മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
''എങ്കിലുമീ കണിക്കൊന്നയെന്തിനിന്നും പൂത്തു?
മണ്ണിലുണ്ടോ നന്മകള്‍ തന്‍ തുള്ളികള്‍ വറ്റാതെ?''
(ഒ.എന്‍.വി-എന്തിനിന്നും പൂത്തു? )
വറ്റാത്ത നന്മകള്‍ മണ്ണില്‍ ശേഷിക്കുന്നതുകൊണ്ടാവാം കൊന്നകളിപ്പോഴും പൂക്കുന്നത്. കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ എന്ന് വിഷുപ്പക്ഷിയും പാടുന്നത്. ഭൂമിയുടെ നെറുകയില്‍ സൂര്യാനുഗ്രഹം ചൊരിയാനായി മേടവിഷു ഇക്കുറിയും വന്നെത്തിയിരിക്കുന്നു. വിഷുവിന്റെ ചടങ്ങുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണിയൊരുക്കല്‍. പുതുവര്‍ഷത്തില്‍ ആദ്യം കാണുന്ന കാഴ്ച മംഗളകരമായിരിക്കണമെന്നും അന്ന് കാണുന്ന കാഴ്ച എന്നും കാണണമെന്നും അത് കണ്ണും അകക്കണ്ണും നിറയ്ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് കണിയൊരുക്കുന്നത്. കണിവെക്കുന്നത് ഓട്ടുരുളിയിലാണ്. ഇതില്‍ നിറപറ, അഷ്ടമംഗല്യം, കുങ്കുമച്ചെപ്പ്, ചക്ക, മാങ്ങ, കശുമാങ്ങ, കണിവെള്ളരി, കദളിപ്പഴം, വാല്‍ക്കണ്ണാടി, കോടിമുണ്ട്, കണിക്കൊന്ന എന്നിവ ഉണ്ടായിരിക്കും. അതിനടുത്ത് നിലവിളക്ക്, കൃഷ്ണവിഗ്രഹം, ഗ്രന്ഥക്കെട്ട്, അരിത്തിരിയിട്ട നാളികേരമുറി, വെള്ളം നിറച്ച വാല്‍ക്കിണ്ടി എന്നിവയും ഒരുക്കിയിരിക്കും. കൂടാതെ, പൊന്നും പണവും ഉണ്ടാകും. കുടുംബത്തിലെ ഓരോ അംഗത്തിനെയും കണ്ണുപൊത്തിക്കൊണ്ടുവന്ന് വിഷക്കണി കാണിക്കുന്നത് ഗൃഹനായികയാണ്. വീട്ടുകാര്‍ കണികണ്ടശേഷം കണി കന്നുകാലികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും കാണിക്കാറുണ്ട്. വിഷുത്തലേന്ന് വൈകുന്നേരം പറമ്പിന്റെ എട്ടുദിക്കിലും അടിച്ചുവാരി തീയിട്ട് പുറംകണി വെക്കുന്ന പതിവും ഉണ്ട്.
മേടത്തിലെ ദിനരാത്രം
'വിഷുവം' എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് വിഷുവിന്റെ ഉദ്ഭവം. പകലും രാത്രിയും തുല്യദൈര്‍ഘ്യമുള്ള ദിവസത്തെയാണ്
വിഷു എന്നു പറയുന്നത്. ആണ്ടില്‍ രണ്ടു തവണ സമദൈര്‍ഘ്യമുള്ള ദിനരാത്രങ്ങള്‍ ഉണ്ടാകാറുണ്ട്. മേടത്തിലും തുലാത്തിലും. മേടവിഷുവാണ് നമ്മള്‍ ആഘോഷിക്കുന്നത്.
ആഘോഷത്തിനു പിന്നില്‍
നരകാസുരനെ വധിച്ചതിലുള്ള ആഹ്ലാദമാണ് വിഷുവായി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. സൂര്യനോട് കിഴക്കുദിക്കരുതെന്ന് രാവണന്‍ ആജ്ഞാപിച്ചതുകൊണ്ട് സൂര്യന്‍ ചരിഞ്ഞാണ് ഉദിച്ചിരുന്നത്. ശ്രീരാമന്‍ രാവണനെ വധിച്ചശേഷമാണ് സൂര്യനു കിഴക്കുദിക്കാനായത്. ഈ ദിവസത്തിന്റെ ഓര്‍മയായാണ് വിഷു ആഘോഷിക്കുന്നത് എന്നതാണ് മറ്റൊരു ഐതിഹ്യം.
വിഷുക്കൈനീട്ടം
കുടുംബത്തിലെ കാരണവരാണ് വിഷുക്കൈനീട്ടം നല്‍കുക. കൈനീട്ടം കുടുംബത്തിലെ അംഗങ്ങള്‍ക്കു മാത്രമല്ല ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും കൊടുക്കാറുണ്ട്. ആശ്രിതര്‍ക്ക് വിഷുക്കൈനീട്ടത്തിനു പുറമെ വിഷുവല്ലിയും (അരി, തേങ്ങ, എണ്ണ) നല്‍കും.
