ഒരു ചാനല്‍ തുറന്നുവിട്ട പര്‍ദ്ദാവിവാദം നാട്ടിലും മറുനാട്ടിലും കത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഗള്‍ഫ് മേഖലയില്‍ അനുകൂലിച്ചു പ്രതികൂലിച്ചും പ്രതികരണങ്ങള്‍ സജീവമായി വന്നുകൊണ്ടിരിക്കുകയാണ്.
പര്‍ദ്ദ പ്രാകൃത വേഷമാണെന്നും മുസ്‌ലിം സ്ത്രീകള്‍അതിനകത്ത് വിങ്ങിപ്പൊട്ടുകയാണെന്നും മറ്റുമുള്ള ചാനലിന്റെ കണ്ടെത്തല്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതോടൊപ്പം ഈ വിഷയം പ്രത്യേകമായി തെരഞ്ഞെടുത്ത് ചര്‍ച്ചക്ക് വിഷയമാക്കിയ ഈ ചാനലിന്റെ വിങ്ങിപ്പൊട്ടലും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്.
അങ്ങനെ ചിന്തിക്കുന്നതിന് മുമ്പ് ചാനലിന്റെ മുന്‍കാല ചരിത്രം പരിശോധിക്കണം.
ഒരു കുറ്റവാളി പിടിക്കപ്പെട്ടാല്‍ കേസന്വേഷണ വേളയില്‍ അയാളുടെ മുന്‍കാല ചെയ്തികള്‍ പരിശോധിക്കുന്നത് സ്വാഭാവികം. കുറ്റവാളിയുടെ ക്രിമിനല്‍ പശ്ചാത്തലം എത്രത്തോളമുണ്ടെന്ന് അളക്കാനാണ് പഴയകാല പ്രൊഫൈലില്‍ ഒരന്വേഷണം നടത്തുന്നത്.
മലയാളത്തില്‍ ഇവരടക്കം അരഡസന്‍ വാര്‍ത്താ ചാനലുകളും പത്തോളം വിനോദ ചാനലുകളുമുണ്ട്. ഇവരൊന്നും തേടാത്തതും അറിയാത്തതുമായ പര്‍ദ്ദക്കുള്ളിലെ വിവരമാണ് ചാനല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ക്രിസ്ത്യന്‍ കന്യാസ്ത്രീകള്‍ കാലങ്ങളായി ധരിക്കുന്ന പര്‍ദ്ദ കാണാതെയാണ് മുസ്‌ലിംകളുടെ നെഞ്ചത്തേക്ക് കയറിയിരിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നേരിട്ട് വന്ന് ഇവര്‍ ഒരുപാട് പഠിക്കാനുണ്ട്.
ഇവിടെ അറബികളുടെ വസ്ത്രം തന്നെ ഒരുതരം പര്‍ദ്ദയാണ്. ഇവിടെ കൊടിയചൂടുമാണ്. ആരും ഇവിടെ വിങ്ങിപ്പൊട്ടുന്നില്ല. ഇനിയുമുണ്ട് ഒരുപാട് പഠിക്കാന്‍. എന്നാല്‍ എക്കാലത്തും മുസ്‌ലിംകളുടെ പ്രശ്‌നങ്ങളിലാണ് ചിലരുടെ കണ്ണ്. പര്‍ദ്ദക്കുള്ളില്‍ വിങ്ങിപ്പൊട്ടുന്ന മുസ്‌ലിം സ്ത്രീകളുടെ ദീനരോദനങ്ങള്‍ ഈ ചാനലല്ലാതെ ആരാണ് പുറത്തുകൊണ്ടുവരിക.
ഇവരുടെ സമുദായ സ്‌നേഹം പ്രശസ്തമാണല്ലോ. മുസ്‌ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാന്‍ തുടങ്ങിയിട്ട് എന്തായാലും ഈചാനലിനേക്കാള്‍ പഴക്കം കാണും. അപ്പോള്‍ എന്തായിരിക്കും ഇപ്പോള്‍ ഇവരെ ഇതിന് പ്രേരിപ്പിച്ചിരിക്കുക. മുസ്‌ലിം സമുദായം ഇതൊന്നും ചിന്തിച്ചുകാണില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി ചാനലിനെയും റിപ്പോര്‍ട്ടറെയും തെറിവിളിച്ച് രംഗത്തിറങ്ങും. പിന്നെ ചര്‍ച്ചയായി വിവാദമായി, ഫേസ് ബുക്കിലാണെങ്കില്‍ പൊടിപൂരം ചര്‍ച്ച. എന്നാല്‍ ഇതുതന്നെയാണ് പര്‍ദ്ദ വിവാദം പൊട്ടിച്ചവര്‍ ലക്ഷ്യമാക്കിയതും.
എന്തായിരിക്കും ഇപ്പോള്‍ ഇവരെ ഇതിന് പ്രേരിപ്പിച്ചത്. 2012-13 കാലം മലയാളത്തില്‍ ചാനലുകളുടെ പ്രളയകാലമാണ്. ന്യൂസ്ചാനല്‍ വിശാരദനായി വിലസിയ വ്യക്തിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ചാനല്‍ മുതല്‍ ഏറ്റവും ഒടുവിലിറങ്ങിയ മാതൃഭൂമിയും മീഡിയാവണും അടക്കം ഇനിയും വരാനിരിക്കുന്നു ചാനലുകള്‍.
ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളും പ്രൊഫഷണലുകളെയും നിരത്തി തുടങ്ങിയ ചാനലുകള്‍ക്കിടയില്‍ അടുത്ത കാലത്ത് ചിലരുടെ റേറ്റിംഗ് വല്ലാതെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നും കരകയറാനുള്ള തുറുപ്പുചീട്ടായിരുന്നുവത്രെ പര്‍ദ്ദവിവാദം. മുമ്പ് ഐസ്‌ക്രീമും പിന്നീട് റഊഫിന്റെ ജീവചരിത്രവും വിഷയമാക്കിയതും ഇതിന്റെ ഭാഗമാണെന്നാണ് പറയുന്നത്.
ഐസ്‌ക്രീം മുതല്‍ പര്‍ദ്ദവരെയുള്ള പടച്ചുണ്ടാക്കിയ വാര്‍ത്തക്ക് പിന്നില്‍ ഒരു മുസ്‌ലിം വിരുദ്ധതയുടെയും രാഷ്ട്രീയ വിരുദ്ധതയുടെയും കഥയുണ്ട്. മുസ്‌ലിംകളെ പ്രകോപിപ്പിച്ചാല്‍ അതില്‍ നിന്നും മുതലെടുപ്പ് നടത്താമെന്നും ഉദ്ദേശിച്ച ഫലത്തിലെത്താമെന്നും റിസര്‍ച്ച് നടത്തിയവരുടെ ബ്രെയിനുകളാണ് പിന്നില്‍.
പല ചാനലുകളുടെയും പിറവിയുടെ കഥയും മറ്റൊന്നല്ല. അങ്ങിനെയാണ് പര്‍ദ്ദക്കുള്ളില്‍ നിന്നും ഒരു ഫൗസിയ പുറത്തുചാടി വിങ്ങിപ്പൊട്ടുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി വെളിപാട് നടത്തിയത്. സത്യത്തില്‍ ഇതില്‍ ആരും പ്രകോപിതരാവേണ്ട കാര്യമില്ല. നിലനില്‍പിനുള്ള ദീനരോദനങ്ങളായി കണ്ടാല്‍ മതി.
ഒരു പര്‍ദ്ദ കൊണ്ടോ, മുസ്‌ലിംസ്ത്രീകളുടെ വിങ്ങിപ്പൊട്ടല്‍ കൊണ്ടോ ആരെങ്കിലും രക്ഷപ്പെടുന്നെങ്കില്‍ അതില്‍ മുസ്‌ലിം സമുദായം കടപ്പെട്ടിരിക്കുന്നു.
അഗ്രസീവ് ജേണലിസത്തിന്റെ ചോരത്തുടിപ്പുകളായി രംഗത്തുവന്ന ചാനല്‍ വനിതകളില്‍ ആരും ഇപ്പോള്‍ ക്രീസിലില്ല. മുമ്പ് ഒരു മന്ത്രിയുടെ തലയില്‍ കറുത്ത തുണിയിടാന്‍ തിരുവനന്തപുരത്ത് നേതൃത്വം കൊടുത്ത ചാനല്‍ ലേഖിക ഇപ്പോള്‍ തന്റെ ഐഡന്റിറ്റി ക്രൈസിസിനെയോര്‍ത്ത് വിലപിക്കുകയാണ്.
ഐസ്‌ക്രീം കേസിന്റെ മറപിടിച്ച് ഒരു തെരുവ് പെണ്ണിനെ ചാനല്‍ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ പണിപ്പെട്ട ലേഖിക സ്വയം പണിനിര്‍ത്തേണ്ടി വന്നു. ഇവരെയൊന്നും ആരും ഓടിച്ചതല്ല. സ്വയം ഓടിയൊളിച്ചതാണ്. വാര്‍ത്തയാണെങ്കിലും അല്‍പമെങ്കിലും സത്യം പാലിക്കണമെന്ന തിരിച്ചറിവാണ് ഇവരെ പിന്മാറാന്‍ പ്രേരിപ്പിച്ചത്. അതുപോലെ പര്‍ദ്ദവിരോധിയായ ലേഖികക്കും അത്തരമൊരു മാനസാന്തരത്തിനായി കാത്തിരിക്കാം. ഇത് സര്‍വ്വശക്തന്റെ പ്രകൃതിയാണ്. ഇവിടെ എല്ലാം മാറ്റത്തിന് വിധേയമാണ്.
ആയിരം ഫൗസിയമാര്‍ കൂവിയാലും ഇത്തരക്കാരെ പ്രേരിപ്പിച്ച ന്യൂസ്‌റൂം ജേണലിസ്റ്റുകള്‍ തലപുകഞ്ഞ് ചിന്തിച്ചാലും പര്‍ദ്ദയുടെ മാന്യതയെ ഇല്ലാതാക്കാനാവില്ല. മാന്യ ചാനല്‍ പ്രേക്ഷകര്‍ ഒന്നു മനസ്സിലാക്കണം. ഇത് പര്‍ദ്ദക്കുള്ളിലെ മുസ്‌ലിം സ്ത്രീകളുടെ വിങ്ങിപ്പൊട്ടലല്ല... ചാനലുകളുടെ നിലനില്‍പ്പിനായുള്ള തേങ്ങിക്കരച്ചിലുകള്‍... ക്ഷമിക്കുക ഭൂമിയോളം.
No comments:
Post a Comment