ന്യൂഡല്‍ഹി: എയര്‍ഇന്ത്യ പൈലറ്റുമാരെ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തു അബുദാബി ആസ്ഥാനമായുള്ള ഇതിഹാദ് അടക്കമുള്ള വമ്പന്‍ വിമാനകമ്പനികള്‍ സമീപിക്കുന്നതായി റിപ്പോര്‍ട്ട്. ഇരട്ടിശമ്പളമാണ് ഇതിഹാദ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ അടക്കമുള്ളവ ഇരട്ടിയാക്കിനല്‍കാമെന്നാണ് ഇദിഹാദിന്റെ ഉറപ്പ്. എയര്‍ഇന്ത്യയിലെ നിരവധി പൈലറ്റുമാര്‍ ഇദിഹാദിന്റെ ഓഫറിനോടു പച്ചക്കൊടി കാണിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന എയര്‍ഇന്ത്യക്ക് പൈലറ്റുമാരുടെ നീക്കം വന്‍തിരിച്ചടിയായിരിക്കുകയാണ്.
ബോയിംഗ് 777 വിമാനം പറത്തുന്ന പൈലറ്റുമാരെ ചാക്കിട്ടുപിടിക്കാനാണ് ഇദിഹാദ് പദ്ധതി ഇട്ടിരിക്കുന്നത്. 140 പൈലറ്റുമാരെ ഇദിഹാദ് സമീപിച്ചുകഴിഞ്ഞു. പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങുന്നത് എയര്‍ഇന്ത്യയില്‍ വന്‍പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ വിമാനകമ്പനിയായ ജെറ്റ് എയര്‍വേസിന്റെ 23 ശതമാനം ഓഹരികള്‍ ഇദിഹാദ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മികച്ച പൈലറ്റുമാര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചത്. 2058 കോടിരൂപക്കാണ് ജെറ്റ എയര്‍വേസ് ഓഹരികള്‍ ഇദിഹാദ് സ്വന്തമാക്കിയത്. കരാറിനു കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
അതിനിടെ എയര്‍ഹോസ്റ്റസുമാരുടെ വേഷം പരിഷ്‌കരിക്കാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചു. പരമ്പരാഗത വേഷമായ സാരിക്കു പുറമേ കുര്‍തയും ചുരിദാറും ട്രൗസറുകൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി എയര്‍ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യൂണിഫോം രൂപകല്‍പന ചെയ്യാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയെ ചുമതലപ്പെടുത്തിയിടുണ്ട്. പുതിയ യൂണിഫോമിന്റെ മാതൃക അടുത്തയാഴ്ച പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി
No comments:
Post a Comment