വടക്കും നാഥനെ പ്രദക്ഷിണം വച്ചുകിടക്കുന്ന സ്വരാജ് റൗണ്ടിൽ ഒരുകാലത്തെ സ്ഥിരം കാഴ്ചയായിരുന്നു കുറ്റിത്താടിയും ചീകിയൊതുക്കാത്ത മുടിയുമായി വരുന്ന സാധാരണയിൽ കവിഞ്ഞ് ഒരല്പം മാത്രം വണ്ണമുള്ള ഒരു മനുഷ്യൻ. കൈയ്യിൽ എപ്പോളും ഒരു സഞ്ചിയുമുണ്ടാകും. അയാളെ അറിയാത്തവരായി അന്ന് തൃശ്ശൂരിൽ ആരുമുണ്ടായിരുന്നില്ല. കാണുന്നവരോടെല്ലാം കളിപറഞ്ഞു നടക്കുന്ന ആ മനുഷ്യന്റെ ഉള്ളിൽ എപ്പോഴും തീയായിരിക്കും. മനസ്സിനെ പുകക്കുന്ന ചിന്തകളുടെ തീയല്ല, ആമാശയത്തെ എരിയ്ക്കുന്ന വിശപ്പിന്റെ തീ. ഒരിക്കലുമൊടുങ്ങാത്ത വിശപ്പുമായായിരുന്നു റപ്പായി ജീവിച്ചത്.തൃശ്ശൂരുകാരുടെ സ്വകാര്യ അഭിമാനമായിരുന്നു തീറ്റ റപ്പായി, തൃശ്ശൂർ പൂരം പോലെത്തന്നെ. അതുകൊണ്ടായിരുന്നല്ലോ നാട്ടുകാരിൽ പലരും റപ്പായിയുടെ ഭക്ഷണം സ്പോൺസർ ചെയ്തിരുന്നത്.
രാവിലെ ഏതാണ്ട് എഴുപത്തഞ്ച് ഇഢലിയാണ് പ്രാതൽ. പിന്നെ ഒരു പതിനൊന്ന് പതിനൊന്നരയാകുമ്പോഴേക്കും വിശക്കാൻ തുടങ്ങും. അപ്പോൾ വളരെ ലൈറ്റ് ആയി ഒരു പതിനഞ്ച് മസാലദോശ കഴിക്കും. ഠൗണിലെ ഒരു ഹോട്ടലുകാരായിരുന്നു ഇത് കുറേക്കാലം സ്പോൺസർ ചെയ്തിരുന്നത്. പിന്നെ ഉച്ചയ്ക്ക് അമ്രുതേത്തിനെ ഒരു ബക്കറ്റ് മീൻ കറി അഞ്ചെട്ടുകിലോ ഇറച്ചി എന്നിവ. വൈകീട്ട് ചെറുതായി വിശക്കുമ്പോൾ വളരെ ചെറിയ രീതിയിൽ ഒരു മുപ്പത് വട കഴിക്കും. പിന്നെ അത്താഴം.
എൺപതുകളിലാണ് റപ്പായി കേരളത്തിൽ പ്രസിദ്ധനാകുന്നത്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ചില വിദ്യാർത്ഥികൾ ഒരു ഹോട്ടലിലെ മാനേജരുമായി ഒന്നു ഉടക്കി. കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ഹോട്ടൽ നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഹോട്ടലായിരുന്നത്. അയാൾക്കിട്ട് ഒരു പണികൊടുക്കണം എന്താ വഴി? ഭാവി എഞ്ചിനീയർ മാർ തലപുകഞ്ഞാലോചിച്ചു. കൊടുക്കുന്നെങ്കിൽ അത് ഒരു എട്ടിന്റെ പണിതന്നെയായിരിക്കണം. അക്കാര്യത്തിൽ അവർക്ക് വേറൊരു അഭിപ്രായമുണ്ടായില്ല. അതിലൊരാളാണ് തന്റെ അയൽ വാസിയായ റപ്പായിയുടെ കാര്യം പറഞ്ഞത്.
പിറ്റേന്ന് ഉച്ച്യൂണിന്റെ നേരത്ത് റപ്പായി ഹോട്ടലിലെത്തി. ഒരു ഫുൾമീൽസിന്റെ കൂപ്പണുമെടുത്തുകൊടുത്ത് പിള്ളേർ അയാളെ ഹോട്ടലിലേക്ക് നയിച്ചു.സാധാരണയിലും ഒരല്പം വലിയ വയറുകണ്ടതുകൊണ്ടായിരിക്കും വിളമ്പുകാരൻ ഒരല്പം ചോറ് കൂടുതൽ വിളമ്പിയത്.ആദ്യ ഊണു കഴിഞ്ഞ് റപ്പായി വീണ്ടും ചോദിച്ചപ്പോൾ സപ്പ്ലയർക്ക് അതിൽ അസാധാരണമായി ഒന്നും തോന്നിയില്ല. പക്ഷെ അത് മൂന്നും നാലും തവണ ആവർത്തിച്ചപ്പോൾ പ്രശ്നമായി. മാനേജരെത്തി റപ്പായിയോട് പുറത്തുപോകാൻ പറഞ്ഞു. വിദ്യാർത്ഥികൾ കേസ്സ് ഏറ്റുപിടിച്ചു.ഫുൾമീൽസിനുള്ള കൂപ്പണെടുത്തവ്ന് വയറുനിറച്ച് ആഹാരം കൊടുക്കണമെന്ന് അവർ വാശിപിടിച്ചു. വഴക്കും ബഹളവും കേട്ടെത്തിയ ജനക്കൂട്ടവും റപ്പായിക്കൊപ്പമായപ്പോൾ പോലീസും ഹോട്ടലുകാരെ കയ്യൊഴിഞ്ഞു.
അപ്പോൾ ഹോട്ടൽ മാനേജർക്ക് വാശിയായി. അന്നുണ്ടാക്കിയ ചോറുമുഴുവനും കഴിക്കണമെന്നു അയാൾ റപ്പായിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അവിടെനിന്നും പോകാനാകില്ലെന്നും അയാൾ പറഞ്ഞു. ഹോട്ടൽ ജീവനക്കാർ റപ്പായിയെ വളഞ്ഞു. റപ്പായി അതിദയനീയമായി മാനേജരുടെ മുഖത്തുനോക്കി. പിന്നെ ഇരു കരങ്ങളും കൂപ്പി താഴ്മയായി അപേക്ഷിച്ചു.
"കസേരയിൽ ഇരുന്നു ശീലമില്ല. നിലത്തിരുന്നോളാം.അതുപോലെ പ്ലെയിറ്റും പതിവില്ല ഇല മതി."
രണ്ട് അപേക്ഷകളും സ്വീകരിക്കപ്പെട്ടു. ചോറുവച്ച പാത്രം മെല്ലെ മെല്ലെ ഒഴിയുവാൻ തുടങ്ങി. വാശിക്കു നാശം എന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് മാനേജർ മനസ്സിലാക്കിയപ്പോഴേക്കും ആവേശഭരിതരായ ജനക്കൂട്ടം റപ്പായിയെ തോളിലേറ്റി മുദ്രാവാക്യം വിളികളോടെ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
റപ്പായി അങ്ങിനെ കേറളം മുഴുവനും അറിയപ്പെടുവാൻ തുടങ്ങി.തീറ്റമത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി. എവിടെയും വിജം റപ്പായിക്കൊപ്പമായിരുന്നു.അക്കാലത്ത് ആലുവായിലെ ഒരു ഹോട്ടൽ |റപ്പായി ഉദ്ഘാടനം ചെയ്തത് 200 ഇഢലികഴിച്ചുകൊണ്ടായിരുന്നു.
അക്കാലത്താണ് എറണാകുളത്ത് ഇലക്ട്രിക് ഷോപ്പ് നടത്തുന്ന ഫ്രാൻസിസ് ചേട്ടന്റെ കൂടെ റപ്പായിയെ കാണാൻ പോയത്.തൃശ്ശൂരുകാരനായ ഫ്രാൻസിസ് ചേട്ടന്റെ സുഹൃത്ത്കൂടിയാണ് റപ്പായി.ഞങ്ങൾ അഞ്ചാറുപേരുണ്ടായിരുന്നു.നല്ല ഒന്നാംതരം തൃശ്ശൂർ സ്ലാങ്ങിൽ ഫ്രാൻസിസ് ചേട്ടൻ റപ്പായിയോട് പറഞ്ഞു.
"ഡാ, ഈ ഗഢികള് എർണാളത്ത്ന്ന് നിന്നെ കാണാൻ വന്നതാ."
ഉടനെ റപ്പായി അതിവിശാലമായി ഒന്നു ചിരിച്ചു പിന്നെ അതീവ വിനയത്തോടെ ഞങ്ങളെ ക്ഷണിച്ചു.
"ങ്ങൾക്ക് വയറുനെറേ ശാപ്പാടു ഞാൻ വാങ്ങിത്തരാം. എനിക്ക് നിങ്ങൾ വാങ്ങിത്തരണം." ആരും സമ്മതിച്ചുപോകുന്ന ക്ഷണം.ഞങ്ങൾ ആറുപേർക്ക് വയറുനിറയെ ആഹാരം കിട്ടുമ്പകരം ഒരാൾക്കുള്ളത് ഞങ്ങൾ വാങ്ങിക്കൊമതി.പക്ഷെ ഫ്രാൻസിസ് ചേട്ടൻ ഞങ്ങളെ ഓർമ്മപ്പെടുത്തി.
കൊളാക്കല്ലെട്ടോ, അത് റപ്പായിയാണ്. കുടുംബം പണയത്തിലാവൂട്ടോ..." എങ്കിലും ഞങ്ങൾക്ക് വെറുതെ പോരാൻ തോന്നിയില്ല.ഞങ്ങളുടെ സ്നേഹപൂർണ്ണമായ ക്ഷണം സ്വീകരിച്ചെത്തിയ റപ്പായി ഞങ്ങളെ സന്തോഷിപ്പിക്കാനായി ഒന്നു കഴിച്ചു എന്നു വരുത്തി.വെറും പത്ത് നെയ റോസ്റ്റുകൾ.
ഒരിക്കലും നിറയാത്ത വയറുമായി, ഒടുങ്ങാത്ത വിശപ്പുമായി വടക്കും നാഥനെ പ്രദക്ഷിണം വച്ചു നടന്ന തീറ്ററപ്പായി 2006-ല് ഓർമ്മയായി.
Nandakumar
No comments:
Post a Comment