Friday, 22 March 2013

[www.keralites.net] പെണ്ണിന്റത്ര ബുദ്ധിയില്ല ആണിന്...!

 

പെണ്ണിന്റത്ര ബുദ്ധിയില്ല ആണിന്...!


നിങ്ങള്‍ക്ക് എത്ര തലച്ചോറുകളുണ്ട്?
സ്വാഭാവികമായിട്ടും ഒന്ന് എന്നായിരിക്കും ഉത്തരം. പക്ഷേ, ഇടതും വലതുമായി രണ്ട് അര്‍ധഗോളങ്ങളായി തലച്ചോര്‍ നെടുകെ വിഭജിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. ഓരോ അര്‍ധഗോളത്തിനും ഒരു പരിധിവരെയെങ്കിലും അതിന്റെതായ ധര്‍മങ്ങളും പ്രവര്‍ത്തനരീതികളുമുണ്ട്. മാത്രമല്ല ഓരോ അര്‍ധഗോളവും വ്യത്യസ്ത സ്വഭാവവിശേഷങ്ങളുടെ ഇരിപ്പിടമാണത്രേ. ഈ കണ്ടെത്തലിനാണ് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ റോജര്‍സ്‌പെര്‍റിക്ക് 1981 - ല്‍ നോബല്‍ സമ്മാനം ലഭിച്ചത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മസ്തിഷ്‌കത്തിന്റെ ഇടത് അര്‍ധഗോളം യുക്തിചിന്തയുടെയും വലത് അര്‍ധഗോളം സര്‍ഗാത്മകകഴിവുകളുടെയും ഇരിപ്പിടമാണ്. അല്പംകൂടി വിശദമായിട്ടു പറഞ്ഞാല്‍ നമ്മുടെ സങ്കല്പങ്ങള്‍, ഉള്‍ക്കാഴ്ച, കലാബോധം, ത്രിമാനത്തില്‍ ചിന്തിക്കാനുള്ള കഴിവുകള്‍, സംഗീതാവബോധം, ശരീരത്തിന്റെ ഇടത്തേ പകുതിയുടെ മൊത്തത്തിലുള്ള നിയന്ത്രണം തുടങ്ങിയവയുടെയെല്ലാം ആസ്ഥാനം വലത് അര്‍ധഗോളമാണ്. അതുപോലെത്തന്നെ വസ്തുതകളെ കാര്യകാരണസഹിതം വിലയിരുത്താനുള്ള കഴിവ്, യുക്തിചിന്ത, ശാസ്ത്രബോധം, എഴുതാനുള്ള കഴിവ്, ഗണിത പാടവം, സംസാരവൈഭവം, ശരീരത്തിന്റെ വലതു പകുതിയുടെ മൊത്തത്തിലുള്ള നിയന്ത്രണം തുടങ്ങിയവയെല്ലാം ഇടത് അര്‍ധഗോളത്തിന്റെ നിയന്ത്രണപരിധിയില്‍ വരുന്നു. ഈ രണ്ടു ഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ ഇടതു-വലത് അര്‍ധഗോളങ്ങളെ പരസ്​പരം കൂട്ടിച്ചേര്‍ക്കുന്ന ഭാഗമാണ് കോര്‍പ്പസ് കാലോസം. 200-250 കോടി ആക്‌സോണുകളാല്‍ നിര്‍മിതമായ നാരുകളുടെ കൂട്ടമായ ഈ ഭാഗമാണ് ഇവയ്ക്കിടയിലെ വിനിമയപാത.

സ്ത്രീകളില്‍ കോര്‍പ്പസ് കാലോസം (Corpus Callosum) പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ വലിപ്പമേറിയതും ശക്തവുമാണെന്നു മാത്രമല്ല തലച്ചോറിന്റെ ഇരു അര്‍ധഗോളങ്ങളെയും ബന്ധപ്പെടുത്തുന്ന കണക്ഷനുകള്‍ അവര്‍ക്ക് 30% ശതമാനത്തോളം (Time Magazine, Jan. 20, 1992, pp. 36-42; Newsweek Magazine, March 27, 1995, pp. 51) കൂടുതലുണ്ടെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ന്യൂറോളജിസ്റ്റ് റോജര്‍ ഗോര്‍സ്‌കി പറയുന്നു. കുഞ്ഞുന്നാളില്‍ ആണ്‍കുട്ടികളുടെ തലച്ചോറിലെ വലത് അര്‍ധഗോളം ഇടത് അര്‍ധഗോളത്തെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ വികാസം പ്രാപിക്കുന്നു. പെണ്‍കുട്ടികളില്‍ ഇക്കാലത്ത് ഇരു അര്‍ധഗോളങ്ങള്‍ തമ്മിലുള്ള കണക്ഷനുകള്‍ കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കും. പകരം ആണ്‍കുട്ടികളില്‍ വലത് അര്‍ധഗോളത്തിനുള്ളിലെത്തന്നെ കണക്ഷനുകള്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.

