കത്തുന്ന കുട്ടി'ക്ക് ചികിത്സയുമായി ആയുര്‍വേദ ഡോക്ടര്‍മാര്‍
ചെന്നൈ:'കത്തുന്നകുട്ടിയെ' ചികിത്സിക്കാനായി തൃശ്ശൂരില്‍നിന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച ചെന്നൈയിലെത്തി. ശരീരത്തിന് സ്വയം തീപിടിക്കുന്ന രോഗത്തിന്റെ ചികിത്സയെക്കുറിച്ച് ആയുര്‍വേദത്തില്‍ പരാമര്‍ശങ്ങളുള്ളതായി ചെറുതുരുത്തി പി.എന്‍.എന്‍.എം. ആയുര്‍വേദകോളേജിലെ അധ്യാപകന്‍ ഡോ. വി. ശ്രീകുമാര്‍ പറഞ്ഞു.
'അഗ്‌നിവിസര്‍പ്പം' എന്നാണ് ആയുര്‍വേദത്തില്‍ ഇതിന് പറയുന്നത്. ഒരു മാസത്തെ കൃത്യമായ ചികിത്സയിലൂടെ രോഗം പൂര്‍ണമായും മാറ്റാനാകും. 'ശതധൌതഘൃതം'എന്ന ഔഷധമാണ് രോഗത്തിന് പ്രധാനമായും വേണ്ടതെന്നും ഡോക്ടര്‍ പറഞ്ഞു.
ശരീരത്തില്‍ പൂര്‍ണമായും പൊള്ളലേറ്റനിലയില്‍ ആഗസ്ത് ഒമ്പതിനാണ് മൂന്നുമാസം പ്രായമുള്ള രാഹുലിനെ ചെന്നൈ കില്‍പോക്ക് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മൂത്രവും രക്തവും ചര്‍മ്മത്തിന്റെ സാമ്പിളും വിദഗ്ധപരിശോധനയ്ക്കയച്ചെങ്കിലും തീപിടിക്കുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടി പീഡനത്തിനിരയായതാണെന്ന സൂചനയ്ക്കിടെയാണ് രോഗത്തെക്കുറിച്ചുള്ള ആയുര്‍വേദവിവരണവുമായി തൃശ്ശൂരില്‍നിന്ന് ഡോക്ടര്‍മാരെത്തിയത്.
ശരീരം തീക്കനല്‍പോലെ ചൂടാകുന്നതാകും രോഗത്തിന്റെ തുടക്കം, പിന്നീട് ചര്‍മ്മം തീപ്പൊള്ളലേറ്റനിലയിലേക്ക് മാറുമെന്നും സംഘത്തിലെ ഡോക്ടര്‍ വിനോദ് പറഞ്ഞു. ശിശുപരിചരണ ഐ.സി.യു.വില്‍കഴിയുന്ന കുട്ടിയെ ആയുര്‍വേദസംഘം പരിശോധിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സമ്മതമാണെങ്കില്‍ ചികിത്സ തൃശ്ശൂരിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മൂന്നുമാസത്തിനിടെ രാഹുലിന്റെ ശരീരത്തിന് നാലുതവണയാണ് പൊള്ളലേറ്റത്. ചികിത്സയില്ലെങ്കില്‍ പൊള്ളലുകള്‍ വീണ്ടുമുണ്ടായേക്കാമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറഞ്ഞു.
കരിമ്പിന്‍നീര്, മധൂകം എന്നിവ ഉപയോഗിച്ച് ശരീരം കഴുകുന്നത് വീണ്ടും പൊള്ളലേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുമെന്നും ഡോക്ടര്‍ വിശദീകരിച്ചു.
സ്വയം തീപിടിക്കുന്ന രാഹുലിന്റെ രോഗവിവരം പത്രത്തിലൂടെ അറിഞ്ഞാണ് തൃശ്ശൂരില്‍നിന്ന് ഡോക്ടര്‍മാരെത്തിയത്. തിരുവനന്തപുരത്ത് ഇതേ രോഗംബാദിച്ച രണ്ടുമാസം പ്രായമുള്ള കുട്ടിയെ മുന്‍പ് ചികിത്സിച്ച് സുഖപ്പെടുത്തിയതായി ഇവര്‍ അവകാശപ്പെട്ടു.
No comments:
Post a Comment