Saturday, 20 July 2013

[www.keralites.net] വ്യാളിയെ ഓര്‍ക്കുമ്പോള്‍... ,

 

ബ്രൂസ് ലീ അന്തരിച്ചിട്ട് ജൂലായ് 20ന് 40 വര്‍ഷം

സിക്‌സ്പാക്ക് മഹാന്മാര്‍ മസിലുകാട്ടി ഇന്ത്യന്‍ സിനിമാ സ്‌ക്രീനിലേക്ക് ഇറങ്ങിവരുന്നതിനും മുമ്പാണ്. ഫണം വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ പാമ്പിനെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളും ഉരുക്ക് ശരീരവുമായി 'വെറും കൈ'യുടെ കരുത്ത്' എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഒരു നടനുണ്ടായിരുന്നു-ബ്രൂസ് ലീ. അദ്ദേഹം അന്തരിച്ചിട്ട് ഈ ജൂലായ് 20-ന് 40 വര്‍ഷം തികയുകയാണ്്.
ഒരു കാലഘട്ടത്തിലെ യുവതയെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് 1971-ല്‍ 'ദ ബിഗ് ബോസ്' എന്ന ചിത്രത്തിലൂടെയാണ് ലീ രംഗപ്രവേശം ചെയ്തത്. അതുവരെ സിനിമയില്‍ വന്നിരുന്ന നാടകീയ ആക്ഷന്‍ രംഗങ്ങളില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ ഓരോ ഇടിയും കാണികള്‍ ശ്വാസമടക്കി കണ്ടിരുന്നു.
ചൈനീസ് വിശ്വാസപ്രകാരം അമാനുഷിക ശക്തിയുള്ളവരെ വ്യാളിയോട് ഉപമിക്കാറുണ്ട്. ബ്രൂസ് ലീ ശരിക്കും വ്യാളിയായിരുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത 'ജീറ്റ് കുനെ ദോ' എന്ന അഭ്യാസമുറയുമായി അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞാടി. പല ചിത്രങ്ങളിലും സംഘട്ടനരംഗങ്ങള്‍ തന്മയത്വത്തോടെ സംവിധാനം ചെയ്യുകയും ചെയ്തു. 'വേ ഓഫ് ദി ഡ്രാഗണ്‍' എന്ന സിനിമയില്‍ നിരവധി തവണ അമേരിക്കന്‍ കരാട്ടെ ചാമ്പ്യനായിരുന്ന ചക്ക് നോറിസുമായുള്ള പോരാട്ടരംഗം മാത്രംമതി കാലം ബ്രൂസ് ലീയെ ഓര്‍ത്തുവെക്കാന്‍. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ''ഒരു ലക്ഷം കിക്കുകള്‍ പരിശീലിച്ചവനെ എനിക്ക് ഭയമില്ല. പക്ഷേ, ഒരേ കിക്ക് ഒരു ലക്ഷം പ്രാവശ്യം പരിശീലിച്ചവനെ എനിക്ക് ഭയമാണ്'' എന്ന്.

ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുന്‍യുടെയും ചൈനീസ്-ജര്‍മന്‍ പാരമ്പര്യമുള്ള, കത്തോലിക്കാ വിശ്വാസിയായിരുന്ന ഗ്രേസിന്റെയും മകനായി 1940 നവംബര്‍ 27-ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ജാക്‌സണ്‍ സ്ട്രീറ്റ് ആസ്പത്രിയിലാണ് ബ്രൂസ്‌ലീ ജനിച്ചത്. ന്യൂയോര്‍ക്കില്‍ നാടകം അവതരിപ്പിക്കാനെത്തിയതായിരുന്നു ലീയുടെ പിതാവ്. ജൂന്‍ഫാന്‍ എന്നായിരുന്നു ഗ്രേസ് മകന് ഇട്ട ആദ്യ പേര്. പക്ഷേ, ആ ആസ്പത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെര്‍ അവനെ ബ്രൂസ് എന്നുവിളിച്ചു. ലീ എന്ന കുടുംബപ്പേരു ചേര്‍ന്നപ്പോള്‍ അവന്‍ ബ്രൂസ്‌ലീ ആയി.
ചെറുപ്പത്തില്‍ ബ്രൂസിന് 'സായ്ഫങ്' (കൊച്ചുഡ്രാഗണ്‍) എന്നും പേരുണ്ടായിരുന്നു. മെലിഞ്ഞ് ദുര്‍ബലമായ ശരീരപ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റേത്. 18-ാം വയസ്സില്‍ സഹപാഠിയില്‍നിന്ന് മര്‍ദനമേറ്റ ലീ സ്വയരക്ഷയ്ക്കായി ആയോധനകല പഠിക്കാന്‍ തീരുമാനിച്ചു. മകന്‍ നാട്ടില്‍ നിന്നാല്‍ ജയിലില്‍ എത്തുമെന്ന് ഭയന്ന അമ്മ ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തേക്ക് അയച്ചു. അങ്ങനെ അമ്മ നല്‍കിയ നൂറ് ഡോളറും 1958-ലെ ഹോങ്കോങ് ബോക്‌സിങ് ചാമ്പ്യന്റെ മെഡലുമായി ബ്രൂസ്‌ലീ അമേരിക്കയിലെത്തി.

1964-ലെ ലോങ്ബീച്ച് കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ ലീയുടെ മാസ്മരിക പ്രകടനം കണ്ട പ്രസിദ്ധ ടെലിവിഷന്‍ നിര്‍മാതാവ് വില്യം ഡോസിയര്‍ തന്റെ പുതിയ പരമ്പരയായ ഗ്രീന്‍ഹോണറ്റിലേക്ക് ക്ഷണിച്ചതോടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വന്നത്.
ഒരു ടി.വി. ഷോയില്‍ അഞ്ച് മരക്കട്ടകള്‍ ഒന്നിച്ച് അടിച്ചുതകര്‍ക്കുന്നതുകണ്ട റെയ്മണ്ട് ചോ, ബ്രൂസ്‌ലീയെ നായകനാക്കി പുതിയ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു. 1971-ല്‍ തായ്‌ലന്‍ഡില്‍ ചിത്രീകരിച്ച ആദ്യചിത്രം 'ദ ബിഗ്‌ബോസ്' ഹോങ്കോങ്ങില്‍ വലിയ ചലനമുണ്ടാക്കി. തൊട്ടുപിന്നാലെ വന്ന 'ഫിസ്റ്റ് ഓഫ് ഫ്യൂറി'യും അതുവരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു. ഒരു ജനകീയ ഹീറോ ആയി ഉയര്‍ന്ന ലീ സ്വന്തമായി ചലച്ചിത്ര കമ്പനി ആരംഭിച്ചു. 1973-ല്‍ റോബര്‍ട്ട് ക്ലൗസ് സംവിധാനം ചെയ്ത 'എന്റര്‍ ദ ഡ്രാഗണ്‍' ആയിരുന്നു അടുത്ത ചിത്രം. ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്-വാര്‍ണര്‍ ബ്രോസ് നിര്‍മാണ കമ്പനിയുടെ ആദ്യചിത്രമായിരുന്നു അത്. പക്ഷേ, അന്നുവരെ ലോകസിനിമയിലുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് നാല് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ലാഭമുണ്ടാക്കുന്നതും താന്‍ ലോകസിനിമയിലെ ഏഷ്യക്കാരനായ ആദ്യ സൂപ്പര്‍താരമാകുന്നതും കാണാന്‍ ലീ ജീവിച്ചിരുന്നില്ല.
നേപ്പാളി സംസ്‌കാരത്തില്‍നിന്ന് പ്രചോദമുള്‍ക്കൊണ്ട് ആരംഭിച്ച 'ഗെയിം ഓഫ് ഡെത്ത്' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം.
ലീ, 33-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. മരണത്തിന്റെ ആദ്യലക്ഷണം പ്രകടമായത് 1973 മെയ് 10-നായിരുന്നു. അന്ന് ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് സ്റ്റുഡിയോയില്‍ 'എന്റര്‍ ഫോര്‍ ദ ഡ്രാഗണി'ന്റെ ശബ്ദലേഖനത്തിനിടെ ലീ കുഴഞ്ഞുവീണു. ചികിത്സയുടെ ഫലമായി ലീ താത്കാലികമായി രോഗമുക്തി നേടി.
1973 ജൂലായ് 20-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് റെയ്മണ്ട് ചോയുമായി 'ഗെയിം ഓഫ് ഡെത്തി'ന്റെ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചചെയ്തശേഷം ലീയും ചോയും നാലുമണിക്ക് തായ് നടി ബെറ്റി ടിങ് പേയ്‌ന്റെ വീട്ടിലെത്തി.

മൂവരും ചേര്‍ന്ന് തിരക്കഥയെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടെ, അത്താഴവിരുന്നിന് ഒത്തുചേരാമെന്ന് പറഞ്ഞ് റെയ്മണ്ട് ചോ യാത്രപറഞ്ഞു. കുറച്ചുനേരത്തെ ചര്‍ച്ചയ്ക്കുശേഷം തലവേദനയനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ലീ വിശ്രമമുറിയിലേക്ക് പോയി. ബെറ്റി താന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വേദനസംഹാരി നല്‍കി.

അത്താഴവിരുന്നിന് ലീയെ കാണാത്തതിനാല്‍ ബെറ്റിയുടെ വീട്ടിലെത്തിയ ചോ അദ്ദേഹം അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. അവരിരുവരും ചേര്‍ന്ന് അദ്ദേഹത്തെ ഹോങ്കോങ്ങിലെ പ്രശസ്തമായ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരണം സംഭവിച്ചു. 1973 ജൂലായ് 21-ന് സിയാറ്റിലെ ലേക്‌വ്യൂ സെമിത്തേരിയില്‍ വന്‍ ജനാവലിയുടെയും സിനിമാലോകത്തെ മഹാരഥന്മാരുടെയും സാന്നിധ്യത്തില്‍ ബ്രൂസ്‌ലീയുടെ സംസ്‌കാരം നടന്നു.
ബ്രൂസ്‌ലീയുടെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ബെറ്റി നല്‍കിയ വേദനസംഹാരിയിലെ ചില രാസവസ്തുക്കളോട് ലീയുടെ ശരീരം അപ്രതീക്ഷിതമായി പ്രതികരിച്ചതാണ് മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. ഈ വാദം തെറ്റാണെന്നും രോഗലക്ഷണങ്ങള്‍ ലീയില്‍ നേരത്തേ പ്രകടമായിരുന്നുവെന്നും ചിലര്‍ വാദിക്കുന്നു.
അച്ഛന്റെ മരണം കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്കുശേഷം, 'ദ ക്രോ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരപകടത്തില്‍, 28-ാം വയസ്സില്‍ ലീയുടെ മകന്‍ ബ്രണ്ടന്‍ ലീ മരണമടഞ്ഞു. ബ്രണ്ടന്റെ മരണശേഷം റിലീസ്‌ചെയ്ത 'ദ ക്രോ' വന്‍ വിജയമായിരുന്നു. അച്ഛനെ സംസ്‌കരിച്ച അതേ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തായി മകനെയും അടക്കം ചെയ്തു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment