Tuesday, 7 May 2013

[www.keralites.net] ഓരോ തെരഞ്ഞെടുപ്പും പഠിപ്പിക്കുന്ന പാഠങ്ങള്‍

 

തുറന്ന മനസോടെ

കെ.എം. റോയ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.

 

കര്‍ണാടക നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്തായിരുന്നാല്‍ത്തന്നെയും അതിനു മറ്റു പല കാരണങ്ങളാലും വലിയ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്‌. അതിനു കാരണം സംസ്‌ഥാനത്തെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം ഒറ്റയ്‌ക്കു മത്സരിച്ചുകൊണ്ട്‌ വോട്ടര്‍മാര്‍ക്കിടയില്‍ അവര്‍ക്കുള്ള ബലം പരീക്ഷിക്കാന്‍ തീരുമാനിച്ചു എന്നതാണ്‌. രാഷ്‌ട്രീയത്തിലെ ആരോഗ്യകരമായ ഒരു പ്രവണതയാണ്‌ അതു സൂചിപ്പിക്കുന്നത്‌. തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം കര്‍ണാടകം വലിയ രാഷ്‌ട്രീയ കുതിരക്കച്ചവടത്തിനു സാക്ഷ്യംവഹിക്കുമെങ്കിലും ഓരോ പാര്‍ട്ടിയും അവര്‍ക്കുള്ള ജനപിന്തുണ എത്രയാണെന്നു മനസിലാക്കുകയും അതു ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു നല്ല കാര്യമാണല്ലോ?

അയല്‍ സംസ്‌ഥാനങ്ങളായ തമിഴ്‌നാടിന്റേയും കേരളത്തിന്റേയും മറ്റും കാര്യമെടുത്തു നോക്കൂ. ഓരോ രാഷ്‌ട്രിയ പാര്‍ട്ടിക്കും എന്തു ജനപിന്തുണയുണ്ടെന്ന്‌ കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടായി ആ പാര്‍ട്ടികള്‍ക്കോ ജനങ്ങള്‍ക്കോ ഒരു തിട്ടവുമില്ല. അവിടെ മുന്നണി രാഷ്‌ട്രീയമാണ്‌. കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന യു.ഡി.എഫും സി.പി.എം. നയിക്കുന്ന എല്‍.ഡി.എഫും. രണ്ടു മുന്നണികളിലും ഒട്ടേറെ ഘടകകക്ഷികളുമുണ്ട്‌. അവര്‍ ഇടയ്‌ക്കിടെ കളംമാറിച്ചവിട്ടുന്നു. അപ്പോഴും ആ ഘടകകക്ഷികള്‍ക്കുള്ള ജനപിന്തുണ മനസിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.

തമിഴ്‌നാട്ടിലാണെങ്കില്‍ രണ്ടു ദ്രാവിഡ കഴക പാര്‍ട്ടികള്‍ നയിക്കുന്ന രണ്ടു പ്രബല മുന്നണികളും. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പി.യും അവിടേയും ഇടയ്‌ക്കിടെ രണ്ടു മുന്നണികളിലേക്കും കളംമാറിച്ചവിട്ടുന്നു. അതുതന്നെയാണ്‌ ആ സംസ്‌ഥാനത്ത്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടേയും സ്‌ഥിതി.

കേരളത്തിന്റെ സ്‌ഥിതിതന്നെയെടുക്കാം. യു.ഡി.എഫില്‍ കോണ്‍ഗ്രസിനെ കൂടാതെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനും കേരളാകോണ്‍ഗ്രസിനും പ്രാദേശികാടിസ്‌ഥാനത്തില്‍ മുസ്ലിംകളുടേയും ക്രൈസ്‌തവരുടേയും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന്‌ അവകാശപ്പെടാം. മറ്റുള്ള ചെറിയ പാര്‍ട്ടികള്‍ക്കോ? ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന ജനപിന്തുണയായിരിക്കും ഉണ്ടാവുക.

എല്‍.ഡി.എഫിന്റെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. അതിനെ നയിക്കുന്ന സി.പി.എം. ഒഴിച്ചാല്‍ തെളിയിക്കപ്പെട്ട ജനപിന്തുണയുള്ള മറ്റേതു പാര്‍ട്ടിയാണ്‌ അതിലുള്ളത്‌? തങ്ങള്‍ ഒറ്റയ്‌ക്കു ജനപിന്തുണ തെളിയിച്ചുതരാം എന്നു വെല്ലുവിളിക്കാന്‍ കഴിയുന്ന ഏതെങ്കിലും കൊച്ചു ഘടകകക്ഷികള്‍ രണ്ടു മുന്നണിയിലുമുണ്ടോ? ഐക്യമുന്നണി രാഷ്‌ട്രീയത്തിലെ ഒരു വലിയ ദൗര്‍ബല്യമാണല്ലോ അത്‌? അതിനുവേണ്ടി അത്തരം കൊച്ചു ഘടകകക്ഷികളെ വെല്ലുവിളിക്കാനുള്ള ആത്മധൈര്യവും വല്യേട്ടന്മാരായ പാര്‍ട്ടികള്‍ക്കും ഇല്ല. ജനാധിപത്യ പ്രക്രിയയിലെ ഗതികേടുകളാവാം ഇവയെല്ലാം.

ഇതിനിടയിലാണു കേരളത്തില്‍ സമുദായ സംഘടനകളുടെ സമ്മര്‍ദ രാഷ്‌ട്രീയവും ആരംഭിച്ചിരിക്കുന്നത്‌. നായര്‍ സമുദായത്തിലെ സംഘടനയായ എന്‍.എസ്‌.എസും ഈഴവ സമുദായത്തിലെ സംഘടനയായ എസ്‌.എന്‍.ഡി.പിയുമാണു മുന്നില്‍. ഓര്‍ത്തഡോക്‌സ്്‌ സഭയിലെ വഴക്കിനെത്തുടര്‍ന്ന്‌ ആ സമുദായ നേതാക്കളും ഇത്തരം സമ്മര്‍ദ രാഷ്‌ട്രീയം തുടങ്ങിയിട്ടുണ്ട്‌.

യു.ഡി.എഫിനെയായാലും എല്‍.ഡി.എഫിനെയായാലും ഈ സമ്മര്‍ദ രാഷ്‌ട്രീയത്തിലൂടെ ഇത്തരം സമുദായ സംഘടനാ നേതാക്കളുടെ താല്‌പര്യം സംരക്ഷിക്കുന്നവരാക്കി മാറ്റാനാണ്‌ അവരുടെ ശ്രമം. വിദ്യാഭ്യാസ കച്ചവടമാണല്ലോ ഈ സമുദായ സംഘടനാ നേതാക്കളുടെ മുഖ്യ ലക്ഷ്യം. അക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിഞ്ഞാല്‍ സമുദായ താല്‌പര്യം സംരക്ഷിക്കപ്പെടുമെന്ന ധാരണയാണ്‌ ഇതിന്റെ നേതാക്കള്‍ പരത്തിയിരിക്കുന്നത്‌.

ഈ നേതാക്കള്‍ക്കു സമുദായാംഗങ്ങളുടെമേല്‍ എത്ര രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നു മനസിലാക്കാനുള്ള ശ്രമം നടത്താന്‍ പോലും രണ്ടു മുന്നണികളുടേയും നേതാക്കള്‍ക്കു ധൈര്യമില്ല. അതുകൊണ്ടാണല്ലോ ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കി ജനപിന്തുണ പരീക്ഷിക്കുന്നതിനു സമുദായ നേതാക്കളെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും കഴിയാത്തത്‌? അതുകൊണ്ടുതന്നെയാണ്‌ തൊട്ടുതൊട്ടില്ല, കണ്ടുകണ്ടില്ല എന്ന മട്ടില്‍ മൃദു സമീപനം രണ്ടു മുന്നണികളും അവരോട്‌ അവലംബിക്കുന്നത്‌.

ഇന്നത്തെ നേതാക്കളേക്കാള്‍ അതിപ്രഗത്ഭര്‍ എന്‍.എസ്‌.എസിനേയും എസ്‌.എന്‍.ഡി.പിയേയും നയിച്ചിരുന്ന കാലത്ത്‌ എന്‍.ഡി.പിയും എസ്‌.ആര്‍.പിയും എന്ന രണ്ടു സമുദായ പാര്‍ട്ടികളുണ്ടാക്കി പരീക്ഷണം നടത്തി ദയനീയമായി പരാജയപ്പെട്ടവയാണ്‌ ഈ സംഘടനകള്‍. അത്‌ ഇപ്പോഴത്തെ രണ്ടു മുന്നണിയേയും നയിക്കുന്നവര്‍ ആലോചിക്കുന്നേയില്ലെന്നതാണു വസ്‌തുത.

സമുദായത്തെ സ്‌നേഹിക്കുന്നവരാണ്‌ എന്‍.എസ്‌.എസിലും എസ്‌.എന്‍.ഡി.പിയിലും ഉള്ളവര്‍. പക്ഷേ അവരില്‍ തൊണ്ണൂറു ശതമാനവും സമുദായം വേറെ രാഷ്‌ട്രീയാഭിപ്രായം വേറെ എന്ന വ്യക്‌തമായ നിലപാട്‌ അവലംബിക്കുന്നവരുമാണ്‌. രാഷ്‌ട്രീയ നേതാക്കള്‍ അതു മനസിലാക്കാത്തതു തന്നെയാണ്‌ പ്രശ്‌നം. അതു വ്യക്‌തമായി ബോധ്യമുള്ളത്‌ ഇപ്പോള്‍ സമ്മര്‍ദരാഷ്‌ട്രീയവുമായി രണ്ടു മുന്നണികളേയും സമീപിക്കുന്ന സമുദായ നേതാക്കള്‍ക്കു മാത്രമാണ്‌.

കര്‍ണാടകത്തില്‍ ഇത്തവണ ചതുഷ്‌ക്കോണ മത്സരമാണു നടന്നത്‌. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറി കര്‍ണാടകം ഭരിക്കുന്ന ബി.ജെ.പി.യും പ്രതിപക്ഷമായ കോണ്‍ഗ്രസും മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച്‌.ഡി. ദേവഗൗഡ നയിക്കുന്ന ജനതാദള്‍ എസും ബി.ജെ.പി.യില്‍ നിന്നു രാജിവച്ച്‌ മുന്‍ മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പ രൂപീകരിച്ച കര്‍ണാടക ജനതാപക്ഷവുമാണ്‌ മുഖ്യ എതിരാളികള്‍. അവയ്‌ക്കു പുറമെ കമ്യൂണിസ്‌റ്റ് പാര്‍ട്ടികളും മറ്റു പ്രാദേശിക പാര്‍ട്ടികളുമായി നിരവധി കൊച്ചുകക്ഷികളും രംഗത്തുണ്ട്‌.

ബി.ജെ.പിക്കു പറ്റിയ തകരാറ്‌ അവരുടെ ഭരണമാകെ അഴിമതിയാരോപണങ്ങളില്‍ മുങ്ങിപ്പോയി എന്നതാണ്‌. അഞ്ചു കൊല്ലത്തിനുള്ളില്‍ മൂന്നു മുഖ്യമന്ത്രിമാരെ ബി.ജെ.പിക്കു പരീക്ഷിക്കേണ്ടി വന്നു. പാര്‍ട്ടിയുടെ വലിയ പിന്തുണക്കാരായിരുന്ന ബെല്ലാരി റെഡ്‌ഡി സഹോദരന്മാരെന്ന ഖനി രാജാക്കന്മാരുടെ ലോബി ബി.ജെ.പി. വിട്ടുപോവുകയും ചെയ്‌തു. ഖനി കുംഭകോണത്തിന്റെ പേരില്‍ റെഡ്‌ഡി സഹോദരന്മാര്‍ ജയിലിലായതാണു മുഖ്യ കാരണം. അങ്ങനെ കര്‍ണാടക രാഷ്‌ട്രീയമാകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്‌.

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്‌തമായ ഭൂരിപക്ഷം കിട്ടുകയില്ലെന്നാണ്‌ അഭിപ്രായ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്‌. ബി.ജെ.പിക്ക്‌ അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുകയില്ലെന്നു വ്യക്‌തമായിക്കഴിഞ്ഞു. കോണ്‍ഗ്രസിനു മുന്‍തൂക്കമുണ്ടാകുമെന്ന്‌ ചില സര്‍വേകള്‍ വ്യക്‌തമാക്കുന്നുണ്ട്‌. അതേസമയം ഒറ്റയ്‌ക്കു ഭരിക്കാന്‍ കോണ്‍ഗ്രസിനു കഴിയുകയില്ലെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.

അതുകൊണ്ടുതന്നെ ഫലം വന്നു കഴിഞ്ഞാല്‍ ഏറ്റവും തരംതാണ കുതിരക്കച്ചവടമാണ്‌ കര്‍ണാടകത്തില്‍ നടക്കാന്‍ പോകുന്നത്‌. കോണ്‍ഗ്രസും ബി.ജെ.പി.യും യോജിക്കാന്‍ പോകുന്നില്ല. മറ്റു പാര്‍ട്ടികളും കൊച്ചു പാര്‍ട്ടികളും ആരുടെ കൂടെ വേണമെങ്കിലും ചേരാം. അവിടെ ആദര്‍ശം ഒരു പ്രശ്‌നമാവില്ല. പ്രശ്‌നം അധികാരം മാത്രം. അതു കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ.

ഇവിടെയാണ്‌ പഴയ തലമുറയിലെ രാഷ്‌ട്രീയനേതാക്കളുടെ ആദര്‍ശശുദ്ധി നമുക്കു മനസിലാകുന്നത്‌. അതിന്‌ ആദ്യം മാതൃക കാട്ടിയതു കേരളമാണ്‌. 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ആര്‍ക്കും വ്യക്‌തമായ ഭൂരിപക്ഷം കിട്ടിയില്ല. 133 സീറ്റുണ്ടായിരുന്ന നിയമസഭയില്‍ കോണ്‍ഗ്രസിന്‌ 36 സീറ്റ്‌. പി.ടി. ചാക്കോ പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ നിന്നു തെറ്റിപ്പിരിഞ്ഞ കേരളാകോണ്‍ഗ്രസിന്‌ 25 സീറ്റ്‌, സി.പി.എമ്മിന്‌ 40, മുസ്ലിംലീഗ്‌ ആറ്‌, സി.പി.എമ്മുമായി യോജിച്ചു മത്സരിച്ച സംയുക്‌ത സോഷ്യലിസ്‌റ്റ് പാര്‍ട്ടിക്ക്‌ 14, സി.പി.ഐ. മൂന്ന്‌ അങ്ങനെയായിരുന്നു കക്ഷിനില. അവിഭക്‌ത കമ്യൂണിസ്‌റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു അത്‌.

കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും കൂട്ടുകെട്ടുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ ഒരു മന്ത്രിസഭയുണ്ടാകുമായിരുന്നു. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ ആ കൂട്ടുകെട്ടിനു തടസവുമായിരുന്നില്ല. പക്ഷേ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി നേതാവ്‌ കെ.സി. എബ്രാഹം മാസ്‌റ്ററും ഭൂരിപക്ഷം എം.എല്‍.എമാരും കെ.പി.സി.സി. നേതൃത്വവും അങ്ങനെയൊരു കൂട്ടുകെട്ടിനെ ശക്‌തിയായി എതിര്‍ത്തു. മാതൃസംഘടനയെ പിളര്‍ത്തിയ കേരളാകോണ്‍ഗ്രസുമായി അധികാരത്തിനുവേണ്ടി കൈകോര്‍ക്കാന്‍ തയാറല്ല എന്ന നിലപാടില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഉറച്ചുനിന്നു.

അധികാരത്തേക്കാള്‍ ആദര്‍ശത്തിനാണ്‌ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വില കല്‌പിച്ചത്‌. കേരളാ കോണ്‍ഗ്രസ്‌ നേതൃത്വവും അധികാരത്തിനുവേണ്ടി ആദര്‍ശം കൈവിടാന്‍ തയാറല്ലായിരുന്നു. അതുകൊണ്ടുതന്നെ യോഗം ചേരാതെ 1965-ലെ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിടുകയാണുണ്ടായത്‌. അങ്ങനെ ഒരു സ്‌ഥിതിയെപ്പറ്റി പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വ്യക്‌താക്കള്‍ നിറഞ്ഞ ഇന്നത്തെ തലമുറയ്‌ക്ക് ഊഹിക്കാന്‍ കഴിയുമോ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment