Wednesday, 29 May 2013

[www.keralites.net] താരങ്ങള്‍ പ്രതികളാവുമ്പോള്‍

 

താരങ്ങള്‍ പ്രതികളാവുമ്പോള്‍

ഒ.കെ.ജോണി

നിയമവിരുദ്ധമായി ആയുധം സൂക്ഷിച്ചതിനു പ്രശസ്‌ത നടന്‍ സഞ്‌ജയ്‌ ദത്തിന്‌ കോടതി തടവുശിക്ഷവിധിച്ചപ്പോള്‍, നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണെന്ന അടിസ്‌ഥാന യാഥാര്‍ഥ്യം വിസ്‌മരിച്ചുകൊണ്ടാണു ഭൂരിപക്ഷം മാധ്യമങ്ങളും പ്രതികരിച്ചത്‌. സഞ്‌ജയ്‌ ദത്തിനു തീവ്രവാദപ്രവര്‍ത്തനങ്ങളുമായി നേരിട്ട്‌ ബന്ധമുണ്ടാകാനിടയില്ലെങ്കിലും ഹിന്ദി സിനിമാവ്യവസായത്തെ നിയന്ത്രിക്കുന്നത്‌ തീവ്രവാദബന്ധമുള്ള അധോലോക സംഘടനകളാണെന്നതു പരസ്യമായ രഹസ്യമാണ്‌. ദാവൂദ്‌ ഇബ്രാഹിമിനെപ്പോലുള്ള അധോലോക നായകന്മാരുടെ പിടിയിലായ ബോളിവുഡ്‌ സിനിമാവ്യവസായത്തിന്‌ അത്തരം സംഘങ്ങളെ പ്രീണിപ്പിച്ചുകൊണ്ടുമാത്രമേ നിലനില്‍പ്പും വന്‍ സാമ്പത്തികലാഭവും ഉറപ്പാക്കാനാവൂ എന്നതൂകൊണ്ടു നിര്‍മാതാക്കളും താരങ്ങളുമെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍, വര്‍ഗീയ താല്‍പര്യങ്ങളും തീവ്രവാദ ബന്ധങ്ങളുമുള്ള അധോലോക സംഘങ്ങളുമായി സന്ധിയിലാവാതെ വയ്യെന്നതാണ്‌ വാസ്‌തവം. ദത്തിന്‌ അനുകൂലമായി രാജ്യവ്യാപകമായ സഹതാപതരംഗം ഉണ്ടായിട്ടുകൂടി അയാള്‍ക്കെതിരേയുള്ള ശിക്ഷ ലഘൂകരിക്കാന്‍ കോടതിക്കു കഴിയാതെപോയതും അതുകൊണ്ടാണ്‌. മാധ്യമങ്ങള്‍ പക്ഷേ, ഹിന്ദി സിനിമാ വ്യവസായത്തിന്റെ അധോലോക ബന്ധങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ സഞ്‌ജയ്‌ ദത്ത്‌ എന്ന കലാകാരന്‌ അനുകൂലമായി പൊതുജനാഭിപ്രായം രുപീകരിക്കാനാണ,്‌ അയാളുടെ ബന്ധുക്കളെയും അഭ്യുദയകാംക്ഷികളെയുംപോലെ മുതിര്‍ന്നത്‌. ഇതൊരു ശരിയായ മാധ്യമ നിലപാടല്ലെന്നു പറയേണ്ടതില്ല.

പ്രശസ്‌തര്‍ക്കു വേണ്ടിമാത്രം നിയമം ഔദാര്യം കാണിക്കണമെന്ന്‌ പറയുന്നതു രണ്ടുതരം നിയമത്തെ അംഗീകരിക്കലാവുമെന്ന്‌ മാധ്യമങ്ങള്‍ക്കു മനസിലാകാതെപോകുന്നതിനും കാരണങ്ങളുണ്ട്‌. അതില്‍ പ്രധാനം, പ്രതിയായ സഞ്‌ജയ്‌ ദത്തിനുള്ള രാജ്യവ്യാപകമായ ജനപ്രീതിയെ പ്രീണിപ്പിച്ചുകൊണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണയാര്‍ജിക്കുകയെന്ന കച്ചവടലക്ഷ്യമാണ്‌.

മറ്റൊന്ന്‌ ശതകോടികളുടെ കള്ളപ്പണമൊഴുകുന്ന സിനിമാ വ്യവസായത്തിന്റെതന്നെ പിന്തുണ ഉറപ്പാക്കിക്കൊണ്ട്‌ പ്രത്യക്ഷവും പരോക്ഷവുമായ കച്ചവടതാല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതും. പ്രശസ്‌തനായ ഒരു കലാകാരനോടുള്ള സഹാനുഭൂതിയായി മാത്രം മാധ്യമങ്ങളുടെ ഇത്തരം ഇരട്ടത്താപ്പിനെ ലഘൂകരിക്കാനാവില്ലെന്നര്‍ഥം. ദേശീയമാധ്യമങ്ങളുടെ ഇതേ മനോഭാവംതന്നെയാണ്‌ മലയാള മാദ്ധ്യമങ്ങളും പങ്കിടുന്നത്‌. നിയമവിരുദ്ധമായി ആയുധവും ആനക്കൊമ്പും സൂക്ഷിക്കുന്ന താരങ്ങളെ, അതിനെതിരേ കേസുണ്ടാകുമ്പോള്‍പ്പോലും മാധ്യമങ്ങള്‍ മൗനംകൊണ്ട്‌ ന്യായീകരിക്കുകയാണു പതിവ്‌. അഴിമതിക്കേസില്‍ സുപ്രീം കോടതി കഠിനതടവിന്‌ ശിക്ഷിച്ച രാഷ്‌്രടീയ നേതാവ്‌ ഭരണകൂടത്തിന്റെ സഹായത്തോടെ ജയില്‍മോചിതനായി വീണ്ടും കേരള രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്നതും അതിനു മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നതും കാണുമ്പോള്‍ ആരാധനാപാത്രങ്ങളായ കലാകാരന്മാരുടെ തെറ്റുകള്‍ ക്ഷമിക്കാവുതേയുള്ളൂ എന്നു ജനങ്ങള്‍ക്കു തോന്നിയാലും അത്ഭുതമില്ല.

സഞ്‌ജയ്‌ ദത്തിന്റെ ശിക്ഷ ലഘൂകരിക്കണമെന്ന വാദത്തിന്‌ ഉപോദ്‌ബലകമായി പ്രധാനമായും ഉന്നയിക്കപ്പെട്ട ന്യായങ്ങളിലൊന്ന്‌ അയാള്‍ ജയിലിലായാല്‍ സിനിമാവ്യവസായത്തിന്‌ എണ്‍പതു കോടിയോളം രൂപയുടെ നഷ്‌ടമുണ്ടാകുമെന്നതാണ്‌.

മഹേഷ്‌ ഭട്ടിനെപ്പോലുള്ള സഞ്‌ജയ്‌ദത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉന്നയിച്ച ഈ വാദത്തെ മാധ്യമങ്ങള്‍ മാത്രമല്ല, പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജുവിനെപ്പോലെപ്പോലുള്ളവരും പിന്തുണച്ചുവെന്നതാണ്‌ അവിശ്വസനീയമായിത്തോന്നുന്നത്‌. ഒരു പ്രഖ്യാപിത കുറ്റവാളിയോ തീവ്രവാദിയോ അല്ലാത്ത സഞ്‌ജയ്‌ ദത്ത്‌ താന്‍ ചെയ്‌ത തെറ്റില്‍ പശ്‌ചാത്തപിച്ചുവെന്നതുകൊണ്ടുമാത്രം അയാളുടെമേല്‍ ചുമത്തപ്പെട്ട കുറ്റം കുറ്റമല്ലാതാകുന്നില്ലെന്നു രാജ്യത്തെ പരമോന്നതമായ ഒരു ഭരണഘടനാ സ്‌ഥാപനത്തിന്റെ അധ്യക്ഷനും മുന്‍ ന്യായാധിപനുമായ മാര്‍ക്കണ്ഡേയ കഠ്‌ജുപോലും വിസ്‌മരിക്കുമ്പോള്‍ താല്‍ക്കാലിക ലാഭത്തില്‍മാത്രം കണ്ണുള്ള മാധ്യമങ്ങളെ എങ്ങനെയാണു വിമര്‍ശിക്കുക?

കലാകാരന്മാരും പ്രശസ്‌തരും പ്രമാണികളും അപ്രതീക്ഷിതമായി ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുമ്പോള്‍ അതതാളുകളുടെ പ്രാധാന്യത്തിനു ഹേതുവായ വസ്‌തുതകളെയും കേസിനാസ്‌പദമായ വസ്‌തുതകളെയും വേറിട്ടുകാണുകയെന്നതാണ്‌ മാധ്യമങ്ങള്‍ എവിടെയും പരമ്പരാഗതമായി സ്വീകരിക്കാറുള്ള ശരിയായ രീതി. ദ ഹിന്ദുവിനെപ്പോലെ സമചിത്തതയുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ സഞ്‌ജയ്‌ ദത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണെടുത്തത്‌. എന്നാല്‍, ഭൂരിപക്ഷം മാധ്യമങ്ങളും ദത്തിന്റെ ശിക്ഷ ഇളവുചെയ്‌തുകിട്ടാനായി കോടതിക്കുപുറത്തു നടത്തിയ പ്രചരണങ്ങള്‍ വാസ്‌തവത്തില്‍ ആ കലാകാരനോടുള്ള ആദരവായിരുന്നില്ല, നിയമത്തോടുള്ള അനാദരാവായിരുന്നുവെന്നു പറയാതെവയ്യ.

ബാലപീഡനക്കേസിലകപ്പെട്ട െമെക്കല്‍ ജാക്‌സന്‍ മുതല്‍ വാതുവെപ്പുകേസില്‍ ഇപ്പോള്‍ അറസ്‌റ്റിലായ ശ്രീശാന്ത്‌ വരെയുള്ള പ്രശസ്‌തര്‍ കുറ്റവാളികളാകുമ്പോള്‍ അവരെ വെള്ളപൂശാന്‍ ഒരുമ്പെട്ട്‌ മാധ്യമങ്ങള്‍ സ്വയം അവഹേളിതരാവുകയേയുള്ളൂ. സഞ്‌ജയ്‌ ദത്തിന്റെയും പ്രിയപ്പെട്ടവരുടെയും പത്രസമ്മേളനങ്ങളും കോടതിയിലേക്കുള്ള യാത്രയും വികാരപ്രകടനങ്ങളും അഭ്യുദയകാംക്ഷികളുടെ ന്യായവാദങ്ങളുമല്ലാം ചാനലുകള്‍ വിശദാംശങ്ങള്‍ ഒന്നുപോലും വിട്ടുകളയാതെ പ്രക്ഷേപണം ചെയ്‌തുകൊണ്ടിരുന്നു.

ആപത്തിലകപ്പെട്ട ഒരു താരത്തെ പ്രതിഫലം കൂടാതെ എങ്ങനെ വാണിജ്യനേട്ടത്തിനായി ഒരു ദുരന്തനായകനായി ഉപയോഗിക്കാമെന്നതായിരുന്നു ദേശീയ ചാനലുകളുടെ നോട്ടം. അതിലവര്‍ വിജയിച്ചെങ്കിലും താരത്തിന്‌ അതുകൊണ്ട്‌ ഗുണമൊന്നുമുണ്ടായില്ല.പോലീസിന്റെ പിടിയിലാവുന്ന അജ്‌ഞാതരായ കുറ്റവാളികള്‍ മാധ്യമങ്ങളുടെ മുന്നില്‍ മുഖം മറയ്‌ക്കുന്നത്‌ കേസ്‌ കഴിഞ്ഞ്‌ പുറത്തുവരുമ്പോള്‍ തങ്ങളാണ്‌ ആ കുറ്റവാളികളെന്നു പൊതുജനം തിരിച്ചറിയാതിരിക്കാനാണ്‌. ശ്രീശാന്തിനെപ്പോലൊരു പ്രശസ്‌തന്‍ കറുത്ത കുപ്പായംകൊണ്ട്‌ തലമൂടി കാമറകള്‍ക്കുമുന്നില്‍ നിന്നതുകൊണ്ട്‌ എന്താണു കാര്യം? മുഖലക്ഷണം മറച്ചുവയ്‌ക്കാമെന്നല്ലാതെ ആ മുഖം മറയ്‌ക്കല്‍കൊണ്ട്‌ ഗുണമൊന്നുമില്ലെന്നു ചാനലുകള്‍ തെളിയിക്കുകയും ചെയ്‌തു. കളിക്കളത്തിലെ ശ്രീശാന്തിന്റെ രൗദ്ര-ബീഭത്സ ഭാവങ്ങളുടെ ആര്‍െക്കെവല്‍ ഫൂട്ടേജുകള്‍ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടാണ്‌ ശ്രീശാന്ത്‌ തല്‍ക്കാലം മറച്ചുവച്ച സ്വന്തം മുഖലക്ഷണത്തിന്റെ നാനാര്‍ഥങ്ങള്‍ ചാനലുകള്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത്‌.