വിളവിന്റെ വിഷു
കണികണ്ടശേഷം കര്‍ഷകരും തറവാട്ടുകാരണവരും പാടത്തെത്തി അട നിവേദിക്കും, പൂജ നടത്തും. പിന്നെ കലപ്പകൊണ്ട് ചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട് മൂടും. വിഷുച്ചാലെടുത്ത മണ്ണില്‍ വന്‍വിളവുണ്ടാകുമെന്ന് വിശ്വ
സിച്ചു വരുന്നു.
കഞ്ഞിയും സദ്യയും
ഉണക്കലരി വേവിച്ച് തേങ്ങാപ്പാലും ജീരകവും ഉപ്പും ചേര്‍ത്തുണ്ടാക്കുന്നതാണ് വിഷുക്കഞ്ഞി. വാഴപ്പോളകൊണ്ട് തടുക്കുണ്ടാക്കി അതില്‍ വാഴയിലവെച്ച് പ്ലാവില മടക്കിക്കുത്തിയാണ് കഞ്ഞികുടി. കൂടെ കഴിക്കാന്‍ ചക്കപ്പുഴുക്കോ തോരനോ ഉണ്ടായിരിക്കും. കണികണ്ട്, ക്ഷേത്രദര്‍ശനവും കഴിഞ്ഞുവന്നാണ് കഞ്ഞികുടി.
വിഷുസദ്യയില്‍ ഓണസ്സദ്യയില്‍നിന്ന് വ്യത്യസ്തമായി ചക്ക എരിശ്ശേരി, മാമ്പഴ പുളിശ്ശേരി, വെള്ളരിക്ക കിച്ചടി, ചക്കച്ചുള വറുത്തത്, മാമ്പഴപ്പായസം എന്നിവ ഉണ്ടായിരിക്കും.
വിഷുപ്പടക്കം
വിഷുവിന്റെ ആചാരങ്ങളില്‍ കണികാണലും കൈനീട്ടവുമൊക്കെ കേരളീയര്‍ക്കെല്ലാം ഒരുപോലെയാണെങ്കിലും വടക്കന്‍ കേരളീയരാണ് പടക്കംപൊട്ടിച്ച് വിഷു ആഘോഷിക്കുന്നവര്‍. തെക്കന്‍ കേരളീയര്‍ ദീപാവലിക്കാണ് പടക്കംപൊട്ടിക്കുന്നത്.
കണികണ്ടതിനുശേഷവും ഉച്ചഭക്ഷണത്തിനുശേഷവും സന്ധ്യാദീപം കൊളുത്തിയശേഷവും പടക്കംപൊട്ടിക്കാറുണ്ട്.
പല പേരുകളില്‍
കാര്‍ഷികോത്സവമായ വിഷു പല പേരുകളിലാണ് മറുനാടുകളില്‍ അറിയപ്പെടുന്നത്.
ബംഗാളില്‍ വൈശാഖത്തിലെ ഒന്നാം തീയതി പാലാ വൈശാഖ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പഞ്ചാബില്‍ ഇത് വൈശാഖിയാണ്. ബിഹാറില്‍ ബൈഹാഗ്, കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പുതുവര്‍ഷം എന്നര്‍ഥം വരുന്ന ഉഗാദിയാണിത്. മഹാരാഷ്ട്രയില്‍ ഗുഡി പാഡ്‌വയും. വീടിന്റെ വാതിലുകളില്‍ മാവിലത്തോരണങ്ങള്‍ തൂക്കി മുറ്റത്ത് അരിമാവില്‍ കോലമിട്ട് 'പുത്താണ്ട്' എന്ന പേരിലാണ് തമിഴ്‌നാട്ടുകാര്‍ ഈ ആണ്ടുപിറവി ആഘോഷിക്കുന്നത്. അസമില്‍ വിഷു ബിഹുവാണ്. കന്നുകാലികളെയും കൃഷിഭൂമിയെയും പൂജിക്കുന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.്
മാന്യവായനക്കാര്‍ക്ക് സ്‌നേഹം നിറഞ്ഞ വിഷുവാശംസകള്‍ .
മാതൃഭൂമി ഫോട്ടോഗ്രാഫേഴ്‌സ് പകര്‍ത്തിയ ചില വിഷുദൃശ്യങ്ങള്‍ ചുവടെ.
|
2003 |
|
2003 |
|
2003 |
|
ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003 |
|
2013 |
|
2004 |
|
ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003 |
|
ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003 |
|
ഫോട്ടോ: അജി.വി.കെ, 2012 |
|
2005 |
|
ഫോട്ടോ: രാം നാഥ് പൈ, 2008 |
|
ഫോട്ടോ: രാം നാഥ് പൈ, 2008 |
|
ഫോട്ടോ: രാം നാഥ് പൈ, 2010 |
|
ഫോട്ടോ: ശിവപ്രസാദ്.ജി, 2010. |
|
2011 |
|
ഫോട്ടോ: ശിവപ്രസാദ്.ജി, 2010. |
|
ഫോട്ടോ: രാം നാഥ് പൈ, 2012 |
|
ഫോട്ടോ: ആനന്ദ്.എസ്.എല്‍. 2013 |
|
2010 |
|
ഫോട്ടോ: വി.രമേഷ്. 2013 |
|
ഫോട്ടോ: വി.രമേഷ്. 2013 |
|
ഫോട്ടോ: വി.രമേഷ്. 2013 |
|
ഫോട്ടോ: വി.രമേഷ്. 2013 |
|
ഫോട്ടോ: വി.രമേഷ്. 2013 |
No comments:
Post a Comment