സ്വാഭാവികമായും ഇരുവിഭാഗങ്ങളും തമ്മിലുള്ള വിവരവിനിമയത്തിന്റെയും ഏകോപനത്തിന്റെയും തോത് സ്ത്രീകളില്‍ കൂടും. അതുകൊണ്ടായിരിക്കാം സംഭാഷണചാതുരി, ഒന്നില്‍ക്കൂടുതല്‍ കാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള കഴിവ് തുടങ്ങിയ ഗുണവിശേഷങ്ങള്‍ പുരുഷന്മാരില്‍ സാധാരണയായി കാണപ്പെടാറുള്ളതിലും കൂടിയ അളവില്‍ സ്ത്രീകളില്‍ കാണപ്പെടുന്നത്. ഒരേ പ്രവൃത്തി ചെയ്യുമ്പോള്‍ത്തന്നെ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് സ്ത്രീകളും പുരുഷന്മാരും ഉപയോഗപ്പെടുത്തുന്നതെന്നുകൂടി റോജര്‍ ഗോര്‍സ്‌കി തെളിയിച്ചിട്ടുണ്ട്.
വിവിധ കഴിവുകളുടെ ആസ്ഥാനങ്ങള്‍

കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ മസ്തിഷ്‌കത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ അദ്ഭുതകരമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. മാഗ്‌നറ്റിക് റിസോണന്‍സ് ഇമേജിങ് (MRI) സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കാനറുകളുടെസഹായത്തോടെ തലച്ചോറിന്റെ വ്യത്യസ്ത ധര്‍മങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ആസ്ഥാനങ്ങള്‍ എവിടെയെല്ലാമാണെന്ന് ഏറക്കുറെ കൃത്യമായിത്തന്നെ വേര്‍തിരിച്ചറിയാന്‍ ഇന്ന് ശാസ്ത്രജ്ഞര്‍ക്കു കഴിയും. ഉദാഹരണത്തിന് ഇത്തരം പഠനങ്ങളുടെ വെളിച്ചത്തില്‍ സംസാരത്തെ നിയന്ത്രിക്കുന്ന നാഡീകേന്ദ്രങ്ങളുടെ എണ്ണത്തിലും വണ്ണത്തിലുമെല്ലാം സ്ത്രീ പുരുഷനെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

അപകടങ്ങളിലും മറ്റും തലച്ചോറിനു ക്ഷതമേറ്റ രോഗികളിലാണ് ഇത്തരം പ്രത്യേക നാഡീകേന്ദ്രങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇടത് അര്‍ധഗോളത്തിനു പരിക്കേറ്റ പുരുഷന്മാരില്‍ ചിലര്‍ക്ക് സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതായിക്കണ്ടപ്പോള്‍ അതേ തരത്തില്‍പ്പെട്ട, ക്ഷതങ്ങളേറ്റ സ്ത്രീകളില്‍ സംസാരശേഷി നിലനില്ക്കുന്നതായിക്കണ്ടു. സ്ത്രീമസ്തിഷ്‌കങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ സംസാരകേന്ദ്രങ്ങള്‍ (speech centres) ഉണ്ടാകാനുള്ള സാധ്യതയിലേക്കാണല്ലോ അതു വിരല്‍ചൂണ്ടുന്നത്.

രോഗങ്ങളാലോ അപകടങ്ങളാലോ മറ്റു ശാരീരികകാരണങ്ങളാലോ സംസാരശേഷി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളെക്കാള്‍ പുരുഷന്മാരില്‍ നാലു മടങ്ങിലധികം കൂടുമത്രേ. ഒരിക്കല്‍ നഷ്ടപ്പെട്ട ശേഷി വീണ്ടുകിട്ടാനുള്ള സാധ്യതയും അതുപോലെത്തന്നെ പുരുഷന്മാരില്‍ കുറവാണ്. വിക്ക് പോലുള്ള സംസാരവൈകല്യങ്ങള്‍ സ്ത്രീകളില്‍ വളരെക്കുറവാണെന്ന കാര്യവും ഇതോടു ചേര്‍ത്തു വായിക്കണം.

ഫ്രോണ്ടല്‍ ലോബില്‍ - അത് ഇടത് അര്‍ധഗോളത്തിലോ വലത് അര്‍ധഗോളത്തിലോ ആകട്ടെ - പരിക്കേല്ക്കുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സാധാരണയായി സംസാരശേഷി നഷ്ടപ്പെടാറുള്ളതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയിലെ പ്രൊഫസര്‍ ഡൊറീന്‍ കിമുറാ (Doreen Kimura) അഭിപ്രായപ്പെട്ടിട്ടുണ്ട്.

തലച്ചോറിലെ ആശയവിനിമയകേന്ദ്രങ്ങളുടെ എണ്ണത്തിലും അവയുടെ മൊത്തത്തിലുള്ള വ്യാപ്തത്തിലും പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ വളരെ പുറകിലാണ്. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. പുരുഷന്റെയും സ്ത്രീയുടെയും ആശയവിനിമയകേന്ദ്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളത് യഥാക്രമം കറുപ്പ്, ചാര നിറങ്ങളിലാണ്. ചാരനിറത്തിന്റെ ആധിക്യം സ്ത്രീ ഈ മേഖലയില്‍ എന്തുമാത്രം മുന്നിലാണെന്നത് വ്യക്തമാക്കുന്നുണ്ടല്ലോ.

പുരുഷന്മാര്‍ സംസാരത്തിനായി ഇടത് അര്‍ധഗോളം മാത്രം ഉപയോഗപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ ഇരു മസ്തിഷ്‌കങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന മുന്‍ നിഗമനങ്ങളെ പ്രസിദ്ധമായ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ഗവേഷകര്‍ 1995-ല്‍ നടന്ന പഠനങ്ങളിലൂടെ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചിട്ടുണ്ട്. സംസാരസമയത്ത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലെ രക്തപ്രവാഹത്തിലുണ്ടാകുന്ന നേര്‍ത്ത വ്യതിയാനങ്ങളെ ങഞക വഴി സൂക്ഷ്മമായി അപഗ്രഥിച്ചാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്.

മസ്തിഷ്‌ക വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഇടതു മസ്തിഷ്‌കത്തിന്റെ വളര്‍ച്ച ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളില്‍ ദ്രുതഗതിയിലായിരിക്കും. അതുകൊണ്ടാണ് അവര്‍ വളരെ നേരത്തേതന്നെ സംസാരിച്ചുതുടങ്ങുന്നതും വായനയിലും അതുപോലുള്ള ഭാഷാപരമായ കഴിവുകളിലും മികവു കാണിക്കുന്നതും.

പല കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവ്

പെണ്ണുങ്ങള്‍ക്ക് ദൈവം കനിഞ്ഞു നല്കിയിട്ടുള്ള ഒരനുഗ്രഹമാണ് പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവ്. ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതില്‍നിന്നും കണ്ണെടുക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുക, അതേസമയംതന്നെ ഇളയകുഞ്ഞിനെ ഉപദ്രവിക്കുന്ന മൂത്ത കുട്ടിയുടെ ചെവിക്കു പിടിക്കുക, അപ്പോള്‍ത്തന്നെ അടുത്തുനിന്ന് ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആംഗ്യഭാഷയില്‍ മറുപടി കൊടുക്കുക... ഇങ്ങനെയിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കുള്ളതുപോലെ പുരുഷന്മാരില്‍ കാണപ്പെടുക അത്യപൂര്‍വമാണ്. ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ഒന്നിച്ചു ശ്രദ്ധയൂന്നാന്‍ കഴിവു നല്കുന്ന വിധത്തിലാണ് സ്ത്രീമസ്തിഷ്‌കങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആണുങ്ങളുടെ സ്ഥിതി ഇക്കാര്യത്തില്‍ വളരെ പരിതാപകരമാണ്. ഒരു നേരം ഒരു കാര്യത്തില്‍ മാത്രമേ അവനു ശ്രദ്ധയൂന്നാനൊക്കൂ. ഷേവ് ചെയ്യുന്ന ഭര്‍ത്താവിനോട് ഭാര്യ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ മുഖം മുറിഞ്ഞതുതന്നെ. ചുമരില്‍ ആണിയടിക്കുന്ന ഭര്‍ത്താവിനോട് ഭാര്യ എന്തെങ്കിലും പറഞ്ഞു ശ്രദ്ധതിരിച്ചാല്‍ കൈക്ക് അടിയേല്ക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാം.

ബുദ്ധിശക്തിയില്‍ കേമി സ്ത്രീ?

പ്രായപൂര്‍ത്തിയെത്തിയ പുരുഷന് സമപ്രായക്കാരിയായ സ്ത്രീയെക്കാള്‍ നാനൂറു കോടി മസ്തിഷ്‌കകോശങ്ങള്‍ അധികം കാണുമെന്ന് 1987-ല്‍ നടന്ന കോപ്പന്‍ഹേഗന്‍ മുനിസിപ്പല്‍ ഹോസ്​പിറ്റലിന്റെ ന്യൂറോളജി വിഭാഗം ഡാനിഷ് ശാസ്ത്രജ്ഞനായ ഡോ.ബെന്റെ പാക്കെന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.എന്നിട്ടുപോലും ശരാശരി ബുദ്ധിശക്തിയുടെ കാര്യത്തില്‍ മൂന്നു ശതമാനത്തിന്റെ വ്യത്യാസത്തിലെങ്കിലും സ്ത്രീകളാണ് മുന്നിട്ടുനില്ക്കുന്നതെന്നാണ് ഡോ. ബെന്റെ പാക്കെന്‍ബെര്‍ഗിന്റെ പക്ഷം.

ഓ... അതു കുറെ ഉപയോഗിച്ച സാധനമാണെന്നേ...!

രോഗിയുടെ ബന്ധുക്കള്‍ ഓപ്പറേഷന്‍ തിയേറ്ററിനു മുന്‍പില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാവരുടെയും മുഖത്തു കടുത്ത ഉത്കണ്ഠ പ്രകടമാണ്. പുരുഷന്മാര്‍ പുറമേ കരുത്ത് അഭിനയിക്കുമ്പോള്‍ സ്ത്രീകളുടെയെല്ലാം മുഖം വിവര്‍ണമാണ്. അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് എല്ലാവരും ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തിയേറ്ററിന്റെ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തുവന്നു. എല്ലാവരും അദ്ദേഹത്തെ പൊതിഞ്ഞു.
'തുറന്നു പറയുന്നതില്‍ ക്ഷമിക്കണം. രോഗി വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. തലച്ചോറു മാറ്റിെവക്കുകയല്ലാതെ വേറെ മാര്‍ഗങ്ങളില്ല,' ഡോക്ടര്‍ പറഞ്ഞു. നല്ല വില കൊടുത്താല്‍ നല്ല ഇനം തലച്ചോറുകള്‍ ആശുപത്രിയില്‍ത്തന്നെ ലഭ്യമാണെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരെണ്ണത്തിനെന്തു വിലവരും സാര്‍,' ബന്ധുക്കളിലൊരാള്‍ ചോദിച്ചു.
'ആണ്‍ തലച്ചോറിന് പത്തു ലക്ഷം, പെണ്‍ തലച്ചോറു മതിയെങ്കില്‍ രണ്ടു ലക്ഷം.' ഉള്ളില്‍ വിരിഞ്ഞ പുഞ്ചിരി അടക്കിവെക്കാന്‍ പണിപ്പെട്ടുകൊണ്ട് ആണുങ്ങളിലൊരാള്‍ ചോദിച്ചു:
' അതെന്താണു സാര്‍ പെണ്‍ തലച്ചോറിന് ഇത്ര ഭയങ്കര വിലക്കുറവ്?'
'ഓ... അതു നേരത്തേ കുറെ ഉപയോഗിച്ച സാധനമാണെന്നേ...?'

(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment