Wednesday, 10 July 2013

[www.keralites.net] ഉമ്മന്‍ചാണ്ടിക്ക് ആജ്ഞാശക്തിയില്ല

 

ഉമ്മന്‍ചാണ്ടിക്ക് ആജ്ഞാശക്തിയില്ല

കൊട്ടാരക്കരയില്‍ വണ്ടിയിറങ്ങി രണ്ടിടങ്ങളിലേക്കു വഴി തിരയേണ്ട. ഒന്ന് ഗണപതിക്ഷേത്രം. രണ്ട് കീഴൂട്ട് വീട്. സാക്ഷാല്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ താമസ സ്ഥലം. എവിടേക്കു പോകണമെന്ന് മനസില്‍ സ്മരിച്ചങ്ങു നടന്നാല്‍ മതി. വഴികള്‍ താനെ അവിടെയെത്തും.
ആര്‍. ബാലകൃഷ്ണപിള്ള മറ്റുള്ളവര്‍ക്ക് മുന്‍ മന്ത്രിയോ എം.എല്‍.എയോ പഞ്ചായത്ത് പ്രസിഡന്റോ അങ്ങനെ പലതും ആവാം. എന്നാല്‍ കൊട്ടാരക്കരക്കാര്‍ക്കു സ്വന്തം പിള്ളസാറാണ്. പുലര്‍ച്ചെ ആറുമണിയാവുമ്പോള്‍ത്തന്നെ കീഴൂട്ട് വീട്ടുമുറ്റം നിറയും. പണിക്കുപോവുംമുമ്പ് പിളളസാറിനെക്കണ്ട് വിഷമങ്ങള്‍ പറയാന്‍ വരുന്നവരാണെല്ലാം. കശുവണ്ടി തൊഴിലാളികളായ സ്ത്രീകള്‍ മുതല്‍ കള്ളുചെത്തുകാരായ പുരുഷന്‍മാര്‍ വരെ. മക്കളുടെ അഡ്മിഷന്‍ കാര്യം മുതല്‍ കുടുംബ പ്രശ്‌നം വരെ. എല്ലാറ്റിനും പിള്ളയ്ക്കുമുമ്പില്‍ പരിഹാരം. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവര്‍ക്കും സഹായം.

ബാലകൃഷ്ണപിള്ള അങ്ങനെയാണ്. സ്‌നേഹിക്കുന്നവര്‍ ചോദിച്ചാല്‍ ആനയെ കൊടുക്കും. ഇടഞ്ഞാല്‍, ഫലം അതി കഠിനം. അതു സ്വന്തം മകനായാല്‍പോലും.

? ബാലകൃഷ്ണപിള്ളയുടെ സ്വന്തം സ്‌റ്റൈല്‍ ഉടുപ്പില്‍ തുടങ്ങുന്നു. ഇസ്തിരിയിട്ടു വടിയാക്കിയ തൂവെള്ള ഖദര്‍ ഉടുപ്പിന്റെ കോളറും പിള്ളയുടെ കഴുത്തും ശക്തമായ വികര്‍ഷണത്തിലാണ്. ഐക്യ-ഇടതു മുന്നണികള്‍ പോലെ.

-പണ്ടുമുതലേ അങ്ങനെയാണ്. പത്തുമുപ്പതു കൊല്ലമായി. എല്ലാവരും കരുതുന്നത് ഞാന്‍ കോളര്‍ പിറകോട്ട് വലിച്ചിടുന്നതാണെന്നാണ്. ദാ ഷര്‍ട്ടിന്റെ ഏറ്റവും മുകളിലെ ബട്ടന്‍ ഞാന്‍ ഇടാറില്ല. അങ്ങനെ ചെയ്യുമ്പോള്‍ കോളര്‍ തനിയേ പുറകിലേക്കുമാറും. അത് തുന്നലിന്റെ പ്രത്യേകതയാണ്. കൊട്ടാരക്കരയില്‍ ഒരിടത്താണ് പണ്ടുമുതല്‍ തുന്നിക്കാറ്. പണ്ടൊരിക്കല്‍ തുന്നിച്ചുകൊണ്ടുവന്ന് ഇട്ടുനോക്കിയപ്പോള്‍ കോളര്‍ ഇങ്ങനെ പുറകിലേക്കു പോകുന്നു. തയ്ച്ച ആളെ വിളിച്ചു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, സാറിന് അതു നന്നായി ചേരുമെന്നു തോന്നി അതാ അങ്ങനെ തുന്നിയതെന്ന്. എന്നാല്‍പിന്നെ അങ്ങനെയാവട്ടെ എന്നു ഞാനും കരുതി. ഖാദിക്ക് റിബേറ്റുവരുമ്പോള്‍ കുറേ അങ്ങു വാങ്ങും. തിരുവനന്തപുരത്ത് സ്ഥിരം വാങ്ങുന്ന കടയുണ്ട്. ഇത്രയും നല്ല ഖദര്‍ എപ്പോഴും കിട്ടില്ല. അവര്‍ എനിക്കായി മാറ്റിവച്ചിരിക്കും. ഉടുക്കുന്നത് വെള്ള ഡബിള്‍ മുണ്ടാണ്. അതാണ് ഇഷ്ടം. വൃത്തിയായി വസ്ത്രം ധരിക്കണമെന്നത് പണ്ടേ നിര്‍ബന്ധമാണ്. പഠിക്കുന്നകാലത്ത് ഞാന്‍ അലക്കിത്തേച്ചു വെക്കുന്നതൊക്കെ ആരെങ്കിലുമൊക്കെ ഇട്ടോണ്ടുപോകുമായിരുന്നു. പിന്നെ വേറെ ആരുടേയെങ്കിലും ഉടുപ്പെടുത്തിടും. ഞാന്‍ അന്ന് വളരെ മെലിഞ്ഞിട്ടാണ്. അതുകൊണ്ടു മറ്റാരുടേയും ഉടുപ്പെനിക്ക് ചേരില്ലായിരുന്നു.

? ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നത് താങ്കളാണ്. ഇപ്പോള്‍ അതേ ഗണേഷിനെത്തന്നെ വീണ്ടും മന്ത്രിയാക്കണമെന്ന് താങ്കള്‍ ആവശ്യപ്പെടുന്നു. ഇതെന്തുകൊണ്ടാണ്.

-ഗണേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ഞാനല്ല. പാര്‍ട്ടിയാണ്. ഇപ്പോള്‍ മന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെടുന്നതും പാര്‍ട്ടിതന്നെ. ഗണേഷിനെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയതും വിജയിപ്പിച്ചതും പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് വിധേയനാവാതെ മുന്നോട്ടുപോയതുകൊണ്ടാണ് മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി ആവശ്യത്തെ തുടര്‍ന്നല്ല ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചത്, വ്യക്തിപരമായ പ്രശ്‌നങ്ങളേയും കുടുംബകോടതിയിലെ കേസിനേയും തുടര്‍ന്നാണ്. ഇപ്പോള്‍ പ്രശ്‌നങ്ങളും കേസും അവസാനിച്ചു. ഇനി മന്ത്രിസ്ഥാനം തിരികെ ലഭിക്കുന്നതില്‍ തടസമില്ല. പാര്‍ട്ടിക്കു വിധേയനായി മുന്നോട്ടുപൊയ്‌ക്കൊള്ളാം എന്ന് ഉറപ്പുനല്‍കിയതുകൊണ്ടാണ് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്.

? പാര്‍ട്ടിക്ക് വിധേയനാവുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

-കേരളാ കോണ്‍ഗ്രസ്(ബി) ടിക്കറ്റിലാണ് ഗണേഷ് എം.എല്‍.എയും മന്ത്രിയും ആയത്. അപ്പോള്‍ പാര്‍ട്ടിയോട് വിധേയത്വം വേണം. പാര്‍ട്ടി പറയുന്നതു കേള്‍ക്കണം. കാര്യങ്ങളുടെ പോക്ക് ശരിയായ വഴിക്കല്ലെന്ന് ഗണേഷ് മന്ത്രിയായി മൂന്നു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ ബോധ്യമായതാണ്. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരനായ ഒരാളെപ്പോലും എടുത്തില്ല. പാര്‍ട്ടിയോഗങ്ങള്‍ക്കു വരില്ല. വകുപ്പിനു കീഴിലുള്ള ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ തലപ്പത്ത് തന്നിഷ്ടപ്രകാരം പാര്‍ട്ടിശത്രുക്കളെ പ്രതിഷ്ഠിച്ചു. ഒരു തീരുമാനവും പാര്‍ട്ടിയോട് ആലോചിച്ചായിരുന്നില്ല എടുത്തിരുന്നത്.ഇനി മന്ത്രിയാവുമ്പോള്‍ മുമ്പു പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഒരാളും കാണില്ല. പാര്‍ട്ടി പറയുന്നതുകേട്ടു മുന്നോട്ടു പോവണം. പാര്‍ട്ടി നയങ്ങളും മുന്നണിയുടെ പ്രകടന പത്രികയും നടപ്പിലാക്കണം. അതെല്ലാം ഗണേഷ് സമ്മതിച്ചിട്ടുണ്ട്.

? വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളില്‍ പാര്‍ട്ടി ഇടപെടാന്‍ ശ്രമിച്ചു എന്നതു ശരിയാണോ.

-അനധികൃതമായി ഒന്നും ചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ഗണേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള രണ്ടുപേര്‍ സ്ഥലംമാറ്റത്തിനു പണം വാങ്ങി എന്ന് എനിക്കു വിവരം കിട്ടിയിരുന്നു. ചില സിനിമാക്കാരായിരുന്നു മന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നത്. ഞാന്‍ എന്റെ പാര്‍ട്ടിയുടെ മന്ത്രിയോടെന്നല്ല മുന്നണിയിലെ ഒരു മന്ത്രിയോടും ഒരു കാര്യവും ആവശ്യപ്പെടാറില്ല. എന്നെ സമീപിക്കുന്നവരുടെ ഒരാവശ്യം ന്യായമാണെന്നു തോന്നിയാല്‍ ഉദ്യോഗസ്ഥന്‍മാരോടു പറയും. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ മോശക്കാരായ മന്ത്രിമാരുണ്ട്. അവര്‍ നടത്തുന്ന അഴിമതി നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല. കാരണം ഉമ്മന്‍ചാണ്ടിക്ക് ആജ്ഞാശക്തിയില്ല. ഇവിടുത്തെ ജില്ലാ സിവില്‍ സപ്‌ളൈസ് ഓഫീസറെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിച്ചു. എന്നിട്ടെന്തായി പത്തു ദിവസം അവധി കഴിഞ്ഞപ്പോള്‍ അയാളെ തിരിച്ചെടുത്തു.

? അങ്ങും അഴിമതിക്കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

-ഞാന്‍ അഴിമതിക്കേസിലല്ല ജയിലില്‍ക്കിടന്നത്. ഗൂഢാലോചനക്കേസിലാണ്. ആ കേസിന്റെ സത്യാവസ്ഥയൊക്കെ എല്ലാവര്‍ക്കും അറിയാം. കീഴ്‌ക്കോടതികളെല്ലാം വെറുതേ വിട്ട കേസാണ്. ആ കേസില്‍ വി.എസ്. അച്യുതാനന്ദന്‍ മൂന്നാം

കക്ഷിയാണ്. ശരിക്കും വി.എസിന് ആ കേസില്‍ ഇടപെടാന്‍ ആവില്ല. ഞാന്‍ മന്ത്രിസഭയില്‍ ഇല്ലാതിരുന്നപ്പോഴാണ് ഇടമലയാര്‍ പദ്ധതിയുടെ കടലാസ് ജോലികളൊക്കെ നടന്നത്. അതൊന്നും യഥാര്‍ത്ഥത്തില്‍ മന്ത്രി അറിയേണ്ട കാര്യങ്ങളായിരുന്നില്ല. ചട്ടപ്രകാരമാണ് കാര്യങ്ങളെല്ലാം നടന്നത്. ഇപ്പോഴും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഇടമലയാര്‍ പദ്ധതി എന്നോര്‍ക്കണം. ഇത്തരം കേസുകള്‍ ഉണ്ടാവുന്നത് ഉദ്യോഗസ്ഥന്‍മാരുടെ മനോവീര്യം നശിപ്പിക്കും. അതുകൊണ്ടാണിപ്പോള്‍ പുതിയ വൈദ്യുത പദ്ധതികളൊന്നും വരാത്തത്.
എനിക്ക് അഴിമതി നടത്തേണ്ട ആവശ്യമില്ല. തിരുവിതാംകൂറിലെ ഏറ്റവും ഭൂസ്വത്തുണ്ടായിരുന്ന ജന്മി കീഴൂട്ട് രാമന്‍ പിള്ളയുടെ മകനാണു ഞാന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കേസുനടത്താനും വേണ്ടിയാണു ഞാന്‍ തൊണ്ണൂറു ശതമാനം സ്വത്തും വിറ്റത്. ലളിത ജീവിതമാണ് എന്റേത്. ഒരുദിവസം എനിക്ക് കഴിയാന്‍ നൂറുരൂപ ധാരാളം.

? ഒന്നിനും കുറവില്ലാതിരുന്ന തറവാട്ടിലെ ഏക അവകാശി എന്തിനാണു കഷ്ടപ്പാടു നിറഞ്ഞ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്.

- പുനലൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് രാഷ്ട്രീയത്തില്‍ ഇറങ്ങൂന്നത്. ആദര്‍ശം തലയ്ക്കു പിടിച്ചിട്ട്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ടും തിരുവിതാംകൂറില്‍ ജനത്തിനു സ്വാതന്ത്ര്യമില്ലായിരുന്നു. ആ അവസ്ഥയാണ് എന്നെ രാഷ്ട്രീയക്കാരനാക്കിയത്. പതിനാലാമത്തെ വയസുമുതല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അച്ഛന് അന്ന് അതൊട്ടും ഉള്‍ക്കൊള്ളാനായില്ല. രണ്ടു കൊല്ലത്തോളം എന്നോടു മിണ്ടാതിരുന്നു. ചെലവിനുള്ള പണം പക്ഷേ അമ്മയെ ഏല്‍പ്പിക്കുമായിരുന്നു. പൊതുപ്രവര്‍ത്തനത്തിനു നടക്കുന്നതുകൊണ്ട് അതു തികയില്ലായിരുന്നു. അപ്പോള്‍പ്പിന്നെ വീട്ടിലെ ഇരുമ്പുപെട്ടിയില്‍ നിന്നെടുക്കും. പണം മുഴുവന്‍ അതിലാണു സൂക്ഷിച്ചിരുന്നത്.എനിക്കതു തുറക്കാനറിയാം. ഞാന്‍ പണമെടുക്കുന്ന കാര്യം അച്ഛനും അറിയാമായിരുന്നു. പക്ഷേ അറിഞ്ഞില്ലെന്നു നടിക്കും.

? എന്‍.എസ്.എസിന്റെ വിശ്വസ്തനായ അങ്ങ് സര്‍ക്കാരിനെതിരേ എന്‍.എസ്.എസ്. ഉയര്‍ത്തുന്ന ആരോപണങ്ങളെപ്പറ്റി എന്തു പറയുന്നു

-എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി., ക്രൈസ്തവ സഭകള്‍. ഇവരുടെ പിന്തുണയോടു കൂടിയേ യു.ഡി.എഫ്.അധികാരത്തില്‍ വന്നിട്ടുള്ളൂ. അതാണു സത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പ്രബല ക്രൈസ്തവ സഭ വോട്ടുചെയ്യാതെ മാറിനിന്നിട്ടും യു.ഡി.എഫിന് ഭരണം കിട്ടിയത് എന്‍.എസ്.എസിന്റെ സഹായംകൊണ്ടാണ്. എന്നിട്ടിപ്പോള്‍ എന്‍.എസ്.എസിനെ തള്ളിപ്പറയുന്നതു നന്ദികേടാണ്. മൃഗങ്ങള്‍ക്ക് പോലും ഇതിലും നന്ദിയുണ്ടാവും. ഏണിവെച്ചു കയറിയിട്ട് ഏണി തന്നെ തള്ളിക്കളയുന്ന ഏര്‍പ്പാടാണിത്. സുകുമാരന്‍ നായര്‍ കള്ളം പറയില്ല.അദ്ദേഹം മനസില്‍ തട്ടിപ്പറയുന്നതാണ്.

? മന്ത്രിസഭയിലെ ഒഴിവും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവും എങ്ങനെ വിലയിരുത്തുന്നു.

-മന്ത്രിസഭയിലെ ഒഴിവ് കേരളാ കോണ്‍ഗ്രസ്(ബി)ക്ക് അവകാശപ്പെട്ടതാണ്. ഞങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് മന്ത്രിവേണ്ട എന്നാണ് അറിയിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് മന്ത്രിയെ വേണം എന്ന് എഴുതിക്കൊടുത്തത്. മന്ത്രിസ്ഥാനം തിരിച്ചു കിട്ടുമ്പോള്‍ മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ഞങ്ങള്‍ക്കു വേണം. അതിനാലാണ് വകുപ്പ് വീതിച്ചു നല്‍കാതെ മുഖ്യമന്ത്രിതന്നെ കൈവശം വെക്കണമെന്ന് ഞങ്ങള്‍ അന്ന് ആവശ്യപ്പെട്ടത്. രമേശിനു മന്ത്രിയാവണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിയെ രാജിവെപ്പിക്കണം. അല്ലാതെ ഞങ്ങളുടെ മന്ത്രിസ്ഥാനം കയ്യേറാന്‍ അനുവദിക്കില്ല.

? ഗണേഷ് ഈ സര്‍ക്കാരിലെ മികച്ച മന്ത്രിയെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ പറയുന്നത്. അങ്ങയുടെ അഭിപ്രായമെന്താണ്.

-ദിവാന്‍ സി.പി. രാമസ്വമി അയ്യര്‍ നല്ല ഭരണാധികാരി ആയിരുന്നു. ഇക്കണ്ട വികസനങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. എന്നുവെച്ചിട്ട് സി.പി. നല്ല ദിവാനാണെന്ന് ആരെങ്കിലും പറയുമോ? ജനങ്ങളുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നില്ല. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു നാടുവിട്ട് ഓടേണ്ടിവന്നു. ഗണേഷ് പാര്‍ട്ടി പറയുന്നത് കേള്‍ക്കാതെ മറ്റാരൊക്കെയോ പറയുന്നതുകേട്ടു. പാര്‍ട്ടിക്കെതിരേ പോലും പ്രവര്‍ത്തിച്ചു.

? ജനപ്രതിനിധിക്ക് ജനങ്ങളോടല്ല പാര്‍ട്ടിയോടാണ് ആദ്യം വിധേയത്വം എന്നാണോ

-പാര്‍ട്ടിവഴി ജനങ്ങളോട് എന്നു ഞാന്‍പറയും. പാര്‍ട്ടിയെന്നു പറഞ്ഞാല്‍ ജനങ്ങള്‍തന്നെയാണ്. മറ്റെല്ലാമന്ത്രിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനെ നിശ്ചയിച്ചു നല്‍കുന്നത് അതാതു പാര്‍ട്ടികളല്ലേ. ഗണേഷിനു 36 പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നതില്‍ പാര്‍ട്ടിക്കാരനായ ഒരാള്‍പോലും ഇല്ലായിരുന്നു. പാര്‍ട്ടി ആപ്പീസിന് കല്ലെറിഞ്ഞതിനു കേസുള്ളവര്‍ വരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. ഞങ്ങളെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഗണേഷിന് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും ഗണേഷിനെ സഹായിച്ചിരുന്നു. പക്ഷേ ആ സഹായം ഇപ്പോള്‍ കിട്ടുന്നില്ല.

? അങ്ങു കൈകാര്യം ചെയ്തിരുന്ന രണ്ടു വകുപ്പുകള്‍. കെ.എസ്.ആര്‍.ടി.സിയും വൈദ്യുതി ബോര്‍ഡും ഇന്നു പ്രതിസന്ധിയിലാണ്. ഇനിയതിനെ രക്ഷിച്ചെടുക്കാനാവുമോ

കെ.എസ്.ആര്‍.ടി.സിയുടെ കാര്യം രക്ഷയില്ല. അടിമുടി അഴിമതിയാണ്. കെ.എസ്.ഇ.ബിയെ രക്ഷിച്ചെടുക്കാം. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ജീവനക്കാര്‍ ഉണ്ടായിരുന്ന കാലത്ത് മുപ്പതു പൈസക്കു വൈദ്യുതി വിറ്റിട്ടാണ് ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി ബോര്‍ഡ് ലാഭമുണ്ടാക്കിയത്. അതറിഞ്ഞ് പ്രധാന മന്ത്രി ഇന്ദിരാഗാന്ധി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി. നമുക്കിനി ചെറുകിട ആണവ നിലയങ്ങളേ രക്ഷയുള്ളൂ. പുതിയ പദ്ധതികള്‍ക്കായി വെള്ളത്തില്‍ തൊടാന്‍ ആവില്ല. കല്‍ക്കരി പദ്ധതികള്‍ പ്രാവര്‍ത്തികവുമല്ല. സൗരോര്‍ജ പദ്ധതികള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കേ ഉപകരിക്കൂ. വ്യാവസായികാടിസ്ഥാനത്തില്‍ പറ്റില്ല.
വൈദ്യുതി കൊണ്ടുവരാന്‍ ആവശ്യത്തിനു ലൈനുകളില്ല. എല്ലാ ജില്ലകളിലും ചെറുകിട ആണവ നിലയങ്ങള്‍ സ്ഥാപിക്കണം. വേറേ വഴിയില്ല. ഫ്രാന്‍സില്‍ അങ്ങനെയാണ്. ഞാന്‍ പോയി കണ്ടിട്ടുണ്ട്. അവര്‍ എഴുപത്തഞ്ച് ശതമാനം കറണ്ടും അണവ നിലയങ്ങള്‍ വഴിയാണ് ഉത്പാദിപ്പിക്കുന്നത്.

? ഗണേഷ് രാജിവെക്കാനിടയായ സാഹചര്യങ്ങളുടെ സത്യാവസ്ഥ എന്താണ്

- ഞാന്‍ കള്ളം പറയില്ല. എനിക്ക് അറിയാത്തതോ പറയാന്‍ താല്‍പര്യമില്ലാത്തതോ ആയ കാര്യങ്ങള്‍ ഞാന്‍ പറയാറില്ല. ഒന്നു പറയാം, ഗണേഷ് കേസില്‍പ്പെടാനിടയായ ആരോപണം ശരിയല്ല. ഗണേഷിനെ യാമിനിയാണ് അടിച്ചത്. അക്കാര്യം ഞാന്‍ അന്വേഷിച്ച് ബോധ്യപ്പെട്ടു. ബാക്കിയുള്ള കാര്യങ്ങള്‍ ഞാനും 'മംഗളം' ദിനപത്രത്തിലൂടെയാണ് ആദ്യം അറിയുന്നത്.

? ഗണേഷ് കുമാറിനേയും യാമിനി തങ്കച്ചിയേയും വീണ്ടും ഒന്നിപ്പിക്കാന്‍ അങ്ങു ശ്രമിച്ചോ.

പിരിഞ്ഞ ഇരുവരേയും ഒരുതവണ ഒരുമിപ്പിച്ചതാണ്. ഇനിയുമതു ശരിയാവുമെന്നു തോന്നുന്നില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചുതന്നെയിരിക്കും. യാമിനി കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ല. അവര്‍ക്കു പിരിയണമെങ്കില്‍ മാന്യമായിട്ട് ആകാമായിരുന്നു. സ്വത്തിന്റെ പകുതികൊടുത്തിട്ടാണ് പിരിഞ്ഞത്. കേസിന്റെ കാര്യത്തില്‍ ഗണേഷും എടുത്തുചാട്ടം കാണിച്ചു. കുട്ടികളുടെ കാര്യമാണു വിഷമം. അവര്‍ വിളിക്കാറുണ്ട്.

? ഗണേഷ് ഒരിക്കല്‍ അങ്ങേക്കെതിരേ കൈയുയര്‍ത്തിയെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. ആ പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ.

ഞാന്‍ പറഞ്ഞല്ലോ. ഞാന്‍ കള്ളം പറയില്ല. എനിക്ക് പറയാന്‍ താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കും അത്രയേ ചെയ്യൂ. ഇതിനും ഞാന്‍ മറുപടി ഒന്നും പറയുന്നില്ല.

? മകനെന്ന നിലയില്‍ തന്നെ പരിഗണിച്ചിട്ടില്ലെന്നാണ് ഒരു അഭിമുഖത്തില്‍ ഗണേഷ് മംഗളത്തോടു മുമ്പ് പറഞ്ഞത്.

-അവന്‍ ഭാര്യയ്ക്കു ചെലവിനുകൊടുത്തല്ലോ, കോടികള്‍. അതെവിടെനിന്നാണ്. ആന ഉടമകളുടെ നേതാവായിട്ട് നടുക്കുകയാണല്ലോ ആ ആനയെ ആരാണു കൊടുത്തത്.

? മക്കളോടൊപ്പം പോയി താമസിക്കാറുണ്ടോ

ഞാന്‍ ഒരു മക്കളുടേയും വീട്ടില്‍പ്പോയി നില്‍ക്കാറില്ല. ഗണേഷിന്റെ വീട്ടിലും പോകാറില്ല. മരുമക്കളൊക്കെ ഉയര്‍ന്ന ഐ.എ.എസുകാരാണ്. തിരുവനന്തപുരത്തുള്ളപ്പോള്‍ പാര്‍ട്ടിയാപ്പീസിലാണു താമസിക്കുക. അത് ഒരാളോടും പിരിവെടുത്തുകെട്ടിയതല്ല. എന്റെ കുടുംബസ്വത്ത് വിറ്റു പാര്‍ട്ടിക്കുവേണ്ടി കെട്ടിയതാണ്. അത് പാര്‍ട്ടി സ്വത്താണ്. എന്നെക്കാണാന്‍ പലരും വരും. കൂടുതലും പാവപ്പെട്ടവരായിരിക്കും. കാലില്‍ ചെളികാണും. അവര്‍ക്കു തൊഴിലിടങ്ങളിലെ മണമുണ്ടാവും. അതൊന്നും ഒരുപക്ഷേ മക്കള്‍ക്കും മരുമക്കള്‍ക്കുമൊന്നും പിടിച്ചില്ലെന്നുവരും. എന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല. ആര്‍ക്കും എന്നെ ഫോണില്‍ വിളിക്കാം. ഞാന്‍ തന്നെയാണ് എടുക്കുന്നത്. വല്ലയിടത്തും പ്രസംഗിക്കുമ്പോള്‍ മാത്രമേ വേറേ ആരുടെയെങ്കിലും കൈയില്‍ ഫോണ്‍ ഏല്‍പ്പിക്കൂ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment