Thursday, 9 May 2013

[www.keralites.net] മലപ്പുറം കത്തി

 

"മലപ്പുറം കത്തി"

ഇപ്പോ ദേ 'മലപ്പുറം കത്തി'ക്ക് ഫേസ് ബുക്കിലുമുണ്ടൊരു പേജ്. നാടോടിക്കാറ്റില്‍ 'പവനാഴി'യായി വേഷമിട്ട ക്യാപ്റ്റന്‍രാജുവിന്റെ പ്രൊഫൈല്‍ ചിത്രവുമായി ആരോ നിര്‍മിച്ച പേജിന് ഇതുവരെ 270-ലധികം ലൈക്കുകളുമുണ്ട് കെട്ടോ.. കൂടാതെ കമ്മ്യൂണിറ്റികളായും ഗ്രൂപ്പുകളായും നിരവധി വേറെയും. ഇതുവരെ പറഞ്ഞത് വെറും കത്തി.. ഇനി കാര്യത്തിലേക്ക് വരാം. മലപ്പുറത്തിന്റെ പേരും വീറും, പെരുമയും തനിമയും കാത്തൂസൂക്ഷിക്കുന്നതില്‍ മലപ്പുറം കത്തിക്ക് സിനിമയിലും ഫേസ്ബുക്കിലും മാത്രമല്ല; ചരിത്രത്തിലുമുണ്ട് ഒരിടമുണ്ട്. അതുകൊണ്ടുതന്നെ ഒരു കത്തിയിലെന്തു കാര്യം എന്നാരും ചോദിക്കില്ലതാനും. "ഇരുപത്തൊന്നില്‍ ഊരിയ കത്തി അരയിലിറക്കിവച്ചിട്ടില്ല' എന്ന പഴയ ഉശിരന്‍ മുദ്രാവാക്യം സാമ്രാജ്യത്വ വിരുദ്ധതയുടെ പാരമ്പര്യം പേറുന്ന മണ്ണില്‍ ഇന്നും പ്രസക്തമാണ്. മലബാര്‍ കാര്‍ഷിക കലാപവേളകളില്‍ ബ്രിട്ടീഷുകാരോട് പടപൊരുതാന്‍ പോരാളികളായ മാപ്പിള കര്‍ഷകര്‍ മലപ്പുറം കത്തി ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നതിന്റെ സൂചനയാകാം ഈ മുദ്രാവാക്യത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.

Fun & Info @ Keralites.net

അതുകൊണ്ടുതന്നെ ഏറനാടന്‍ മാപ്പിളമാരുടെ സമരവീര്യത്തിന്റെയും ധീരതയുടെയും പര്യായമായിതന്നെയാണ് മലപ്പുറം കത്തിയെ ചരിത്രത്തില്‍ നമുക്ക് അടയാളപ്പെടുത്താനാകുക. പക്ഷേ കത്തിപ്രയോഗം അതിരുകടന്നൊരു മുദ്രാവാക്യവും മലപ്പുറത്ത് നിന്ന് ഉണ്ടായതായും രാഷ്ടീയചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ…' ' എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്താന്‍ ". സമ്മര്‍ദ്ദരാഷ്ടീയത്തെ മലപ്പുറം കത്തികാട്ടി വിരട്ടുന്നതിനോട് സാമ്യപ്പുെത്തിയുള്ള രാഷ്ട്രീയ പ്രതികരണളും ഏറെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മലപ്പുറം കത്തി കോണ്‍ഗ്രസിന്റെ കഴുത്തില്‍ വെച്ചാണ് മുസ്ളിം ലീഗ് അഞ്ചാംമന്ത്രിപ്പദം വാങ്ങിയെടുത്തതെന്ന് എന്ന മുനവച്ച പ്രയോഗം വന്നത് ബിജെപി നേതാവ് സികെ പത്മനാഭനില്‍ നിന്നായിരുന്നു. മലപ്പുറത്തെ 35 അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുസംബന്ധിച്ചുള്ള വിവാദ തീരുമാനത്തെ 'വീണ്ടും മലപ്പുറം കത്തി' എന്ന തലക്കെട്ടുനല്‍കിയാണ് ചില പത്രങ്ങള്‍ ആഘോഷിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ മലപ്പുറം കത്തി കൊല്ലാനോ കുത്തിപരിക്കേല്‍പ്പിക്കാനോ ഉള്ളതല്ല; കത്തികാട്ടി വിരട്ടാന്‍ വേണ്ടിമാത്രമെന്ന് സാരം. മലപ്പുറം കത്തിയുടെ ചരിത്രം പ്രാചീനകാലത്ത് മലപ്പുറമുള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ആയുധമാണ് കത്തി. അടക്കവെട്ടാനും മറ്റു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമാണ് മലപ്പുറം കത്തി സാധാരണ ഉപയോഗിച്ചിരുന്നത്. അറേബ്യന്‍ നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരികവിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില്‍ പ്രചാരമാകുന്നതെന്ന് ചരിത്രകാരനായ ഡോ. ഹുസൈന്‍ രണ്ടത്താണി പറയുന്നു. അറേബ്യന്‍ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ നിലനിന്ന കച്ചവടബന്ധങ്ങളാണ് ഈ സാംസ്കാരികകൈമാറ്റപ്രക്രിയക്ക് ആക്കം കൂട്ടിയത്. ഇപ്രകാരം കാര്‍ഷികവിജ്ഞാനവും വേഷവിധാനങ്ങളുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. ഒമാനിലെ തുണി, കെട്ടിട നിര്‍മാണം, തൊപ്പി, കാച്ചിത്തട്ടം, അരപ്പട്ട തുടങ്ങി ആയുധ നിര്‍മാണത്തില്‍വരെ മലബാറിലെ സംസ്കാരത്തിന് സാമ്യതയുണ്ടായി.

ഒമാനിലെ ഗോത്രജീവിതവുമായി ബന്ധപ്പെട്ടും വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയതെന്നും മലബാറിനെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. ഹുസൈന്‍ രണ്ടത്താണി അടിവരയിടുന്നു. 1792 മുതല്‍ 1921 വരെയുള്ള കാലയളവിലാണ് കത്തിയുടെ സുവര്‍ണകാലം എന്നും പറയപ്പെടുന്നു. ഇക്കാലയളവില്‍തന്നെയാണ് ഏറനാട്ടിലും വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണക്കിന് ചെറുകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ അതിലൊന്നും മലപ്പുറം കത്തി ഒരു യുദ്ധായുധമായി ചരിത്രകാരന്മാര്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അക്കാലത്ത് ഏറനാട്ടിലെ മാപ്പിളകര്‍ഷകരും കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെല്‍റ്റിനുള്ളില്‍ മലപ്പുറം കത്തി സൂക്ഷിച്ചത്. ആ പതിവ് ഇന്നുമുണ്ട്. സ്വയംപ്രതിരോധത്തിന് തോക്കുകൊണ്ടുനടക്കുന്നതുപോലെ പലരും കത്തിയെ കണ്ടു. അത്യാവശ്യം കനമുള്ളതും 15 മുതല്‍ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി. കത്തിയുടെ പിടി കനംകുറഞ്ഞ മാന്‍കൊമ്പുകൊണ്ടാണ് നിര്‍മിക്കാറ്. നാല് വിരലില്‍ ഒതുക്കിപിടിക്കാന്‍ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണവേളകളില്‍ മറ്റൊരാള്‍ കത്തിയില്‍ കയറിപിടിക്കാതിരിക്കാന്‍ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണുകളും കാണാം.

Fun & Info @ Keralites.net

മലപ്പുറം കത്തി

കനം കൂടിയതും മൂര്‍ച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയില്‍ നിന്ന് വേര്‍തിരിക്കുന്ന കൊളുത്തുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. തലമുറകളായി മലപ്പുറം കത്തി നിര്‍മിച്ച വടക്കന്‍ മലബാറിലെ ചില കൊല്ലന്മാര്‍ക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാല്‍ നിര്‍മിച്ച കത്തികള്‍ക്കെല്ലാം ഏകീകൃതരൂപം കാണാമായിരുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാരാണ് കൂടുതലായി കത്തിനിര്‍മിച്ചിരുന്നതെന്ന് മഞ്ചേരി എന്‍എസ്എസ് കോളേജിലെ റിട്ട. ചരിത്രവിഭാഗം പ്രൊഫസറും റീഡറുമായിരുന്ന ഡോ. എം വിജയലക്ഷ്മി പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിര്‍മാണത്തെ ദോഷകരമായി ബാധിച്ചുതെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെയാകാം കത്തി അപൂര്‍വമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിര്‍മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. അഥവാ നിര്‍മിക്കുകയാണെങ്കില്‍ മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോള്‍ തടസ്സമുള്ളതിനാല്‍ മരത്തടികൊണ്ടാണ് പിടി നിര്‍മ്മിക്കാറുള്ളത്. മുറിവുപറ്റിയാല്‍ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിര്‍മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണത്രേ ഇതിന്റെ പിന്നില്‍. ഒരോ പ്രദേശങ്ങളുടെയും തനതു പാരമ്പര്യം അവകാശപ്പടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന 'ഭൌമശാസ്ത്രസൂചികാപദവി'ക്കുള്ള പരിഗണനയിലാണ് ഇപ്പോഴും മലപ്പുറം കത്തി.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment