ഈജിപ്ഷ്യന്‍ സേന നിഷ്ഠുരമായി കൊലചെയ്ത ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കാണാന്‍ കഴിഞ്ഞദിവസം ഞാന്‍ പോവുകയുണ്ടായി. മരിച്ചവര്‍ പരിചരിക്കപ്പെടുന്നതെങ്ങനെയാണ്? പല മൃതദേഹങ്ങളും മരംകൊണ്ട് നിര്‍മിച്ച ശവപ്പെട്ടികളില്‍ കിടത്തിയിരിക്കുന്നു. മോര്‍ച്ചറിക്ക് മുന്നില്‍ നീണ്ട ശവപ്പെട്ടികളുടെ നിര. നേരിയ പ്ളാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് ഐസുകട്ടകള്‍ കൊണ്ട് ആവരണം ചെയ്ത ജഡങ്ങള്‍. തിരിച്ചറിയല്‍, പോസ്റ്റ്മോര്‍ട്ടം എന്നിവക്കായി മൂകമായി കാത്തുകിടക്കുന്ന നിര്‍ജീവ മനുഷ്യദേഹങ്ങള്‍. പുറത്തെ ഉഷ്ണത്തില്‍ ഐസ്കട്ടകള്‍ ഉരുകി മൃതദേഹങ്ങളിലെ കട്ടപിടിച്ചിരിക്കുന്ന രക്തത്തെ അലിയിപ്പിച്ച് ചില പെട്ടികളില്‍ ഒഴുകി പരക്കുന്നുണ്ടായിരുന്നു. ഞാനോര്‍ത്തുപോയി. മുര്‍സിയുടെ ശത്രുക്കള്‍ മാസങ്ങള്‍ക്കു മുമ്പേ ഇതെല്ലാം മുന്‍കൂട്ടി കണ്ടിരിക്കണം. ജനങ്ങളുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറികള്‍ക്കു മുന്നില്‍ നിറയുന്നത് അവര്‍ക്ക് വലിയ പ്രശ്നമായില്ലായിരിക്കാം.
സൈനികാക്രമണത്തില്‍ വധിക്കപ്പെട്ടവര്‍ ബ്രദര്‍ഹുഡിന് രക്തസാക്ഷികളാണ്. എതിരാളികള്‍ക്ക് വെറും ജഡങ്ങള്‍. പട്ടാളവും പൊലീസും നിറയൊഴിക്കുന്നു. ബുള്ളറ്റുകള്‍ പച്ചജീവനില്‍ കയറിയിറങ്ങുന്നു. രാഷ്ട്രീയ നിലപാടിന്‍െറ പേരില്‍ അധികാരം നടത്തുന്ന വേട്ടയുടെ ഇരകള്‍. ഇത് ഇവിടംകൊണ്ട് അവസാനിക്കാനിടയില്ല.
കൈറോയിലെ സയ്യിദ സൈനബ് ഏരിയയിലെ തെരുവിലാണ് ഞാനാദ്യം എത്തിയത്. വേണ്ടത്ര വൃത്തിയില്ലാത്ത കാപ്പിക്കടകളും ചപ്പുചവറുകള്‍ കുമിഞ്ഞ വഴിയോരങ്ങളും നിറഞ്ഞ ആ തെരുവില്‍ നൈല്‍ നദിയുടെ മണലും മണ്ണും ചേര്‍ന്ന ചെറിയ നിരവധി ഭവനങ്ങള്‍ കാണാമായിരുന്നു. ക്ഷുഭിതരും ദു$ഖാര്‍ത്തരുമായ ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ആ തെരുവിലുണ്ടായിരുന്നു. ഉറ്റവര്‍ കൊല്ലപ്പെട്ടതില്‍ വിലപിക്കുന്നവര്‍, പരിക്കേറ്റവരുടെ വിലാപങ്ങള്‍. ഇത്രയും നോവും വിങ്ങലും നിറഞ്ഞ മറ്റൊരു തെരുവ് ഈജിപ്തില്‍ ഉണ്ടാകാനിടയില്ളെന്ന് തോന്നി.
ബുള്ളറ്റുകള്‍ തുളച്ചുകയറി നെഞ്ചുപിളര്‍ന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് സാക്ഷികളായി ബന്ധുക്കളില്‍ ആരെങ്കിലും ഉണ്ടായിരുന്നു. സൈനിക മുഷ്കിന്‍െറ ഇരകള്‍ മാസങ്ങളായി ഈ തെരുവില്‍ എത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ, ബുധനാഴ്ചത്തെ രൂക്ഷമായ ആക്രമണത്തില്‍ മരണം എല്ലാ കണക്കുകളെയും കടത്തിവെട്ടി. മൃതദേഹ സംസ്കരണ വേളയില്‍ ഉയരുന്ന വിലാപങ്ങള്‍ കഴിഞ്ഞദിവസം കൂടുതല്‍ സങ്കടഭരിതമായിരുന്നു. 70 മൃതദേഹങ്ങള്‍ വരെ ഞാന്‍ എണ്ണി. ചില പെട്ടികള്‍ ഒന്നിനു മീതെ ഒന്നായി അടുക്കിവെച്ചിരുന്നു. തിരക്കിയത്തെുന്ന ബന്ധുക്കളില്‍ ചിലര്‍ ചിതറിക്കിടക്കുന്ന ഐസ്കട്ടകളില്‍ തട്ടി വീഴാന്‍ ഭാവിച്ചു.
മൃതദേഹങ്ങളുടെ മുഖങ്ങള്‍ വ്യക്തമായി കാണാന്‍ പറ്റുമായിരുന്നില്ല. മയ്യിത്തുകള്‍ സൂക്ഷിച്ച പെട്ടികള്‍ക്കു മുന്നില്‍ അവരുടെ പാദരക്ഷകള്‍ വെച്ചിരുന്നു. ഭൂമിയുമായുള്ള അവരുടെ ബന്ധത്തിന്‍െറ അവസാന പ്രതീകങ്ങള്‍ പോലെ. പൊലീസുകാര്‍ വീണ്ടും എത്തുമെന്ന് ചിലര്‍ അടക്കംപറയുന്നത് കേട്ടു. പിരമിഡുകള്‍ നിറഞ്ഞ ഗിസ മേഖലയില്‍ വലിയൊരാക്രമണം നടന്നേക്കുമെന്ന് അവര്‍ ആശങ്കിക്കുന്നതായും തോന്നി. എത്രപേര്‍ മരിച്ചുവീണിരിക്കും? ആ ചോദ്യം വീണ്ടും പൊന്തിവരുന്നു. ശുറൂഖ് ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ അബീര്‍ ശാദിയെ തെരുവില്‍ കാണാന്‍ കഴിഞ്ഞു. വെടിയേറ്റു മരിച്ച സഹപ്രവര്‍ത്തകന്‍െറ മൃതദേഹം തിരഞ്ഞ് കണ്ടുപിടിക്കാനത്തെിയതാണവര്‍. 27കാരനായ അഹ്മദ് ദാവൂദിന്‍െറ ജഡം. ബ്രദര്‍ഹുഡ് അനുഭാവിയായ ആ 27കാരന്‍ സര്‍ക്കാര്‍ പത്രത്തിലെ ജോലിക്കാരനാണെന്ന വിരോധാഭാസവും ഞാന്‍ മനസ്സിലോര്‍ത്തു. സംഘര്‍ഷത്തില്‍ വേറെയും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടര്‍ 26കാരി ഹബീബ അഹ്മദ് അല്‍ അസീസ് ആയിരുന്നു അവരിലൊരാള്‍. വലിയ കണക്കുകളാണ് ബ്രദര്‍ഹുഡുകാര്‍ നിരത്തുന്നത്. സര്‍ക്കാറാകട്ടെ മരണസംഖ്യ കുറച്ചുകാട്ടുന്നു. രണ്ടിനുമിടയിലാകണം യഥാര്‍ഥ കണക്ക്. 350നും 500നുമിടയിലാകണം മരണസംഖ്യ എന്നാണ് എന്‍െറ നിഗമനം. -അബീര്‍ പറഞ്ഞു. ആ തെരുവില്‍ 70 മൃതദേഹങ്ങള്‍ എനിക്കുതന്നെ എണ്ണാന്‍ പറ്റിയെങ്കില്‍ മരണം ആയിരത്തോളം ഉണ്ടാകുമെന്നതില്‍ സംശയിക്കാനില്ല -ഒരുപക്ഷേ അതിലേറെയും. പ്രാദേശിക പത്രലേഖകരില്‍ ബ്രദര്‍ഹുഡിനു വലിയ വിശ്വാസം പോരെന്നു തോന്നി.
കഫിയ്യകൊണ്ട് പൊതിഞ്ഞ മൃതദേഹത്തിനരികില്‍ നിന്ന യുവാവിനോട് ഞാന്‍ തിരക്കി: 'ഇയാളുടെ പേരെന്താണ്?' യുവസഹജമായ രോഷത്തോടെ അവന്‍ മറുപടി നല്‍കി 'അതറിഞ്ഞിട്ട് ഇനി നിങ്ങള്‍ക്കെന്തുകാര്യം?'
'അല്ല, ഒരു മനുഷ്യനല്ളേ അയാള്‍. അയാള്‍ക്കൊരു പേരുമുണ്ടാകില്ളേ'.
എന്‍െറ തിരിച്ചടി കേട്ടിട്ടാകാം മറ്റൊരാള്‍ 'അദ്ഹം' ആണ് ഈ മയ്യിത്ത്കട്ടിലില്‍ കിടക്കുന്നതെന്ന് വിശദീകരിച്ചു. 'മഹ്മൂദ് മുസ്തഫ... മുഹമ്മദ് ഫരീദ് മുതവല്ലി'... അങ്ങനെ പലരും പേരുകള്‍ പറയുന്നു. പതുക്കെ, ആ പേരുകള്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ വെപ്പിക്കുന്നുണ്ടോ?
ഇംഗ്ളീഷ് വശമുള്ള യുവാവായിരുന്നു മറ്റൊരു മൃതദേഹത്തിനു മുന്നിലെ കാവല്‍ക്കാരന്‍. പക്ഷേ, അയാള്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല.
'എന്‍െറ ജ്യേഷ്ഠനാണിത്. ഡോ. ഖാലിദ് കമാല്‍. ഇന്നലെ വെടിയേറ്റു മരിച്ചു' -അവന്‍ ഒരുവിധം പറഞ്ഞുതീര്‍ത്തു. അവന്‍െറ വാക്കില്‍നിന്നാണ് ആ ഡോക്ടര്‍ മരിച്ച വിവരം അവിടെ കൂടിനിന്നവര്‍ മനസ്സിലാക്കിയത്. അതോടെ പലരും നമ്മുടെ ഡോക്ടര്‍ എന്ന് അലമുറയിടുന്നുണ്ടായിരുന്നു.
ഈ മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതോടെ ഈജിപ്ഷ്യന്‍ ദുരന്തത്തിന് അന്ത്യമാകുമെന്ന് വിശ്വസിക്കാന്‍ വയ്യ. രാജ്യം കൂടുതല്‍ പ്രക്ഷുബ്ധതകളിലേക്കാണ് കുതിക്കുന്നത്. വെള്ളിയാഴ്ചകള്‍ അറബ് ലോകത്ത് വിശുദ്ധദിനമായതോടൊപ്പം സംഘര്‍ഷപരമ്പരകളുടേതു കൂടിയായി മാറുന്നു.
ഒരുവശത്ത് കദനം തളംകെട്ടി നില്‍ക്കുമ്പോള്‍ മറുഭാഗത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ നിരത്തുകള്‍ ശുചീകരിച്ചും റെയില്‍ മാര്‍ഗങ്ങള്‍ ശരിപ്പെടുത്തിയും ജനങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു.
തെരുവില്‍ വഴിവാണിഭക്കാര്‍ ചേരിതിരിഞ്ഞ് തര്‍ക്കിക്കുന്നു. കശപിശകളും കല്ളേറുകളുമായി ചില ഗ്രൂപ്പുകള്‍. വാഗ്വാദങ്ങളുടെ മൂര്‍ധന്യാവസ്ഥയില്‍ ഏറ്റുമുട്ടുന്ന വ്യത്യസ്ത ചിന്താഗതിക്കാര്‍. സംസ്കാരത്തെ പോഷിപ്പിച്ച നൈല്‍നദിക്ക് സമാന്തരമായി അന്ധമായ പകയുടെ രക്തനദികള്‍ ഒഴുകുന്നു.
(ഇന്‍ഡിപെന്‍ഡന്‍റ്, ബ്രിട്ടന്‍)
No comments:
Post a Comment