തിരുവനന്തപുരം: 'കടുത്ത നിരാശയിലാണ് ഞങ്ങള്‍, ഇത്രയും പെട്ടെന്ന് പ്രധാന ആവശ്യം അംഗീകരിക്കാതെ ഉപരോധ സമരം പിന്‍വലിക്കുമെന്ന് കരുതിയിരുന്നില്ല. നാട്ടുകാരുടെ മുഖത്തു നോക്കാന്‍ പറ്റാത്ത അവസ്ഥയായി. ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാതെ തിരിച്ചെത്തില്ലെന്ന് പറഞ്ഞ് ഗംഭീര യാത്രയയപ്പുമായാണ് തിരുവനന്തപുരത്തെത്തിയത്. എന്തായാലും നേതാക്കളുടെ തീരുമാനം അംഗീകരിക്കുന്നു മറ്റൊന്നും പറയാനില്ല.'
ഇടതുപക്ഷ ജനാധിപത്യമുന്നണി 30 മണിക്കൂറോളം സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ നടത്തിവന്ന ഉപരോധ സമരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഒരു സംഘം സഖാക്കള്‍ പറഞ്ഞതാണിത്. ഇത് സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും അഭിപ്രായമാണെന്ന് കരുതുന്നില്ലെങ്കിലും വലിയൊരു വിഭാഗം കടുത്ത നിരാശയോടെയാണ് സമരമുഖത്തുനിന്നും മടങ്ങുന്നത്.
ഇന്നു രാവിലെവരെ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവുമായിരുന്നു പ്രധാന നേതാക്കളുടെ ആവശ്യം. അതില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തരാകില്ലെന്ന് മാധ്യമങ്ങളോട് പറയുന്നുമുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ തീരുമാനം മാറ്റിയതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.
ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി നേരത്തെ പൂര്‍ണമായും അംഗീകരിച്ചിരുന്നില്ലെങ്കിലും, പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയായാല്‍ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ജഡീഷ്യല്‍ അന്വേഷണം എന്ന ഒറ്റ ആവശ്യം അംഗീകരിച്ച് സമരക്കാര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ വരാന്‍ പോകുന്ന പാര്‍ട്ടി യോഗങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കാന്‍ നേതാക്കള്‍ പാടുപെടും എന്നുറപ്പാണ്.
വെറുമൊരു ജുഡീഷ്യല്‍ അന്വേഷണത്തിനുവേണ്ടിയായിരുന്നോ കോടികള്‍ മുടക്കിയുള്ള പടപ്പുറപ്പാടെന്ന് പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം പേരെ തിരുവനന്തപുരം നഗരത്തിനുള്ളില്‍ അണിനിരത്തി ആദ്യദിനം തന്നെ സര്‍ക്കാരിനെ വിറപ്പിച്ച സഹന സമരഭടന്മാര്‍ക്ക് രണ്ടാംദിനം സമരം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നത് സര്‍ക്കാരിന്റെ വിജയമായാണ് കണക്കാക്കുന്നത്.
സമരത്തോട് ആദ്യം മുതല്‍ സര്‍ക്കാര്‍ സമീപിച്ച നിലപാട് വിമര്ശനാത്മകമായിരുന്നു. സമരക്കാരെ തടഞ്ഞും താമസ, പ്രാഥമിക സൗകര്യങ്ങള്‍ അനുവദിക്കാതെയും ബുദ്ധിമുട്ടിക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ കോണ്‍ഗ്രസിനകത്തുനിന്നും പോലും വിമര്‍ശനമുണ്ടായി.
എന്നാല്‍ സമരത്തിന്റെ രണ്ടാം ദിനം ഉച്ചയോടുകൂടി ഒത്തുതീര്‍പ്പു ഫോര്‍മുല ഉരുത്തിരിഞ്ഞുവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിജയമായാണ് കണക്കാക്കപ്പെടുക. പാര്‍ട്ടിയിലും മുന്നണിയിലും തന്നെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴിതെളിച്ചിരിക്കുകയാണ് ഇടതുപക്ഷമുന്നണി ലക്ഷം ആളുകളെ അണിനിരത്തി നടത്തിയ ഉപരോധ സമരം.
ഒത്തു തീര്‍പ്പിനായി രഹസ്യ ഫോര്‍മുല ഉണ്ടാക്കിയതായി ചില കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ഇടതുപക്ഷത്തെ ചില നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായും പറയപ്പെടുന്നു.
കൊട്ടിഘോഷിച്ച് ഇന്നലെ രാവിലെ തുടങ്ങിയ സമരം രണ്ടു ദിവസം സെക്രട്ടറിയേറ്റ് അവധികൊടുത്തതു മുതലാണ് പന്ത് യുഡിഎഫിന്റെ കോര്‍ട്ടിലെത്തിയത്. മൂന്നു ദിവസം തുടര്‍ച്ചയായുള്ള അവധി ഫലത്തില്‍ സമരത്തിന്റെ ശോഭ കെടുത്തുമെന്നുറപ്പായിരുന്നു. കാര്യമായൊന്നും ചെയ്യാനില്ലാതെ സെക്രട്ടറിയേറ്റിന്റെ കാവല്‍ക്കാരാവുകയെന്നാണ് പ്രവര്‍ത്തകരെ സംബന്ധിച്ച് ഉണ്ടാവുക. അവധി ഇടവേളയില്‍ ഒരു ഫോര്‍മുല മുന്നോട്ടുവച്ച് സമരം ഒത്തു തീര്‍പ്പിലാക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിജയിക്കുകയും ചെയ്തു.
അതേസമയം, നിലവില്‍ യുഡിഎഫ് മുന്നോട്ടുവച്ച ജുഡീഷ്യല്‍ അന്വേഷണം സ്വീകരിക്കാതിരുന്നാല്‍ സമരം എവിടെ ചെന്ന് അവസാനിക്കും എന്ന് ഇടതുപക്ഷ നേതാക്കള്‍ക്കു പോലും പിടിയുണ്ടാകില്ല. മുന്നോ നാലോ ദിവസം കഴിയുമ്പോള്‍ അക്ഷമരായേക്കാവുന്ന സമരഭടന്മാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടതുപക്ഷത്തിന് അത് തീരാ കളങ്കമാവുകയും ചെയ്യും.
മുഖ്യമന്ത്രിയുടെ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം ഉണ്ടായതോടെ സി.പി.ഐ.എം സെക്രട്ടേറിയേറ്റ് ചേര്‍ന്നു. സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇടതുമുന്നണി നേതാക്കള്‍ രഹസ്യമായി പറയുന്നത് അവര്‍ക്കൊന്നും ചെയ്യേണ്ടി വന്നില്ലെന്നാണ്. മുന്നണിയോഗം നീണ്ടതാകട്ടെ പത്തു മിനുറ്റ് മാത്രം. മുഖ്യമന്ത്രി ജഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായെന്ന് പറയാന്‍ കാത്തിരിക്കും പോലെ സമരം പിന്‍വലിക്കുകയും ചെയ്തു.
ഇരുപക്ഷവും ഉണ്ടാക്കിയ ധാരണയെക്കുറിച്ച് തുറന്നുപറയാന്‍ ഇരുമുന്നണികളും തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'മധ്യസ്ഥര്‍ മുഖേന ഉണ്ടാക്കിയ ഒത്തു തീര്‍പ്പു ഫോര്‍മുല എന്താണെന്ന് മുന്നണി നേതാക്കള്‍ വ്യക്തമാക്കണം. അത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് മൃദുസമീപനം എടുക്കുമെന്നാണോ? ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കുമെന്നോ?' മുരളീധരന്‍ ചോദിക്കുന്നു.
ജുഡീഷ്യല്‍ അന്വേഷണം എന്നു തീരുമെന്നോ എന്തൊക്കെ കാര്യങ്ങള്‍ അന്വേഷിക്കമെന്നോ ഇപ്പൊഴും തീര്‍ച്ചയില്ല. അന്വേഷണം നീണ്ടുനിന്നാല്‍ ഇടതുപക്ഷത്തിന് അത് ആയുധമാക്കാം എന്നുമാത്രം. എങ്ങനെയായാലും രണ്ടുമാസത്തിലധികമായി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നിന്ന സോളാര്‍ സരിത കേസ് തണുക്കുകയാണ്. ആരു ജയിച്ചില്ല, ആരും തോറ്റുമില്ല എന്നതാണ് അന്തിമഫലം. പതിവുപോലെ വിഡ്ഢികളായത് അണികളും കാഴ്ചക്കാരായ പൊതുജനങ്ങളും.
No comments:
Post a Comment