Thursday, 2 January 2014

[www.keralites.net] ???????????? ????? ????? ?????????

 

ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്‌കൂളുകളില്‍... നാം ഇഷ്ടപ്പെടുന്ന സിലബസില്‍.. നാം നിര്‍ദേശിക്കുന്ന സമയത്ത്... അവര്‍ പഠിക്കുകയാണ്. ഇടുങ്ങിയ താമസ സൗകര്യത്തില്‍ ഒരു പഠനമുറി (അല്ല പഠനസ്ഥലം) അവര്‍ക്ക് അനുവദിക്കുകയാണ്. ആവശ്യപ്പെട്ട കമ്പ്യൂട്ടറും ഒരു കൊച്ചുകട്ടിലും... അനുബന്ധ സാധനങ്ങളുമായി നാം നമ്മുടെ കുട്ടികളെ മൂലയിലിരുത്തി. പഠനവും ട്യൂഷനും... വീഡിയോ ഗെയിമും... മാത്രമാണോ നമ്മുടെ കുട്ടികള്‍ക്കാവശ്യം.

അല്ല, എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാം. വായു കടക്കാത്ത മുറിയില്‍ നിന്ന് എ.സി.യുടെ ശീതികരിച്ച സ്‌കൂള്‍ ബസ്സിലേക്ക് അവിടുന്ന് ഈര്‍പ്പമുള്ള ക്ലാസ് മുറിയിലേക്ക്... പ്ലേ ഗ്രൗണ്ടില്‍ കളിക്കാനനുവദിക്കാത്ത സ്‌കൂളുകളുണ്ട്. മിക്ക സ്വകാര്യ സ്്കൂളുകളിലും പ്ലേഗ്രൗണ്ടില്ല. പിന്നീട് ഉള്ളത് ഇന്‍ഡോര്‍ ഗെയിമാണ്. വായു കടക്കാത്ത കൊച്ചു മുറിയിലുള്ള ഗെയിമില്‍ കുട്ടികളുടെ വളര്‍ച്ചായ്ക്കാവശ്യമായതെന്താണ് കിട്ടുന്നത്. പ്രഭാതഭക്ഷണവും... ഉച്ചഭക്ഷണവും ടിന്‍ഫുഡ് കൊണ്ട് തയ്യാറാക്കി ടിന്‍ പാത്രത്തിലടച്ച് നാം നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കുന്നു.പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ഒരു തലമുറ 'സുഖ'മായി ഇവിടെ ജീവിക്കുന്നു.

നൂറ് കുട്ടികള്‍ കൂടി നില്‍ക്കുന്നതില്‍നിന്ന് ഗള്‍ഫില്‍ ജീവിക്കുന്ന കുട്ടികളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പൊണ്ണത്തടിയും പവര്‍കണ്ണടയും... നിസ്സഹായത നിറഞ്ഞ മുഖവുമായി അവരുണ്ടാവും. ആരോടും പരിചയപ്പെടാനാവാതെ... ആരോടും കലപില കൂട്ടാനറിയാതെ... ഒറ്റപ്പെട്ടുപോയ ഭാവിതലമുറ.. നാം ഒറ്റപ്പെടുത്തി വളര്‍ത്തുന്ന പുതുതലമുറ.

ഇതുവായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം.. 'ഇവിടെ പഠിച്ച കുട്ടികള്‍ ഡോക്ടറും, എഞ്ചിനീയറും, കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഒക്കെ ആയിട്ടില്ലെ എന്ന്...' 'നല്ല ഭാവി പടുത്തുയര്‍ത്തിയവരില്ലേ എന്ന്...' ഉണ്ടാവാം, ഇനിയും ഉണ്ടാവും.. ഉണ്ടാവണം... അതിലപ്പുറം ഒരു പ്രൊഫഷനില്‍ മാത്രം ശോഭിച്ചത് കൊണ്ടായില്ല. ഒരു ഡോക്ടറായ കുട്ടിക്ക് മറ്റൊരു മേഖലയിലേയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ ഡോക്ടര്‍ മാത്രമാവുമ്പോഴാണ്.... പഠിച്ചത് ഡോക്ടറാവാന്‍ മാത്രം.. പഴുപ്പിച്ചെടുത്തത് ഡോക്ടറായി മാത്രം... അതാണ് പ്രശ്്‌നം. മറ്റൊരു പ്രശ്്‌നത്തില്‍ ഇടപെടല്‍ നടത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കാവുന്നില്ല...സ്‌കൂള്‍ ബസ്സ് ഇറങ്ങുന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ കുട്ടികളെ ഇറക്കിയാല്‍ ഫ്ലറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ... കുഴങ്ങിപോകുന്നവരെ നാം കാണുന്നു. മാതാവിന്റെ കൈപിടിച്ച്.... പിതാവിന്റെ കാറ് പിടിച്ച് സ്‌കൂളില്‍ പോകുന്ന എത്ര കുട്ടികള്‍ക്ക് സ്വന്തമായി സ്‌കൂളില്‍ പോകാന്‍ കഴിയും.

നമ്മളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സ് സമരം സ്ഥിരം സംഭവമായിട്ടുപോലും നമ്മള്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുന്നു. സഹപാഠികളുടെ സൗഹൃദവും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചത് ഈ കൂട്ടുകെട്ടില്‍ നിന്നാണല്ലോ...

ഒരു മഷിതണ്ടിന്... ഒരു മഞ്ചാടിക്കുരുവിന്.... ഒരു പൊട്ടിയ സ്ലേറ്റ് പെന്‍സിലിന് നമ്മള്‍ കൂടിയ കലപിലകളെത്ര.. സഹപാഠിയുടെ അമ്മയ്്ക്ക്, അച്്ഛന് അസുഖമാണെന്നറിഞ്ഞാല്‍ നാം അവിടങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലേ... മത്സരങ്ങള്‍ പരീക്ഷകളില്‍ മാത്രമല്ലല്ലോ.. കലാ സാഹിത്യ കായിക മത്സരങ്ങളില്‍ നാം പൊരുതിയില്ലേ... വളപ്പൊട്ടുകള്‍ പോലെ നാം സൂക്ഷിക്കുന്ന സൗഹൃദവും... കൂട്ടുകാരും... നമ്മള്‍ക്ക് തന്ന അറിവ്... പങ്ക് വെച്ച ലോകവിവരം... ഏത് സ്‌കൂളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും.. ഉത്തരവാദിത്വബോധവും സ്വയം പരിരക്ഷയും... പ്രതിരോധവും സൂക്ഷിപ്പും നമ്മള്‍ക്ക് കിട്ടിയത് കൂട്ടുകുടുംബത്തില്‍ നിന്നുള്ള മുത്തശ്ശിമാരില്‍ നിന്നല്ലേ... ഈ അറിവ് കലാലയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുമോ...

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ചില സാധനങ്ങള്‍ മോഷണം പോയി. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന 13 വയസ്സായ മകനോട് അമ്മ ചോദിച്ചു. 'ഇവിടെ ഇരുന്ന സാധനങ്ങള്‍ എന്ത്യേ...' 'മോനെ ഇവിടെ ആരെങ്കിലും വന്നിരുന്നോ..' 'മമ്മീ... ഒരങ്കിള്‍ വന്നിരുന്നു..' കുട്ടി മറുപടി പറഞ്ഞു. കുട്ടിക്കറിയില്ല. കള്ളനായാലും... നല്ലവനായാലും... എല്ലാം അങ്കിളാണ്... ഈ 'അങ്കിള്‍'മാരാണ് ഇവിടെയുള്ള കുടുംബങ്ങളില്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്.

നമ്മുടെ മക്കള്‍ സ്വയംപര്യാപ്തതയില്‍ എത്തിയേ തീരൂ. അവരുടെ വളര്‍ച്ചയില്‍ നാം ശ്രദ്ധിച്ചേ പറ്റൂ. നന്നായി വളരണം... ഈ ലോകം അവരറിയണം. ഇവിടെ ജീവിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വളരാന്‍ പഠിക്കണം. ഭക്ഷണത്തിന് കഞ്ഞിയും പയറുമാണെന്നറിയണം.. എരിവും പുളിയുമുണ്ടെന്നറിയണം... പാദരക്ഷകളില്ലാതെ നടക്കാന്‍ പഠിക്കണം. കൊതുകും പാറ്റയും ഉണ്ടെന്നറിയണം. പൂവിളിയും പൊന്നോണവും ഉണ്ടെന്നറിയണം. മഴയും... വേനലും.. കാണണം. മരണവും, സംസ്‌കാരവും പഠിക്കണം. കൂട്ടുകാരുടെ കൂടെ നടന്ന് തനത് സംസ്‌കാരം പഠിക്കണം. മുത്തശ്ശിമാരുടെ മൊഴിമുത്തുകളില്‍ നിന്ന് നാട്ടറിവ് പഠിക്കണം. ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം..

നാവില്‍ ഒരു രുചിയുമില്ലാത്ത ബര്‍ഗറും പിസ്സയും മാത്രമല്ല ഭക്ഷണം. ജീന്‍സും ടീഷര്‍ട്ടും ഷൂസുമല്ല വസ്ത്രങ്ങള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമല്ല കളികള്‍. ഇംഗ്ലീഷ് പറയലല്ല സംസ്്കാരം. ഹാരിപോട്ടറും മിക്കിമൗസും മാത്രമല്ല കാണേണ്ടത്. ഇങ്ങനെ മാത്രമാണ് എന്റെ മകന്‍... എന്റെ മകള്‍ വളരേണ്ടത് എന്ന് ശഠിക്കുന്ന എന്നെപോലുള്ള വീട്ടമ്മമാര്‍... അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗകര്യങ്ങളില്‍ മതിമറന്ന് പോയത് കൊണ്ടാണ് നമ്മുടെ ചെറുപ്പകാലത്ത് നമ്മള്‍ക്ക് ലഭിക്കാത്തത് - ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തത്- മക്കളിലൂടെ കേള്‍ക്കുമ്പോള്‍.. തോന്നുന്ന അഭിമാനവും... അഹങ്കാരവും കൊണ്ടാണ്... നാടെന്ന് പറയുമ്പോള്‍ ഡേര്‍ട്ടിയെന്നും... വീടെന്ന് പറയുമ്പോള്‍ 'ലോട്ടോഫ് പീപ്പിള്‍' എന്ന് പറയുന്നതും നമ്മളാണ്. ഈ സംസ്‌കാരം കേട്ടാണ് അവര്‍ വളരുന്നത്. നാം അവരെ ശിക്ഷിക്കുകയാണ്.

തടിച്ച് തുടുത്ത് ദുര്‍മേദസ്സുള്ള കണ്ണടവെച്ച ഒരമൂല്‍ ബേബിയെ വളര്‍ത്തിയെടുക്കുകയാണ്. സ്‌കൂളില്‍ ഒന്നാമതെത്താന്‍, പരീക്ഷയില്‍ ഒന്നാമതെത്താന്‍ നാം അവരെ ഓടിക്കുകയാണ്. മണ്ണിന്റെ മണമറിയിക്കാതെ... പുല്ലിന്റെ, പൂവിന്റെ ഗന്ധമറിയിക്കാതെ... മണ്ണില്‍ വീണ് മുട്ട് പൊട്ടാതെ.. ചൊറിയും... ചിരങ്ങും വരാതെ... നാം അവരുടെ തൊലി മുട്ട പാടപോലെ കാത്ത് സൂക്ഷിക്കുകയാണ്. വളരുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ശക്തിയില്ലാതെ അവര്‍ വളരുകയാണ്, വളര്‍ത്തുകയാണ് 'ഷോക്കേയ്‌സ് പീസായി'. ഇതും പ്രവാസിയുടെ തലയിലെഴുത്ത്.

നമ്മുടെ കുട്ടികള്‍ നാട്ടില്‍ പോകണമെന്നും പൂവും പുല്‍ക്കൊടിയും ഉത്സവവും പൂരവും കാണണമെന്നും എല്ലാവരും പറയും. അതിനുള്ള സാഹചര്യമില്ലാത്തവര്‍ ടൂറിസ്റ്റ് കാര്‍ പിടിച്ച് കുട്ടനാട്ടില്‍ പോയി മക്കള്‍ക്ക് നെല്‍വയലും കായലും കാണിക്കണമെന്നല്ല ഇതിനര്‍ത്ഥം. ലീവ് കിട്ടുമ്പോഴൊക്കെ കുട്ടികളെ നാട്ടിലയക്കുക.. മാതാപിതാക്കള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും... അവരെ അയക്കാന്‍ ശ്രമിക്കുക... ഒരു വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണ പോകാന്‍ പറ്റിയെങ്കില്‍ അവരുടെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമാണ്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment