ന്യൂഡല്‍ഹി: സിബിഐ 'യജമാനന്റെ സ്വരത്തില്‍ സംസാരിക്കുന്ന കൂട്ടിലിട്ട തത്ത'യാണെന്ന് സുപ്രീം കോടതി. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ നല്‍കിയ സത്യവാങ്മൂലം പരിശോധിക്കവേയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതി അതിരൂക്ഷമായ വിമര്‍നശവുമായി രംഗത്തുവന്നത്. സിബിഐയെ സ്വതതന്ത്രമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. സിബിഐയെ സ്വയം ഭരണാധികാര സംവിധാനമാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് വിലയിരുത്തി. 'സിബിഐ കൂട്ടിനകത്താക്കിയ തത്തയാണ്. യജമാനന്റെ ശബ്ദത്തിലാണ് അതു സംസാരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പല യജമാന്മാരാണ് ഇപ്പോഴൂള്ളത്. സിബിഐയുടെ നിയന്ത്രണം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ്. ഇതുമാറി സിബിഐ അന്വേഷണങ്ങള്‍ സ്വതന്ത്രമാകണം.' - കോടതി നിരീക്ഷിച്ചു. വിനീത് നാരായണ്‍ കേസില്‍ വിധി വന്നു 15 വര്‍ഷത്തിനുശേഷവും സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നും കോടതി ചുണ്ടിക്കാട്ടി. സിബിഐയുടെ സ്വയംഭരണം സംബന്ധിച്ച് നിലവിലുള്ള സ്ഥിതി ദയനീയമാണെന്നും കോടതി നിരീക്ഷിച്ചു. സിബിഐ ഒരു സഹായിയാണാ അതോ അന്വേഷകനാണോ എന്നു വ്യക്തമാക്കണമെന്നും കോടതി പരിഹസിച്ചു. അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതിയെയും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും കോടതി വിമര്‍ശിച്ചു. സിബിഐ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ തിരുത്തിയത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലുകള്‍ പരിശോധിക്കുമെന്ന്് സുപ്രീം കോടതി വ്യക്തമാക്കി. സിബിഐ ഡിഐജി രവികാന്ത് ചൌളയെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. അന്വേഷണ ചുമതലയില്‍നിന്ന് നേരത്തേ സിബിഐ മാറ്റിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ജൂലൈ മൂന്നിന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. അതിനിടെ സിബിഐ സത്യവാങ്മുലത്തെ എതിര്‍ത്ത് അറ്റോര്‍ണി ജനറല്‍ ഗൂലം വഹന്‍വതി രംഗത്തുവന്നു. സിബിഐ റിപ്പോര്‍ട്ട് കാണാന്‍ ആരെയും വീട്ടില്‍ വിളിച്ചു വരുത്തിയില്ല. സിബിഐ ഉദ്യോഗസ്ഥരെ കണ്ടത് നിയമമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും വഹന്‍വതി പറഞ്ഞു. അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് തിരുത്താന്‍ കാരണമായതെന്ന് സിബിഐ ഡയറക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലും വഹന്‍വതിക്കെതിരേ രംഗത്തുവന്നിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയില്ലെന്ന് നേരത്തേ എജി സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. |
No comments:
Post a Comment