കുറ്റം തെളിയിക്കപ്പെടുംവരെ ശ്രീശാന്തിനെ മാലാഖയാക്കാന്‍ അയാളുടെ അമ്മയുമച്‌ഛനും മാത്രമേ ഉണ്ടായുള്ളൂ എന്നതാണ്‌ ആശ്വാസം. ശ്രീശാന്തിനെ അമിതലാളനകൊണ്ടും അമിതപ്രശംസകൊണ്ടും വഷളാക്കിയ മലയാള മാധ്യമങ്ങളിലൊന്നുപോലും ഈ വീഴ്‌ചയില്‍ അയാളുടെ രക്ഷയ്‌ക്കെത്തിയില്ല. എന്നുമല്ല, അതിസമ്പന്നതയുടെയും പ്രശസ്‌തിയുടെയും ലഹരിയും ആര്‍ത്തിയും അഹങ്കാരവും കൊണ്ട്‌ വഴിപിഴച്ചുപോയ നല്ലൊരു കളിക്കാരനോടുള്ള സഹാനുഭൂതിപോലും അവര്‍ പ്രകടിപ്പിച്ചു കാണുന്നില്ല. വീണവനെ ചവിട്ടുകയും ചാഞ്ഞ മരത്തില്‍ ഓടിക്കയറുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ഈ നിലപാടും ശരിയാണെന്നു പറഞ്ഞുകൂടാ.

സമാന ഗൗരവം ഉള്ളതല്ലെങ്കിലും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌ ഈയിടെ കലാഭവന്‍ മണിക്കെതിരേയുണ്ടായ പോലീസ്‌ കേസും. കലാഭവന്‍ മണിക്കു പകരം മോഹന്‍ ലാലോ മമ്മൂട്ടിയോ സുരേഷ്‌ ഗോപിയോ ആയിരുന്നു പ്രതിസ്‌ഥാനത്തുണ്ടായിരുന്നതെങ്കില്‍ പോലീസ്‌ അവര്‍ക്കെതിരേ ഇത്ര ശുഷ്‌കാന്തിയോടെ കേസെടുക്കുമായിരുന്നുവോ എന്ന കാതലായ ചോദ്യം പരസ്യമായി ഉന്നയിച്ചത്‌ മാധ്യമങ്ങളല്ല, കേരളത്തിലെ ഒരു പോലീസ്‌ മേധാവിയാണ്‌. ജാതിചിന്തയാണ്‌ മണിക്കെതിരേയുണ്ടായ നിയമനടപടികള്‍ക്കുപിന്നിലെന്നു പ്രകടമായിത്തന്നെ സൂചിപ്പിക്കുകയായിരുന്നു ആ പോലീസ്‌ മേധാവി. അദ്ദേഹം പറഞ്ഞത്‌ വാസ്‌തവമാണെങ്കില്‍, മണിയെ അധികാരം ഉപയോഗിച്ച്‌ മനപ്പൂര്‍വം ദ്രോഹിക്കാനാണ്‌ നിയമപാലകര്‍ ശ്രമിച്ചതെന്നു കരുതേണ്ടിവരും. അങ്ങനെയാണെങ്കില്‍, ജാതിവിവേചനത്തിന്റെ പേരിലുള്ള ഒരു ക്രിമിനല്‍ കുറ്റമാണത്‌. ഭരണകൂടത്തിന്റെ പ്രതിനിധികളാണ്‌ കുറ്റക്കാരെന്നത്‌ ആ കൃത്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നുമുണ്ട്‌.

നിയമപാലകരെ കൈയേറ്റംചെയ്‌തുവെന്നാരോപിച്ച്‌ മണിക്കെതിരേ പോലീസ്‌ കേസെടുത്തപ്പോള്‍ പ്രതി പ്രശസ്‌തനായതിനാല്‍ സ്വാഭാവികമായും മുഴുവന്‍ മാധ്യമങ്ങളിലും അതൊരു വലിയ വാര്‍ത്തയായി. പോലീസ്‌ഭാഷ്യമാണ്‌ മിക്ക ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ടുചെയ്‌തത്‌. ഈയിടെയാരംഭിച്ച ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ പക്ഷേ, കലാഭവന്‍ മണി നിയമപാലകരെ മുമ്പും ആക്രമിച്ചിട്ടുണ്ടെന്നു സ്‌ഥാപിക്കുന്ന ഒരു വാര്‍ത്ത ഇതോടൊപ്പം നിരവധിതവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

പോലീസ്‌ ഭാഷ്യം വാസ്‌തവമാണെന്ന്‌ സ്‌ഥാപിക്കാനുതകുന്ന ഒരു സാഹചര്യത്തെളിവ്‌ പൊതുജനത്തിനുമുന്നില്‍ ചാനല്‍ സ്വമേധയാ ഹാജരാക്കുകയായിരുന്നു. കലാഭവന്‍ മണി ഒരു സ്‌ഥിരം പ്രതിയാണെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തിയതിലൂടെ പോലീസ്‌ മണിക്കെതിരേയെടുത്ത കേസ്‌ ശരിയാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ചാനലിന്റെ താല്‍പര്യം.

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഒരു കേസിലെ പ്രതിയായ സഞ്‌ജയ്‌ ദത്തിനെ അദ്ദേഹം ചെയ്‌തുകൊണ്ടിരിക്കുന്നതായി പറയുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും കലാപരമായ സംഭാവനകളുടെയും പേരില്‍ കുറ്റവിമുക്‌തനാക്കണമെന്ന്‌ അഭ്യുദയകാംക്ഷികളും ദേശീയ മാധ്യമങ്ങളും പ്രചരണം നടത്തുമ്പോള്‍, നിസാരമായ ഒരു ആരോപണത്തിന്റെ പേരില്‍ പ്രതിയാക്കപ്പെട്ട ഒരു പ്രശസ്‌ത കേരളീയകലാകാരനെ പഴയൊരു വാക്കുതര്‍ക്കക്കേസിന്റെ കഥയാവര്‍ത്തിച്ച്‌ വലിയ കുറ്റവാളിയായി ചിത്രീകരിക്കുകയായിരുന്നു നമ്മുടെ ചാനല്‍.

ദളിതനായ കലാഭവന്‍ മണിയുടെ സ്‌ഥാനത്ത്‌ വേറെയേതെങ്കിലും വലിയൊരു താരമായിരുന്നുവെങ്കില്‍ പോലീസ്‌ ഇത്ര ജാഗരൂകമാകുമായിരുന്നോ എന്ന പോലീസ്‌ മേധാവിയുടെതന്നെ ചോദ്യം ഈ ചാനലിന്റെ കാര്യത്തിലും പ്രസക്‌തമാണ്‌. ഇല്ല. വന്‍ താരങ്ങള്‍ക്കെതിരേ ശബ്‌ദിക്കാന്‍ ഈ മാധ്യമങ്ങള്‍ക്കൊന്നും െധെര്യമുണ്ടാവില്ലെന്ന്‌ ആര്‍ക്കാണറിയാത്തത്‌? ജാതിചിന്തയും സവര്‍ണാവര്‍ണ ഭേദവും മാധ്യമപ്രവര്‍ത്തകരിലും മാധ്യമസ്‌ഥാപനങ്ങളിലുംനിന്ന്‌ ഉച്‌ഛാടനംചെയ്യപ്പെടുവോളം കേരളത്തെ ഒരു പരിഷ്‌കൃത സമൂഹമായി വിശേഷിപ്പിക്കുക പ്രയാസമാവും. അതുവരെ കേരളം ഇപ്പോഴത്തപ്പോലെ െദെവങ്ങളുടെയും ആള്‍െദെവങ്ങളുടെയും സ്വന്തം നാടായിത്തുടരുകതന്നെ ചെയ്യും. വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment