Tuesday, 19 March 2013

[www.keralites.net] പുറപ്പാടുകളുടെ തുടക്കവും ഒടുക്കവും: ഒരു കഥാസാരം

 

പുറപ്പാടുകളുടെ തുടക്കവും ഒടുക്കവും: ഒരു കഥാസാരം


ആദ്യത്തെ പ്രവാസികള്‍ ആരായിരുന്നു? സംശയമെന്ത്? ആദവും ഹവ്വയും തന്നെ. പ്രവാസം പലതരത്തിലുണ്ട്. ഇര തേടി പ്രവാസിക്കുന്നവര്‍. രാഷ്ട്രീയ കാരണങ്ങളാല്‍ പ്രവാസിക്കുന്നവര്‍. പ്രകൃതികോപങ്ങള്‍, യുദ്ധങ്ങള്‍, മെച്ചമേറിയ മേച്ചില്‍പ്പുറങ്ങള്‍, കാലാവസ്ഥ, പ്രണയം. ഏറ്റവുമൊടുക്കം പ്രവാസത്തിന്റെ ത്രസിപ്പിക്കുന്ന രസം - പ്രവാസത്തിന് പ്രകോപനങ്ങളേറെ. ആദത്തിന്റെയും ഹവ്വയുടെയും പ്രവാസം ഇതില്‍ ഏത് ഗണത്തില്‍പ്പെടും? അത് തികച്ചും രാഷ്ട്രീയകാരണങ്ങളാലുള്ള പ്രവാസമാണ്. പലരുടേയും ധാരണ രാഷ്ട്രീയം ഏറ്റവും ഒടുവില്‍ സംഭവിക്കുന്ന ഒരു ദുര്യോഗമാണെന്നാണ്. അത് സത്യമല്ല. ആദത്തിനൊപ്പം ഹവ്വ ചേര്‍ന്നതോടെ രാഷ്ട്രീയം ആരംഭിച്ചിരുന്നു.
അധീശശക്തിയുടെ ആജ്ഞകള്‍ തെറ്റിച്ചതിനാണല്ലോ യഹോവ ആദത്തിനെയും ഹവ്വയെയും പറുദീസയില്‍നിന്ന് നാടുകടത്തിയത്. നാടുകടത്തുക മാത്രമല്ല ദൈവം ചെയ്തത്. കവാടങ്ങള്‍ വലിച്ചടച്ച് യെരുദുകളെ കാവല്‍ നിര്‍ത്തുകയും ചെയ്തു. ഇതിനെക്കാള്‍ രാഷ്ട്രീയം നിറഞ്ഞ മറ്റൊരു നാടുകടത്തല്‍ പിന്നീടുണ്ടായിട്ടില്ല.

അതിനുശേഷമുള്ള മനുഷ്യവംശചരിത്രം പ്രവാസങ്ങളുടെ ചരിത്രമാണ്. (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ പ്രസിദ്ധമായ ആദിവചനത്തെ തിരുത്തുകയല്ല ഞാന്‍ ചെയ്യുന്നത്). മനുഷ്യന്‍ ഈ ഭൂലോകം മുഴുവന്‍ ഒഴുകിപ്പരന്നതിന്റെ ചരിത്രമാണിത്. ഭാഷകളും സംസ്‌കാരങ്ങളും മതങ്ങളും ആചാരവിശേഷങ്ങളും അതിര്‍ത്തികളും ആശയങ്ങളും ഉണ്ടായതിന്റെ ചരിത്രം. വന്‍കരകളില്‍നിന്ന് വന്‍കരകളിലേക്കുള്ള മനുഷ്യവംശത്തിന്റെ കൂട്ടപ്പലായനത്തിന് സൈദ്ധാന്തികവും ചരിത്രപരവുമായ ഒരു വിശദീകരണമാണ് മോശയുടെയും ഇസ്രായേല്‍ ജനതയുടെയും പലായനം വര്‍ണിക്കുന്ന പഴയ നിയമത്തിലെ പുറപ്പാട്.

പടയോട്ടങ്ങളും വെട്ടിപ്പിടിത്തങ്ങളും പുതിയ ഭൂവിഭാഗങ്ങള്‍ തേടിയുള്ള കടല്‍യാത്രകളും കണ്ടെത്തലുകളും അധിനിവേശങ്ങളും ഒഴിവാക്കിയാല്‍ ചരിത്രം ഒരു മൃതപിണ്ഡമാണ്. ചരിത്രത്തില്‍നിന്ന് പ്രവാസം നീക്കിയാല്‍ പിന്നെ ചരിത്രം ബാക്കികാണില്ല. മനുഷ്യരാണ് ചരിത്രമുണ്ടാക്കുന്നതെന്നതെന്ന്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ പ്രവാസികളാണ് ചരിത്രരചയിതാക്കള്‍.

പുറപ്പാടുകളുടെ ആ വലിയ ഭൂമികയില്‍ മലയാളിയുടെ പ്രവാസത്തിന് ഒരു അയല്‍പക്കസന്ദര്‍ശനത്തിന്റെ വലുപ്പവും ദൈര്‍ഘ്യവുമേയുള്ളൂ. അത്ര ചെറുതാണെന്ന് സാരം. എങ്കിലും അതുണ്ടാക്കിയ ഫലങ്ങള്‍ അളക്കാന്‍ കഴിയുന്നതിലേറെയാണ്. മലയാളിയുടെ പ്രവാസമെന്നുപോലും അതിനെ വിളിക്കാനാവില്ല. അറബിക്കടല്‍ ആയിരത്താണ്ടുകള്‍കൊണ്ട് പണിതീര്‍ത്ത ഈ ഹരിതഭൂമിയില്‍ മലകയറിക്കടന്നും കടല്‍ കടന്നും വാസമുറപ്പിച്ചവര്‍ മലയാളികളായി മാറുന്നത് സമീപകാല ചരിത്രമാണ്. കാടുകളിലും മേടുകളിലും തേനുണ്ടും തിനയുണ്ടും കഴിഞ്ഞ തേന്‍കുറുമരും മറവരും ചതുപ്പുനിലങ്ങളിലും അരുവിത്തടങ്ങളിലും കായല്‍നിലങ്ങളിലും മീന്‍പിടിച്ചു കഴിഞ്ഞ മീന്‍ കുറുമരും പ്രവാസികളായി ഇവിടെയെത്തിയ അത്യന്തം വ്യതിരിക്തമായ നടപ്പും കിടപ്പുമുള്ള ജനസഞ്ചയവും ചേര്‍ന്ന് സംഗമിച്ചും സങ്കരിച്ചും മലയാളിയായി ഭവിക്കുകയാണു ചെയ്തത്. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല. എല്ലാ ദേശത്തിന്റെയും പരിണാമചരിത്രം ഇതൊക്കെത്തന്നെ. ഇങ്ങനെ മലയാളിയായിത്തീര്‍ന്നവര്‍ അന്യനാടുകളിലേക്ക് പുറപ്പാടു തുടങ്ങിയത് ഏറെ നാളുകള്‍ക്കു ശേഷമാണ്. ഒറ്റപ്പെട്ട ചില സഞ്ചാരങ്ങളെപ്പറ്റിയല്ല പറയുന്നത്.

മലയാളിയുടെ പ്രവാസസ്വഭാവത്തെക്കുറിച്ച് അതിശയോക്തി നിറഞ്ഞ ചില നര്‍മകഥകള്‍ പ്രചാരത്തിലുണ്ട്. എവറസ്റ്റ് കൊടുമുടിയില്‍ 'ചായമക്കാനി' നടത്തുന്ന തലശ്ശേരിക്കാരന്‍ കാക്കയെക്കുറിച്ചാണ് ഒരു കഥ. ഈ കഥകളിലൂടെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസികള്‍ മലയാളികളാണെന്നു ധരിച്ചുവശായിട്ടുണ്ട്. അതത്ര ശരിയൊന്നുമല്ല. എങ്കിലും പ്രവാസികള്‍ ചേര്‍ന്ന് രൂപപ്പെട്ടുവന്ന ഒരു സമൂഹത്തില്‍ പ്രവാസത്തിന്റെ ജീന്‍ സാമാന്യം ശക്തമായി ഇന്നും വാഴ്ച നടത്തുന്നതില്‍ അതിശയപ്പെടാനുമില്ല.

രണ്ട്
കേരളസമൂഹം ഒരു അതിശയകുടുംബമാണ്, നമ്മള്‍ തേടിപ്പോയ നാടുകളെക്കാള്‍ നമ്മളെ തേടിവന്ന നാടുകളാണ് കൂടുതല്‍. കാലവര്‍ഷക്കാറ്റുകളോടും ഞാറ്റുവേലകളോടുമാണ് നമ്മളതിന് നന്ദി പറയേണ്ടത്. കേരളത്തിന്റെ മലങ്കാടുകളില്‍ സമൃദ്ധമായി വളര്‍ന്ന കുരുമുളക്, ഏലം, കരയാമ്പൂ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ മത്തുപിടിപ്പിക്കുന്ന മണമാണ് മറുനാട്ടുകാരെ ഈ മണ്ണിലേക്ക് ആദ്യം ആകര്‍ഷിച്ചത്. ഉളിത്തലപ്പുകളുടെ സ്​പര്‍ശമേല്ക്കുമ്പോള്‍ തുടുക്കുന്ന കരിവീട്ടിക്കാതലുകള്‍കൊണ്ട് പണിതീര്‍ത്ത ദേവാലയങ്ങളുടെ കഥ പഴയ നിയമത്തില്‍ ഏറെയുണ്ട്. കഴിഞ്ഞ രണ്ട് ആയിരത്താണ്ടുകളില്‍ ലോകത്തിന്റെ വ്യാപാരഭൂപടത്തില്‍ ഈ കര ഏറ്റവും സവിശേഷസാന്നിധ്യങ്ങളില്‍ ഒന്നായിരുന്നു. അതിന് ഒരു കാരണം നമ്മുടെ കാലവര്‍ഷക്കാറ്റുകള്‍ ആണ്. അറബി - ആഫ്രിക്കന്‍ തീരങ്ങളില്‍നിന്ന് കടല്‍പ്പായ നീര്‍ത്തിയാല്‍ കപ്പലുകള്‍ ഒഴുകിയെത്തുന്ന തീരം മലബാര്‍കരയായിരുന്നു. വാണിജ്യവും മതവും സംസ്‌കാരവും ഒക്കെ ഇങ്ങനെ കാലവര്‍ഷവാതത്തില്‍ ഒഴുകി ഈ തീരത്തടുത്തതാണ്. ഈ കടല്‍ത്തീരത്തുനിന്ന് അവന്‍ കടലിനക്കരയുള്ള വിദേശനാടുകളെ സ്വപ്‌നം കാണാന്‍ തുടങ്ങിയത് കടലിലൂടെ കച്ചവടക്കാര്‍ ഈ രാജ്യത്തെത്താന്‍ തുടങ്ങിയതിനു ശേഷമാണ്.

വന്നവര്‍ കച്ചവടം നടത്തുകയും തിരിച്ചുപോവുകയും വീണ്ടും വരികയും ചെയ്തു. ചിലരൊക്കെ ഇവിടെ കുടുംബം വസിപ്പിച്ചു. ഈ കച്ചവടക്കാരുടെ കൂടെ ചിലരൊക്കെ നാടുവിട്ടു. ചിലര്‍ അടിമകളായി. ചിലര്‍ നാടു കാണാന്‍.... അങ്ങനെയങ്ങനെ. അവരായിരിക്കണം ആദ്യത്തെ നമ്മുടെ പ്രവാസികള്‍. എങ്കിലും പുറപ്പാടിന്റെ ഉരുള്‍പൊട്ടല്‍ ഉണ്ടായില്ല.

മൂന്ന്
ശരിക്കും മലയാളിയുടെ പ്രവാസത്തിന്റെ ആദ്യ നൂറ്റാണ്ട് ഇതുതന്നെ. ഭൗതികവും ചരിത്രപരവുമായ ഒട്ടേറെ കാരണങ്ങള്‍ അതിനുണ്ട്. അത്തരം ഒരു വിശദീകരണം ഈ ചെറുകുറിപ്പിന് താങ്ങാനാവില്ല. എങ്കിലും ചിലതൊക്കെ പറയേണ്ടിവരും. അതീ കുറിപ്പില്‍ പലയിടത്തായി ചിതറിക്കിടപ്പുണ്ടാവും.

പ്രകീര്‍ത്തിക്കപ്പെടുന്ന വലിയ പുറപ്പാടുകളെല്ലാം രാഷ്ട്രീയകാരണങ്ങളാലുണ്ടായതാണ്. പടയോട്ടങ്ങള്‍, അഭയാര്‍ഥിപ്രവാഹങ്ങള്‍, വംശീയസംഘര്‍ഷങ്ങള്‍. അങ്ങനെ പല കാരണങ്ങളാല്‍ അറിയപ്പെടുന്ന ഏറ്റവും വലിയ പുറപ്പാടായ മോസസ്സിന്റെ സഞ്ചാരംതന്നെ തികഞ്ഞ രാഷ്ട്രീയപ്രശ്‌നമാണ്. അലക്‌സാണ്ടറിന്റെയും തിമൂറിന്റെയും ബാബറിന്റെയും പടയോട്ടങ്ങള്‍, കുരിശുയുദ്ധങ്ങള്‍, കോളനിവത്കരണം തുടങ്ങിയവയെല്ലാം ഈ വകുപ്പില്‍പ്പെടും.

മറ്റൊന്ന് വിളഭൂമിയും മേച്ചില്‍പ്പുറങ്ങളും തേടിയുള്ള കുടിയേറ്റങ്ങളാണ്. ധ്രുവപ്രദേശങ്ങളില്‍നിന്ന് ഉത്തരായന പ്രദേശങ്ങളിലേക്കുള്ള അതിപുരാതനമായ കുടിയേറ്റം. മധ്യേഷ്യയില്‍നിന്നുള്ള ആര്യജനതയുടെ ഒഴുകിപ്പരക്കല്‍. ഇതൊക്കെ ഈ ഗണത്തില്‍പ്പെടുത്താം. സമൂഹം ഒന്നിച്ചുള്ള ഒരു ഇളകിയൊഴുക്കാണത്.

മലയാളിയുടെ പ്രവാസം ഈ ഗണത്തിലൊന്നുംപെടില്ല. നാടുകടത്തല്‍ കഥകള്‍പോലും വിരളം. എന്നന്നേക്കുമായി വേരുകള്‍ പറിച്ചെറിഞ്ഞ് മലയാളിക്ക് ഒരിക്കലും പുറപ്പെടേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ തിരിച്ചുവരാന്‍ വേണ്ടിയാണ് അവനെന്നും നാടുവിട്ടത്.
പ്രധാനമായും ഇരതേടിയാണ് അവന്‍ നാടു കടന്നത്. അതുകൊണ്ട് കൈയില്‍ കിട്ടിയ ഇരയുമായി അവന് തിരിച്ചുവരാതെ വയ്യ. മറിച്ചുള്ള ചില കഥകള്‍ കണ്ടേക്കാം. പക്ഷേ, അത് പൊതുധാരയില്‍ വരുന്നില്ല. ഈ ഭൂമികയില്‍ നിന്നായിരിക്കണം കഴിഞ്ഞ നൂറ്റാണ്ടിലെ പ്രവാസചരിത്രം എഴുതിത്തുടങ്ങേണ്ടതെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയിലെത്തന്നെ മറ്റു ദേശങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഇത്തരം ചില സ്വഭാവസവിശേഷതകള്‍ മലയാളി പ്രവാസിക്കുണ്ടായിരുന്നു. കിട്ടിയതെല്ലാം അവന്‍ തന്റെ നാട്ടിന്‍പുറത്തേക്ക് കടത്തി. അവനോടൊപ്പം പതുക്കെയെങ്കിലും അവന്റെ നാട്ടിന്‍പുറവും ചിലതൊക്കെ നേടി. ബോധപൂര്‍വമായ ശ്രമമൊന്നുമായിരുന്നില്ല ഇത്.

നാല്
കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ത്തന്നെ മലയാളിയുടെ പ്രവാസം ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്ക് ചുറ്റുമുള്ള മറ്റു ബ്രിട്ടീഷ് അധിനിവേശ സ്ഥലങ്ങളിലേക്കുതന്നെയായിരുന്നു കന്നിയാത്രകള്‍. സിലോണ്‍ (ഇന്നത്തേയും രാമായണകാലത്തേയും ശ്രീലങ്ക), ബര്‍മ, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങള്‍. 'കൊളമ്പിലേക്ക് പോയി', 'റങ്കൂണിലേക്ക് പോയി', 'പെനാങ്ങിലാ' എന്നൊക്കെയായിരുന്നു സാധാരണ കിട്ടുന്ന മറുപടി. എന്നാല്‍, ഈ സ്ഥലങ്ങളുടെ പരിസരങ്ങളിലൊന്നുമായിരുന്നിരിക്കില്ല പ്രവാസി പെരുമാറിയിരുന്നത്. അതിന്റെ കാരണം വഴിയെ വെളിപ്പെടും.

ഈ പ്രവാസങ്ങളുടെ ശരിയായ കാലനിര്‍ണയം ലഭിക്കണമെങ്കില്‍ സിലോണിലും ബര്‍മയിലും മലേഷ്യയിലും ബ്രിട്ടീഷ് ചായത്തോട്ടങ്ങള്‍ എന്ന് ആരംഭിച്ചു എന്ന കൃത്യമായ കണക്കു കിട്ടണം.ചായത്തോട്ടങ്ങളിലെ തൊഴിലാളികള്‍ എന്ന നിലയിലാണ് ദക്ഷിണേന്ത്യന്‍ വംശജര്‍ ഈ നാടുകളില്‍ എത്തുന്നത്. ഈ തൊഴിലാളികളില്‍ ഏറിയ കൂറും തമിഴരായിരുന്നു. മലയാളികളുടെ ശതമാനം വളരെ ചെറുതായിരിക്കും. എന്നാല്‍, ഈ തൊഴിലാളികളെ മേയ്ക്കാനായി നിയോഗിക്കപ്പെട്ടവരില്‍ ഏറിയകൂറും മലയാളികളായിരുന്നു. ഈ ചായത്തോട്ടങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ മിക്കതും മേല്പറഞ്ഞ നഗരങ്ങളിലായിരുന്നു. അതുകൊണ്ട് കത്തുകള്‍ വന്നുപോവുന്ന വഴികള്‍ ഈ നഗരങ്ങളിലായിരുന്നു. ഈ നാടുകളിലെ ചായത്തോട്ടങ്ങളായി മാറിയ കന്യാവനങ്ങള്‍ക്കരികിലൊന്നും തപാലാപ്പീസുകളോ തപാല്‍പ്പെട്ടികളോ കാണാനിടയില്ല. ഈ റിക്രൂട്ടുകളുടെ പിന്നാലെ മറ്റൊരു കൂട്ടര്‍കൂടി എത്തി. അവരില്‍ മലയാളികളായിരുന്നു കൂടുതല്‍. പ്രത്യേകിച്ചും മലയാളി മുസ്‌ലിങ്ങള്‍. ചെറുകിട കച്ചവടക്കാരായിട്ടാണ് ഇവരുടെ വരവ്. തോട്ടങ്ങളിലെ തൊഴിലാളികള്‍ പാര്‍ക്കുന്ന പാടികള്‍ക്കരികില്‍ ചെറിയ പലചരക്കുകടകള്‍ കെട്ടി അവര്‍ പാര്‍ക്കാന്‍ തുടങ്ങി. ഒരളവില്‍ ബ്രിട്ടീഷ് കമ്പനി ഉടമസ്ഥര്‍ക്ക് ഇതൊരു സഹായം കൂടിയായിരുന്നു. ഒരുപക്ഷേ, പിന്നാലെ ഒരു ഉപോത്പന്നമെന്ന നിലയില്‍ നടന്ന ഈ കുടിയേറ്റത്തിന് ഇംഗ്ലീഷുകാരുടെ പരോക്ഷമായ പ്രേരണയും ഉണ്ടായിരുന്നിരിക്കണം.

നാടുവാഴി ജന്മിമേധാവിത്വത്തിന്റെ ഒരുപാട് അസ്വാതന്ത്ര്യങ്ങളാണ് ഈ പുറപ്പാടുകളുടെ രാഷ്ട്രീയകാരണം. മുഖ്യമായും ജന്മിയുടെ കീഴില്‍ കുടിയാനായി കാര്‍ഷികവൃത്തി നടത്തുന്നവരായിരുന്നു ഗ്രാമീണരില്‍ ഏറിയകൂറും. ഈ വ്യവസ്ഥയില്‍ ജന്മിക്കും ജന്മിയുടെ കുടുംബത്തിലുള്ളവര്‍ക്കും ഒഴിച്ച് മറ്റൊരാള്‍ക്കും വളരാനും വികസിക്കാനുമുള്ള ഇടമില്ല. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പതുക്കെ പരക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ജന്മിമാരുടെ നിയോഗങ്ങള്‍ക്കപ്പുറത്തേക്ക് അതു കടന്നില്ല. അതുകൊണ്ട് അടിയാളരുടെ കുട്ടികള്‍ക്ക് നൂറ്റാണ്ടുകളായി ചുമക്കുന്ന നുകം ഇറക്കിവെച്ച് പുറംലോകത്തേക്ക് നോക്കാന്‍ കഴിഞ്ഞില്ല. ചാതുര്‍വര്‍ണ്യത്തിന്റെ മറ്റൊരു നുകംകൂടി അവരുടെ കഴുത്തിലുണ്ടായിരുന്നു. എന്നാല്‍, മുസ്‌ലിം - ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ തോളില്‍ ഒരു നുകം കുറവായിരുന്നതിനാല്‍ ഇടയ്‌ക്കൊക്കെ തല പൊന്തിച്ച് പുറംലോകത്തേക്കു നോക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സ്വന്തമായി വളരാനും നേടാനും താത്പര്യമുള്ള ചുണക്കുട്ടികള്‍ നാടുവിട്ട് ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്ക് കടന്നു.


ഹോട്ടല്‍ജോലിക്കാരായും തെരുവുകച്ചവടക്കാരായും മാറിയ ഇവരാണ് ഈ ചായത്തോട്ടങ്ങളുടെ പ്രാന്തപരിധികളില്‍ കുടില്‍ കെട്ടി കൊച്ചു പലചരക്കുകടകള്‍ ആരംഭിച്ചത്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പണിതീര്‍ന്ന പുത്തന്‍പണക്കാരുടെ മാളികവീടുകളുടെ ഉടമസ്ഥര്‍ ഇവരത്രേ. ഈ മാളികവീടുകള്‍ മാത്രമല്ല ഇവരുടെ ആഢ്യത്വത്തിന്റെ ചിഹ്നമായി മാറിയത്. ലോഭഭോഗ മോഹങ്ങളാല്‍ തകര്‍ന്നുകൊണ്ടിരുന്ന ജന്മിത്വത്തിന്റെ ഭൂസ്വത്തുക്കളില്‍ ഏറിയകൂറും വാങ്ങിക്കൂട്ടി ഇടപ്രഭുക്കളായി മാറിയതും ഇവരത്രേ!

1921 ലെ മലബാര്‍ കലാപത്തിനു മുന്‍പും പിന്‍പും ഈ വടക്കു കിഴക്കന്‍ യാത്രകള്‍ക്ക് ഗതിവേഗം കൂടി. ഒന്നാംലോകമഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ കടുത്ത ദാരിദ്ര്യവും ഇതിനു കാരണമാവാം. മലയാളിയുടെ പ്രവാസത്തിന് രാഷ്ട്രീയകാരണങ്ങളില്ല എന്ന് ആദ്യമേ പറഞ്ഞുവെച്ചിട്ട് രാഷ്ട്രീയകാരണങ്ങളാണല്ലോ നിരത്തുന്നത് എന്ന സംശയം വരാം. ഇരതേടിത്തന്നെയാണ് മലയാളി യാത്രതിരിച്ചത്. അരാഷ്ട്രീയമെന്ന് തോന്നിയേക്കാവുന്ന എല്ലാ സാധാരണസംഭവങ്ങള്‍ക്കു പിന്നിലും തികച്ചും രാഷ്ട്രീയമായ ചില വിവക്ഷകള്‍ സ്വാഭാവികം. പ്രവാസത്തിന് പ്രത്യക്ഷമായി രാഷ്ട്രീയസ്വഭാവം ഉണ്ടായിരുന്നില്ലെന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.

ഈ പ്രവാസികളില്‍ ഏറിയകൂറും തിരിച്ചുവന്നുകഴിഞ്ഞു. ചിലരൊക്കെ അവിടെ കുടുംബം വസിപ്പിച്ചിരിക്കാം. കുടുംബം സ്ഥാപിച്ചവരില്‍ത്തന്നെ പലരും തിരിച്ചുപോന്നിട്ടുണ്ട്. ചുരുക്കത്തില്‍ ഈ ദേശങ്ങളുടെ സാമൂഹികശരീരത്തില്‍ അധികാരത്തിന്റെ പുതിയ സമവാക്യങ്ങള്‍ ചേര്‍ക്കാന്‍ അവര്‍ നിന്നില്ല. ജന്മനാട്ടിലേക്ക് തിരിച്ചുപോരണമെന്ന മലയാളിയുടെ തീവ്രമായ അഭിലാഷം മരണംവരെ മറ്റൊരിടത്ത് തങ്ങാന്‍ അവനെ അനുവദിക്കുന്നില്ല. എന്നാല്‍, ഈ ദേശങ്ങളിലേക്ക് നാടുകടന്ന തമിഴര്‍ അവിടെ സ്ഥിരതാമസമാക്കി. അതിന്റെ അനന്തരഫലങ്ങള്‍ വിശദീകരിക്കേണ്ടതില്ല. അതിന്ന് ശ്രീലങ്കയുടെ രാഷ്ട്രീയത്തെ മാത്രമല്ല കുഴക്കുന്നത്, നമ്മെയൊക്കെ ഭീതിദമായ വിധം അലട്ടുന്നു. ഇതിന്റെ കൂടെ രസകരമായ മറ്റൊരു കുടിയേറ്റകഥ ചേര്‍ത്തുവെക്കാം. തെങ്ങും തേങ്ങയും കേരളത്തിലെത്തിയ കഥ. തെങ്ങിനോടൊപ്പം കേരളത്തിലെത്തിയവരാണുപോലും ഈഴവര്‍. ഈഴവത്ത് നാട്ടില്‍നിന്ന് കടല്‍ കടന്നെത്തിയ ഈഴവര്‍. ഈഴവത്ത് നാട് സിലോണാണ്. കടത്തനാട്ട് ചേകോന്മാരും അവിടെനിന്നെത്തിയവരാണെന്ന് ഒരു വടക്കന്‍പാട്ടിലുണ്ട്.


അഞ്ച്

എന്നാല്‍, കേരളത്തിലെ (മലബാര്‍ എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം-അല്ലെങ്കില്‍ പഴയ ബ്രിട്ടീഷ് മലബാറിലെ) ഏറ്റവും വലിയ പുറപ്പാടുകാലം ആരംഭിച്ചത് 1930 കള്‍ക്കു ശേഷമാണ്. 1930 കളിലാണ് അറേബ്യയില്‍ ആദ്യമായി എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍, അതിനുമുന്‍പും അറേബ്യയിലേക്കു യാത്ര തിരിച്ചിട്ടുണ്ട്. മുസ്‌ലിങ്ങളുടെ പുണ്യഭൂമിയായ മക്കയും മദീനയും അവിടെ യായതുകൊണ്ടു മാത്രമല്ല ഇവ്വിധം സംഭവിച്ചത്. ആയിരത്താണ്ടുകളുടെ കച്ചവടങ്ങളുടെയും സൗഹൃദങ്ങളുടെയും തുടര്‍ച്ചകൂടിയാണത്. അറബി മഞ്ചികളിലും പത്തേമാരികളിലും കയറി ഒരുപാട് കേരളീയര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ചെങ്കടല്‍ത്തീരങ്ങളിലുമുള്ള ഒരുപാട് തുറമുഖങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവിടെ നാനാവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവസന്ധാരണം നടത്തിയിട്ടുണ്ട്. എന്നെങ്കിലും അറേബ്യയില്‍ എണ്ണ കണ്ടെത്തുമെന്നും അപ്പോള്‍ സമ്പന്നരാവാം എന്ന ഒരുദ്ദേശ്യവും ഈ സഞ്ചാരകര്‍ക്ക് ഉണ്ടായിരുന്നില്ല.

കാലിഫോര്‍ണിയയില്‍ സ്വര്‍ണം കണ്ടെത്തിയപ്പോള്‍ ഉണ്ടായ വിഭ്രമങ്ങളുടെ തുടര്‍ച്ചപോലെ തോന്നി മരുഭൂമിയിലെ എണ്ണ കണ്ടെത്തല്‍. കാലിഫോര്‍ണിയയുമായുള്ള താരതമ്യം അപകടകരമാണെന്ന് അറിയാഞ്ഞിട്ടല്ല. മനുഷ്യന്റെ ലോഭം സര്‍വനാശത്തിലേക്കാണ് വഴിതെളിയിക്കുക എന്നതിന്റെ ഏറ്റവും ശക്തമായ തെളിവായിരുന്നു കാലിഫോര്‍ണിയന്‍ ദുരന്തം. അറേബ്യന്‍ ഉപവന്‍കരയിലെ സമീപകാലസംഭവവികാസങ്ങള്‍ ചെറിയ അളവിലാണെങ്കിലും അത്തരം ഭയാശങ്കകള്‍ ഉണര്‍ത്തുന്നുണ്ട്.


എണ്ണ കണ്ടെത്തിയതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പ്രവാസികള്‍ അറേബ്യന്‍ ഉപവന്‍കരയിലേക്ക് ഒഴുകാന്‍ തുടങ്ങി. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ തൊഴിലന്വേഷകര്‍ കേരളത്തില്‍നിന്നുമാണെത്തിയത്. അറേബ്യയിലെ നിര്‍മാണവിപ്ലവത്തിലേക്കാണ് നമ്മള്‍ എടുത്തുചാടിയത്. ഇങ്ങനെ അവിടെ എത്തിപ്പെട്ട മലയാളികളില്‍ സാങ്കേതികജ്ഞാനമുള്ളവര്‍ കുറവായിരുന്നു. എണ്ണത്തില്‍ കൂടുതലുള്ളവര്‍ മുന്‍കാല പരിചയമില്ലാത്ത സാധാരണ ചെറുപ്പക്കാരായിരുന്നു. എലിമെന്ററി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ളവര്‍. അതുകൊണ്ടുതന്നെ വെറും 'മെക്കാട്ട്' പണിയാണ് അവര്‍ക്കു കിട്ടിയത്. പൊരിവെയിലത്ത് മണ്ണ് ചുമന്നും കല്ല് ചുമന്നും സിമന്റ് ചുമന്നും അവര്‍ അറേബ്യയില്‍ പുതുനഗരങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അങ്ങനെ ഭൂപടത്തില്‍ ദിവസങ്ങള്‍കൊണ്ട് പുതിയ നഗരങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഇങ്ങനെ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ കാശത്രയും അവര്‍ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ പണം ഗ്രാമങ്ങളില്‍ കുമിഞ്ഞുകൂടിയ മറ്റൊരുകാലം ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല.

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ ഒരു പഠനപ്രകാരം 14, 12,100 ഗള്‍ഫ് മലയാളികള്‍ 1998-ല്‍ മാത്രം കേരളത്തിലെ ഗ്രാമങ്ങളിലേക്ക് 3530.40കോടി രൂപ അയച്ചിട്ടുണ്ട്. അതേവര്‍ഷം ഒഴിവുകാലം ചെലവഴിക്കാന്‍ കേരളത്തിലെത്തിയ പ്രവാസികള്‍ 541 കോടി രൂപയുടെ സാധനസാമഗ്രികളും കൊണ്ടുവന്നിട്ടുണ്ട്. ഇതു സര്‍ക്കാര്‍ കണക്കാണ്. കുഴല്‍പ്പണരൂപത്തിലും മറ്റ് അനധികൃത വിനിമയങ്ങളിലൂടെയും കേരളത്തിലെത്തിയ സംഖ്യ ഇതില്‍ പെടില്ല. സാധനസാമഗ്രികളുടെ വില കസ്റ്റംസുകാരാണ് കണക്കാക്കുന്നത്. യഥാര്‍ഥവിലയില്‍നിന്ന് എത്ര കുറവായിരിക്കും ഈ തുകയെന്ന് തിട്ടപ്പെടുത്താനാവില്ല. ഗള്‍ഫിലേക്കുള്ള കുടിയേറ്റം ഏറ്റവും കുറഞ്ഞ കാലത്തെ കണക്കാണിത്. പോയവരില്‍ ഏറിയപങ്കും തിരിച്ചെത്തിയ കാലത്തെ കഥ. ചുരുക്കത്തില്‍ ഒരു ഗള്‍ഫ് മലയാളി ശരാശരി കാല്‍ലക്ഷം രൂപ വര്‍ഷന്തോറും വീട്ടിലെത്തിക്കുന്നുണ്ട്.ഇങ്ങനെ പണമായും സാധനമായും ഒരു വര്‍ഷം കേരളത്തിലെത്തുന്ന 4,071 കോടി രൂപ എവിടെപ്പോയി മറയുന്നുവെന്ന് ഒരു പിടിയും കിട്ടുന്നില്ല. കേരളത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ 10.7% ആണ് ഈ തുക. കേരളത്തിന്റെ വാര്‍ഷികപദ്ധതി വിഹിതത്തിന്റെ രണ്ടര ഇരട്ടിയാണ് ഈ തുക. കാലാകാലങ്ങളില്‍ കേരളം ഭരിച്ച ഭരണനേതൃത്വങ്ങളുടെ ഭാവനാശൂന്യത കാരണം ഈ തുക കേരളത്തിന്റെ മൊത്തം പുരോഗതിക്ക് ഉപയുക്തമാക്കാന്‍ കഴിഞ്ഞില്ല.

ആറ്

ഗള്‍ഫ് പണം പുരോഗതിയുടെ ഒരു വിഭ്രമം സൃഷ്ടിച്ചു. പുറംകാഴ്ചയില്‍ സമ്പന്നങ്ങളായ നാട്ടിന്‍പുറങ്ങള്‍, പുത്തന്‍ വീടുകള്‍, ഉപഭോഗവസ്തുക്കള്‍ കുന്നുകൂടിയ കച്ചവടപ്പീടികകള്‍, പുറംമോടിയിലും അകക്കാഴ്ചയിലും സമ്പന്നമായ കഫേകളും റസ്റ്റോറന്റുകളും. എന്നാല്‍, യഥാര്‍ഥ പുരോഗതി ഇതൊന്നും ആവശ്യപ്പെടുന്നില്ല. അയയ്ക്കുന്ന പണമത്രയും പാഴായിപ്പോവുകയാണെന്ന് പ്രവാസികള്‍ അറിഞ്ഞില്ല. പുനരുത്പാദന മേഖലയില്‍ പണമിറക്കാതെ ഒന്നും നേടാനാവില്ലെന്ന് അവനോര്‍ത്തില്ല. എണ്ണയൊഴുക്കും അതോടൊന്നിച്ചുള്ള തൊഴില്‍സൗകര്യങ്ങളും എന്നും നിലനില്ക്കുമെന്ന് അവന്‍ വ്യാമോഹിച്ചു. ഒരിക്കല്‍ എന്നന്നേക്കുമായി തിരിച്ചുപോവേണ്ടിവരുമെന്നുപോലും അവനോര്‍ത്തില്ല. അവനെ അതോര്‍മിപ്പിക്കാന്‍ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ തയ്യാറായതുമില്ല. അവര്‍ക്കും പ്രധാനം തത്കാലം ഒപ്പിച്ചെടുക്കാന്‍ പറ്റുന്ന സംഭാവനകളും മറ്റു കൗതുകങ്ങളുമായിരുന്നു.

മനുഷ്യരല്ലേ? അനുഭവങ്ങള്‍ കണ്ണുതുറപ്പിക്കാന്‍ പ്രേരിപ്പിക്കും -

ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ ഗള്‍ഫില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അപകടം ബോധ്യമായി. എത്തിപ്പെട്ട എല്ലാ രാജ്യങ്ങളില്‍നിന്നും തിരിച്ചുപോവേണ്ടിവരുമെന്ന് അവനറിഞ്ഞു. പ്രവാസികളെ മാത്രമല്ല ഈ സംഭവവികാസങ്ങള്‍ അങ്കലാപ്പിലാക്കിയത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഉള്ളെത്ര പൊള്ളയാണെന്ന് ഈ അമ്പരപ്പ് ബോധ്യപ്പെടുത്തി.

നികന്നുകൊണ്ടിരിക്കുന്ന കൃഷിയിടങ്ങള്‍, പൂട്ടിക്കൊണ്ടിരിക്കുന്ന ഫാക്ടറികള്‍ - ഇതിനിടെ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം കേരളത്തെ അക്ഷരാര്‍ഥത്തില്‍ പുലര്‍ത്തിയത് ഈ ഗള്‍ഫ് പണമാണ്. പ്രവാസിയുടെ വീട്ടുകാരനോടൊപ്പം അതിന്റെ സദ്ഫലങ്ങള്‍ എല്ലാവരും അനുഭവിച്ചിരുന്നു. കച്ചവടക്കാരനും കൈവേലക്കാരനും കൃഷിക്കാരനും കൂലിപ്പണിക്കാരനും മത്സ്യത്തൊഴിലാളിയുമെല്ലാം. ഈ പണമാണ് ഒഴുകിയൊഴുകി എല്ലായിടവും നനച്ച് പച്ചപ്പിന്റെ പ്രതീതി തീര്‍ത്തത്. ഇതു വറ്റുന്നതോടെ കേരളം വരളും എന്നെല്ലാവരുമറിഞ്ഞു.


വിദ്യാഭ്യാസ ആരോഗ്യാദി മേഖലകളില്‍ കേരളം കൈവരിച്ച സ്ഥായിയായ പുരോഗതിയുടെ ഒരു ഫലം കയറ്റി അയയ്ക്കാന്‍ ആവോളം അധ്വാനശക്തിയാണ്. യുദ്ധം അതിന്റെ മാര്‍ക്കറ്റില്‍ ആണ് പെട്ടെന്ന് കടന്നാക്രമണം നടത്തിയിരിക്കുന്നത്.


യുദ്ധം ഇല്ലാതിരുന്നാല്‍പ്പോലും ഈ അമ്പരപ്പ് അവസാനിക്കുന്നില്ല. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചുകഴിഞ്ഞു. അവിടത്തെ ജനസഞ്ചയത്തിനു വേണ്ട പാര്‍പ്പിടങ്ങളും റോഡുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായിക്കഴിഞ്ഞു. ഇനി ഈ 'മെക്കാട്ട്' പണിക്കാരെ ആര്‍ക്കു വേണം? സാങ്കേതികമേഖലയിലാണെങ്കിലോ? അവിടെത്തെ പുതിയ തലമുറ ഈ കഴിവുകള്‍ സ്വായത്തമാക്കിക്കഴിഞ്ഞു. തൊഴിലിന്റെ ഓരോ മേഖലയില്‍നിന്നും മറുനാട്ടുകാര്‍ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. പഴയ നിരക്കില്‍ കൂടിയ വേതനത്തിന് ബാക്കിയുള്ളവരെ നിലനിര്‍ത്താന്‍ അവരാഗ്രഹിക്കുന്നുമില്ല. ഒടുക്കം എല്ലാവര്‍ക്കും തിരിച്ചുപോരേണ്ടിവരും. ഗള്‍ഫ് എന്ന മോഹനിദ്രയില്‍നിന്ന് നമ്മളുണരാന്‍ പോവുകയാണ്.


ഏഴ്

തിരിച്ചൊഴുക്കിന്റെ കണക്കിതാ. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്കാണിത്. 14 ലക്ഷത്തിലേറെ വരുന്ന ഗള്‍ഫ് മലയാളികളില്‍ 80 ശതമാനം പേര്‍ക്കും ഔപചാരിക സാങ്കേതിക വിദ്യാഭ്യാസമില്ല. അവര്‍ക്കെന്തായാലും അതിവേഗം തിരിച്ചുപോരേണ്ടിവരും.
1998 ന്റെ അവസാനനാളുകള്‍വരെ എന്നന്നേക്കുമായി തിരിച്ചുവന്നവരുടെ എണ്ണം 7,39,000. രണ്ടായിരാമാണ്ട് കഴിയുന്നതോടെ തിരിച്ചുവരുന്നവരുടെ എണ്ണം പന്ത്രണ്ടര ലക്ഷമായി ഉയരും. 2002-ല്‍ കേവലം ഒന്നേമുക്കാല്‍ ലക്ഷം മലയാളികളായിരിക്കും ഗള്‍ഫില്‍ അവശേഷിക്കുക.

ഈ എണ്ണത്തില്‍ കുടുങ്ങി വലയുമ്പോള്‍ ഒരു കാര്യംകൂടി ഓര്‍ത്തിരിക്കുന്നത് നല്ലതാണ് - മടങ്ങിപ്പോരുന്നവരുടെ ശരാശരി പ്രായം മുപ്പത്തിനാലു വയസ്സ് ആണെന്നതാണത്. നമ്മുടെ നാട്ടില്‍ ഒരു സാധാരണ യുവാവ് സ്വന്തമായി വരുമാനമുണ്ടാക്കാനും കുടുംബം പുലര്‍ത്താനും തുടങ്ങുന്ന പ്രായമാണിത്. ഇവരെങ്ങനെ പുലരും? അല്ലെങ്കില്‍ ഇവരെ എങ്ങനെ പുലര്‍ത്തും? ഇവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എന്ത്? ഇവര്‍കൂടി വന്നെത്തുമ്പോള്‍ തൊഴിലന്വേഷണമേഖലയില്‍ ഉണ്ടാവുന്ന വന്‍ സമ്മര്‍ദത്തെ കേരളത്തിന് എങ്ങനെ അതിജീവിക്കാന്‍ കഴിയും?


1998 വരെ തിരിച്ചു വന്ന ഏഴര ലക്ഷം മലയാളികള്‍ എങ്ങനെ പുലരുന്നുവെന്ന ഒരന്വേഷണവും പ്രസക്തമാണ്. ഏതായാലും ജീവിക്കാന്‍വേണ്ടി പൊരുതി നാടുവിട്ടവര്‍ അങ്ങനെ തോറ്റുകൊടുക്കുമെന്ന് വിചാരിക്കുന്നത് മൗഢ്യമല്ലേ?


തിരിച്ചുവന്നവരില്‍ 38 ശതമാനം പേര്‍ സ്വന്തമായി ചില ഏര്‍പ്പാടുകളുമായി കഴിയുന്നു. എല്ലാം ചില സ്വയംതൊഴില്‍ കണ്ടെത്തല്‍ പരിപാടികള്‍ തന്നെ. 26 ശതമാനം പേര്‍ പഴയ തൊഴിലുകളിലേക്ക് തിരിച്ചുപോയിരിക്കുന്നു. മരാശാരികള്‍, കല്ലാശാരിമാര്‍, തുന്നല്ക്കാര്‍, ബാര്‍ബര്‍മാര്‍, ലീവെടുത്ത് ഗള്‍ഫില്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചായംപൂശുകാര്‍, ഇലക്ട്രിക് വയര്‍മേന്മാര്‍ ഇവരൊക്കെ ഇതില്‍പ്പെടുന്നു. ബാക്കിയുള്ള 36 ശതമാനം പേര്‍ എന്തു ചെയ്യുന്നു?


അവര്‍ സമ്പന്നരായി തിരിച്ചുവന്നവരാണോ? അങ്ങനെ വരുന്നവരുടെ എണ്ണം ഏറ്റവും ചെറിയ ശതമാനമായിരിക്കും. അവശേഷിക്കുന്ന നൂറില്‍ 36 പേരില്‍ 34പേരും ഇന്ന് ജീവിതസന്ധാരണത്തിന് മാര്‍ഗമില്ലാതെ അലയുകയാണ്. സമ്പാദ്യം മുഴുവനും കോണ്‍ക്രീറ്റ് വീടുകള്‍ക്കും ബന്ധുക്കളുടെ ദുരിതപരിഹാരത്തിനുമായി ചെലവഴിച്ച് അശരണരായി തിരിച്ചെത്തിയവരാണവര്‍.


ഗള്‍ഫിലേക്ക് അവരെ നയിച്ച ഏറ്റവും തരളമായ സ്വപ്‌നങ്ങളിലൊന്ന് ആകാശത്തിനു കീഴില്‍ സ്വന്തമായ ഒരു മേല്‍ക്കൂരയായിരുന്നു. ഏറ്റവും വലിയ സ്വപ്‌നത്തെ കുടഞ്ഞെറിയുന്ന തിരക്കിലാണവര്‍. ഈ വീടുകള്‍ ഓരോന്നായി വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നു. മരുഭൂമിയില്‍ ജോലി ചെയ്ത കാലമത്രയും അവരറിയാതെതന്നെ സ്വന്തം നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങായി നിന്നവരാണവര്‍. സ്വന്തം ഗ്രാമത്തിന്റെ പുരോഗതിക്ക് കൈയയച്ച് സംഭാവന നല്കിയവരാണവര്‍. നമ്മുടെ നാട്ടിലെ ഗ്രാമീണ വിദ്യാലയങ്ങളും വായനശാലകളും നിരത്തുകളും പണിതുയര്‍ത്തുന്നതില്‍ പങ്കാളികളായവരാണവര്‍. കേരളത്തിന് അവരെ ഉപേക്ഷിക്കാനാവില്ല.


ഉത്സവം കഴിഞ്ഞു. കൊടിയിറങ്ങിക്കഴിഞ്ഞു. ഇനി അടുത്ത ഉത്സവപ്പറമ്പിലേക്ക് വലിഞ്ഞുനടന്നാലോ? ആവില്ല. ഇനി ഉത്സവങ്ങളില്ല എന്നതാണു നേര്.


ഒരു കാര്യം സത്യം. അയല്‍ക്കാരന്റെ തീന്മേശയിലെ അപ്പം കണ്ടുകൊണ്ട് നമുക്കിനി നമ്മുടെ കിണ്ണങ്ങള്‍ നിരത്താനാവില്ല. നമ്മുടെ അപ്പം നാംതന്നെ ചുട്ടെടുക്കേണ്ടിയിരിക്കുന്നു.


(പ്രവാസിയുടെ കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment