Saturday 14 September 2013

[www.keralites.net] ???????????? ? ?????? ?????????????

 

ഓണക്കാലം, ആർപ്പുവിളികളും ഓണപ്പാട്ടും കളികളും കഴിഞ്ഞ് ആമോദത്തോടെ വീട്ടിലെത്തുമ്പോൾ അമ്മ വിളമ്പുന്ന സദ്യ. തൂശനിലയിൽ വലിയ ഓട്ടുരുളിയിൽ നിന്ന് വിളമ്പുന്ന പായസം. ഇല പതിയെ ചെരിച്ച് ഒരു വശത്ത് നിന്ന് ഊതി ചൂടാറ്റി നാക്ക് ഒട്ടൊന്ന് പൊള്ളിച്ചും ഒട്ടേറെ മധുരിച്ചും ഇറക്കിയ പായസത്തിന്റെ ആ സ്വാദ് മറക്കാനാവുമോ?.
 


 

എല്ലാ കൂട്ടുകാരും ഓണപ്പായസം ഉണ്ടാക്കിനോക്കൂ…

അടപ്രഥമൻ

ചേരുവകൾ

അട - 200 ഗ്രാം

അണ്ടിപ്പരിപ്പ് – 50 ഗ്രാം

കിസ്മിസ് – 50 ഗ്രാം

എള്ള് – 25 ഗ്രാം

നെയ്യ് – 100 ഗ്രാം

ശർക്കരപ്പാനി – 600 ഗ്രാം

ഏലയ്ക്കാപ്പൊടി – അര സ്പൂൺ

കദളിപ്പഴം – 2 എണ്ണം

പഞ്ചസാര – കാൽകപ്പ്

വെള്ളം – 3 ലിറ്റർ

തേങ്ങാപ്പാൽ - 3 ലിറ്റർ (ഒന്നാം പാൽ- 1ലിറ്റർ, രണ്ടാം പാൽ- 2 ലിറ്റർ)

തയ്യാറാക്കുന്ന വിധം

അട ഉരുളിയിൽ വറുക്കുക. കോരിമാറ്റിയതിന് ശേഷം ഉരുളിയിൽ 3 ലിറ്റർ വെള്ളം ഒഴിക്കുക. തിളച്ച വെള്ളത്തിലേക്ക് അട ചേർത്ത് നന്നായി വെന്തുവരുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. വറ്റിവരുമ്പോൾ ശർക്കരപാനി ഒഴിക്കുക. വീണ്ടും നന്നായി കുറുകിവരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് കദളിപ്പഴവും പഞ്ചസാരയും നന്നായി തിരുമ്മിച്ചേർത്ത് ചൂടാകുമ്പോൾ ഇറക്കിവയ്ക്കുക. അതിനുശേഷം അണ്ടിപ്പരിപ്പും കിസ്മിസും എള്ളും നെയ്യിൽ വറുത്ത് ചേർക്കുക.


 


 

പാലട പ്രഥമൻ

ചേരുവകൾ

അട – 200 ഗ്രാം

പഞ്ചസാര – 600 ഗ്രാം

നെയ്യ് – 100 ഗ്രാം

ഉണക്കമുന്തിരി – 50 ഗ്രാം

അണ്ടിപ്പരിപ്പ് – 50 ഗ്രാം

ചൌവ്വരി – 50 ഗ്രാം

ഏലയ്ക്കാപ്പൊടി – അര സ്പൂൺ

കദളിപ്പഴം – 2 എണ്ണം

വെള്ളം – 5 ലിറ്റർ

പാൽ - 4 ലിറ്റർ

മിൽക്ക് മെയ്ഡ് – 1 എണ്ണം

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം ഒഴിച്ച് അട വേവിക്കുക. വേവ് പാതിയാകുമ്പോൾ വെള്ളം ഊറ്റിക്കളയുക. 2ലിറ്റർ പാൽ ചേർത്ത് വീണ്ടും വേവിക്കുക. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വരട്ടുക. ബാക്കി പാലും മിൽക്ക് മെയ്ഡും ചേർത്ത് തിളപ്പിക്കുക. കുറുകിവരുമ്പോൾ കദളിപ്പഴവും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇറക്കിവെയ്ക്കണം. അണ്ടിപ്പരിപ്പും ചൌവ്വരിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് ചേർക്കുക.

 

വരിക്കച്ചക്ക പ്രഥമൻ

നന്നായി പഴുത്ത ചക്കച്ചുള – അരക്കിലോ

ശർക്കര – അരക്കിലോ

ചൌവ്വരി കുതിർത്ത് വേവിച്ചത് – അരക്കപ്പ്

നെയ്യ് – 2വലിയ സ്പൂൺ

രണ്ടാം പാൽ - 4 കപ്പ്

ഒന്നാം പാൽ - 2 കപ്പ്

അണ്ടിപ്പരിപ്പ് .

ഉണക്കമുന്തിരി.

ചുക്ക്.

ജീരകം.

ഏലയ്ക്കാപൊടിച്ചത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചക്കച്ചുള വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക. ശർക്കര ഒരുകപ്പ് വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. ഇത് ഉരുളിയിലാക്കി ചക്കച്ചുള അരച്ചതും ചേർത്ത് വേവിക്കുക. ഇതിൽ ചൌവ്വരി കുതിർത്ത് വേവിച്ചതും നെയ്യും ചേർത്തിളക്കി വരട്ടുക. നന്നായി വരണ്ടുവരുമ്പോൾ രണ്ടാം പാൽ ചേർക്കുക. കുറുകിവരുമ്പോൾ ഒന്നാം പാൽ ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കുക. ഒരു വലിയ സ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇതും ചുക്ക്, ജീരകം, ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കുക.

 

പഴപ്രഥമൻ

ഏത്തപ്പഴം പഴുത്ത് പുള്ളിവീണത് – 5എണ്ണം

ശർക്കര – 175 ഗ്രാം

വെള്ളം – ഒന്നര ലിറ്റർ

നെയ്യ് – 2 വലിയ സ്പൂൺ + 2 ചെറിയ സ്പൂൺ

തേങ്ങ – രണ്ടര

കൊട്ടത്തേങ്ങ അരിഞ്ഞത് – രണ്ട് ചെറിയ സ്പൂൺ

അണിപ്പരിപ്പ് നുറുക്ക് – രണ്ട് വലിയ സ്പൂൺ

ഏലയ്ക്ക – 15 ഗ്രാം

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം തൊലിയും നാരും കളഞ്ഞ് പാകത്തിനു വെള്ളമൊഴിച്ച് വേവിക്കുക.

പഴം നന്നായി വെന്തു ചെമ്പകപ്പൂവിന്റെ നിറമാകുമ്പോൾ അടുപ്പ് ഓഫ് ചെയ്യുക.

ചൂടാറിയശേഷം പഴവും പഴം വേവിച്ച വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശർക്കര ഒന്നര ലിറ്റർ വെള്ളം ചേർത്ത് തിളപ്പിച്ച് പകുതിയാക്കി അരിച്ചെടുക്കുക. ഇതിൽ പഴം അരച്ചത് ചേർത്ത് വീണ്ടും അടുപ്പിൽ വെച്ച് നന്നായി വരട്ടുക. നന്നായി വെള്ളം വറ്റിക്കഴിയുമ്പോൾ 2 വലിയ സ്പൂൺ നെയ്യ് ചേർത്തിളക്കി തീ അണയ്ക്കുക. തേങ്ങ ചുരണ്ടി, കാൽ ലിറ്റർ വെള്ളം ചേർത്ത് ചതച്ച് പിഴിഞ്ഞ് അരിച്ച് ഒന്നാം പാൽ എടുക്കുക. വീണ്ടും തേങ്ങയിൽ ഒന്നര ലിറ്റർ വെള്ളം ചേർത്ത്  രണ്ടാം പാൽ എടുക്കുക. വീണ്ടും 2 ലിറ്റർ വെള്ളം ചേർത്ത് അരച്ച് പിഴിഞ്ഞ്  അരിച്ച് മൂന്നാം പാൽ എടുക്കുക. നേരത്തെ വരട്ടിവെച്ചിരിക്കുന്ന പഴത്തിൽ മൂന്നാം പാൽ ചേർത്ത് തിളപ്പിച്ച് നന്നായി വറ്റിയശേഷം രണ്ടാം പാൽ ചേർത്ത്, നന്നായി വറ്റുമ്പോൾ തീ അണയ്ക്കുക. ചീനച്ചട്ടിയിൽ 2 ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി അരിഞ്ഞ കൊട്ടത്തേങ്ങ ചേർത്ത് മൂപ്പിക്കുക. അണ്ടിപ്പരിപ്പും നെയ്യിൽ മൂപ്പിച്ച് ചേർക. ഇതിൽ ഒന്നാം പാലും ഏലയ്ക്കപൊടിച്ചതും ചേർക്കുക.

 

പയറുപായസം

ചേരുവകൾ

വൻപയർ - 200 ഗ്രാം

ചെറുപയർ - 100 ഗ്രാം

ജീരകം – 2 ടീസ്പൂൺ

ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ

ശർക്കര – 800 ഗ്രാം

തേങ്ങാപ്പാൽ - 3 തേങ്ങയുടേത്

ഒന്നാം പാൽ - 1 കപ്പ്

രണ്ടാം പാൽ - 2 കപ്പ്

മൂന്നാം പാൽ - 3 കപ്പ്

കിസ്മിസ് – 50 ഗ്രാം

കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം

ഏത്തപ്പഴം – 1 വലുത്

നെയ്യ് – 4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

വൻപയറും ചെറുപയറും 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെയ്ക്കുക.

തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുക. ഏത്തപ്പഴം ചെറുതായി നുറുക്കി വെയ്ക്കുക.

ശർക്കര അരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കിവെയ്ക്കുക. ഉരുളിയിൽ കുതിർത്ത പയറുകൾ രണ്ടുകപ്പ് വെള്ളത്തിൽ വേവിക്കുക. നന്നായി വെന്തു കഴിഞ്ഞാൽ നെയ്യിൽ ജീരകവും ഏത്തപ്പഴവും ചേർത്ത് വരട്ടുക. നന്നായി വരട്ടി എടുത്തതിന് ശേഷം മൂന്നാം പാൽ ചേർക്കുക.

തിളച്ചതിനുശേഷം  ഏലയ്ക്കാപ്പൊടിയും ശർക്കരയും രണ്ടാം പാലും ചേർക്കുക. കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് ഓഫ് ചെയ്യുക. കിസ്മിസും അണ്ടിപ്പരിപ്പും നെയ്യിൽ വറുത്ത് ചേർക്കുക.

 

ഗോതമ്പു റവ പായസം

ചേരുവകൾ

ഗോതമ്പ് തരിയായിട്ടുള്ളത് – 250 ഗ്രാം

ശർക്കര – അരക്കിലോ

തേങ്ങാപാൽ - ഒരു തേങ്ങയുടേത്

നെയ്യ് – 50 ഗ്രാം

അണ്ടിപ്പരിപ്പ്, കിസ്മിസ് – 100 ഗ്രാം

ഏലക്കായ് പൊടിച്ചത് – 50 ഗ്രാം

തയ്യാറാക്കുന്ന വിധം

ഗോതമ്പുറവ കുറച്ച് നെയ്യൊഴിച്ച് ചെറുതായി വറുത്ത് തിളച്ച വെള്ളത്തിൽ വേവിക്കുക. റവ വെന്ത് കഴിയുമ്പോൾ അതിൽ ശർക്കരയിട്ട് വരട്ടി തേങ്ങാപാൽ ചേർത്ത് ഉപയോഗിക്കാം.

 

സേമിയാ പായസം

ചേരുവകൾ

സേമിയ – 100 ഗ്രാം

പാൽ - 1ലിറ്റർ

ഏലക്കായ് – 50 ഗ്രാം

അണ്ടിപ്പരിപ്പ് – 50 ഗ്രാം

കപ്പലണ്ടി – 50 ഗ്രാം

പഞ്ചസാര – 500 ഗ്രാം

നെയ്യ്- വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സേമിയ നെയ്യിൽ ചുവക്കെ വറുക്കുക. അതിനുശേഷം വറുത്ത സേമിയയിൽ പാൽ ചേർത്ത് തിളപ്പിച്ച് പഞ്ചസാരയിട്ട് ഇളക്കി,വറുത്ത അണ്ടിപ്പരിപ്പ് ചേർത്ത് ഏലക്കായ് പൊടിച്ചതും ചേർത്ത് ഇളക്കിവെയ്ക്കുക.

 

പപ്പായ പായസം

ചേരുവകൾ

പഴുത്ത പപ്പായ – 300 ഗ്രാം

തേങ്ങചിരകിയത് – മൂന്ന്

ഏലയ്ക്ക – മൂന്ന്

ശർക്കര – 1 കപ്പ്

അണ്ടിപ്പരിപ്പ്

കിസ്മിസ്

തയ്യാറാക്കുന്ന വിധം

പഴുത്ത പപ്പായ മിക്സിയിൽ നന്നായി അരച്ചെടുക്കുക. തേങ്ങ പിഴിഞ്ഞ് ഒന്നും രണും മൂന്നും പാലെടുക്കണം. പപ്പായ അടുപ്പത്ത് വച്ച് ഇളക്കിയതിനുശേഷം ഇതിലേക്ക് ശർക്കര ഉരുക്കിയത് അരിച്ചൊഴിച്ച്  നന്നായി ഇളക്കുക. ഇതിലേക്ക് മൂന്നും രണ്ടും തേങ്ങാപാൽ ചേർത്തിളക്കുക. കുഴമ്പ് പരുവത്തിലാകുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി വാങ്ങുക. ഏലയ്ക്കാപ്പൊടി ചേർക്കുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്ത് ചേർക്കുക.

 

വാഴക്കൂമ്പ് റാഗി പായസം

ചേരുവകൾ

വാഴക്കൂമ്പ് അരിഞ്ഞത് – 200 ഗ്രാം

റാഗിപ്പൊടി – 100 ഗ്രാം

തേങ്ങാപാൽ - അരലിറ്റർ

ശർക്കര ഉരുക്കി അരിച്ചത് – 750 ഗ്രാം

പശുവിൻപാൽ - കാൽ ലിറ്റർ

പഞ്ചസാര – 100 ഗ്രാം

കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം

ഈത്തപ്പഴം അരിഞ്ഞത് – 50 ഗ്രാം

കൊട്ടത്തേങ്ങ അരിഞ്ഞത് - 50 ഗ്രാം

നെയ്യ് – 50 ഗ്രാം

ജീരകം, ചുക്ക്, ഏലക്കായ് – കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പശുവിൻപാൽ പഞ്ചസാരയും ചേർത്ത് അടുപ്പിൽ വെച്ച് ഇളക്കി കുറുക്കി വറ്റിച്ച് പകുതിയാക്കിയെടുക്കുക. അതിനുശേഷം ഉരുളി അടുപ്പത്ത് വെച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടിപ്പരിപ്പ്, കിസ്മിസ്, ഈത്തപ്പഴം, കൊട്ടത്തേങ്ങ ഇവ അരിഞ്ഞതും വറുത്തെടുക്കുക. ബാക്കിയുള്ള നെയ്യിൽ അരിഞ്ഞുവെച്ചിരിക്കുന്ന വാഴക്കൂമ്പ് ഇട്ട് നല്ലവണ്ണം ഇളക്കി വഴറ്റിയെടുക്കുക. ഇതിലേക്ക് റാഗി കുറച്ച് തേങ്ങാപ്പാലിൽ കലക്കിച്ചേർത്ത് കുറുക്കിയെടുക്കുക. ബാക്കിയുള്ള തേങ്ങാപ്പാലും പശുവിൻപാൽ കുറുക്കിവറ്റിച്ചതും വെല്ലം ഉരുക്കി അരിച്ചതും ചേർത്ത് തിളപ്പിച്ച് വാങ്ങിവെയ്ക്കുക. അതിനുശേഷം ചുക്ക്, ജീരകം, ഏലക്കായ് ഇവ പൊടിച്ചതും വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, കിസ്മിസ്, ഈത്തപ്പഴം, കൊട്ടത്തേങ്ങ ഇവ ചേർത്തിളക്കുക.

 

തവിട്- തിന- പനംചക്കര പായസം

ചേരുവകൾ

തവിട് – കാൽകപ്പ്

തിന അരി – അരകപ്പ്

ചൌവ്വരി കുതിർത്തത് – ഒരു ടേബിൾ സ്പൂൺ

ഈന്തപ്പഴം അരിഞ്ഞത് – 4 എണ്ണം

ഉണക്കമുന്തിരി, കശുവണ്ടി – ഒരു ടീസ്പൂൺ

തേങ്ങാക്കൊത്ത്, എള്ള് – ഒരു ടീസ്പൂൺ

ചുക്ക്, ജീരകം പൊടിച്ചത് – ഒരു നുള്ള്

ഏലക്കയ് – 6 എണ്ണം

നെയ്യ് – 50 ഗ്രാം

പനംചക്കര – 300 ഗ്രാം

കദളിപ്പഴം – 2 എണ്ണം

കൽക്കണ്ടം – ആവശ്യത്തിന്

തേങ്ങ – ഒന്നാം പാൽ - ഒന്നരകപ്പ്

രണ്ടാം പാൽ - രണ്ട് കപ്പ്

മൂന്നാം പാൽ - നാല് കപ്പ്

തയ്യാറാക്കുന്ന വിധം

കുറച്ച് നെയ്യിൽ തവിട് ചൂടാക്കുക. തിന മൂന്നാം പാലിൽ മുക്കാൽ ഭാഗം വേവാകുമ്പോൾ ചൌവ്വരി ചേർത്ത് ഇളക്കുക. വെന്താൽ ഒരു കപ്പ് രണ്ടാം പാലിൽ തവിട് കലക്കി ഒഴിക്കുക. തിളക്കുമ്പോൾ ശർക്കര ഉരുക്കി അരിച്ചത് ചേർക്കുക. കുറേശെ നെയ്യ് ഒഴിച്ച് തീ താഴ്ത്തി തുടരെ ഇളക്കുക. പഴവും ഈന്തപ്പഴവും അരച്ചതും രണ്ടാം പാലും ചേർത്ത് തിളച്ച് പായസം കൊഴുക്കുമ്പോൾ ഒന്നാം പാൽ ചേർത്ത് വാങ്ങി ചുക്ക് , ജീരകം, ഏലക്കായ് ഇവ ചേർക്കുക. നെയ്യിൽ വറുത്ത് ഉണക്കമുന്തിരി, കശുവണ്ടി, തേങ്ങാക്കൊത്ത് , എള്ള് എന്നിവയും പോരാത്ത മധുരത്തിന് കൽക്കണ്ടവും ഇട്ട് ഇളക്കി അടച്ച് വെയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാം.

 

നവരസപ്രഥമൻ

ചേരുവകൾ

മത്തങ്ങ അരിഞ്ഞത് – 50 ഗ്രാം

ഏത്തപ്പഴം അരിഞ്ഞത് – 50 ഗ്രാം

കുമ്പളങ്ങ അരിഞ്ഞത് – 50 ഗ്രാം

കാരറ്റ് അരിഞ്ഞത് – 50 ഗ്രാം

പൂവൻപഴം അരിഞ്ഞത് – 50 ഗ്രാം

പഴുത്ത പപ്പായ അരിഞ്ഞത് – 50 ഗ്രാം

മധുരക്കിഴങ്ങ് അരിഞ്ഞത് – 50 ഗ്രാം

റോസാപ്പൂവ് ഇതൾ - 25 ഗ്രാം

ചെറുപയർ പരിപ്പ് – 150 ഗ്രാം

ശർക്കര – ഒരു കിലോ

നെയ്യ് – 200 ഗ്രാം

കൽക്കണ്ടം പൊടിച്ചത് – 25 ഗ്രാം

കശുവണ്ടിപ്പരിപ്പ് -25 ഗ്രാം

ഉണക്കമുന്തിരി – 25 ഗ്രാം

ചൌവ്വരി – 50 ഗ്രാം

ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ

ചുക്കുപൊടി – കാൽ ടീസ്പൂൺ

തേങ്ങയുടെ ഒന്നാം പാൽ - അരലിറ്റർ

രണ്ടാം പാൽ, മൂന്നാം പാൽ - അരലിറ്റർ വീതം

തയ്യാറാക്കുന്ന വിധം

ചൌവ്വരി ഒരു കപ്പ് വെള്ളമൊഴിച്ച് വേവിച്ച് മാറ്റുക. ശർക്കര അരകപ്പ്    വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ചെറുപയർ പരിപ്പ് വറുത്ത് വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ച് മാറ്റുക. ഉരുളിയിൽ 100 ഗ്രാം നെയ്യൊഴിച്ച് ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ നല്ലവണ്ണം വരട്ടുക. ഇതിനോടൊപ്പം തന്നെ വരണ്ടുകഴിയുമ്പോൾ മൂന്നാം പാൽ ഒഴിച്ച് ചൌവ്വരിയും ഇട്ട് തിളപ്പിക്കുക. അല്പം കുറുകിക്കഴിയുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. വീണ്ടും നല്ലവണ്ണം കുറുകിക്കഴിയുമ്പോൾ ഒന്നാം പാൽ ഒഴിച്ച് തിളക്കുന്നതിന് മുൻപ് വാങ്ങി വെയ്ക്കുക. ഇതിൽ ഏലയ്ക്കാപൊടിയും ചുക്കുപൊടിയും കൽക്കണ്ടം പൊടിച്ചതും ഇട്ട് ഇളക്കുക. അവസാനം 100 ഗ്രാം നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിച്ച് ഇടുക.

 

പച്ചമാങ്ങാ പ്രഥമൻ

ചേരുവകൾ

പച്ചമാങ്ങ – 1 കിലോ

ശർക്കര – 1 കിലോ

പഞ്ചസാര – 1 കപ്പ്

ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ

തേങ്ങാപാൽ - മൂന്നാം പാൽ - 4 കപ്പ്

രണ്ടാം പാൽ - 3 കപ്പ്

ഒന്നാം പാൽ - 1 കപ്പ്

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലി ചെത്തി കുക്കറിലിട്ട് നാല് കപ്പ് വെള്ളത്തിൽ വേവിക്കുക. വെന്ത മാങ്ങ ഉടച്ചെടുക്കുക. ശർക്കര പൊടിച്ച് കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക. ഉരുളി അടുപ്പിൽ വെയ്ക്കുക. ശർക്കരപ്പാവും മാങ്ങ ഉടച്ചതും ഒന്നിച്ചാക്കി ഇളക്കണം. പാകത്തിൽ വഴറ്റിയെടുത്ത് മുറുകിത്തുടങ്ങുമ്പോൾ അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യൊഴിച്ച് 5 മിനിറ്റ് കൂടി വഴറ്റുക. മൂന്നാം പാലൊഴിച്ച് ഇളക്കി തിളപ്പിക്കുക. കുറുകിവരുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. തിളച്ചാൽ തീ ഓഫ് ചെയ്ത് ഒന്നാം പാലൊഴിച്ച് ഏലയ്ക്കാപ്പൊടിയിട്ട് ഇളക്കുക. ബാക്കിയുള്ള നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് മുകളിൽ അലങ്കരിക്കുക.

 

ബൂന്ദി പായസം

ചേരുവകൾ

കടലമാവ് – ഒരു കപ്പ്

എണ്ണ – 250 മില്ലി

പാൽ - രണ്ടര കപ്പ്

പഞ്ചസാര – ഒരു കപ്പ്

കുങ്കുമപ്പൂവ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

കടലമാവിൽ പാകത്തിനു വെള്ളം ചേർത്ത് കട്ടിയുള്ള മാവ് കലക്കിവെയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, കടലമാവ് നിറയെ ദ്വാരങ്ങളുള്ള തവിയിലൂടെ എണ്ണയിലേക്ക് ഒഴിക്കുക. ചെറിയ മുത്തുകളായി ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതാണ് ബൂന്ദി. ബൂന്ദി നല്ല കരുകരുപ്പായി വറുത്ത് കോരുക. പാലും പഞ്ചസാരയും കുങ്കുമപ്പൂവും ചേർത്ത് യോജിപ്പിച്ച് , ചുവട് കട്ടിയുള്ള പാത്രത്തിലാക്കി അടുപ്പിൽ വെച്ച് കുറുക്കുക. നന്നായി കുറുകുമ്പോൾ ഇതിലേക്ക്  വറുത്ത് കോരിയ ബൂന്ദി ചേർക്കുക. അണ്ടിപ്പരിപ്പും കിസ്മിസും ആവശ്യമെങ്കിൽ നെയ്യിൽ വറുത്ത് ചേർക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment