പാക്കം വിമാനത്താവളത്തില്‍ വന്നിറങ്ങി. അവിടെ നിന്ന് ബുള്ളറ്റ്് പ്രൂഫ് അംബാസിഡര്‍ കാറില്‍ റോഡുമാര്‍ഗം മദ്രാസ് -ബാംഗ്ലൂര്‍ ഹൈവേ ജംഗ്ഷനിലെത്തി അവിടെ ഉണ്ടായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയശേഷം അര കിലോമീറ്റര്‍ ദൂരത്തുള്ള യോഗസ്ഥലത്തേക്കു തിരിച്ചു. ശ്രീപെരുമ്പത്തൂരില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിന് 20 മീറ്റര്‍ അടുത്ത് ഇറങ്ങുമ്പോള്‍ ആ പ്രദേശം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരെ വാഴ്ത്തുന്ന മുദ്രാവാക്യം വിളികള്‍കൊണ്ട് അന്തരീക്ഷം നിറഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു സംഘം രാജീവ്ഗാന്ധിയെ കാണാന്‍ സ്റ്റേജിനടുത്തുള്ള വഴിയില്‍ കാത്തുനിന്നിരുന്നു. ഐ.ജി. ആര്‍.കെ. രാഘവനായിരുന്നു യോഗത്തിന്റെ സുരക്ഷാചുമതല. ഡി.ഐ.ജി, എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം രംഗത്തുണ്ടായിരുന്നു.
സ്റ്റേജിലേക്കുള്ള ചുവന്ന പരവതാനി വിരിച്ച സ്ഥലത്തേക്ക് രാജീവ്ഗാന്ധി ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു സ്വീകരിക്കാന്‍ 20 പേര്‍ മുന്‍കൂട്ടിയുള്ള പോലീസ് അനുമതിയോടെ കാത്തുനിന്നു. ഇതുകൂടാതെ പൂമാല ചാര്‍ത്താന്‍ മൂന്നു പേര്‍ക്കുകൂടി പോലീസ് അനുമതി നല്‍കി. മറ്റാര്‍ക്കും രാജീവ് ഗാന്ധിയുടെ അടുത്തേക്ക് പോകാനോ മാലയിടാനോ അനുവാദമില്ലായിരുന്നു.
രാജീവ്ഗാന്ധി സ്റ്റേജിലേക്ക് നടക്കുമ്പോള്‍ ഇരുഭാഗത്തും നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുമേല്‍ പൂക്കള്‍ ചൊരിഞ്ഞു. ഇവരേയും ഡി.ജി.പി. രാഘവന്‍ മുന്‍കൂട്ടി പരിശോധിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്തുകൊണ്ട് പുഞ്ചിരിയോടെ രാജീവ്ഗാന്ധി സ്റ്റേജിനടുത്തേക്ക് നടന്നു. അവിടെ നിന്ന നാല് സ്ത്രീകള്‍ അദ്ദേഹത്തിന് സില്‍ക്ക് മുണ്ടുകള്‍ സമ്മാനിക്കുകയും ലത കണ്ണന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മകള്‍ ഒരു ഹിന്ദി ഗാനത്തിലെ വരികള്‍ ആലപിക്കുകയും ചെയ്തു.
പെട്ടെന്ന് കണ്ണട ധരിച്ച 25 വയസ്സു പ്രായമുള്ള യുവതി കൈയില്‍ ഒരു ചന്ദനമാലയുമായി സൈഡില്‍ നിന്ന് അദ്ദേഹത്തിനു മുന്നിലേക്കു വന്ന് കാലില്‍ തൊട്ട് അനുഗ്രഹം തേടുന്ന മട്ടില്‍ കുനിഞ്ഞു. ഉഗ്രമായ സ്‌ഫോടന ശബ്ദമാണ് പിന്നീടു കേട്ടത്. രാത്രി 10:18. തീയും പുകയും കൊണ്ട് അവിടം നിറഞ്ഞു. മൂന്നു മീറ്ററോളം ഉയരത്തില്‍ ഉയര്‍ന്ന തീ നാലഞ്ചു സെക്കന്‍ഡുകള്‍ മാത്രമേ നീണ്ടു നിന്നുള്ളു. രാജീവ് ഗാന്ധി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. സ്‌ഫോടനം നടക്കുമ്പോള്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാമമൂര്‍ത്തി, കോണ്‍ഗ്രസ് പാര്‍ട്ടി സെക്രട്ടറി ജി.കെ. മൂപ്പനാര്‍ എന്നിവര്‍ സ്റ്റേജിനടുത്ത് ഉണ്ടായിരുന്നെങ്കിലും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. എന്നാല്‍ രാജീവ് ഗാന്ധിക്ക് മുന്നില്‍ സ്റ്റേജിലേക്കു നടന്നിരുന്ന മറ്റൊരു നേതാവായ മരഗതം ചന്ദ്രശേഖര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരം പല ഭാഗങ്ങളിലായി ചിതറി. നാലു മീറ്റര്‍ ചുറ്റളവില്‍ അവ തെറിച്ചു. രാജീവ് ഗാന്ധിയുടെ മരണം രാജ്യത്തെ നടുക്കി. കനത്ത സുരക്ഷയ്ക്കിടയില്‍ ബോംബു സ്‌ഫോടനം നടന്നത് സുരക്ഷാ ഉദ്യോഗസ്ഥരേയും അത്ഭുതപ്പെടുത്തി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഈ സംഭവത്തിന്റെ അന്വേഷണം സി.ബി.ഐ.യെ ഏല്പിച്ചു. മെയ് 24-ന് കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ.യുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങി. ഇന്ത്യന്‍ സമാധാനസേനയുടെ സമയത്ത് ശ്രീലങ്കയില്‍ ഉണ്ടായിരുന്ന കാര്‍ത്തികേയന്‍ എല്‍.ടി.ടി.ഇ.യുടെ ശത്രുനിരയിലുള്ള ആളായിരുന്നു.
1986-നും 1991-നും ഇടയ്ക്ക് തമിഴ്‌നാട്ടില്‍ 13 ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഉഗ്രശേഷിയുള്ള സ്‌ഫോടനം ശ്രീപെരുമ്പത്തൂരില്‍ നടത്തിയതിന്റെ പിന്നില്‍ എല്‍.ടി.ടി.ഇ.യ്ക്കും തമിഴ്‌നാട് ലിബറേഷന്‍ ആര്‍മിക്കും പങ്കുള്ളതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ സംശയിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലയ്ക്കു കാരണക്കാരായ സിഖ് തീവ്രവാദികളേയും ഇതില്‍ ആദ്യം സംശയിച്ചെങ്കിലും തമിഴ്‌നാട്ടില്‍ അവരുടെ സ്വാധീനം കുറവായതുകൊണ്ട് എല്‍.ടി.ടി.ഇ.യെയാണ് ഇതിന്റെ പിന്നില്‍ മുഖ്യമായി കണ്ടത്. എല്‍.ടി.ടി.ഇ.യുമായുള്ള 'റോ'യുടെ കണ്ണികളില്‍ ഒരാളായിരുന്നു ലണ്ടനില്‍ ഉള്ള കിട്ടു. വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ 'റോ'യെ സഹായിച്ചിരുന്ന കിട്ടുവിന് മാസംതോറും പ്രതിഫലം നല്‍കിയിരുന്നതായും ഡോ.സുബ്രഹ്മണ്യസ്വാമി ഈ സംഭവത്തെപ്പറ്റി എഴുതിയ പുസ്തകത്തില്‍ പറയുന്നു. പ്രഭാകരനോ എല്‍.ടി.ടി.ഇ.ക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് കിട്ടു 'റോ'യെ അറിയിച്ചത്. കാര്‍പ്പറ്റിനടയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കുഴിബോംബാണ് സ്‌ഫോടനത്തിനു കാരണമെന്നും സംശയിച്ചു. സ്‌ഫോടനസ്ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെടുത്ത വസ്തുക്കളുടെ കൂട്ടത്തില്‍ കട്ടികൂടിയ ബെല്‍
റ്റിന്റെ ഭാഗം, വയറുകളുടെ കഷണങ്ങള്‍, ബ്രിട്ടന്‍ നിര്‍മിതമായ 9 വോള്‍ട്ടിന്റെ ബാറ്ററി, ഓണ്‍-ഓഫ് സ്വിച്ച്, കാര്‍പ്പറ്റില്‍നിന്നും സ്‌ഫോടനവസ്തുവിന്റെ പൊടി, ഒരു കണ്ണാടിയുടെ ഫ്രെയിം എന്നിവ ഉണ്ടായിരുന്നു. ആര്‍.ഡി.എക്‌സ്. ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്നും സ്‌ഫോടകവസ്തു ബെല്‍റ്റില്‍ സൂക്ഷിച്ച് ശരീരത്തോട് കെട്ടിവെക്കുകയും സ്വിച്ചുകളും വയറുകളും ബന്ധിപ്പിച്ച് ബാറ്ററിയുടെ സഹായത്തോടെയാണ് അത് പ്രവര്‍ത്തിപ്പിച്ചതെന്നുമായിരുന്നു ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഒരു ക്യാമറയാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്. രാജീവ്ഗാന്ധിയുടെ ശ്രീപെരുമ്പത്തൂരിലെ പരിപാടികളുടെ ഫോട്ടോകള്‍ എടുക്കാനെത്തിയ ചെന്നൈയിലുള്ള ഹരിബാബുവിന്റെതായിരുന്നു ക്യാമറയെന്ന് തിരിച്ചറിഞ്ഞു. സ്‌ഫോടനത്തില്‍ ഹരിബാബു മരിച്ചെങ്കിലും തെറിച്ചുപോയ ക്യാമറയ്‌ക്കോ ഫിലിമിനോ കേട് പറ്റിയിരുന്നില്ല.
തമിഴ്‌രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങള്‍ നടത്തിയ നീക്കങ്ങളോരോന്നും പകര്‍ത്തിസൂക്ഷിച്ച എല്‍.ടി.ടി.ഇ. രാജീവ്‌വധവും അപ്രകാരം ക്യാമറയില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചെങ്കിലും അവയ്ക്ക് കൈവന്ന ഉപയോഗം മറ്റൊന്നായി. ക്യാമറയിലുണ്ടായിരുന്ന ഫിലിം ഡെവലപ്പ് ചെയ്ത് എടുത്തപ്പോള്‍ അതില്‍ ചെറുപ്പക്കാരായ ഒരു സ്ത്രീയും പുരുഷനുമുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. രാജീവ്‌വധം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചെന്നൈയില്‍ മുന്‍പ്രധാനമന്ത്രി വി.പി.സിങ് പ്രസംഗിച്ച വേദിയിലും ശ്രീപെരുമ്പത്തൂരിലെ ഫോട്ടോയില്‍ ഉണ്ടായിരുന്ന തനു, ശിവരശന്‍ എന്നിവര്‍ പോയിരുന്നു. സുരക്ഷാസംവിധാനങ്ങളെ മറികടന്ന് മുന്നേറാന്‍ കഴിയുമോ എന്നു പരിശോധിക്കാനായിരുന്നു ഇത്. തനുവിന്റെയും ശിവരശന്റെയും ആ നീക്കങ്ങളും ഹരിബാബു വീഡിയോവില്‍ പകര്‍ത്തിയിരുന്നു.
തമിഴ്‌നാടിന്റെ തീരപ്രദേശമായ വേദാരണ്യത്തുവെച്ച് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന തമിഴ് യുവാവായ ശങ്കറിനെ പോലീസ് പിടികൂടിയത് അന്വേഷണത്തിന് തുടക്കത്തില്‍ സഹായകമായി. 1991 മെയ് ഒന്നിന് ശ്രീലങ്കയില്‍നിന്നും വേദാരണ്യത്തിനടുത്ത് കടൈക്കരയില്‍ എത്തിയ ഒമ്പതംഗ സംഘത്തിലെ അംഗമാണ് ശങ്കറെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. അയാളുടെ കൈവശമുണ്ടായിരുന്ന പേപ്പറില്‍നിന്ന് നളിനി, റോബര്‍ട്ട് പയസ് എന്നിവരുടെ ഫോണ്‍ നമ്പറുകളും പോലീസിന് കിട്ടി.
ഹരിബാബുവിന്റെ ക്യാമറയില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പത്തു ഫോട്ടോകള്‍ ലഭിച്ചു. ഒറ്റക്കണ്ണന്‍ ശിവരശനും മനുഷ്യബോംബായി പ്രവര്‍ത്തിച്ച തനുവും ചന്ദനമാലയുമായി രാജീവ്ഗാന്ധിയുടെ വരവ് പ്രതീക്ഷിച്ചുനില്‍ക്കുന്നതായിരുന്നു ആദ്യചിത്രം. രാജീവ്ഗാന്ധി യോഗത്തിനെത്തുന്നതിന് തൊട്ടുമുന്‍പ് എടുത്ത രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളില്‍ നളിനിയും ശുഭയും പരിഭ്രാന്തി കലര്‍ന്ന മുഖഭാവത്തോടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരിക്കുന്ന ദൃശ്യമാണ് ഉണ്ടായിരുന്നത്. രാജീവ്ഗാന്ധി യോഗസ്ഥലത്തെത്തുന്നതും തമിഴ്ബാലികയുടെ പാട്ട് കേള്‍ക്കുന്നതും മനുഷ്യബോംബായ തനു, ചന്ദനമാലയുമായി അദ്ദേഹത്തിന്റെ സമീപത്തേക്കു നീങ്ങുന്നതും, പിന്നീട് അതിശക്തമായ പൊട്ടിത്തെറി നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നാലു മുതല്‍ പത്തുവരെയുള്ള ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. സ്‌ഫോടനത്തിന്റെ ആസൂത്രകരെ എളുപ്പം തിരിച്ചറിയാന്‍ അന്വേഷണസംഘത്തെ ഇത് സഹായിച്ചു. കേസ്സിലെ പ്രതികളിലൊരാളായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ശുഭസുന്ദരമാണ് എല്‍.ടി.ടി.ഇ. നേതൃത്വത്തിനുവേണ്ടി ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹരിബാബുവിനെ ഏര്‍പ്പെടുത്തിയത്. രാജീവ്ഗാന്ധിയെ വെടിവെച്ചുകൊല്ലുമെന്നാണ് അയാളോട് പറഞ്ഞിരുന്നത്. സ്‌ഫോടനം നടത്തിയത് മനുഷ്യബോംബായി പ്രവര്‍ത്തിച്ച സ്ത്രീയാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ വന്നതോടെ ശിവരശന്‍, തനു തുടങ്ങി ഹരിബാബുവിന്റെ ക്യാമറയില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ പത്രങ്ങളിലും വന്നു. ഇതിനിടെ രാജീവ്ഗാന്ധിയുടെ കൊലപാതകത്തിലേക്കു നയിച്ച സുരക്ഷാപാളിച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ജെ.എസ്.വര്‍മയെ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനായി നിയമിച്ചു.
വേദാരണ്യത്തുനിന്ന് ശങ്കറിനെ കിട്ടിയതോടെ അന്വേഷണസംഘം ഈ കേസ്സുമായി ബന്ധപ്പെട്ട പ്രതികളെ ഓരോരുത്തരെയായി പിടികൂടി. പത്മ, ഭാഗ്യനാഥന്‍, നളിനി, മുരുകന്‍, പെരരിവലന്‍, റോബര്‍ട്ട് പയസ്സ്, ഫോട്ടോഗ്രാഫര്‍ ശുഭസുന്ദരം, അതിരായ്, കനകസഭാപതി, ശാന്തന്‍ തുടങ്ങി 14 പേരെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട ശിവരശന്റെ താവളം ആഗസ്ത് 19-ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കൊണ്ടനകുണ്ടെയിലുള്ള അവര്‍ താമസിച്ചിരുന്ന വീട് റെയ്ഡ് ചെയ്യാന്‍ അന്വേഷണ സംഘം എത്തിയപ്പോഴേക്കും ശിവരശന്‍ സ്വയം വെടിവെച്ചും ശുഭയും അംഗരക്ഷകന്‍ നെഹ്‌റുവും സയനൈഡ് കഴിച്ചും മരിച്ചു. ശിവരശനേയും ശുഭയേയും ടാങ്കര്‍ ലോറിയില്‍ മേട്ടൂരിലേക്കു കൊണ്ടുപോയ ദ്രാവിഡ കഴകം പ്രവര്‍ത്തകന്‍ ധനശേഖരന്‍, മറ്റൊരു പ്രവര്‍ത്തകനായ ഇരുമ്പൊറായ് എന്നിവരും അറസ്റ്റിലായി. എല്‍.ടി.ടി.ഇ.യുടെ അനുഭാവിയായിരുന്ന ഗുണ്ടുശാന്തനെ പിടികൂടാന്‍ തിരുച്ചിറപ്പള്ളിയില്‍ അയാളുടെ വീട് വളഞ്ഞപ്പോള്‍തന്നെ ശാന്തന്‍ ആത്മഹത്യചെയ്തു.
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിന്റെ ഗൂഢാലോചന മുഴുവന്‍ പുറത്തുവന്നു. കൊലപാതകസംഘത്തിലെ ആദ്യ ടീം 1990 സപ്തംബര്‍ 12-നാണ് എത്തിയത്. എസ്. വിജയന്‍, ഭാര്യ ശെല്‍വലക്ഷ്മി, ഭാര്യാപിതാവ് എസ്. ഭാസ്‌കരന്‍ എന്നിവര്‍ അഭയാര്‍ഥികള്‍ എന്ന പേരിലാണ് ജാഫ്‌നയില്‍നിന്ന് ചെന്നൈയില്‍ വന്നത്. തുടര്‍ന്ന് ശാന്തന്‍, ശങ്കര്‍, വിജയാനന്ദന്‍, ശിവരശന്‍, തനു, ശുഭ തുടങ്ങി 14 പേരും പല ദിവസങ്ങളിലായി രഹസ്യമായി തമിഴ്‌നാട് തീരത്തെത്തി. തമിഴ്‌നാട്ടിലെ ഓപ്പറേഷന്റെ മുഖ്യചുമതല ശിവരശനായിരുന്നു. എല്‍.ടി.ടി.ഇ.യ്ക്ക് വിവരങ്ങള്‍ എത്തിച്ചിരുന്ന മുത്തുരാജ, എല്‍.ടി.ടി.ഇ.യുടെ വക പ്രിന്റിങ് പ്രസ് നടത്തിവന്നിരുന്ന ബേബി സുബ്രഹ്മണ്യം എന്നിവരെ മദ്രാസില്‍നിന്നും ജാഫ്‌നയിലേക്കു വിളിച്ചുവരുത്തി പ്രഭാകരന്‍ ഓപ്പറേഷന്‍ നടത്തേണ്ട രീതികള്‍ വിശദമാക്കിയെന്നാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീംകണ്ടെത്തിയത്.
മടങ്ങിയെത്തിയ ഇവര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകനായ എസ്. ഭാഗ്യനാഥന്‍ എന്ന ചെറുപ്പക്കാരനെ വലയിലാക്കി. ഭാഗ്യനാഥന്‍ അക്കാലത്ത് നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയമാസിക ചുരുങ്ങിയ ചെലവില്‍ അച്ചടിച്ചുതരാമെന്നും പണമില്ലെങ്കില്‍ കടമായിട്ടോ ചെറിയ തുകകള്‍ കിട്ടുന്ന മുറയ്ക്ക് തരുന്ന രീതിയിലോ മതിയെന്നും പറഞ്ഞാണ് അയാളെ വശത്താക്കിയത്. ഭാഗ്യനാഥനിലൂടെയാണ് പുലികള്‍ ഫോട്ടോഗ്രാഫര്‍ ഹരിബാബു, സഹോദരി നളിനി, അമ്മ പത്മ എന്നിവരുമായി പരിചയത്തിലായത്. ഇവരെയെല്ലാം ഒറ്റ ടീമാക്കി മാറ്റി 'ഓപ്പറേഷന്' ഉപയോഗിക്കാനാണ് പുലികള്‍ പദ്ധതിയിട്ടത്.
1990-ല്‍ മദ്രാസില്‍ എത്തിയ ശിവരശന്‍ ഓപ്പറേഷന്‍ വിശദമായി പ്ലാന്‍ ചെയ്തശേഷം ജാഫ്‌നയില്‍ പോയി ചെലവിനുള്ള പണത്തിന് കുറെ സ്വര്‍ണവുമായിട്ടാണ് മടങ്ങിയെത്തിയത്. 1991 ഫിബ്രവരിയിലാണ് ശിരിഹരന്‍ എന്ന മുരുകന്‍ എത്തുന്നത്. എല്‍.ടി.ടി.ഇ.യുടെ സ്‌ഫോടക വിദഗ്ധനാണ് മുരുകന്‍. ഇലക്‌ട്രോണിക്‌സിലും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിലും സാമര്‍ഥ്യമുള്ള ജി. പേരരിവാളനും അയാളുടെ അളിയന്‍ ജയകുമാറും കൂടിയാണ് മുരുകന്റെ നിര്‍ദേശപ്രകാരം ബെല്‍റ്റ് ബോംബ് നിര്‍മിച്ചത്. ഈ ബോംബ് അരയില്‍ ഒതുങ്ങിയിരിക്കുമോ എന്ന് തനു, ശുഭ എന്നിവരെ ധരിപ്പിച്ചു പരീക്ഷിച്ചു. ബോംബ്, ഓണ്‍ ചെയ്യേണ്ട രീതിയും മുരുകന്‍ പരിശീലിപ്പിച്ചു. തുടര്‍ന്നാണ് ശ്രീപെരുമ്പത്തൂരില്‍ എത്തി സ്‌ഫോടനം നടത്തിയതെന്നും 1992 മെയ് 20-ന് പ്രത്യേക അന്വേഷണസംഘം ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. 41 പേരായിരുന്നു കേസ്സിലെ പ്രതികള്‍. ഇതില്‍ പ്രഭാകരന്‍ ഉള്‍പ്പെടെ 26 പേരെ പിടികിട്ടിയിരുന്നില്ല. 1014 സാക്ഷികളും 1180 തൊണ്ടിസാധനങ്ങളും 1477 രേഖകളും സി.ബി.ഐ. കോടതിയില്‍ ഹാജരാക്കി. 1994 ജനവരി 19-ന് സാക്ഷിവിസ്താരം തുടങ്ങിയ കേസ്സിന്റെ വിധി പറഞ്ഞത് 1998 ജനവരി 28-നായിരുന്നു. നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വവിധിന്യായമായിരുന്നു ചെന്നൈയിലെ പ്രത്യേക ടാഡ വിചാരണക്കോടതിയുടേത്.കേസ്സിലെ 26 പ്രതികളെ തൂക്കിക്കൊല്ലാന്‍ ആയിരുന്നു കോടതി ഉത്തരവിട്ടത്. ഇതില്‍ പത്തു പേര്‍ ഇന്ത്യക്കാരും 16 പേര്‍ ശ്രീലങ്കക്കാരുമായിരുന്നു. എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍, ഇന്റലിജന്‍സ് വിഭാഗം നേതാവ് പൊട്ടുഅമ്മന്‍, വനിതാവിഭാഗം നേതാവ് അഖില എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. 1991-ലെ തിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധി അധികാരത്തിലെത്തുന്നത് തടയാന്‍ പ്രഭാകരന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 1987-ലെ ഇന്ത്യ-ശ്രീലങ്ക ഉടമ്പടിയില്‍ അസന്തുഷ്ടനായ പ്രഭാകരന്‍ ഇന്ത്യ, ശ്രീലങ്കയിലേക്ക് സമാധാനസേനയെ അയച്ചതിനെത്തുടര്‍ന്നാണ് രാജീവ്ഗാന്ധിയുടെ കടുത്ത ശത്രുവായിത്തീര്‍ന്നതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ടാഡ കോടതിയുടെ വിധി സുപ്രീം കോടതിയില്‍ പ്രതികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് 26 പ്രതികളില്‍ 19 പേരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കി. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെ ജീവപര്യന്തം ശിക്ഷയ്ക്കും സുപ്രീംകോടതി വിധിച്ചു. രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാഷ്ട്രീയരംഗത്ത് സജീവചര്‍ച്ചാവിഷയമായി. ഈ വധത്തെക്കുറിച്ച് അന്വേഷിച്ച രണ്ട് കമ്മീഷനുകളും അഭിപ്രായപ്പെട്ടത് യഥാര്‍ത്ഥ പ്രതികള്‍ ഇവര്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുകയാണെന്നാണ്. ശ്രീപെരുമ്പത്തൂരില്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ച തനുവും ഓപ്പറേഷനില്‍ പങ്കാളിയായിരുന്ന ഒറ്റക്കണ്ണന്‍ ശിവരശനും ശുഭയുമെല്ലാം ഗൂഢാലോചനയിലെ ഇങ്ങേത്തലയ്ക്കലെ കണ്ണികള്‍ മാത്രമായിരുന്നു.
രാജീവ് വധം എല്‍.ടി.ടി.ഇയ്ക്ക് വലിയ തിരിച്ചടിയായി. എല്‍.ടി.ടി.ഇയെ എന്നും സഹായിച്ചുപോന്നിരുന്ന ഇന്ത്യ അവരെ കൈവിടുകയും പുലികളുടെ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു. എല്‍.ടി.ടി.ഇ. ഏറ്റവും വലിയ ഭീകര സംഘടനകളില്‍ ഒന്നാണെന്ന് ലോകരാഷ്ട്രങ്ങള്‍ വിധിയെഴുതുകയും ചെയ്തു.
2002 ഏപ്രില്‍ 10ന് വന്നിയിലെ തന്റെ കേന്ദ്രത്തില്‍വെച്ച് പ്രഭാകരന്‍ ആദ്യമായി ഒരു പത്രസമ്മേളനം നടത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്രപ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. രാജീവ്ഗാന്ധിയുടെ വധത്തെപ്പറ്റി പല ചോദ്യങ്ങളും ഇതില്‍ ഉയര്‍ന്നു.
'രാജീവ്ഗാന്ധി വധത്തില്‍ നിങ്ങളുടെ പങ്കെന്തായിരുന്നു?'
'ആ കേസ് തീര്‍ന്നിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ദയാഹര്‍ജികള്‍ നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് ഈ സമയം അതിനെപ്പറ്റി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.'
'നിങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെപ്പറ്റി?'
'വളരെ ദുഃഖകരമായ ഒരു സംഭവമാണത്. പത്തുവര്‍ഷം മുമ്പു നടന്ന അതിനെപ്പറ്റി അഭിപ്രായം പറയുന്നില്ല.'
'രാജീവ്ഗാന്ധി കൊലചെയ്യപ്പെട്ടതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം?'
ചോദ്യം കേട്ട് പ്രഭാകരനൊപ്പമുണ്ടായിരുന്ന ബാലസിംഗം ഇടപെടുന്നു. അദ്ദേഹമാണ് മറുപടി പറഞ്ഞത്.
'നിങ്ങള്‍ ഈ പത്രസമ്മേളനത്തില്‍ വലിയ ആളാകാന്‍ ശ്രമിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. നിങ്ങള്‍ പഴയൊരു സംഭവത്തെപ്പറ്റിയാണ് ചോദിക്കുന്നത്. കഴിഞ്ഞുപോയത് വീണ്ടും കുത്തിപ്പൊക്കാന്‍ നോക്കണ്ട'
രാജീവ് ഗാന്ധി വധത്തില്‍ തനിക്കുള്ള പങ്കിനെ പ്രഭാകരന്‍ നിഷേധിച്ചില്ല എന്നതാണ് ഈ പത്രസമ്മേളനത്തില്‍ ശ്രദ്ധേയമായ കാര്യം.
രാജീവ് വധത്തോടെ ശത്രുവായി എല്‍.ടി.ടി.ഇ. മാറിയതോടെ ഇന്ത്യ, ശ്രീലങ്ക പ്രശ്‌നത്തില്‍ പിന്നെ കാര്യമായി ഇടപെട്ടില്ല. നോര്‍വേയുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനകളിലും സഹകരിച്ചില്ല. സുനിശ്ചിതമായ ഒരു ശ്രീലങ്കന്‍നയം ഇന്ത്യ ഒരിക്കലും കൈക്കൊണ്ടിരുന്നില്ലെന്നു മാത്രമല്ല ഇന്ദിരാഗാന്ധിയുടെ കാലഘട്ടം, രാജീവ്ഗാന്ധിയുടെ കാലഘട്ടം, രാജീവ് വധത്തിനുശേഷമുള്ള കാലം- മൂന്നു തരത്തിലാണ് ഇന്ത്യ ഈ പ്രശ്‌നം കൈകാര്യം ചെയ്തത്. ശ്രീലങ്ക ഒരു പരമാധികാര രാഷ്ട്രമാണെന്നും അവിടത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നുമായിരുന്നു തുടക്കം മുതല്‍ ഇന്ത്യയുടെ പൊതുവേയുള്ള നയം. എന്നാല്‍ ആദ്യത്തെ രണ്ടു കാലഘട്ടത്തിലും ഇതായിരുന്നില്ല സ്ഥിതി. അവിടത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ സജീവതാല്പര്യം കാട്ടി. കാല്‍നൂറ്റാണ്ടുകാലത്തോളം ഇന്ത്യയുടെ ചാരസംഘടനയായ 'റോ' കൊളംബോയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. തമിഴ്‌വംശജര്‍ക്ക് അവര്‍ ആയുധപരിശീലനം നല്‍കിയതായും പരാതികളുണ്ടായി. അന്നുതുടങ്ങിയതാണ് ഇരുപക്ഷത്തേയും സൈനികവത്കരണം. ഇന്ദിരാഗാന്ധിയുടേത് ബഹുമുഖ സമീപനമായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാറുമായും തമിഴ് വിമോചനപുലികളുമായും ഒരേസമയം ഇന്ത്യ അന്ന് സഹകരിച്ചു പ്രവര്‍ത്തിച്ചു. രാജീവ്ഗാന്ധിയുടെ കാലത്ത് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കുകയും സമാധാന സേനയെ അയയ്ക്കുകയും ചെയ്തു. രാജീവ് വധത്തോടെ ശ്രീലങ്കാപ്രശ്‌നത്തില്‍ ഇനി ഇടപെടേണ്ട എന്ന രീതിയായിരുന്നു ഇന്ത്യയ്ക്ക്. മൂന്നു കാര്യങ്ങളിലായിരുന്നു ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യ താല്‍പ്പര്യമെടുത്തത്. തമിഴ് വംശജരുടെ സംരക്ഷണമായിരുന്നു ആദ്യത്തേത്. മറ്റൊന്ന് തന്ത്രപരമായ താല്പര്യം. മറ്റൊന്ന് തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതും.
(പ്രഭാകരന്‍: ജീവിതവും രാഷ്ട്രീയവും എന്ന പുസ്തകത്തില്‍ നിന്ന്) www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment